രാജ്യത്തെ മ്യൂച്വൽ ഫണ്ടുകൾ മൊത്തം കൈകാര്യംചെയ്യുന്ന ആസ്തിയിൽ 31ശതമാനവും ഒരുകോടി രൂപക്കുമുകളിൽ വാർഷിക വരുമാനമുള്ളവരുടേത്. 

അഞ്ച് ലക്ഷത്തിൽതാഴെ വാർഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29ശതമാനമാണ്. പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഒരുകോടി രൂപയ്ക്കുതാഴെ വാർഷിക വരുമാനമുള്ളവരുടെ ആസ്തി 70ശതമാനത്തോളംവരും.

അതേസമയം, അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ(ആംഫി)യുടെ കണക്ക് സർക്കാർ വ്യക്തമാക്കയതിനേക്കാൾ കുറവാണ്. കോർപറേറ്റ് നിക്ഷേപകരും ഉൾപ്പെട്ടേക്കാമെന്നതിനാലാകും ഈ വ്യത്യാസമെന്നും വിലയിരുത്തലുണ്ട്. 

2017 മാർച്ച് അവസാനത്തെ 1.19 കോടിയിൽനിന്ന് ഈവർഷം ജൂൺ ആയപ്പോഴേക്കും കോടി രൂപ വരുമാനമുള്ള നിക്ഷേപകരുടെ എണ്ണം 2.39 കോടിയായെന്നാണ് ആംഫിയുടെ കണക്കുകൾ. 

കോവിഡിനെതുടർന്ന് ഓഹരിയിൽ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ബിഎസ്ഇയുടെ കണക്കുപ്രകാരം 2021 ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ ഒരുകോടിയുടെ വർധനവാണുണ്ടായത്. ഓഹരി വിപണിയുടെ ചരിത്രത്തിൽ ഇത്രയധികം വർധനയുണ്ടാകുന്നത് ഇതാദ്യമായാണ്. അതേസമയം, ഓഹരി നിക്ഷേപകർക്ക് ഒന്നിലധികം ബ്രോക്കർമാരുടെ കീഴിൽ അക്കൗണ്ടുകളുണ്ടാകുമെന്നതിനാൽ യഥാർഥ നിക്ഷേപകരുടെ എണ്ണം ഇതിലും കുറവാകും.