കോവിഡ് വ്യാപനംമൂലം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയം കമ്പനികള്‍ക്കും അധികബാധ്യതയുണ്ടാക്കും. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ക്കിങ് ക്യാപിറ്റല്‍ ലോണെടുത്തവരാണ് പ്രതിസന്ധിയിലാകുക. 

വായ്പയെടുത്ത കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ ജൂണ്‍ അവസാനത്തോടെ നാലുമാസത്തെ പലിശ നല്‍കേണ്ടിവരുമെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ സിഎസ് ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. 

അത് നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ സ്‌പെഷന്‍ മെന്‍ഷന്‍ അക്കൗണ്ട്(എസ്എംഎ1)ലേയ്ക്ക് തരംതാഴത്തുകയാണ് ചെയ്യുക.

മുതലും പലിശയുമടങ്ങുന്ന തുക തിരിച്ചടയ്ക്കുന്നതില്‍ 30 മുതല്‍ 60 ദിവസംവരെ വീഴ്ചവരുത്തുന്നവരെയാണ് സാധാരണ എസ്എംഎ1 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. 

മൂന്നുമാസത്തെ പലിശ 12 മാസകാലയളവിലേയ്ക്ക് വീതിക്കുകയാണെങ്കില്‍ മറ്റ് വായ്പകളെ പോലെ പുനഃക്രമീകരിക്കേണ്ടിയുംവരും. ഇത് കൂടുതല്‍ ബാധ്യതയ്ക്ക് വഴിവെയ്ക്കുകയും ചെയ്യും.

വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് കമ്പനിക്കുള്ളതെങ്കില്‍ 90 ദിവസത്തിനുമുമ്പ് കുടിശ്ശിക തീര്‍ത്താല്‍ കിട്ടാക്കട(എന്‍പിഎ)വിഭാഗത്തില്‍നിന്ന് ഒഴിവാകുമെന്നും എസ്ബിഐ എംഡി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനുപുറമെ, വായ്പ കുടിശിക വരുത്തിയ അക്കൗണ്ടുകളില്‍ തീര്‍പ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ജൂണ്‍ 30നകം തിരിച്ചടയ്ക്കാനുള്ള അവസരവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്.