തിരുവനന്തപുരം: പ്രളയബാധിതർക്ക് വീടുകൾ വാസയോഗ്യമാക്കാൻ ഒരുലക്ഷം രൂപ പലിശരഹിതവായ്പ നൽകാനുള്ള സർക്കാരിന്റെ തീരുമാനത്തിന് സാങ്കേതികതടസ്സം. വാണിജ്യ ബാങ്കുകൾവഴി വായ്പ ലഭ്യമാക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിലവിലുള്ള നിബന്ധനകളിൽ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ഇളവുനൽകിയില്ലെങ്കിൽ എല്ലാവർക്കും ഇത്രയും തുക വായ്പ നൽകാൻ വാണിജ്യ ബാങ്കുകൾക്ക് കഴിയില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി.) സർക്കാരിനെ അറിയിച്ചു.

പ്രശ്നം ചർച്ചചെയ്യാൻ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേകയോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും. കേന്ദ്ര ധന സഹമന്ത്രി പൊൻ രാധാകൃഷ്ണനും ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്രസർക്കാർ ഇടപെട്ട് തടസ്സം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

‘വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകാൻ വിമുഖതയില്ല. പക്ഷേ, ഒരുലക്ഷം രൂപ ഉപഭോഗവായ്പയായി നൽകാൻ ചട്ടം അനുവദിക്കുന്നില്ല. നിലവിൽ മറ്റു വായ്പകളുടെ കുടിശ്ശികയുള്ളവർക്കും പുതിയ വായ്പ നൽകാൻ വ്യവസ്ഥയില്ല’- എസ്.എൽ.ബി.സി. വൃത്തങ്ങൾ പറഞ്ഞു.

വാണിജ്യബാങ്കുകളുടെ തീരുമാനം വൈകുന്നതിനാൽ എത്രയും പെട്ടെന്ന് വായ്പ ലഭ്യമാക്കാൻ സഹകരണബാങ്കുകളെ ആശ്രയിക്കുന്നതും സർക്കാർ ആലോചിക്കുന്നുണ്ട്.

പ്രളയത്തിൽപ്പെട്ടുപോയ, ആവശ്യമുള്ള എല്ലാ കുടുംബങ്ങൾക്കും ഒരുലക്ഷം രൂപ ഉപഭോഗവായ്പ നൽകാനാണ് സർക്കാർ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോട് നിർദേശിച്ചത്. ബാങ്കുകൾക്കുള്ള പലിശ സർക്കാർ നൽകും. വായ്പ തിരിച്ചടയ്ക്കാൻ 30 മാസത്തെ സമയവും സർക്കാർ നിർദേശിച്ചിരുന്നു.

ഉപഭോഗവായ്പയായി വിവിധ ബാങ്കുകൾ ഇപ്പോൾ നൽകുന്നത് 10,000 മുതൽ 15,000 രൂപ വരെയാണ്. റിസർവ് ബാങ്ക് നിർദേശിക്കുന്ന പരിധി 10,000 രൂപയാണ്. ഈ തുകയ്ക്കുമുകളിൽ വായ്പ നൽകാൻ അതത് ബാങ്കുകളുടെ ഡയറക്ടർ ബോർഡ് തീരുമാനിക്കണം. അല്ലെങ്കിൽ റിസർവ് ബാങ്ക് പരിധിയിൽ ഇളവുനൽകണം. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഭൂരിപക്ഷം ബാങ്കുകളുടെയും ആസ്ഥാനം മറ്റു സംസ്ഥാനങ്ങളിലാണ്. ഇതിൽ തീരുമാനത്തിന് കാലതാമസമുണ്ടാവും.

എല്ലാ ദുരിതബാധിതർക്കും വേർതിരിവില്ലാതെ വായ്പ നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. മറ്റു വായ്പകളെടുത്ത് കുടിശ്ശിക വരുത്തിയവർക്ക് പുതിയ വായ്പ നൽകാൻ ചട്ടമില്ല. അതിനാൽ കുടിശ്ശികയുള്ളവർക്ക് ഈ വായ്പ നൽകാനാവില്ലെന്നും എസ്.എൽ.ബി.സി. സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും ബാങ്കുകൾക്ക് സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാനാവില്ല.