എല്ലാവരുടെയും പ്രധാനപ്പെട്ട ജീവിത ലക്ഷ്യങ്ങളിലൊന്നാണ് മക്കള്‍ക്ക് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നത്. മക്കള്‍ക്കായി സ്വത്തുണ്ടാക്കാനാണ് പണ്ട് മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല നിലയിലെത്തിക്കുന്നതിനാണ് പരമ പ്രാധാന്യം നല്‍കുന്നത്. അതാണ് ശരിയും. സ്വത്തുണ്ടായാല്‍ ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയണം എന്നില്ല.

എന്നാല്‍ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാനും സ്വത്ത് ഉണ്ടാക്കാനും കഴിയും. മാതാപിതാക്കളില്‍ പലരും അവര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് മക്കളെ എത്തിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഭൂരിഭാഗം പേരുടെയും സ്ഥിതി അതല്ല. അവര്‍ മക്കള്‍ നന്നായി പഠിച്ച് വേഗത്തില്‍ ഒരു ജോലി നേടി കുടുംബത്തിന് കൈത്താങ്ങാകുമെന്ന് പ്രതീക്ഷിക്കുന്നു.

എല്ലാ മാതാപിതാക്കള്‍ക്കും അവരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായെന്നു വരില്ല. കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ബാങ്കുകള്‍ വായ്പ നല്‍കണം എന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചത് ഈ പോരായ്മ പരിഹരിക്കാനാണ്. വിദ്യാഭ്യാസ വായ്പയുടെ ഉദയം അങ്ങനെയാണ്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഉന്നത വിദ്യാഭ്യാസം നല്‍കാനുള്ള ഉപാധിയല്ല വിദ്യാഭ്യാസ വായ്പ എന്ന യാഥാര്‍ത്ഥ്യം എല്ലാവരും ഉള്‍ക്കൊള്ളണം. സമര്‍ത്ഥരായ വിദ്യാര്‍ഥികള്‍ക്ക് പണം ഇല്ല എന്നതിന്റെ പേരില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കാതെ പോകുന്നത് ഒഴിവാക്കാനുള്ള മാര്‍ഗമാണ് ഈ വായ്പ.

ശരാശരിക്കാരനായ ഒരു വിദ്യാര്‍ഥിയെ പ്രൊഫഷണല്‍ കോഴ്‌സിനു പഠിക്കാന്‍ വിടുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ശേഷിയുണ്ടായിരിക്കണം എന്നു മാത്രം. പക്ഷേ വെറും ശരാശരിക്കാരനായ നിങ്ങളുടെ മക്കളെ വിദ്യാഭ്യാസ വായ്പ എടുത്ത് വലിയ തുക വേണ്ടിവരുന്ന പ്രൊഫഷണല്‍ കോഴ്‌സ് പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അത് ഞാണിന്മേല്‍ കളിയാകും.

പ്രത്യേകിച്ചും മക്കള്‍ ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍. കാരണം പഠനശേഷം മകന് ജോലി കിട്ടിയില്ല എങ്കിലും വായ്പ തിരിച്ചടയ്ക്കാന്‍ നിങ്ങള്‍ക്ക് ശേഷി ഉണ്ടെങ്കില്‍ കുഴപ്പമില്ല. പക്ഷേ ശരാശരിക്കാരനായ മകന്‍ നന്നായി പഠിക്കുമെന്നും പഠിച്ചിറങ്ങിയാല്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടും എന്നും അങ്ങനെ കിട്ടുന്ന ശമ്പളം കൊണ്ട് വായ്പ തിരിച്ചടയ്ക്കാനാകും എന്നുമൊക്കെയുള്ള പ്രതീക്ഷയില്‍ വായ്പ എടുക്കുന്നത് തീര്‍ച്ചയായും അപകടകരമാണ്. പ്രതീക്ഷ സഫലമായില്ലെങ്കില്‍ മകന്റെയും നിങ്ങളുടെയും സാമ്പത്തിക നില താറുമാറാകും.

നന്നായി പഠിക്കുന്ന, കഴിവുള്ള, കഠിനാധ്വാനികളായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്ലതുതന്നെയാണ്. എന്നാല്‍ താത്പര്യമില്ലാത്ത വിഷയം നിര്‍ബന്ധിച്ച് പഠിപ്പിക്കാന്‍ പ്രേരിപ്പിക്കരുത്. വിദ്യാഭ്യാസ വായ്പ എടുത്തിട്ടുണ്ട് എങ്കില്‍ പ്രത്യേകിച്ചും.

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ നല്‍കിയാല്‍ ബാങ്കുകള്‍ ഒരിക്കലും കുട്ടിയുടെ മെറിറ്റ് നോക്കിയല്ല വായ്പ നല്‍കുന്നത്. മെറിറ്റ് വിലയിരുത്തേണ്ടത് മാതാപിതാക്കള്‍ തന്നെയാണ്. കുട്ടികളുടെ അഭിരുചി പൂര്‍ണമായും മനസ്സിലാക്കി അതിന് ഇണങ്ങുന്ന കോഴ്‌സുകള്‍ക്കു മാത്രം ചേര്‍ത്ത് പഠിപ്പിക്കുക. പെട്ടെന്ന് ജോലി നേടി കുടുംബത്തിന് താങ്ങായി മാറേണ്ടവരാണ് എങ്കില്‍ അത്തരത്തിലുള്ള കോഴ്‌സുകളില്‍ ചേരാന്‍ പ്രേരിപ്പിക്കുക. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കി വിദ്യാഭ്യാസ വായ്പ എടുക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

  • പഠിക്കാന്‍ ചേരുന്ന കോഴ്‌സിന് അംഗീകാരം ഉണ്ടെന്ന് ഉറപ്പാക്കണം.
  • വിദ്യാഭ്യാസ വായ്പയുടെ പലിശയിളവ് പഠന കാലയളവില്‍ മാത്രമേ ലഭിക്കൂ. കോഴ്‌സിന്റെ കാലയളവ് കഴിഞ്ഞ് ആറു മാസം വരെയാണ് പലിശയിളവ്. അതുകഴിഞ്ഞാല്‍ വായ്പാ തുകയ്ക്ക് പലിശ നല്‍കണം.
  • ഏജന്റുമാരുടെ മോഹന വാഗ്ദാനത്തില്‍ മയങ്ങരുത്. വായ്പവരെ സംഘടിപ്പിച്ചു തരാമെന്ന് പ്രലോഭനം ലഭിക്കാം. കോഴ്‌സുകളെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കി കുട്ടിയുടെ അഭിരുചിയും വിലയിരുത്തിയ ശേഷം മാത്രം വായ്പ എടുക്കുക.
  • തിരിച്ചടവ് കൃത്യസമയത്ത് ആരംഭിക്കുക. അതില്‍ മുടക്കം വരുത്തരുത്. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഭാവിയില്‍ മറ്റ് വായ്പ ലഭിക്കാന്‍ അത് തടസ്സമാകും.

ഇ-മെയില്‍: jayakumarkk8@gmail.com