ജീവിത ലക്ഷ്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച് അതിനായി ജീവിതാരംഭം മുതലേ പണം മിച്ചം പിടിച്ച് വൻ തുക സമാഹരിക്കാൻ എല്ലാവരെക്കൊണ്ടും ആകണമെന്നില്ല. അപ്പോൾ അവർ എന്തു ചെയ്യും. ജീവിത ലക്ഷ്യങ്ങൾ ഏതായാലും കൈവരിച്ചല്ലേ പറ്റൂ. അതിനുത്തരമാണ് വായ്പകൾ. 

വായ്പകൾ ഒരേസമയം ശത്രുവും മിത്രവുമാണ്. വായ്പകളെ ബുദ്ധിപൂർവം ഉപയോഗിച്ചാൽ അത് മിത്രമാണ്. എന്നാൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ അതിനെക്കാൾ വലിയ ശത്രു വേറെ ഉണ്ടാകില്ല. സ്വന്തമായി വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ഭവനവായ്പ സഹായിക്കും. കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് എഡ്യൂക്കേഷൻ ലോൺ പ്രയോജനകരമാണ്.

ഇഷ്ട കാർ സ്വന്തമാക്കാൻ വാഹന വായ്പയും കിട്ടും. അപ്പോൾ പിന്നെ സമ്പാദിക്കുന്നതെന്തിന്, ഇതെല്ലാം എടുത്ത് ലക്ഷ്യം കൈവരിച്ചു കൂടെ എന്ന് ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗം പേരും. എന്നാൽ, വരും വരായ്കകൾ ആലോചിക്കാതെ വായ്പകൾ എടുക്കുന്നത് കടക്കെണിയിലേക്ക് ഓടിയടുക്കുന്നതിന് തുല്യമാണ്. 

വായ്പകളിൽ നല്ലതും ചീത്തയും ഉണ്ട്. ഭവന വായ്പയും വിദ്യാഭ്യാസ വായ്പയും നല്ലതാണ്. കാരണം രണ്ടിനും ആദായ നികുതി ഇളവ് ലഭിക്കും. ഭവന വായ്പയ്ക്ക് താരതമ്യേന പലിശയും കുറവായിരിക്കും. ഭവന വായ്പ എടുത്ത് നിങ്ങൾ ഒരു ആസ്തിയാണ് ഉണ്ടാക്കുന്നത്. ദീർഘകാലം കൊണ്ട് അടച്ചുതീർത്താൽ മതി. വായ്പ അടച്ചുതീരുമ്പോഴേക്ക് നിങ്ങൾ വാങ്ങിയ അല്ലെങ്കിൽ നിർമിച്ച വീടിനും സ്ഥലത്തിനും വില ഉയർന്നിട്ടുണ്ടാകും.

എന്നാൽ മറ്റു പല വായ്പകളും അങ്ങനെയല്ല. കാലാവധി കുറവായിരിക്കും. പലിശ കൂടുതലായിരിക്കും. ഗോൾഡ് ലോൺ, പേഴ്‌സണൽ ലോൺ തുടങ്ങിയവ ഉദാഹരണം. അതുകൊണ്ട് അത്യാവശ്യത്തിനു മാത്രം വായ്പ എടുക്കുക. 

ആഗ്രഹിച്ചതെല്ലാം വായ്പ എടുത്ത് വാങ്ങുന്ന സ്വഭാവം വളർത്തിയെടുക്കാതിരിക്കുക. മാസ വരുമാനത്തിന്റെ പകുതിയിൽ കൂടുതൽ വായ്പാ തിരിച്ചടവിനു വേണ്ടിവന്നാൽ നിങ്ങൾ താമസിയാതെ കടക്കെണിയിലാകും എന്നത് മറക്കാതിരിക്കുക. വരുമാനത്തിന്റെ 35 ശതമാനത്തിൽ കൂടുതൽ തുക മാസ അടവ് വരുന്ന രീതിയിൽ വായ്പ എടുക്കാതിരിക്കുക. ഹ്രസ്വകാല വായ്പകൾ എടുത്താൽ നിശ്ചിത കാലയളവിൽ തന്നെ വായ്പ ക്ലോസ് ചെയ്തിരിക്കണം.

സ്വർണപ്പണയ വായ്പകൾ ഹ്രസ്വകാല വായ്പകളാണ്. പെട്ടെന്ന് പണത്തിന് ആവശ്യം വന്നാൽ ഉപകാരപ്പെടുന്ന വിധത്തിലാണ് അത്തരം വായ്പകളുടെ ഘടന. പരമാവധി ഒരു വർഷം വരെയാണ് അതിന്റെ കാലാവധി. എന്നാൽ പലരും ഇതറിയാതെ എന്താവശ്യം വന്നാലും സ്വർണവായ്പയെ ആശ്രയിക്കും. കൃത്യമായി തിരിച്ചടയ്ക്കില്ല. കാലാവധി എത്തുമ്പോൾ വായ്പ ക്ലോസ് ചെയ്യാനുള്ള പണവും കൈയിൽ കാണില്ല. വർഷാവർഷം പലിശയടച്ച് വായ്പ പുതുക്കിക്കൊണ്ടിരിക്കും. ഇതങ്ങനെ അനന്തമായി നീണ്ടുപോകും. ഇതേ തുകയ്ക്ക് ഇതിനെക്കാൾ കുറഞ്ഞ പലിശയ്ക്ക് ദീർഘകാല വായ്പ കിട്ടുമെന്നിരിക്കേ ഇത്തരം അബദ്ധത്തിൽ ചാടുന്നതെന്തിന്. 

നിങ്ങളുടെ ഭാവിയിൽ ലഭിക്കാനിരിക്കുന്ന വരുമാനം വരെ ഇപ്പോഴേ ലഭിച്ചു എന്ന് കണക്കാക്കിയാണ് വായ്പാ സ്ഥാപനങ്ങൾ വായ്പ നൽകുന്നത്. അതായത് സാമ്പത്തിക ബാധ്യത അത്രയും കാലത്തേക്ക്‌ നീളും എന്നു ചുരുക്കം. അതുകൊണ്ട് എല്ലാം വായ്പയെ ആശ്രയിച്ച് നടത്താം എന്ന ചിന്ത വേണ്ട. 

ഇ-മെയിൽ: jayakumarkk8@gmail.com