ചെറിയ സംരംഭങ്ങൾക്ക് നാല്‌ ലക്ഷം രൂപ വരെ സർക്കാർ സബ്‌സിഡി അനുവദിക്കുന്നതിന് പുതിയ പദ്ധതി 2020 ഓഗസ്റ്റ്‌ 12-ന് നിലവിൽ വന്നിരിക്കുന്നു. 2.50 കോടി രൂപ ഇതിനായി ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരളത്തിൽ വലിയ വ്യവസായങ്ങൾക്കുള്ള സാധ്യതകൾ കുറവാണ് എന്നതിനാൽ നാനോ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വായ്പയുമായി ബന്ധപ്പെടുത്തി മാർജിൻ മണി ഗ്രാന്റ് ലഭ്യമാക്കുക വഴി കൂടുതൽ സംരംഭങ്ങളെ നാനോ വിഭാഗത്തിൽ വളർത്തിക്കൊണ്ടുവരാൻ കഴിയും. സംസ്ഥാന വ്യവസായ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി ആനുകൂല്യങ്ങൾ

പൊതു വിഭാഗത്തിനും പ്രത്യേക വിഭാഗത്തിനും രണ്ടു നിരക്കിൽ ഗ്രാന്റ് നൽകാൻ പദ്ധതി വിഭാവനം ചെയ്യുന്നു.

പൊതുവിഭാഗം: പദ്ധതിച്ചെലവിന്റെ 30 ശതമാനം (പരമാവധി മൂന്ന്‌ ലക്ഷം രൂപ) വരെ ഗ്രാന്റ് അനുവദിക്കുന്നു. ഇതിൽ 40 ശതമാനം വായ്പയും 30 ശതമാനം സംരംഭകന്റെ വിഹിതവും ആയിരിക്കണം.

പ്രത്യേക വിഭാഗത്തിന്: പദ്ധതി ചിലവിന്റെ 40 ശതമാനം (പരമാവധി നാല്‌ ലക്ഷം രൂപ) വരെ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്നു. ഇക്കാര്യത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനം ആയിരുന്നാൽ മതി. ഒരു സ്ഥാപനത്തിന് പരമാവധി ലഭിക്കാവുന്ന ഗ്രാന്റ് നാല്‌ ലക്ഷം രൂപ ആയിരിക്കും.

അർഹത

• പുതുതായി തുടങ്ങുന്ന നാനോ പ്രൊപ്രൈറ്ററി സ്ഥാപനം ആയിരിക്കണം.

• നിർമാണ യൂണിറ്റുകൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ, ജോബ് വർക്ക് ചെയ്യുന്ന സേവന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അർഹത.

• പദ്ധതിച്ചെലവ് സ്ഥിരനിക്ഷേപവും ആവർത്തന നിക്ഷേപവും ചേർന്നാൽ 10 ലക്ഷം രൂപയിൽ അധികരിക്കരുത്. ഇതാണ് നാനോ സംരംഭത്തിന്റെ പുതിയ നിർവചനം.

• പ്രത്യേക വിഭാഗം എന്നാൽ വനിതകൾ, പട്ടികജാതി/വർഗ വിഭാഗങ്ങൾ, അംഗപരിമിതർ, വിമുക്തഭടന്മാർ, യുവാക്കൾ (40 വയസ്സിൽ താഴെ) എന്നിവരാണ്.

• പദ്ധതിത്തുകയുടെ 30 ശതമാനമെങ്കിലും വനിതാ സംരംഭങ്ങൾക്കായി മാറ്റിവയ്ക്കും.

• ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കെ.എഫ്.സി. എന്നിവിടങ്ങളിൽ നിന്ന്‌ എടുക്കുന്ന വായ്പയ്ക്ക് അർഹതയുണ്ട്.

• ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ എടുക്കാത്തവർക്കും പദ്ധതിപ്രകാരം ഗ്രാന്റിന് അർഹത.

• ആനുകൂല്യം കൈപ്പറ്റിയാൽ ആറ്‌ മാസത്തിനുള്ളിൽ സംരംഭം തുടങ്ങണം. മതിയായ കാരണം ഉണ്ടെങ്കിൽ ആറ്‌്‌ മാസം കൂടി ദീർഘിപ്പിച്ച് നൽകും.

അപേക്ഷിക്കേണ്ടത്

സംരംഭകർ അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറേയും ബന്ധപ്പെടാവുന്നവാണ്. ആവശ്യമെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിലേക്ക് വായ്പയ്ക്കായി ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് ശുപാർശ ചെയ്യുന്നതാണ്. അതനുസരിച്ച് വായ്പ എടുക്കാനും പിന്നീട് ഗ്രാന്റ് കൈപ്പറ്റാനും സാധിക്കും.

അപേക്ഷ പരിശോധിച്ച് ഗ്രാന്റിന് ശുപാർശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരാണ് ഗ്രാന്റ് അനുവദിക്കുന്നത്‌.

തിരിച്ചറിയൽ രേഖകൾക്ക് പുറമെ ഉദ്യോഗ്-ആധാർ/ഉദ്യം രജിസ്‌ട്രേഷൻ, പ്രോജക്ട് റിപ്പോർട്ട് എന്നിവയും മെഷിനറി, ഇലക്‌ട്രിഫിക്കേഷൻ എന്നിവയുടെ ഇൻവോയ്‌സുകളും പേയ്‌മെന്റ് രേഖകളും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന്‌ വായ്പ അനുവദിച്ചതിന്റെ രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ടത്‌. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, കെട്ടിടത്തിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റ്/വാടകച്ചീട്ട്, എൻജിനീയറുടെ സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതായി വരും.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം അപ്പീൽ സമർപ്പിക്കേണ്ടതാണ്. വ്യവസായ-വാണിജ്യ ഡയറക്ടർക്കാണ് അപ്പീൽ നൽകേണ്ടത്.

(സംസ്ഥാന വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

chandrants666@gmail.com