ന്യൂഡല്‍ഹി: വായ്പകള്‍ക്കുള്ള മോറട്ടോറിയം റിസര്‍വ് ബാങ്ക് മൂന്നുമാസംകൂടി നീട്ടിയേക്കും. എസ്ബിഐയുടെ റസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയത്തിന്റെ കാലാവധി നീട്ടാനുള്ള സാധ്യത എസ്ബിഐയുടെ ഗവേഷണവിഭാഗം വിലയിരുത്തിയത്.

മാര്‍ച്ച് 24നാണ് 21 ദിവസത്തെ ആദ്യഘട്ട ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പിന്നീടത് മെയ് മൂന്നുവരെയും മൂന്നാംഘട്ടമായി മെയ് 17വരെയും നാലാംഘട്ടമായി മെയ് 31വരെയും നീട്ടി. 

ആദ്യഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ്, റിസര്‍വ് ബാങ്ക് മുന്‍കാല പ്രാബല്യത്തോടെ 2020 മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31വരെ മൂന്നുമാസത്തേയ്ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്.  

മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടിയാല്‍ ഓഗസ്റ്റ് 31വരെ വായ്പ തുക തിരിച്ചടയ്‌ക്കേണ്ട. തിരിച്ചടവ് മൂന്നുമാസത്തിലേറെ മുടങ്ങിയാല്‍ നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ മാറ്റും. 

ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നതിനാലാണ് തിരിച്ചടവ് കാലാവധി വീണ്ടും നീട്ടുന്നതിനെക്കുറിച്ച് ആര്‍ബിഐ ആലോചിക്കുന്നത്. 

RBI may extend moratorium on repayment of loans for three more months