ചെറുകിട വ്യവസായങ്ങളെ ആഗോളതലത്തിൽ മത്സരാധിഷ്ഠിതമാക്കുന്നതിന്‌ സാങ്കേതികവിദ്യ തടസ്സമാകരുത്‌. നൂതന സാങ്കേതികവിദ്യ സമ്പാദിക്കുന്നതിനും വികസിപ്പിക്കുന്നതിനും വലിയ നിരക്കിലുള്ള ആനുകൂല്യങ്ങളാണ്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതും. ‘മേക്ക്‌ ഇൻ ഇന്ത്യ’ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനെയാണ്‌ ഇത്‌ ലക്ഷ്യംവയ്ക്കുന്നത്‌.

ഇന്ത്യൻ നിർമിത ഉത്‌പന്നങ്ങൾ ആഗോളനിലവാരത്തിലേക്ക്‌ ഉയർത്തുന്നതിന്‌ സാങ്കേതികരംഗത്തെ പോരായ്മകൾ വലിയ പ്രശ്നമാകാറുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ നടന്നുവരുന്നത്‌.

കേന്ദ്രസർക്കാർ സ്ഥാപനമായ ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഇൻഡസ്‌ട്രിയൽ പോളിസി ആൻഡ്‌ പ്രൊമോഷന്‍ (ഡിഐപിപിഎസ്‌) ആണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ടെക്‌നോളജി അക്വിസിഷൻ ആൻഡ്‌ െഡവലപ്മെന്റ്‌ ഫണ്ട്‌ (ടിഎഡിഎഫ്‌) എന്ന പേരിലുള്ള സബ്‌സിഡി ആനുകൂല്യമാണ്‌ ഈ പദ്ധതിപ്രകാരം നൽകുന്നത്‌.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക്‌ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ കഴിയും. ഇത്തരം സംരംഭങ്ങൾ സർക്കാർ ധനസഹായം ഉപയോഗിച്ച്‌ ‘‘Innovative Clean/Green/Energy, Efficient Technologies” വികസിപ്പിച്ചെടുത്ത്‌ ‘േമക്ക്‌ ഇൻ ഇന്ത്യ’ പദ്ധതിക്ക്‌ മുതൽക്കൂട്ടാക്കുവാനാണ്‌ ഉദ്ദേശിക്കുന്നത്‌.

2011ലെ ദേശീയ ഉത്‌പാദന നയത്തിന്റെ ഭാഗമായി 2015 സപ്തംബർ 21-നാണ്‌ സാങ്കേതികവിദ്യാ വികസന സബ്‌സിഡി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഏതൊരു വ്യവസായ മേഖലയിലും ‘ക്ലീൻ ആൻഡ്‌ ഗ്രീൻ’ - പുത്തൻ സാങ്കേതികവിദ്യ സമ്പാദിക്കുന്നതിന്‌ ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം. പരിസ്ഥിതി സൗഹൃദാന്തരീക്ഷം ഒരുക്കിയെടുക്കാനും വലിയ പരിഗണന നൽകിയിരുന്നു.

50 ലക്ഷം രൂപവരെ ആനുകൂല്യങ്ങൾ 
പേറ്റന്റ്‌ സമ്പാദിക്കുന്നതിന്‌ ചെറുകിട വ്യവസായ സ്ഥാപനങ്ങൾ മുടക്കേണ്ടിവരുന്ന ചെലവുകൾ തിരികെ നൽകുക, ഊർജ-ജലസംരക്ഷണം, മലിനീകരണ നിയന്ത്രണം, മലിനജല ശുദ്ധീകരണം, മഴവെള്ള സംഭരണം, പുനരുപയോഗിക്കാവുന്ന ഊർജ ഉത്‌പാദനം, ഗ്രീൻ കെട്ടിടങ്ങൾ എന്നീ മേഖലകളിൽ നവീന സാങ്കേതികവിദ്യ കൊണ്ടുവരുന്നതിന്‌ ആവശ്യമായ മൂലധന നിക്ഷേപത്തിന്‌ സബ്‌സിഡി ആനുകൂല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുക എന്നിവയാണ്‌ പദ്ധതി.

ഈ സാങ്കേതികവിദ്യ, ഉപഭോക്‌തൃത ഉത്‌പന്നങ്ങൾ, വിശേഷപ്പെട്ട സേവനങ്ങൾ, പേറ്റന്റ്‌, ഇൻഡസ്‌ട്രിയൽ ഡിസൈൻ എന്നീ ഘടകങ്ങൾ ആഗോളനിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനോ, കാര്യശേഷി വർധിപ്പിക്കുന്നതിനോ ഉതകുന്നതായിരിക്കണം.

