വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ താരതമ്യം ചെയ്ത്‌ ഏറ്റവും മികച്ചത്‌ തിരഞ്ഞെടുക്കാം. വായ്പയ്ക്കായി ഓരോ ബാങ്കുകൾ തോറും ഇനി അലയേണ്ടതില്ല. ഒരൊറ്റ ഫോമിലൂടെ ഓൺലൈനായി വിദ്യാഭ്യാസ ലോണിന്‌ അപേക്ഷിക്കാം. ഒപ്പം, പ്രമുഖ സ്കോളർഷിപ്പുകളെക്കുറിച്ച്‌ അറിയാനും അപേക്ഷിക്കാനും കഴിയും. വിദ്യാലക്ഷ്മി (www.vidyalakshmi.co.in) എന്ന പേരിൽ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്ന ഏകജാലക സംവിധാനമാണ്‌ ഇതിന്‌ അവസരമൊരുക്കുന്നത്‌.

വിദ്യാഭ്യാസ വായ്പ എടുക്കാൻ
വിദ്യാഭ്യാസ വായ്പയ്ക്ക്‌ അപേക്ഷിക്കുമ്പോൾ വിദ്യാർഥികൾ ഇപ്പോൾ വിദ്യാലക്ഷ്മി പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളുടെയെല്ലാം വിദ്യാഭ്യാസ വായ്പകളെക്കുറിച്ചുള്ള വിവരങ്ങളും പലിശ നിരക്കുകളും ജാമ്യ-സെക്യൂരിറ്റി വ്യവസ്ഥകളും ഈ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌. തങ്ങൾക്ക്‌ ഏറ്റവും അനുയോജ്യമായത്‌ കണ്ടെത്തി, യോഗ്യതയ്ക്കനുസരിച്ച്‌ Common Education Loan Application Form (CELAF) പൂരിപ്പിക്കുകയാണ്‌ ഇനി വേണ്ടത്‌.  ഇന്ത്യൻ ബാങ്ക്‌സ്‌ അസോസിയേഷ​ന്റെ അംഗീകാരത്തോടെ രൂപകല്പന ചെയ്യപ്പെട്ട ഈ ഫോറം, വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷാ ഫോറമായി ബാങ്കുകൾ പരിഗണിക്കും. പരമാവധി മൂന്ന്‌ ബാങ്കുകളിലേക്കാണ്‌ ഈ പോർട്ടൽ വഴി വിദ്യാഭ്യാസ വായ്പയ്ക്കുള്ള അപേക്ഷ നൽകാനാവുക.

ഈ അപേക്ഷാ ഫോറത്തോടൊപ്പം മറ്റ്‌ ചില രേഖകൾ കൂടി നൽകേണ്ടതാണ്‌. വിദ്യാർഥിയുടെയും രക്ഷിതാവിന്റെയും (ലോൺ ഒരു നിശ്ചിത തുകയ്ക്കു മുകളിലെങ്കിൽ ഗ്യാരന്ററുടെയും) ആധാർ, പാൻ കോപ്പികൾ, ഫോട്ടോ, ആറു മാസ ബാങ്ക്‌ സ്റ്റേറ്റ്‌മെന്റ്‌, വിദ്യാഭ്യാസ സ്ഥാപനത്തിൽനിന്നുള്ള അഡ്‌മിഷൻ ലെറ്റർ, ഫീസ്‌ സ്‌ട്രക്‌ചർ, മെട്രിക്കുലേഷൻ മുതലുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, മാതാപിതാക്കളുടെ വരുമാനം തെളിയിക്കുന്ന രേഖകൾ, ആസ്തി-ബാധ്യതാ രേഖകൾ എന്നിവയാണ്‌ നൽകേണ്ടി വരിക. 

തങ്ങളുടെ വിദ്യാഭ്യാസ വായ്പയിൻമേൽ ബാങ്കുകൾ എടുക്കുന്ന തീരുമാനം ഓൺലൈനായി അറിയാൻ വിദ്യാർഥികൾക്ക്‌ സൗകര്യം ഉണ്ടാവും. ഈ പോർട്ടലിലെ ‘സ്റ്റുഡന്റ്‌ ഡാഷ്‌ ബോർഡ്‌’ ആണ്‌ അപേക്ഷകൻ ഇതിനായി ശ്രദ്ധിക്കേണ്ടത്‌. ആപ്ളിക്കേഷൻ സ്റ്റാറ്റസ്‌ ഓൺ ഹോൾഡ്‌ എന്നാണെങ്കിൽ, അപേക്ഷകൻ മറ്റെന്തൊക്കെയോ രേഖകൾ ബാങ്കിന്‌ കൈമാറാനുണ്ട്‌ എന്നാണ്‌ സാരം. എന്തൊക്കെ വിവരങ്ങളും രേഖകളുമാണ്‌ വിദ്യാഭ്യാസ വായ്പയിൻമേൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ബാങ്കിനു വേണ്ടതെന്ന്‌ ഡാഷ്‌ബോർഡിലെ റിമാർക്സ്‌ (Remarks) കോളത്തിൽ പറഞ്ഞിരിക്കും. ഈ വിവരങ്ങൾ നൽകിയതിനു ശേഷം തങ്ങളുടെ ലോൺ ‘അപ്രൂവ്‌ഡ്‌’ ആയോ അല്ലയോ എന്നും ഡാഷ്‌ബോർഡിൽ നിന്നറിയാം.

