പ്രളയക്കെടുതികളെ തുടർന്നുള്ള അപ്രതീക്ഷിത ചെലവുകൾ നേരിടാൻ വട്ടിപ്പലിശക്കാരിൽനിന്ന്‌ പണം വാങ്ങുക മാത്രമേ വഴിയുള്ളു എന്നു ചിന്തിക്കുന്ന നിരവധി പേരുണ്ട്. വീടിന്റെയും വാഹനങ്ങളുടെയും അറ്റകുറ്റപ്പണികൾ മുതലുള്ള ചെലവുകൾ നേരിടാൻ അതുമാത്രമല്ല മാർഗം. ചില കാര്യങ്ങൾ ശ്രദ്ധിച്ച് അതിന്റെ സാമ്പത്തിക ആഘാതം കുറയ്ക്കുകയും കുറച്ചെങ്കിലും എളുപ്പമായ രീതിയിൽ അതിനുള്ള പണം കണ്ടെത്തുകയും ചെയ്യാനാവും. 

ചിട്ടി ഫലപ്രദമാകുമോ?
പ്രതീക്ഷിക്കാത്ത ചെലവുകൾ വരുമ്പോൾ മലയാളികൾ ചിന്തിക്കുക ചിട്ടിയെക്കുറിച്ചായിരിക്കും. ഇതൊരു നല്ല രീതിയാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ എത്രത്തോളം പ്രായോഗികമാകും എന്നൊരു ചോദ്യമുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്നുള്ള അപ്രതീക്ഷിത ചെലവുകൾ നേരിടേണ്ടി വന്നവരിൽ ഗണ്യമായൊരു വിഭാഗം നിങ്ങളുടെ അതേ ശാഖയിൽ തന്നെയായിരിക്കും ചിട്ടി ചേർന്നിട്ടുണ്ടാവുക. അവരിലേറെപ്പേർ എത്ര കുറഞ്ഞ തുകയ്ക്കും ചിട്ടി വിളിക്കാം എന്നു നിശ്ചയിച്ചാവും അടുത്ത ഏതാനും ആഴ്ചകളിലെങ്കിലും എത്തുക. അതുകൊണ്ടുതന്നെ ചിട്ടി ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. 

നിക്ഷേപങ്ങളിൽനിന്ന് 
ബാങ്കുകളിലും മറ്റ്‌ ധനകാര്യ സ്ഥാപനങ്ങളിലുമുള്ള സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കുക എന്നതാണ് അടുത്ത മാർഗം. കാലാവധിയെത്തും മുൻപ് ഇവ പിൻവലിക്കുന്നതിനാൽ പലിശയിലുണ്ടാകുന്ന നഷ്ടം കണക്കിലെടുത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ അവ പിൻവലിക്കാതിരിക്കേണ്ട. എന്നാൽ, മറ്റുചില കാര്യങ്ങൾ പരിഗണിക്കണം. എന്തെങ്കിലും ദീർഘകാല സാമ്പത്തിക ലക്ഷ്യവുമായിട്ടായിരിക്കുമല്ലോ സ്ഥിരനിക്ഷേപങ്ങൾ ആരംഭിച്ചിരിക്കുക. 

ആ ലക്ഷ്യവും ഇപ്പോഴത്തെ അടിയന്തരാവശ്യവും താരതമ്യം ചെയ്ത് ഏതിനാണ് കൂടുതൽ മുൻഗണന നൽകേണ്ടത് എന്ന് നിങ്ങളുടെ വ്യക്തിഗത സാഹചര്യങ്ങൾകൂടി കണക്കിലെടുത്ത് തീരുമാനിക്കണം. ഇങ്ങനെ സ്ഥിരനിക്ഷേപം പിൻവലിക്കുന്നതിനു മുൻപ് അവയുടെ അടിസ്ഥാനത്തിലുള്ള വായ്പകൾ ലഭിക്കുമോ എന്നും അതാണോ നിക്ഷേപം പിൻവലിക്കുന്നതിനേക്കാൾ മെച്ചം എന്നും വിശകലനം ചെയ്യണം. സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാമെന്ന തീരുമാനമാണ് കൈക്കൊള്ളുന്നതെങ്കിൽ മറ്റൊരു തീരുമാനംകൂടി അതോടൊപ്പം എടുക്കണം. ഏത് ലക്ഷ്യവുമായാണോ സ്ഥിരനിക്ഷേപം ആരംഭിച്ചത്, അതു കൈവരിക്കാനായി മറ്റൊരു നിക്ഷേപമാർഗം കണ്ടെത്തുകയും ഉടൻതന്നെ അതിന്‌ തുടക്കമിടുകയും വേണം. 

