വിദ്യാഭ്യാസ വായ്പ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഗുണകരമാണോ അതോ അവർക്കു മേലുള്ള വലിയൊരു കുരുക്കാണോ? ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവു മുടങ്ങുകയോ താളംതെറ്റുകയോ ചെയ്തേക്കാം. എന്നാൽ കൃത്യമായ വിശകലനങ്ങളും കണക്കുകൂട്ടലുകളും ഇല്ലാതെ വിദ്യാഭ്യാസ വായ്പാ സൗകര്യം പ്രയോജനപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും പ്രശ്നമാകുന്നത്.

വിദ്യാഭ്യാസ വായ്പയുടെ കാര്യത്തിൽ എന്തു സമീപനമാണ്‌ കൈക്കൊള്ളേണ്ടതെന്ന വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ചോദ്യത്തിന് ഒരൊറ്റ മറുപടിയേ ഉള്ളൂ. മറ്റേതൊരു വായ്പയും എന്നതുപോലെ വിദ്യാഭ്യാസ വായ്പയും തിരിച്ചടക്കേണ്ടതാണ്. ഇക്കാര്യം ചിന്തിക്കാതെ എടുക്കുന്ന വായ്പകളാണ് ഭാവിയിൽ പ്രശ്നമാകുന്നത്.

ആരു തിരിച്ചടയ്ക്കും? എങ്ങനെ തിരിച്ചടയ്ക്കും?
വിദ്യാഭ്യാസ വായ്പ എടുക്കും മുൻപ് ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തിയിരിക്കണം. ജാമ്യമോ ഈടോ ഇല്ലാതെ ലഭിക്കുന്ന ചെറിയ തുകയുടെ വായ്പയായാലും വീടോ സ്ഥലമോ പണയപ്പെടുത്തി എടുക്കുന്ന വലിയ തുകയുടെ വായ്പയായാലും ഇക്കാര്യം ആദ്യം പരിഗണിക്കണം. പഠനം പൂർത്തിയാക്കി ആറു മാസത്തിനു ശേഷമാണല്ലോ തിരിച്ചടവു തുടങ്ങേണ്ടത്. ഇക്കാലത്തു മികച്ചൊരു ജോലി ലഭിച്ചാൽ തിരിച്ചടവു പ്രശ്നമാകില്ല. എന്നാൽ ഇങ്ങനെ മികച്ച ജോലി ലഭിച്ചില്ലെങ്കിലോ? 

അടുത്തിടെ നടന്ന നഴ്‌സിങ് സമരത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം. നഴ്‌സിങ് പഠനത്തിനായി ഏഴു ലക്ഷം രൂപയുടെ വായ്പ എടുത്തു പഠിക്കുന്നു എന്നു കരുതുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏകദേശം 9,348 രൂപയാവും പ്രതിമാസ തിരിച്ചടവ്. പഠന ശേഷം പതിനായിരം രൂപയാണ് സ്റ്റൈപ്പൻഡ്‌ ലഭിക്കുന്നതെങ്കിൽ എന്തു ചെയ്യും? ആശുപത്രിയിലേക്കു പോകാനുള്ള യാത്രാച്ചെലവ് മാത്രം കുറച്ചാൽ പോലും വായ്പ തിരിച്ചടയ്ക്കാനുള്ള 9,348 രൂപ മിച്ചം കാണില്ലല്ലോ. വലിയൊരു ശതമാനം എൻജിനീയറിങ് വിദ്യാർഥികളുടെ കാര്യത്തിൽ സ്ഥിതിഗതികൾ ഇതിലും മോശമായിരിക്കും. 

പഠനം പൂർത്തിയാക്കി ആറു മാസം കഴിയുമ്പോഴും വിദ്യാർഥിക്ക് വായ്പ തിരിച്ചടയ്ക്കാനാവാത്ത സ്ഥിതിയാണെങ്കിൽ എങ്ങനെ നേരിടും എന്നതിനെക്കുറിച്ചാണ് ആദ്യം വിലയിരുത്തേണ്ടത്. പഠന ശേഷവും വായ്പ തിരിച്ചടയ്ക്കാൻ രക്ഷിതാക്കൾ കരുതിയിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.  വായ്പയെടുത്ത് ആറു മാസമോ ഒരു വർഷമോ പൂർത്തിയാകുമ്പോൾ മുതൽ രക്ഷിതാക്കൾ വായ്പ തിരിച്ചടച്ചു തുടങ്ങിയാൽ ഭാവിയിൽ വലിയ ബാധ്യതകൾ ഒഴിവാക്കാനാവും. മോറട്ടോറിയം കാലമാണല്ലോ തിരിച്ചടയ്ക്കേണ്ടതില്ലല്ലോ എന്നുള്ള സാങ്കേതിക പ്രശ്നങ്ങളൊന്നും ഇവിടെ കണക്കിലെടുക്കരുത്. ഇങ്ങനെ പഠനകാലയളവിൽ തിരിച്ചടച്ചു തുടങ്ങിയില്ലെങ്കിൽ പഠനം പൂർത്തിയാകുന്ന വേള മുതൽ നിർബന്ധമായും രക്ഷിതാക്കൾ തിരിച്ചടവു തുടങ്ങിയിരിക്കണം. 

വായ്പ മുടങ്ങിയാൽ നേരിടേണ്ട അവസ്ഥയെക്കുറിച്ചും രക്ഷിതാക്കളും വിദ്യാർഥികളും ബോധവാൻമാരായിരിക്കണം. പ്രതിമാസം 9,348 രൂപ അടയ്ക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടാണല്ലോ കുടിശ്ശിക വരുന്നത്. ഇത് വെറും ആറു മാസം കൊണ്ട് 56,088 രൂപയും അതിന്റെ പലിശയുമായി വർധിക്കുമെന്ന് ഓർമിക്കുക. ഇക്കാലയളവിൽ പലരും കൈയിലുള്ള സ്വർണം വിറ്റ് നാലോ അഞ്ചോ ഗഡുക്കൾ അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഓഹരി നിക്ഷേപമുള്ളവർ അതു വിറ്റഴിച്ച് കുടിശ്ശിക തീർക്കുന്നതിനെക്കുറിച്ചാവും ആലോചിക്കുക. ഇനി അതിലും വലിയ കുടിശ്ശികയാണെങ്കിൽ വീടോ സ്ഥലമോ വിറ്റു ബാധ്യത തീർക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഇതൊന്നും മികച്ച തീരുമാനമല്ല എന്നതാണ്‌ വസ്തുത. ബാങ്ക് അധികൃതരെ സമീപിച്ച് വായ്പ പുനