ന്യൂഡല്‍ഹി: വീടു വാങ്ങുന്നതിന് ബാങ്കുകളില്‍നിന്നും മറ്റും വായ്പ ലഭിക്കാന്‍ പ്രയാസമുള്ളവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിധി ഉണ്ടാക്കിയേക്കും.

ഒട്ടേറെപ്പേർക്ക് പല കാരണങ്ങള്‍കൊണ്ട്്് ബാങ്കുവായ്പ ലഭിക്കാന്‍ ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തിരിച്ചടവില്‍ വീഴ്ചവരുമെന്ന ഭയംകാരണമാണ് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത്. അത്തരക്കാര്‍ക്ക് വായ്പ കൊടുക്കാന്‍ ബാങ്കുകള്‍ തയ്യാറായാല്‍ ഈ നിധിയില്‍നിന്ന് സര്‍ക്കാര്‍ ഗാരന്റി നല്‍കും.

വായ്പ എടുക്കുന്നയാള്‍ ഗാരന്റിക്കായി പ്രത്യേക ഫീസ് മുന്‍കൂറായി കെട്ടിവെക്കണം. നിധിയില്‍നിന്ന് നേരിട്ടുള്ള സാമ്പത്തികസഹായം ഉണ്ടാവില്ല. ഗാരന്റി നല്‍കാന്‍ തയ്യാറാവുന്നതോടെ പലിശനിരക്കില്‍ കുറവു വരുമെന്നാണ് പ്രതീക്ഷ.

സാമ്പത്തികമാന്ദ്യം കാരണം പ്രതിസന്ധി നേരിടുന്ന ഭവനമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് ഉടനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിര്‍ദിഷ്ട പാക്കേജിലെ പ്രധാന സംഗതികളിലൊന്ന് ഈ പ്രത്യേക നിധി ആയിരിക്കും. ഭവനമേഖലയിലുള്ളവരുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഈയിടെ ചര്‍ച്ച നടത്തിയിരുന്നു.

തിരിച്ചടവില്‍ വരുന്ന വീഴ്ച, പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍, നിര്‍മാണം പൂര്‍ത്തിയായിട്ടും വില്‍ക്കാന്‍ സാധിക്കാതെ പതിനായിരക്കണക്കിന് ഫ്ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് എന്നിവയാണ് ഭവനമേഖല നേരിടുന്ന പ്രതിസന്ധി.