അപ്രൂവ്‌ഡ്‌ ആയിക്കഴിഞ്ഞാൽ പ്രസ്തുത ബാങ്കുമായി ബന്ധപ്പെട്ട്‌ അനുബന്ധ രേഖകൾ നൽകി വിദ്യാഭ്യാസ വായ്പയുടെ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി വായ്പയെടുക്കാം. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ കോഴ്‌സുകൾക്ക്‌ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകും. മികച്ച സ്ഥാപനങ്ങളിൽ അഡ്‌മിഷൻ ലഭിക്കുന്നവർക്ക്‌ കുറഞ്ഞ പലിശ നിരക്കിൽ വിദ്യാഭ്യാസ വായ്പ നൽകുന്ന ബാങ്കുകളുണ്ട്‌. അതുപോലെ എന്തൊക്കെ ചെലവുകൾക്കാണ്‌ ബാങ്ക്‌ വായ്പ നൽകുന്നതെന്നും വിവിധ വായ്പകൾക്ക്‌ ബാങ്ക്‌ നിഷ്‌കർഷിക്കുന്ന മാർജിൻ എത്രയെന്നും അറിഞ്ഞിരിക്കണം. വിവിധ ബാങ്കുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച്‌ സമയം പാഴാക്കാതെ തന്നെ ഇവയൊക്കെ കൃത്യമായി അറിഞ്ഞ്‌ ഉചിതമായത്‌ തിരഞ്ഞെടുക്കാനാണ്‌ ഈ വെബ്‌സൈറ്റ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌. ധനകാര്യ മന്ത്രാലയത്തിന്റെയും ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഹയർ എഡ്യൂക്കേഷന്റെയും ഇന്ത്യൻ ബാങ്ക്‌സ്‌ അസോസിയേഷന്റെയും സംയുക്തമായ മാർഗ നിർദേശങ്ങൾക്കനുസൃതമായി എൻ.എസ്‌.ഡി.എൽ. ഇ-ഗവേണൻസ്‌ ഇൻഫ്രാസ്‌ട്രക്ചർ ലിമിറ്റഡ്‌ ആണ്‌ ഇത്‌ നിർമിച്ചിരിക്കുന്നത്‌.

സ്‌കോളർഷിപ്പുകൾക്ക്‌ അപേക്ഷിക്കാൻ
കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരുകളുടെയും UGC/AICTE - യുടെയും വിവിധ സ്കോളർഷിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വിദ്യാലക്ഷ്മി പോർട്ടലിൽ ലഭ്യമാണ്‌. വിദ്യാർഥികൾക്ക്‌ ഇവയൊക്കെ കൃത്യമായി അറിയാനും യോഗ്യതയനുസരിച്ച്‌ ഏറ്റവും അനുയോജ്യമായത്‌ തിരഞ്ഞെടുക്കാനും ഉള്ള ഏകജാലകമാണ്‌ വിദ്യാലക്ഷ്‌മി പോർട്ടൽ ഒരുക്കുന്നത്‌.

www.vidyalakshmi.co.in ഹോം പേജിൽ വിദ്യാർഥികളുടെ പേരും മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും നൽകി രജിസ്റ്റർ ചെയ്താൽ, മെയിലിലേക്ക്‌ വെബ്‌സൈറ്റ്‌ ലിങ്ക്‌ ലഭിക്കും. ഈ ലിങ്ക്‌ ക്ളിക്ക്‌ ചെയ്ത്‌ ഹോം പേജിൽ എത്തിയാൽ നിലവിൽ വിദ്യാർഥികൾക്ക്‌ ലഭ്യമായ വിവിധ സ്‌കോളർഷിപ്പുകളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിക്കും. യോഗ്യരെങ്കിൽ ഓൺലൈനായി സ്‌കോളർഷിപ്പിന്‌ അപേക്ഷിക്കാം. സ്‌കോളർഷിപ്പിലൂടെ ലഭിക്കുന്ന തുക, വിദ്യാർഥികളുടെ മാർജിൻ തുകയായി, വിവിധ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകുമ്പോൾ പരിഗണിക്കുന്നതാണ്‌.