വായ്പകളിലേക്ക്‌ കടക്കുന്നതിനു മുൻപ് മറ്റെന്തെല്ലാം ചെലവുകൾ താത്കാലികമായെങ്കിലും നിർത്തിവയ്ക്കാം എന്നാണ് ആലോചിക്കേണ്ടത്. മ്യൂച്വൽ ഫണ്ടുകളുടെ എസ്.ഐ.പി. അടക്കമുള്ള പ്രതിമാസ അടവുകൾ ഏതാനും മാസത്തേക്കു നിർത്തിവച്ച് ചില്ലറ ചെലവുകൾക്കുള്ള പണം കണ്ടെത്താം. ഇങ്ങനെ ചെയ്യുമ്പോൾ ബാങ്കിൽ നൽകിയിരിക്കുന്ന സ്റ്റാൻഡിങ് ഇൻസ്ട്രക്ഷനിൽ ആവശ്യമായ മാറ്റം വരുത്താനോ അത്‌ റദ്ദാക്കാനോ മറക്കരുത്. പണമില്ലാതെ ബുദ്ധിമുട്ടുന്ന വേളയിൽ സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ മുടങ്ങിയതിന്റെ പിഴകൂടി അടയ്ക്കാൻ ഇടവരുത്തരുതല്ലോ. 

സ്വർണം
കൈയിലുള്ള സ്വർണം വിൽക്കുക എന്നതും ഇവിടെ പരിഗണിക്കാവുന്നതാണ്. ഇങ്ങനെ സ്വർണം വിൽക്കുമ്പോഴും സ്ഥിരനിക്ഷേപങ്ങളുടെ കാര്യത്തിൽ എന്നതുപോലെ തന്നെ എന്തു ലക്ഷ്യത്തോടെയായിരുന്നു അത്‌ വാങ്ങി സൂക്ഷിച്ചതെന്നതും ഇപ്പോഴത്തെ സാഹചര്യമെന്താണെന്നതും വിലയിരുത്തണം. സ്വർണാഭരണങ്ങൾ വിൽക്കുമ്പോൾ പണിക്കൂലി ലഭിക്കില്ലെന്ന യാഥാർത്ഥ്യവും മറക്കരുത്. കൈയിലുള്ള സ്വർണം വിൽക്കാതെ പണയംവയ്ക്കുന്ന രീതിയും മലയാളികൾക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പതിവുപോലെ ഹ്രസ്വകാലത്തേക്കാവില്ല ഇപ്പോഴത്തെ സ്വർണം പണയംവയ്ക്കുന്നതെന്നതിനാൽ ബാങ്കുകൾ പോലെ പലിശനിരക്ക്‌ കുറവുള്ള സ്ഥാപനങ്ങളെ സമീപിക്കുന്നതാവും ഉചിതം.

വായ്പാ പുനഃക്രമീകരണം
വായ്പകൾ പുനഃക്രമീകരിക്കുക എന്നത് ഇതിന്റെ ഭാഗമായി നടത്താവുന്ന ഒന്നാണ്. നിലവിലുള്ള വായ്പകളുടെ കാലാവധി ദീർഘിപ്പിക്കുക, ടോപ് അപ്പ് ചെയ്യുക, വായ്പ കൂടുതൽ മെച്ചപ്പെട്ട വ്യവസ്ഥകളുള്ള ബാങ്കിലേക്കു മാറ്റുക തുടങ്ങിയ നിരവധി നടപടികൾ ഇതുമായി ബന്ധപ്പെട്ട്‌ കൈക്കൊള്ളാം. ഇതിലൂടെ പ്രതിമാസ തിരിച്ചടവു തുക (ഇ.എം.ഐ.) കുറയ്ക്കാനാവും. അതുവഴി നിർബന്ധമായും നടത്തേണ്ട ചെലവിനത്തിലെ മൊത്തം തുക കുറയുമല്ലോ. ഇങ്ങനെ കുറയുന്ന തുക നിങ്ങൾക്ക് അടിയന്തര ചെലവുകൾക്ക് മാറ്റിവയ്ക്കാം.

