മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കുന്നതിനുള്ളതുക ധനകാര്യസ്ഥാപനങ്ങള്‍ നവംബര്‍ അഞ്ചോടെ വായ്‌പെടുത്തവരുടെ അക്കൗണ്ടില്‍ വരവുവെയ്ക്കും.

മൊറട്ടോറിയം കാലയളവിലെ പലിശയ്ക്കുമേലുള്ള പലിശയാകും വരവുവയെക്കുക. രണ്ടുകോടി രൂപവരെയുള്ള വായ്പയ്ക്കാണിത് ബാധകം. എക്‌സ് ഗ്രേഷ്യയെന്നപേരിലാണ് സര്‍ക്കാര്‍ ഈതുക അനുവദിക്കുന്നത്. 

മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വരെയുള്ള കാലയളവിലെ കൂട്ടുപലിശയാണ് വായ്പകൊടുത്ത സ്ഥാപനങ്ങള്‍ വഴി ഉപഭോക്താവിലെത്തുക. ഈതുക വായ്പ അക്കൗണ്ടിലേയ്ക്ക് ചേര്‍ക്കും. 

ദീപാവലിക്കുമുമ്പ് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതിയുടെ ഉത്തവിനെതുടര്‍ന്നാണ് പെട്ടെന്ന് തീരുമാനമുണ്ടായത്. ഇങ്ങനെ വരവുവെയ്ക്കുന്നതുക ഡിസംബര്‍ 15ഓടെ വായ്പാദാതാക്കള്‍ക്ക് സര്‍ക്കാര്‍ കൈമാറും. 

ആര്‍ക്കൊക്കെ ഗുണംലഭിക്കും?
രണ്ടുകോടി രൂപയില്‍ത്താഴെയുള്ള വായ്പയെടുത്തവര്‍ക്കും രണ്ടുകോടിയില്‍ത്താഴെമാത്രം തരിച്ചടവ്  ബാക്കിയുള്ളവര്‍ക്കുമാണ് എക്‌സ്‌ഗ്രേഷ്യ നല്‍കുന്നത്. മൊറട്ടോറിയം തുടങ്ങുന്നതിന്റെ തലേന്നുവരെ, അതായത് ഫെബ്രുവരി 29 വരെ നിഷ്‌ക്രിയ ആസ്തി (എന്‍.പി.എ.) അല്ലാത്ത വായ്പകള്‍ക്കാണ് ആനുകൂല്യം. മൊറട്ടോറിയം മുഴുവനായോ ഭാഗികമായോ എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും (മൊറട്ടോറിയം കാലയളവിലും തിരിച്ചടവ് കൃത്യമായി നല്‍കിയവര്‍) ഒരുപോലെയാണ് ആനുകൂല്യം.

ചെറുകിട, ഇടത്തരം വ്യവസായങ്ങളെടുത്ത (എം.എസ്.എം.ഇ.) വായ്പകള്‍, വിദ്യാഭ്യാസ, ഭവന, വീട്ടുപകരണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹനവായ്പ, വ്യക്തിഗതവായ്പ, ഉപഭോക്തൃവായ്പ എന്നിവയ്ക്കാണ് ആനുകൂല്യം.

ഏതെല്ലാം ബാങ്കുകളിലെ വായ്പകള്‍?
പൊതുമേഖലാബാങ്കുകള്‍, ബാങ്കിങ് കമ്പനികള്‍, സഹകരണബാങ്കുകള്‍ (അര്‍ബന്‍ സഹകരണബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്ക്), റീജ്യണല്‍ റൂറല്‍ ബാങ്ക്, അഖിലേന്ത്യാ ധനകാര്യ സ്ഥാപനം, ബാങ്കിങ് ഇതര ധനകാര്യ കമ്പനി, റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത ഹൗസിങ് ഫിനാന്‍സ് കമ്പനി, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയില്‍നിന്നെടുത്ത വായ്പകള്‍ക്കാണ് എക്‌സ്‌ഗ്രേഷ്യ നല്‍കുന്നത്. ബാങ്കിങ് ഇതര ധനകാര്യകമ്പനി, മൈക്രോ ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവ റിസര്‍വ് ബാങ്ക് അംഗീകരിച്ച സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനില്‍ (എസ്.ആര്‍.ഒ.) അംഗമായിരിക്കണം.

എത്രതുക അക്കൗണ്ടിലെത്തും?
അമ്പതുലക്ഷംരൂപ അടയ്ക്കാന്‍ ബാക്കിയുള്ള ഭവനവായ്പയ്ക്ക് ഉപഭോക്താവിന് ആനുകൂല്യമായി ലഭിക്കുക 12,425 രൂപമാത്രമായിരിക്കും. ആറുമാസത്തേക്ക് എട്ടുശതമാനം നിരക്കില്‍ രണ്ടുലക്ഷം രൂപ സാധാരണപലിശയും 2,12,425 രൂപ കൂട്ടുപലിശയും വരുന്നുണ്ടെന്ന് കണക്കാക്കിയാല്‍, ഇവ തമ്മിലുള്ള വ്യത്യാസമായ തുകയാണ് എക്‌സ് ഗ്രേഷ്യയായി ലഭിക്കുക. 12,425 രൂപയായിരിക്കും ഈതുക. 

Interest waiver to be credited by 5 Nov