debtകിട്ടാക്കടം വരുത്തിയ കമ്പനികളുടെ ആസ്തികൾ വിറ്റ് കിട്ടാക്കടം തിരിച്ചുപിടിക്കാൻ ബാങ്കുകൾക്കും കടം നൽകിയവർക്കും അധികാരം നൽകുന്ന പുതിയ നിയമം രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്. ‘ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ്’ എന്ന പേരിൽ അറിയപ്പെടുന്ന ഇത് 2016 മേയ് മാസമാണ് പാസാക്കിയത്.  ‘പാപ്പരായ കമ്പനിയും സമ്പന്നരായ ഉടമകളും’ എന്ന രീതി ഇല്ലാതെയാക്കുന്നതാണ് ഈ പുതിയ നിയമം. 

2017 ജൂലായ് മാസത്തെ കണക്കനുസരിച്ച് 14 കമ്പനികളുടേതായി ഏതാണ്ട് 1.90 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം (നിഷ്‌ക്രിയാസ്തി -എൻ.പി.എ.) റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടത്തിന്റെ നാലിലൊന്നു വരുമിത്. ഇത്തരത്തിലുള്ള കിട്ടാക്കടങ്ങൾ സമയബന്ധിതമായി തിരിച്ചുപിടിക്കാൻ പുതിയ നിയമം വ്യവസ്ഥകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട്.

ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ നൽകിയിട്ടുള്ള ഏതൊരു രീതിയിലെ കടങ്ങളും അത് പൂർണമായോ ഭാഗികമായോ തിരിച്ചുകിട്ടാൻ ഉണ്ടെങ്കിൽ അവർക്ക് ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി കോഡ് പ്രകാരം പെറ്റീഷൻ ഫയൽ ചെയ്യാവുന്നതാണ്. ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി.), ഡെബ്റ്റ് റിക്കവറി ട്രിബ്യൂണൽ (ഡി.ആർ.ടി.) എന്നിവയെയാണ് സമീപിക്കേണ്ടത്. ശക്തവും കഴിവുറ്റതുമായ ഈ പുതിയ നിയമത്തിൽ കടം വാങ്ങിയവരുടെ സാമ്പത്തിക സ്ഥിതി കടം കൊടുത്തവർ അവലോകനം ചെയ്യേണ്ട വകുപ്പുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

​ഇൻസോൾവൻസി പ്രൊഫഷണലുകൾ
ഇൻസോൾവൻസി നിയമവുമായി ബന്ധപ്പെട്ട ചുമതലകൾ കൈകാര്യം ചെയ്യുന്നത് ഇൻസോൾവൻസി പ്രൊഫഷണൽ  ആണ്.  പ്രസ്തുത ഇൻസോൾവൻസി പ്രൊഫഷണലിനെ നിശ്ചിത കേസുകൾ കൈകാര്യം ചെയ്യാൻ നിയമിക്കുന്നത് കമ്പനി നിയമ ട്രിബ്യൂണലോ ഡെറ്റ് റിക്കവറി ട്രി ബ്യൂണലോ ആയിരിക്കും. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്ട്‌സി ബോർഡ് ഓഫ് ഇന്ത്യ (ഐ.ബി.ബി.ഐ.)യിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഈ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരെയായിരിക്കും ഇൻസോൾവൻസി പ്രൊഫഷണലായി നിയമിക്കുന്നത്.

ഇൻസോൾവൻസി നിയമപ്രകാരമുള്ള അപേക്ഷ എൻ.സി.എൽ.ടി.യിലോ  ഡി.ആർ.ടി.യിലോ സമർപ്പിച്ച് 14 ദിവസത്തിനുള്ളിൽ അർഹിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതും തുടർന്നുള്ള ദിവസം മുതൽ സ്ഥാപനത്തിന്റെ എല്ലാവിധ നിയന്ത്രണങ്ങളും മരവിപ്പിക്കുന്നതുമാണ്. അതായത്, ഡയറക്ടർ ബോർഡ്, പ്രൊമോട്ടർ, പാർട്ണർ എന്നിവരുടെ നിയന്ത്രണ വിവേചനാധികാരങ്ങൾ മരവിപ്പിക്കപ്പെടും. ഇതെല്ലാം എൻ.സി.എൽ.ടി.യോ ഡി.ആർ.ടി.യോ നിയമിക്കുന്ന ഇൻസോൾവൻസി പ്രൊഫഷണലിൽ നിക്ഷിപ്തമാവുകയും ചെയ്യുന്നു. 