റിയൽ എസ്റ്റേറ്റ്  വിൽപ്പന പ്രായോഗികമല്ല
സ്ഥലമോ വീടോ വിൽക്കുക എന്നതും ഇപ്പോഴത്തെ അടിയന്തര ചെലവ് നടത്താനായി പലരും ആലോചിക്കുന്ന പോംവഴിയാണ്. എന്നാൽ, നിലവിൽ നല്ലവില കിട്ടാൻ സാധ്യത കുറവായതിനാൽ അതത്ര മികച്ച തീരുമാനമാവില്ല. ഇതിനേക്കാൾ എത്രയോ മികച്ചതാണ് ഓഹരികളും മ്യൂച്വൽ ഫണ്ടുകളും വിൽക്കുക എന്നത്. 

വസ്തുവിന്റെ ഈടിൻമേലുള്ള വായ്പ
വായ്പ എടുക്കാൻ തീരുമാനിച്ചാൽ പലരും ചിന്തിക്കുന്ന സ്വർണപ്പണയ വായ്പയ്ക്കു പുറമേ നിരവധി മാർഗങ്ങളുണ്ട്. എൽ.എ.പി. എന്നറിയപ്പെടുന്ന സ്ഥലത്തിന്റെ ഈടിലുള്ള വായ്പകൾ ഏറെ ഗുണകരമാണ്‌. നിലവിൽ വായ്പയുള്ളതോ ഇല്ലാത്തതോ ആയ വീടിന്റെയോ സ്ഥലത്തിന്റെയോ ഈടിലാണ് ഈ വായ്പ ബാങ്കുകൾ നൽകുന്നത്. ജോലിക്കാർക്ക് 60 വയസ്സുവരേയും സംരംഭകർക്ക് 70 വയസ്സു വരേയുമാണ് സാധാരണയായി ഈ വായ്പ ലഭിക്കുന്നത്. വസ്തുവിന്റെ വായ്പാമൂല്യത്തിന്റെ 65 മുതൽ 75 ശതമാനം വരെയാണ് വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈയിനത്തിൽ വായ്പ നൽകുക. വസ്തുവിന്റെ മൂല്യനിർണയം നടത്താനും മറ്റ്‌ നടപടിക്രമങ്ങൾക്കും പഴയപോലെ അധിക സമയം വേണ്ടിവരില്ല എന്നതിനാൽ ഇപ്പോഴത്തെ സാമ്പത്തിക ആവശ്യങ്ങൾ നേരിടാനായി ഏവർക്കും ആശ്രയിക്കാവുന്നതാണ് ഈ ഇനം വായ്പ.  സ്വർണപ്പണയ വായ്പയേക്കാൾ നീണ്ട കാലാവധിയിലും കുറഞ്ഞ പലിശയിലും ലഭിക്കുമെന്നതാണ് ഇതിന്റെ മറ്റൊരു ആകർഷണം. തുക ഒറ്റയടിക്ക്‌ വായ്പയെടുക്കാനോ ആവശ്യമുള്ള തുക ഘട്ടംഘട്ടമായി ഓവർ ഡ്രാഫ്റ്റ് രീതിയിൽ പ്രയോജനപ്പെടുത്താനോ സൗകര്യമുണ്ട്. 