നാല്‌ ഘടകങ്ങളായിട്ടാണ്‌ ടെക്‌നോളജി സമ്പാദനപദ്ധതിപ്രകാരം ആനുകൂല്യങ്ങൾ നൽകുന്നത്‌.
1. നേരിട്ട്‌ സാങ്കേതികവിദ്യ വാങ്ങുക: ഇതിനുവരുന്ന ചെലവിന്റെ 50 ശതമാനം (പരമാവധി 20 ലക്ഷം രൂപ) സബ്‌സിഡി നൽകുന്നു.
2. പരോക്ഷ സാങ്കേതികവിദ്യാ സമ്പാദനം: പരസ്പരധാരണയിലൂടെ വാങ്ങിയതോ, ഷെയർചെയ്തതോ ആയ നവീന സാങ്കേതികവിദ്യയ്ക്ക്‌ ചെലവിന്റെ 50 ശതമാനം (പരമാവധി 20 ലക്ഷം രൂപ) വരെ സബ്‌സിഡി നൽകുന്നു.
3. നിർമാണ ഉപകരണ സാങ്കേതികവിദ്യാ സബ്‌സിഡി: നിർമാണ സ്ഥാപനങ്ങളിൽ മേൽലക്ഷ്യം കൈവരിക്കുന്നതിന്‌ സ്ഥാപിക്കുന്ന പുതിയ പ്ലാന്റ്‌/മെഷിനറികൾ-എന്നിവയും ചെലവിന്റെ 10 ശതമാനം (പരമാവധി 50 ലക്ഷം രൂപ)വരെ സബ്‌സിഡി നൽകുന്നു.
4. നൂതന പരിസ്ഥിതി സൗഹൃദ നിർമ്മാണ സ്ഥാപന സഹായം: പരിസ്ഥിതി സൗഹൃദ നിക്ഷേപത്തിന്‌ വ്യവസായ സ്ഥാപനങ്ങൾക്ക്‌ സബ്‌സിഡി അനുവദിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, വിഭവങ്ങൾ, ജലം എന്നിവയുടെ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ഫാക്ടറി നിർമ്മാണം, മാലിന്യ നിർമ്മാർജനം, ഊർജ്ജ ഉല്പാദനം എന്നീ മേഖലയിലെ നിക്ഷേപത്തിന്‌ തോത്‌ അനുസരിച്ച്‌ സബ്‌സിഡി നൽകുന്നു.

ആനുകൂല്യം ലഭിക്കാൻ വേണ്ട യോഗ്യതകൾ
1. കേന്ദ്ര സർക്കാറിന്റെ നിർവചനത്തിൽ വരുന്ന സൂക്ഷ്‌മ ചെറുകിട-ഇടത്തരം സംരംഭങ്ങൾ ആയിരിക്കണം. പ്രൊപ്രൈറ്ററി, പാർട്ട്‌ണർഷിപ്പ്‌, ലിമിറ്റഡ്‌ ലയബിലിറ്റി, പ്രൈവറ്റ്‌  ലിമിറ്റഡ്‌, ലിമിറ്റഡ്‌ എന്നീ വിഭാഗങ്ങൾക്കെല്ലാം അർഹതയുണ്ട്‌. 51 ശതമാനം ഷെയർ എങ്കിലും ഇന്ത്യൻ സംരംഭകർക്ക്‌ ഉണ്ടായിരിക്കണമെന്നു മാത്രം.
2. ഇന്ത്യയ്ക്കകത്തോ, പുറത്തോനിന്നുള്ള സ്ഥാപനങ്ങളിൽനിന്നും സാങ്കേതികവിദ്യ സമ്പാദിക്കാവുന്നതാണ്‌. രജിസ്റ്റർചെയ്തതും പ്രാമുഖ്യമുള്ളതുമായ സ്ഥാപനങ്ങളിൽനിന്നുവേണം എന്ന്‌കൂടി വ്യവസ്ഥയുണ്ട്‌.
3. സാങ്കേതിക വിദ്യ, പേറ്റന്റ്‌, ഇൻഡസ്‌ട്രിയൽ ഡിസൈൻ എന്നിവ ‘ക്ലീൻ ആൻഡ്‌ ഗ്രീൻ’ ടെക്‌നോളജി വിഭാഗത്തിൽ പെടുന്നതായിരിക്കണം.
4. സാങ്കേതിക വിദ്യ പരിശീലിച്ച്‌ അപേക്ഷകൻ സ്വന്തം നിലയിൽ കഴിവ്‌ നേടിയതോ, ഉല്പാദന-നിർമ്മാണ പ്രക്രിയകളിൽ ഉൾപ്പെടുത്തി, അതിന്റെ കാര്യശേഷി വർദ്ധിപ്പിക്കുന്നതോ ആയിരിക്കണം. ഇത്തരം കാര്യങ്ങൾ ഇതിനായി രൂപം നൽകിയിരിക്കുന്ന ഉപദേശക സമിതി പരിശോധിക്കുന്നതാണ്‌.

