കോഴിക്കോട്: അടിസ്ഥാന ബാങ്ക്നിരക്ക് കുറഞ്ഞതിനനുസരിച്ച് ഭവനവായ്പപ്പലിശ നിരക്കുകളിൽ വന്ന കുറവ് പ്രത്യേക അപേക്ഷയും നിശ്ചിതഫീസും നൽകി ഇടപാടുകാർക്ക് സ്വന്തമാക്കാം. നിരക്ക് പുനഃക്രമീകരിക്കുന്നത് ഏറെ ലാഭകരമാവും.

പ്രമുഖ ഭവനവായ്പദാതാക്കൾ വായ്പാനിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. എസ്.ബി.ഐ.യും എച്ച്.ഡി.എഫ്.സി. ലിമിറ്റഡും 6.95 ശതമാനത്തിലേക്ക് 30 ലക്ഷത്തിൽ താഴെയുള്ള വായ്പകളുടെ നിരക്കുതാഴ്ത്തി. എന്നാൽ, പലരും ഇതിലേക്കുമാറാതെ ഇപ്പോഴും 8.55-8.65 ശതമാനത്തിൽ തുടരുന്നു.

2,975-5,975 രൂപ ഫീസടച്ച് അപേക്ഷ നൽകിയാൽ പുതിയ നിരക്കിലേക്ക് മാറാം. ബാങ്ക് ഓഫ് ബറോഡയ്ക്കും ബാങ്ക് ഓഫ് ഇന്ത്യയ്ക്കും 6.85 ശതമാനമാണ് കുറഞ്ഞ നിരക്ക്. വായ്പാനിരക്ക് കുറയുമ്പോൾ മാസത്തവണ (ഇ.എം.ഐ.) കുറച്ചോ മൊത്തംതവണകളുടെ എണ്ണം കുറച്ചോ ഇടപാടുകാർക്ക് അതിന്റെ പ്രയോജനം ലഭ്യമാവുന്നു.

വായ്പ എടുക്കുന്നവരുടെ എണ്ണം കോവിഡ് പ്രതിസന്ധിമൂലം ഗണ്യമായി കുറഞ്ഞു. മിക്ക ബാങ്കുകളും വായ്പയെടുക്കുന്നയാളുടെ സാമ്പത്തികനില, തിരിച്ചടവുരീതി, മുൻകാല ഇടപാടുകളുടെ ചരിത്രം, നിക്ഷേപം, ബാധ്യതകൾ തുടങ്ങിയവ പരിഗണിച്ച് ഇളവുനൽകുന്നുണ്ട്. വനിതകൾക്ക് മിക്ക ബാങ്കുകളും അരശതമാനത്തോളം പലിശയിളവ് നൽകുന്നു.

കുറഞ്ഞ നിരക്കിലേക്ക് പലിശമാറ്റിയാൽ പിന്നീട് നിരക്ക് കുറയുകയോ കൂടുകയോ ചെയ്യുമ്പോൾ പുനഃക്രമീകരിക്കപ്പെട്ട നിരക്കിൽനിന്നേ പലിശ വ്യത്യാസപ്പെടൂ എന്ന മെച്ചവുമുണ്ട്. കഴിഞ്ഞവർഷത്തെക്കാൾ 1.25 ശതമാനത്തോളം ഭവനവായ്പാനിരക്കുകൾ കുറഞ്ഞിട്ടുണ്ട്.