ത്തവണ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സാധാരണക്കാരായ നികുതിദായകര്‍ ഏറെ പ്രതീക്ഷയോടെ കേട്ടത് ഭവനവായ്പ പലിശയ്ക്ക് ലഭിക്കുന്ന അധിക നികുതി ആനുകൂല്യമാണ്. കഴിഞ്ഞ വര്‍ഷം വരെ ഒരു നികുതിദായകന് ഭവന വായ്പയുടെ പലിശയിനത്തില്‍ രണ്ടു ലക്ഷം രൂപ വരെ നികുതി കിഴിവ് ലഭിക്കുമായിരുന്നു. 

ഈ ബജറ്റില്‍ 45 ലക്ഷം രൂപ വരെ ചെലവുള്ള വീടുകള്‍ക്ക് പരമാവധി കിഴിവ് 3.50 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. അധികമായി ലഭിച്ച 1.50 ലക്ഷം രൂപയുടെ കിഴിവിന് വ്യാപകമായ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. പക്ഷെ, ഈ കിഴിവ് പൂര്‍ണമായി ആര്‍ക്കും ലഭിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

യാഥാര്‍ത്ഥ്യം എന്താണ്?

നിലവില്‍ ഒരാള്‍ക്ക് ലഭിക്കുന്ന പരമാവധി വായ്പ കാലാവധി 30 വര്‍ഷമാണ്. 45 ലക്ഷം രൂപ മൂല്യമുള്ള വീടിന് 80 ശതമാനമായ 36 ലക്ഷമാണ് നിലവില്‍ ലഭിക്കാവുന്ന പരമാവധി വായ്പ. ഇപ്പോഴത്തെ നിരക്ക് പ്രകാരം എസ്.ബി.ഐ.യുടെ ഭവനവായ്പ പലിശ ഏതാണ്ട് 8.50 മുതല്‍ 8.60 ശതമാനം വരെയാണ്. അപ്പോള്‍ ശരാശരി നിരക്ക് 8.55 ശതമാനം എന്ന് അനുമാനിക്കാം.

30 വര്‍ഷം, 20 വര്‍ഷം, 15 വര്‍ഷം അല്ലെങ്കില്‍ 10 വര്‍ഷം എന്നിങ്ങനെ കാലയളവില്‍ പരമാവധി തുക ഒരാള്‍ വായ്പ എടുത്താല്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ പലിശയിനത്തില്‍ വാര്‍ഷിക അടവ് എത്രയായിരിക്കുമെന്ന് പരിശോധിക്കുകയാണ് ഇതോടൊപ്പമുള്ള പട്ടികയില്‍. 

എങ്ങനെ നോക്കിയാലും ഒരു വര്‍ഷം 3,06,760 രൂപയില്‍ താഴെ മാത്രമേ പലിശ വരുന്നുള്ളൂ. ഭവന വായ്പയെടുത്ത് ആദ്യ വര്‍ഷമാണ് തിരിച്ചടവിന്റെ ഏറ്റവും കൂടുതല്‍ പങ്ക് പലിശയിലേക്ക് പോകുന്നത്.

8.55 ശതമാനം നിരക്കില്‍ ഭവനവായ്പ പലിശ

കാലാവധി 30 വര്‍ഷം 20 വര്‍ഷം 15 വര്‍ഷം  10 വര്‍ഷം
2020 3,06,760  3,05,052 3,03,029  2,38,164
2021 3,04,364 2,98,719 2,92,033 2,59,344
2022 3,01,755 2,91,822 2,80,059 2,82,408


അതായത് 3.50 ലക്ഷം രൂപ നികുതിയിളവ് ലഭിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. പരമാവധി 3.06 ലക്ഷം രൂപ വരെയേ ഇളവ് ലഭിക്കുകയുള്ളൂ. അപ്പോള്‍ ബാക്കിയുള്ള 44,000 രൂപയോ അതില്‍ കൂടുതലോ ഓരോ വര്‍ഷവും ഓരോ നികുതിദായകനും പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ നഷ്ടപ്പെടുന്നു. ഇത് മാറണമെങ്കില്‍ 45 ലക്ഷം എന്ന പരിധി ഉയര്‍ത്തിയേ മതിയാകൂ.

Home Loan

അതായത്, ഇന്ത്യയിലെ ഒരു നികുതിദായകനു പോലും ഒരിക്കലും ലഭിക്കാന്‍ സാധ്യതയില്ലാത്ത ഒരാനുകൂല്യമാണ് 15 വര്‍ഷം കൊണ്ട് ഏഴു ലക്ഷം രൂപ ലാഭിക്കാമെന്നു കൊട്ടിഘോഷിച്ച് ബജറ്റില്‍ അവതരിപ്പിച്ചിട്ടുള്ളത്.

2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതിയില്‍ പെടുത്തിയാണ് ഈ ഇളവ് നല്‍കുന്നതെങ്കിലും 45 ലക്ഷം എന്ന പരിധി െവച്ചതിനാല്‍ അധികമാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കില്ല. ഭവനവായ്പ പലിശയുടെ പരിധി 45 ലക്ഷം രൂപയാക്കി നിജപ്പെടുത്താതിരുന്നാല്‍ ഈ പിഴവ് പരിഹരിക്കാവുന്നതാണ്.

(thinkrenjith@gmail.com)

Content Highlights: Home Loan Interest Deduction