ഏതെങ്കിലും പ്രത്യേക ഏജൻസിയിൽ നിന്നും സാങ്കേതിക വിദ്യ സമ്പാദിക്കണമെന്ന നിർബന്ധം ഇല്ല. കൺസൾട്ടന്റ്‌ വഴിയും നേരിട്ടും വാങ്ങാം. ഭൗതിക സ്വത്തവകാശം സമ്പാദിക്കുമ്പോൾ അത്‌ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക്‌ ഉതകുന്നതാണോ എന്ന്‌ കൂടി പരിശോധിക്കണം. നിലവിൽ ഉപയോഗിച്ചുവരുന്ന സാങ്കേതിക വിദ്യയെ സബ്‌സിഡിക്ക്‌ പരിഗണിക്കില്ല. ഏതെങ്കിലും വ്യവസായ സ്ഥാപനത്തിന്‌ തനിക്ക്‌ ആവശ്യമായ സാങ്കേതിക വിദ്യ കണ്ടെത്തുവാൻ കഴിയുന്നില്ല എങ്കിൽ ഡിഐപിപികളെ സമീപിക്കാവുന്നതാണ്‌. എന്നാൽ സ്ഥാപനത്തിന്‌ ഭൂമി സമ്പാദിക്കുന്നതിന്‌ വരുന്ന നിക്ഷേപം ഈ ആനുകൂല്യത്തിന്‌ പരിഗണിക്കില്ല.

അപേക്ഷിക്കേണ്ട രീതി
1. ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളു. www.gita.org.in / DIPP-TADF.html എന്ന സൈറ്റിൽ നിന്നും നിയമാവലിയും അപേക്ഷാ ഫോറവും ലഭിക്കുന്നതാണ്‌.
2. 15 ഇനങ്ങളിലായി ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി ഓൺലൈൻ അപേക്ഷ രജിസ്റ്റർ ചെയ്യുകയാണ്‌ ആദ്യ പടി.
3. അപേക്ഷ അംഗീകരിച്ചതു സംബന്ധിച്ച്‌ ഇ മെയിൽ വഴി അറിയിപ്പ്‌ ലഭിക്കും.
4. പ്രാഥമിക പരിശോധന ഡി.ഐ.പി.പി.യിലെ എക്സ്‌പർട്ട്‌ പാനൽ ആണ്‌ നടത്തുന്നത്‌.
5. ഗ്രീൻ മാനുഫാക്‌ചറിങ്‌ അഡ്വൈസറി കൗൺസിൽ (ജിമാക്‌) എക്സ്‌പർട്ട്‌ പാനലിന്റെ കണ്ടെത്തലുകൾ വിലയിരുത്തുന്നു. അതിന്റെ ഫലം ഇമെയിൽ വഴി അപേക്ഷകനെ അറിയിക്കുന്നു.
6. ഗ്ലോബൽ ഇന്നവേഷൻ ആൻഡ്‌ ടെക്‌നോളജി അലയൻസ്‌ (ജി.ഐ.ടി.എ) പദ്ധതി നേരിട്ട്‌ മേൽനോട്ടം വഹിക്കുന്ന ഏജൻസി) സ്വീകാര്യമായ അപേക്ഷകരുമായി എഗ്രിമെന്റ്‌ ഒപ്പ്‌ വയ്ക്കുന്നു.
7. അപേക്ഷയിലെ ക്ലെയിം സംബന്ധിച്ച്‌ മറ്റ്‌ രേഖകൾ പരിശോധിച്ച്‌ വ്യക്തത ഉറപ്പ്‌ വരുത്തുന്നു.
8. സ്ഥാപന പരിശോധനയ്ക്ക്‌ ശേഷം ഉടൻ തന്നെ സബ്‌സിഡി തുക അപേക്ഷകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്യുന്നു.
9. ഇതിന്‌ ഫീസ്‌/സർവീസ്‌ ചാർജ് ഒന്നും നൽകേണ്ടതില്ല.
10. 100 ശതമാനം ഗ്രാന്റ്‌ ആണ്‌ നൽകുന്നത്‌ എന്നതിനാൽ തുക തിരിച്ചടയ്ക്കേണ്ടതില്ല.

‘മേക്ക്‌ ഇൻ ഇന്ത്യ’ എന്ന വലിയ ലക്ഷ്യത്തിലേക്ക്‌ കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ഒട്ടനവധി അനുബന്ധ പദ്ധതികളാണ്‌ സർക്കാർ രൂപം നൽകിയിരിക്കുന്നത്‌. മുദ്ര യോജന, സ്റ്റാർട്ട്‌ അപ്‌ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാൻഡ്‌ അപ്‌ ഇന്ത്യ എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. മത്സര ശേഷി ഉയർത്തുന്നതിന്‌, പരിസ്ഥിതിക്ക്‌ ഇണങ്ങുന്ന നൂതന സാങ്കേതിക വിദ്യ സമ്പാദിക്കുന്നതിന്‌, ചെറുകിട വ്യവസായ സ്ഥാപനങ്ങളെ പ്രാപ്തമാക്കുന്ന നൂതന സാമ്പത്തിക സഹായ പദ്ധതിയാണ്‌ സാങ്കേതിക വിദ്യ സമ്പാദന-വികസന ഫണ്ട്‌ അഥവാ ടി.എ.ഡി.എഫ്‌.
(പാലക്കാട്‌ ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ്‌ ലേഖകൻ)
ഇ-മെയിൽ chandrants666@gmail.com