180 ദിവസം
ഹർജി സ്വീകരിക്കുന്ന ദിവസം മുതൽ 180 ദിവസങ്ങൾക്കുള്ളിൽ ഒരു പൊതുവായ സമവായത്തിലെത്താൻ വേണ്ടിയുള്ള ഒരു സാമ്പത്തിക മരവിപ്പിക്കലാണിത്. ഈ സമയത്തു യാതൊരുവിധ നിയമ വ്യവഹാരങ്ങളോ ആസ്തികൈമാറ്റമോ വിൽപ്പനയോ പാടുള്ളതല്ല.  ഈ സമയ പരിധിക്കുള്ളിൽ കടക്കാരന്റെ ആസ്തികളുടെ മൂല്യനിർണയം യഥാവിധി നിശ്ചയിക്കുന്നതിനും തുടർന്ന് കടം കൊടുത്തവരും കടം വാങ്ങിയവരും  മറ്റു കടക്കാരും ചർച്ചയിലൂടെയും മറ്റു മാർഗങ്ങളിലൂടെയും ഒരു സമവായം ഉണ്ടാക്കി മുന്നോട്ടു പോകാൻ പ്രസ്തുത നിയമം  അനുശാസിക്കുന്നു. കടക്കെണിയിലായ സംരംഭത്തെ പുനരുജ്ജീവിപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിൽ മാത്രം ലിക്വിഡേഷൻ പ്രക്രിയ ആരംഭിക്കാനാകൂ. 

180 ദിവസം എന്ന സമയ പരിധി എൻ.സി.എൽ.ടി., ഡി.ആർ.ടി. എന്നിവയ്ക്ക് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് 90 ദിവസം കൂടി ദീർഘിപ്പിക്കാവുന്നതാണ്. സമവായത്തിൽ എത്തിയ ശേഷം ഉരുത്തിരിയുന്ന പരിഹാരം കടം കൊടുത്തവരുടെ അധികാരത്തിലായിരിക്കും.

കമ്പനീസ് ആക്ട് (2013) പ്രകാരം രജിസ്റ്റർ  ചെയ്തിരിക്കുന്ന കമ്പനികൾക്കും എൽ.എൽ.പി. ആക്ട് (2008) പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന ലിമിറ്റഡ് ലയബിലിറ്റി സംരംഭങ്ങൾക്കും ഒരു ലക്ഷം രൂപയ്ക്ക്  മുകളിലുള്ള കിട്ടാക്കടങ്ങൾ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിലാണ് അപേക്ഷിക്കേണ്ടത്. പാർട്ണർഷിപ് സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ 1,000 രൂപയ്ക്ക് മുകളിലുള്ള കിട്ടാക്കടങ്ങൾ ഡി.ആർ.ടി.യിലും അപേക്ഷിക്കണം. രാജ്യത്ത് 10 എൻ.സി.എൽ.ടി.യും 33 ഡി.ആർ.ടി.യും നിലവിലുണ്ട്.

ശമ്പളക്കുടിശ്ശികയും പെടും
ശമ്പളവും മറ്റു ആനുകൂല്യങ്ങളും കിട്ടാക്കടമായവർ, സാധനങ്ങളും സേവനങ്ങളും നൽകിയിട്ടും വില കിട്ടാക്കടം ആയവർ, വാടക കിട്ടാക്കടം ആയവർ എന്നിവർക്കും പണം തിരിച്ചുകിട്ടാനുള്ള വ്യവസ്ഥകൾ എന്നിവ ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്‌റ്റ്‌സി നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വസ്തു കരാറിൽ ഏർപ്പെട്ട് മുൻകൂർ തുക നൽകിയിട്ടും കരാർ പ്രകാരമുള്ള വസ്തു, വീട്, ഫ്ളാറ്റ് എന്നിവ കിട്ടാതെ കരാർ തുക കിട്ടാക്കടം ആയവരും ഈ നിയമത്തിന്റെ ഗുണഭോക്താക്കളാകും. 

(ചാർട്ടേർഡ് അക്കൗണ്ടന്റും ഐ.ബി.ബി.ഐ. അംഗീകൃത ഇൻസോൾവൻസി പ്രൊഫഷണലുമാണ് ലേഖകൻ) 
ഇ-മെയിൽ: keaswaran@gmail.com