കോഴിക്കോട്: സ്വർണപ്പണയ കാർഷികവായ്പകൾ ഉടൻതന്നെ കിസാൻ ക്രെഡിറ്റ് കാർഡ്(കെ.സി.സി.) ആക്കി മാറ്റണമെന്നാവശ്യപ്പെട്ട് ഇടപാടുകാർക്ക് ബാങ്കുകളിൽനിന്ന് നോട്ടീസ്. ഇത്തരം വായ്പകൾ നൽകുന്നത് പൂർണമായി നിർത്തിവെച്ചതിനു പിന്നാലെയാണ് നേരത്തേ വായ്പ ലഭിച്ചവർക്ക് നോട്ടീസയക്കാൻ തുടങ്ങിയത്.
2019 ഒക്ടോബർ ഒന്നിനുശേഷം അനുവദിച്ച സ്വർണപ്പണയ കാർഷികവായ്പകൾക്കുള്ള പലിശയിളവ് കേന്ദ്രസർക്കാർ നിർത്തലാക്കിയതിനാലാണ് നടപടിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് നോട്ടീസ്. ഇടപാടുകാരാവട്ടെ,വായ്പകൾ പെട്ടെന്ന് കിസാൻക്രെഡിറ്റ് കാർഡിലേക്കു മാറ്റുന്നതെങ്ങനെയെന്ന അങ്കലാപ്പിലാണ്
കിസാൻ ക്രെഡിറ്റ് കാർഡ് വഴി ഒരുലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ സ്വന്തംപേരിൽ അരയേക്കർ ഭൂമിയെങ്കിലുംവേണം. ഒരുസെന്റ് ഭൂമിയുടെ നികുതി രസീതിയുണ്ടെങ്കിൽപ്പോലും സ്വർണപ്പണയകാർഷികവായ്പ ലഭിക്കുമായിരുന്നു. ഭൂമിയില്ലാത്തവർക്ക് പാട്ടത്തിന് കൃഷി നടത്താനും ഈ വായ്പ നൽകിയിരുന്നു. അങ്ങനെ സ്വർണപ്പണയ കാർഷികവായ്പയെടുത്തവരിൽ ബഹുഭൂരിപക്ഷത്തിനും കെ.സി.സി. ലഭിക്കില്ലെന്ന് വ്യക്തമാണ്. അങ്ങനെയാവുമ്പോൾ, നാലുശതമാനത്തിന് ലഭിക്കുന്ന സ്വർണപ്പണയ കാർഷികവായ്പയ്ക്ക് ഒമ്പതുശതമാനംവരെ പലിശ നൽകേണ്ടിവരും.
കേരളത്തിലാകെ 11 ലക്ഷത്തോളം കർഷകർക്ക് ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് കണക്കാക്കുന്നത്. 74 ലക്ഷം കാർഷികവായ്പ അക്കൗണ്ടുകളിൽ 45 ലക്ഷവും സ്വർണപ്പണയ കാർഷികവായ്പകളാണെന്നാണ് കണക്ക്. ഒക്ടോബർ ഒന്നുമുതലെടുത്ത സ്വർണപ്പണയ കാർഷികവായ്പകൾക്കാണ് പലിശയിളവ് അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രകാർഷികമന്ത്രാലയം റിസർവ് ബാങ്കിനും നബാർഡിനും നൽകിയ നിർദേശമനുസരിച്ചാണ് ബാങ്കുകൾ നടപടികൾ തുടങ്ങിയത്. ഇക്കൊല്ലം മാർച്ച് 31-നു മുമ്പ് കെ.സി.സി.യിലേക്കു മാറാൻ കഴിയാത്തവർ കൂടിയ പലിശ നൽകേണ്ടിവരും. നാമമാത്രമായ ഭൂമിയുള്ളവർക്കും പാട്ടക്കൃഷിക്കാർക്കുമൊക്കെ കെ.സി.സി. ലഭിക്കാൻ പ്രയാസമേറെയാണ്. ഭൂമിയുടെ അളവും ചെയ്യുന്ന കൃഷിയുടെ സ്വഭാവവും മറ്റും പരിഗണിച്ച് വിശദമായ പരിശോധനയ്ക്കുശേഷമേ ബാങ്കുകൾ കെ.സി.സി. അനുവദിക്കാറുള്ളൂ.
സംസ്ഥാനത്ത് 85 ശതമാനം കെ.സി.സി.അക്കൗണ്ടുകളും സഹകരണബാങ്കുകളിലാണ്. ഷെഡ്യൂൾഡ് ബാങ്കുകൾ ഇക്കാര്യത്തിൽ നിഷേധാത്മകസമീപനമാണ് കൈക്കൊള്ളുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർതന്നെ കുറ്റപ്പെടുത്തിയിരുന്നു.