എസ്.ബി.ഐ. ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം വായ്പകളുടെ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ, ഭവന-വാഹന വായ്പകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വായ്പകളുടെയും പലിശഭാരം കൂടുകയാണ്. 

ഇത്തരത്തിൽ പലിശനിരക്ക് കൂടുന്ന അവസരങ്ങളിൽ രണ്ടു മാർഗങ്ങളാണ് ഉള്ളത്; പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.) ഉയർത്തിക്കൊണ്ട് നിശ്ചിത കാലാവധിയിൽത്തന്നെ വായ്പ അവസാനിപ്പിക്കുക. അല്ലെങ്കിൽ, അധിക പലിശഭാരം എടുക്കാതെ തിരിച്ചടവ് കാലാവധി വർധിപ്പിക്കാം. രണ്ടിലും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

തിരിച്ചടവ് കാലാവധി വർധിപ്പിക്കുന്നത് ലാഭകരമോ?
പലിശനിരക്കുകൾ വർധിപ്പിക്കുമ്പോൾ നിലവിലുള്ള ഉപഭോക്താക്കൾക്കാണ് ഇ.എം.ഐ.യുടെ കാലാവധി നീട്ടാൻ ബാങ്ക് അനുവാദം നൽകുന്നത്. ഭവനവായ്പകളുടെ ശരാശരി തിരിച്ചടവ് കാലാവധി 15-20 വർഷവും വാഹനവായ്പകളുടേത് മൂന്നു മുതൽ അഞ്ചു വർഷം വരെയുമാണെങ്കിലും എഗ്രിമെന്റനുസരിച്ച് ഉപഭോക്താക്കൾക്ക് വായ്പാ കാലാവധി നീട്ടാം.

പ്രത്യക്ഷത്തിൽ പെട്ടെന്നുണ്ടാകുന്ന ഇ.എം.ഐ. വർധനയുടെ ഭാരം ലഘൂകരിക്കുന്നതാണ് ഈ രീതി. എന്നാൽ, പലിശനിരക്ക് വർധന മുൻനിർത്തി ലോണിന്റെ കാലാവധി കൂട്ടുംതോറും തിരിച്ചടയ്ക്കുന്ന മൊത്തം പലിശത്തുകയിലും വ്യത്യാസം വരാറുണ്ട്. ഇ.എം.ഐ. തുക കൂടുന്നില്ലെന്നതാണ് ഇവിടെ ആശ്വാസം. എങ്കിലും കാലാവധി കൂടുമ്പോൾ കൂടുതൽ തുക പലിശ ഇനത്തിൽ തിരിച്ചടയ്ക്കേണ്ടി വരുന്നതിനാൽ ഇത് ലാഭകരമാകില്ല. 

ഉദാഹരണത്തിന്, 40 ലക്ഷം രൂപ 8.50 ശതമാനം പലിശനിരക്കിൽ 20 വർഷത്തേക്ക് വായ്പ എടുത്തിരിക്കുന്ന ഒരാളുടെ പ്രതിമാസ ഇ.എം.ഐ. 34,700 രൂപ ആണെന്നു കരുതുക. 240 മാസം കൊണ്ട് പലിശ ഇനത്തിൽ അയാൾ തിരിച്ചടയ്ക്കുന്നത് 43,31,103 രൂപ. മുതലും പലിശയും ചേർത്ത് വായ്പാകാലാവധി കഴിയുമ്പോൾ തിരിച്ചടയ്ക്കേണ്ട തുക 83,31,103 രൂപയും.

എന്നാൽ, വായ്പ തുടങ്ങുന്ന സമയത്തുതന്നെ പലിശനിരക്ക് 8.75 ശതമാനമായി കൂടിയെന്നു കരുതുക, ഇ.എം.ഐ.യിൽ മാറ്റമില്ലാതെയിരിക്കണമെങ്കിൽ തിരിച്ചടവ് കാലാവധി ഏതാണ്ട് ഒരുവർഷം കൂടി വർധിപ്പിക്കേണ്ടിവരും. അതായത്, തിരിച്ചടവിൽ ഏതാണ്ട് നാലുലക്ഷം രൂപയുടെ അധികബാധ്യത വരും.

വർധിച്ച പലിശനിരക്കിന് അനുസൃതമായ ഇ.എം.ഐ. നിശ്ചിത കാലാവധിക്കുള്ളിൽ അടയ്ക്കുന്നതായിരിക്കും ഉത്തമം. അധിക തുക കൈയിൽ വരുമ്പോൾ അത് അടച്ച് പലിശബാധ്യത കുറയ്ക്കാനും ശ്രമിക്കുക.
rinkufrancis@ymail.com