picയാതൊരു ഈടും നൽകാനില്ലാത്തതിന്റെ പേരിൽ വായ്പ നിഷേധിക്കപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്‌. ഇത്തരക്കാർക്ക്‌ വായ്പ നൽകാൻ ശേഷിയുള്ള ഒട്ടേറെപ്പേരുണ്ട്‌ മറുവശത്ത്‌. ഇവരെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമാണ്‌ പീയർ ടു പീയർ (പി2പി) വായ്പാ സ്ഥാപനങ്ങൾ. ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങളക്കുള്ള മാർഗനിർദേശങ്ങൾ റിസർവ്‌ ബാങ്ക്‌ ഈയിടെ പുറത്തിറക്കി. ആർ.ബി.ഐ. ആക്ടനുസരിച്ച്‌ ഇത്തരം കമ്പനികളെ ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനം (എൻ.ബി.എഫ്‌.സി.)  ആയി കണക്കാക്കും.

ഫ്ലിപ്‌കാർട്ട്‌ പോലെയോ, ഓയോ റൂംസ് പോലെയോ, യൂബർ പോലെയോ ഉള്ള ഒരു ഓൺലൈൻ മാർക്കറ്റ്‌ പ്ലേസ്‌ (പ്ലാറ്റ്‌ഫോം) ആണ്‌ പി2പി ലെൻഡിങ്‌ കമ്പനികൾ. വായ്പ ആവശ്യമുള്ളവർക്കും വായ്പ നൽകാൻ താത്‌പര്യമുള്ളവർക്കും ഈ ഫ്ളാറ്റ്‌ഫോമിലെത്തി ഇടപാട്‌ നടത്താം. വ്യക്തികൾക്കും ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ആശ്വാസകരമാണ്‌ പി2പി വായ്പകൾ.

ചെയ്യേണ്ടത്‌:
വായ്പാ ദാതാവായോ, വായ്പ ആവശ്യക്കാരനായോ അംഗീകൃത സൈറ്റുകളിൽ രജിസ്റ്റർ ചെയ്യുകയാണ്‌ ആദ്യപടി. ഇതിനായി ഒാരോരുത്തരും കെ.വൈ.സി. വിവരങ്ങൾ, ആസ്തി - ബാധ്യതാ - വരുമാനം, സ്രോതസ്‌, വായ്പ ആവശ്യമായ തുക / നൽകാനാവുന്ന തുക, പലിശ നിരക്ക്‌ മുതലായ വിവരങ്ങൾ നൽകണം. പി2പി ലെൻഡിങ്‌ പ്ലാറ്റ്‌ഫോം തിരിച്ചറിയൽ രേഖകൾ (കൈ.വൈ.സി.) പരിശോധിച്ച്‌ പ്രൊഫൈൽ അംഗീകരിച്ചതിനുശേഷം, റിസ്ക്‌ റേറ്റിങ്‌ കൂടി നൽകും. ഇടപാടുകാരന്‌ എടുക്കുന്ന റിസ്കിന്‌ ആനുപാതികമായി പലിശ നിരക്ക്‌ പറഞ്ഞുറപ്പിക്കാം.

ഇടപാടുകാർ തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞാൽ, ഓൺലൈൻ ഡോക്യുമെന്റേഷനൊടുവിൽ, വ്യവസ്ഥകൾ പ്രകാരം വായ്പാ ദാതാവിന്റെ ബാങ്ക്‌ അക്കൗണ്ടിൽ നിന്നും ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക്‌ പണമെത്തും. വായ്പ നൽകിയ തീയതിയിൽ, പിറ്റേ മാസം മുതൽ ഇലക്‌ട്രോണിക്‌ ക്ലിയറൻസ്‌ മുഖേനയോ, പോസ്റ്റ്‌ ഡേറ്റഡ്‌ ചെക്ക്‌ മുഖേനയോ തിരിച്ചടവ്‌ ആരംഭിക്കാം. ഈയൊരു സേവനത്തിന്‌ നേരത്തെ പറഞ്ഞുറപ്പിച്ച ഫീസ്‌ ഇടപാടുകാരിൽ നിന്നും പി2പി ലെൻഡിങ്‌ കമ്പനി ഈടാക്കും.

