മുംബൈ: നോട്ട് നിരോധനത്തിന്‌ ശേഷമുള്ള എട്ടാഴ്ചകൊണ്ട് രാജ്യത്തെ ബാങ്കുകൾ നൽകിയ മൊത്തം വായ്പ 60,000 കോടിരൂപ മാത്രം. മുൻവർഷം ഇതേകാലയളവിൽ 2,66,900 കോടിരൂപ നൽകിയ സ്ഥാനത്താണിത്. 
 
ബാങ്കുകളുടെ വായ്പാവിതരണവളർച്ചയെ നോട്ട് നിരോധനം വൻതോതിൽ ബാധിച്ചെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ആർ.ബി.ഐ.യുടെ കണക്കനുസരിച്ച് 2016 നവംബർ 11 വരെ  73,53,280 കോടി രൂപയാണ് വായ്പയായി നൽകിയത്.

2017 ജനുവരി ആറിന് ഇത് 74,13,415 കോടിയായി ഉയർന്നു. നോട്ട് നിരോധനത്തിനുമുമ്പ് വായ്പാവളർച്ചയുടെ നിരക്ക് 9.1 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 5.14 ശതമാനമാണ്. 
 
 അതേസമയം നോട്ട്‌ നിരോധനം കാരണം നിക്ഷേപത്തിൽ വൻവർധനയാണുണ്ടായത്. നവംബർ 11-ന് മൊത്തം നിക്ഷേപം 1,01,14,800 കോടിയായിരുന്നെങ്കിൽ ജനുവരി ആറിന് അത് 1,05,84,171 കോടിയായി ഉയർന്നു. 4,69,371 കോടിയുടെ വർധന. 
 
 നോട്ട് നിരോധനത്തിനുശേഷം ആദ്യമായി കഴിഞ്ഞയാഴ്ച ക്രയവിക്രയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധനയുണ്ടായതായി ആർ.ബി.ഐ.യുടെ കണക്കുകൾ പറയുന്നു. 
 
 -1നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന്‌ മുമ്പത്തെയാഴ്ച 17,97,400 കോടിരൂപ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു എന്നാണ് കണക്കാക്കുന്നത്. അടുത്തയാഴ്ച ഇതിൽ 9,700 കോടി രൂപയുടെ കുറവുവന്നു. പിന്നീടുള്ള ഓരോആഴ്ചയും പണലഭ്യത കുറഞ്ഞുവന്നു.