രിത്രത്തിലെ എറ്റവും കുറഞ്ഞനിലവാരത്തിലാണ് ഭവനവായ്പ നിരക്കുകൾ. കോവിഡിനെതുടർന്ന് ഭൂമിവിലയിലും കുറവുണ്ടായിരിക്കുന്നു. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, കൊട്ട്ക മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകൾ 6.65ശതമാനം മുതൽ6.75ശതമാനംവരെയാണ് പുതുക്കിയ നിരക്കുപ്രകാരം പലിശ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭവനവായ്പയെടുക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ നോക്കാം. 

ഫ്‌ളോട്ടിങ് പലിശനിരക്കുകൾ മാറും 
വായ്പ പലിശ എക്കാലത്തും ഒരുപോലെതുടരില്ല. ബാഹ്യ ബെഞ്ച്മാർക്കുമായി ബന്ധിപ്പിച്ചാണ് ബാങ്കുകൾ വായ്പ പലിശയുംനൽകുന്നത്. ഉദാഹരണത്തിന് റിപ്പോനിരക്കുമായി ബന്ധിപ്പിച്ച വായ്പയുടെ പലിശനോക്കാം. റിപ്പോ നിരക്കിലെ മാറ്റത്തിനനുസരിച്ച് വായ്പ പലിശയുംമാറും. ആർബിഐയുടെ വായ്പനയപ്രഖ്യാപനമാണ് നിരക്കിലെ മാറ്റത്തിന് അടിസ്ഥാനം. റിപ്പോ എന്ന ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശയും അപ്പോൾകൂടുമെന്നുചുരുക്കം. 

ഇനി കുറയാനില്ല
ഭവനവായ്പ പലിശയിൽ ഇനികുറവുണ്ടാകാനിടയില്ല. രണ്ടരവർഷത്തിനിടെ റിപ്പോ നിരക്ക് 6.50ശതമാനത്തിൽനിന്ന് നാലുശതമാനമായാണ് താഴ്ന്നത്. പത്തുവർഷത്തെ സർക്കാർ കടപ്പത്രങ്ങളിൽനിന്നുള്ള ആദായം 5.77ശതമാനത്തിൽനിന്ന് 6.17ശതമാനമായി ഉയരുകയുംചെയ്തിരിക്കുന്നു. അതായത് കടമെടുക്കുന്നത് അടുത്തയിടെ കൂടുതൽ ചെലവേറിയെന്നുചുരുക്കം. സർക്കാർ വൻതോതിൽ വിപണിയിൽനിന്ന് കടമെടുക്കുന്നതും അസംസ്‌കൃത എണ്ണവില ഉയരുന്നതും വിലക്കയറ്റത്തിന് കാരണമാകും. റിപ്പോ നിരക്ക് ഇതേരീതിയിൽ തുടരാൻ ഇതൊക്കെ തടസ്സമായിക്കൂടെന്നില്ല. 

കുറഞ്ഞ ചെലവിലുള്ള നിക്ഷേപംകുറയുന്നു
സേവിങ്‌സ്, കറന്റ് അക്കൗണ്ടുകളിൽനിന്നാണ് ബാങ്കുകൾക്ക് കുറഞ്ഞ ചെലവിൽ പണം ലഭിക്കുന്നത്. അവയിലെ മൊത്തം ആസ്തി ബാങ്കുകളെ സബന്ധിച്ചെടുത്തോളം വളരെപ്രധാനപ്പെട്ടതാണ്. എസ്ബിഐയുടെ ഈയിനത്തിലുള്ള നിക്ഷേപം 44ശതമാനമാണ്. സ്വകാര്യ ബാങ്കുകളിൽ കൊട്ടക് മഹീന്ദ്രയുടേത് 43ശതമാനവുമാണ്. നാലുവർഷംമുമ്പ് ഇത് 56ശതമാനമായിരുന്നു. ഈയിനത്തിൽ ഉയർന്ന വരുമാനമുള്ള ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതാകും അതുകൊണ്ടുതന്നെ എന്തുകൊണ്ടുംനല്ലത്. 

റിസ്‌ക് പ്രീമിയവും പ്രവർത്തന ചെലവും
ഫ്‌ളോട്ടിങ് പലിശനിരക്കിന്റെ ഭാഗമാണ് ക്രഡിറ്റ് റിസ്‌ക് പ്രീമിയം. വായ്പയെടുത്തയാളുടെ ക്രഡിറ്റ് അസസ്‌മെന്റിൽ വ്യതിയാനം ഉണ്ടായാൽ, പ്രീമിയത്തിൽ മാറ്റംവരുത്താൻ ബാങ്കുകൾക്ക് അധികാരമുണ്ട്. സമ്പദ്ഘടന തളരുമ്പോൾ അതിനുള്ള അവസരം ബാങ്കുകൾക്ക് ഉപയോഗിക്കും. അതോടൊപ്പമുള്ളതാണ് പ്രവർത്തന ചെലവ്. ചെലവ് വർധിക്കുന്നതിന് ആനുപാതികമായി ആയിനത്തിൽ തുക ഉയർത്താൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. ഉയർന്ന ചെലവുള്ളവയാണ് സ്‌മോൾ ഫിനാൻസ് ബാങ്കുകളും സ്വകാര്യമേഖലയിലെ ചില പഴയ ബാങ്കുകളും. എന്നാൽ ഉയർന്ന വരുമാനമുള്ള വൻകിട ബാങ്കുകൾ ഇത് ഒഴിവാക്കാൻശ്രമിക്കുകയുംവേണം. അതായത് പ്രവർത്തനചെലവ് ഉയരുന്നതിനുസരിച്ച് വരുമാനമില്ലാതായാൽ ഈയിനത്തിലുള്ള അധികബാധ്യതകൂടി വായ്പയെടുത്തവർക്കുമേൽവരും. അതുകൊണ്ട് വായ്പയ്ക്കായി ബാങ്കുകളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. 

antony@mpp.co.in