റിസ്ക്‌:
പി2പി കമ്പനികളുടെ റേറ്റിങ്ങിന്റെ മാത്രം പിൻബലത്തിൽ പണം വായ്പയായി നൽകുമ്പോൾ, ഈ ഇടപാടിൽ അന്തർലീനമായിരിക്കുന്ന റിസ്ക്‌ വിസ്മരിക്കരുത്‌. അന്താരാഷ്ട്ര ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസികൾ മികച്ച റേറ്റിങ്‌ നൽകിയ കമ്പനികൾ പലതും കടക്കെണിയിലാവുകയും പ്രതിസന്ധിയിലാകുകയും ചെയ്ത ചരിത്രം നമ്മുടെ മുന്നിലുണ്ട്‌. 
പി2പി ഇടപാടുകളിലെ റിസ്ക്‌ ഉയർന്നതായതിനാൽ അവ ലഘൂകരിക്കാനുള്ള ചില നിർദേശങ്ങൾ ആർ.ബി.ഐ. മാർഗനിർദേശത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌.

ഒരു വായ്പാ ദാതാവിന്‌ ഒരു ആവശ്യക്കാന്‌ നൽകാവുന്ന പരമാവധി തുക 50,000 രൂപയാണ്‌. ഉയർന്ന തുക നൽകുന്നതിലെ നഷ്ടസാധ്യത കുറയ്ക്കാനാണ്‌ ഇത്‌. ഇത്തരം വായ്പകളുടെ തിരിച്ചടവ്‌ കാലാവധി പരമാവധി 36 മാസമായി നിജപ്പെടുത്തിയിരിക്കുന്നു. ഇത്തരം ഇടപാടുകളിൽ തുക കൈമാറ്റം ചെയ്യപ്പെടുന്നത്‌ ബാങ്ക്‌ അക്കൗണ്ടുകളിൽ കൂടി മാത്രമായിരിക്കണമെന്നതാണ്‌ മറ്റൊരു നിർദേശം.

ഒരു വായ്പാ ദാതാവിന്‌ ഇന്ത്യയിലെമ്പാടുമുള്ള പി2പി വായ്പാ പ്ലാറ്റ്‌ഫോമുകൾ വഴി നൽകാനാവുന്ന മൊത്തം തുക 10 ലക്ഷം രൂപയാണ്‌. ആവശ്യക്കാരന്‌ ഈ പ്ളാറ്റ്‌ഫോം വഴി നേടാനാവുന്ന പരമാവധി തുകയും 10 ലക്ഷം തന്നെ.

മെച്ചം ആർക്ക്‌: ബാങ്കുകളോ ധനകാര്യ സ്ഥാപനങ്ങളോ നിർദേശിക്കുന്ന ശമ്പളമോ വരുമാനമോ ഇല്ലാത്തവർക്ക്‌ മെച്ചപ്പെട്ട പലിശ നിരക്കിലും വ്യവസ്ഥകളിലും വായ്പ തരപ്പെടുത്തിയെടുക്കാനുള്ള അവസരമാണ്‌ പി2പി ലെൻഡിങ്‌ ഒരുക്കുന്നത്‌. ബാങ്കുകളിലെയും സ്ഥിരവരുമാന മാർഗങ്ങളിലേയും പലിശനിരക്ക്‌ ഇടിഞ്ഞതിനാൽ, റിസ്ക്‌ ഉയർന്നിരുന്നാലും തങ്ങളുടെ പണത്തിന്‌ അല്പം കൂടി മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിക്കുന്നവർക്കും ഇത്‌ മെച്ചമായേക്കും. അതായത്‌ ബാങ്കുകളിലെ നിരക്കിനേക്കാൾ ഉയർന്ന പലിശ നിരക്കിൽ വായ്പ നൽകാൻ ഇത്‌ അവസരമൊരുക്കുന്നു.
ഇ-മെയിൽ: manojthomask@yahoo.co.uk