ക്രെഡിറ്റ് കാർഡ് വായ്പ
പ്രളയദുരിതത്തെ തുടർന്ന് പ്രയോജനപ്പെടുത്താവുന്ന മറ്റൊന്നാണ് ക്രെഡിറ്റ് കാർഡ് വായ്പകൾ. വളരെ ഉയർന്നതോതിലുള്ള പലിശയാണെന്നതിനാലും കുറഞ്ഞ കാലാവധിയിലേക്ക്‌ മാത്രമേ ഇത്‌ പ്രയോജനപ്പെടുത്താവൂ. ഇനി, ക്രെഡിറ്റ് കാർഡ് വായ്പ എടുത്ത് ആ പണം ഉപയോഗിച്ച്‌ സാധനങ്ങളും സേവനങ്ങളും വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിനായി പണമെടുക്കാതെ കാർഡ് ഉപയോഗിച്ചു തന്നെ അവ വാങ്ങണം. മറ്റെന്തങ്കിലും വായ്പ സംഘടിപ്പിച്ച് അത്‌ പരമാവധി വേഗത്തിൽ തീർക്കുകയും വേണം.
പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കും മറ്റും വേണ്ടിവരുന്ന സാധനങ്ങൾ വാങ്ങുമ്പോൾ ചെറിയ തുകയ്ക്കായാലും അത് ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സൗജന്യ ഇ.എം.ഐ. അടക്കമുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വാങ്ങിയാൽ നിലവിലെ കാഷ് ഫ്ളോയെ ബാധിക്കാതിരിക്കുകയും ഇപ്പോഴത്തെ അത്യാവശ്യങ്ങൾക്ക് കൂടുതൽ പണം കണ്ടെത്തുകയും ചെയ്യാനാവും. 

പി.എഫ്. വായ്പ
സംഘടിത മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോഴത്തെ അവസ്ഥയിൽ ഏറെ പ്രയോജനകരമാകുന്ന ഒന്നാണ് പി.എഫ്. വായ്പ. ഏതു വിഭാഗത്തിൽപ്പെട്ട പി.എഫ്. ആണെങ്കിലും ഇതിന് അവസരം ലഭിക്കും. ഇങ്ങനെ പി.എഫ്. വായ്പകളോ പിൻവലിക്കലുകളോ പ്രയോജനപ്പെടുത്തുന്നവർ സമീപഭാവിയിൽത്തന്നെ അതുമൂലം തങ്ങളുടെ സമ്പാദ്യത്തിലുണ്ടായ കുറവ്‌ പരിഹരിക്കാനാവും വിധം പി.എഫ്. വിഹിതത്തിൽ വർധന വരുത്താനും ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അത്‌ നിങ്ങളുടെ വിരമിക്കൽവേളയിലേക്കായുള്ള കണക്കുകൂട്ടലുകളെ തകിടംമറിക്കും. 

വ്യക്തിഗത വായ്പകൾ
വ്യക്തിഗത വായ്പകൾ അഥവാ, പേഴ്‌സണൽ ലോണുകളാണ് ഏവർക്കും പ്രയോജനപ്പെടുത്താവുന്ന മറ്റൊന്ന്. ഒരു വർഷം മുതൽ അഞ്ചു വർഷം വരെയുള്ള കാലാവധിക്ക് ഇവ ലഭിക്കും. എന്നാൽ, കുറഞ്ഞ കാലാവധിയുള്ളവ എടുക്കുന്നതാണ് നല്ലത്.  ക്രെഡിറ്റ് കാർഡ് വായ്പകൾ പോലെ അത്ര ഭീകരമല്ലെങ്കിലും താരതമ്യേന ഉയർന്ന പലിശ നിരക്കാണ് ഇവയ്ക്കുമുള്ളത്. 

ഭവനവായ്പ വിപുലീകരണം
പ്രളയത്തെ തുടർന്ന് തകർന്ന വീടുകളുടെ അറ്റകുറ്റപ്പണിക്കായി നിലവിലുള്ള ഭവനവായ്പകൾ വിപുലീകരിക്കുക എന്ന സാധ്യതയും പ്രയോജനപ്പെടുത്താം. പുതിയ ഭവനവായ്പയോളം നടപടിക്രമങ്ങളില്ല എന്നതും വളരെ കുറഞ്ഞ പലിശ നിരക്കേ ബാധകമാകൂ എന്നതുമാണ് നേട്ടം.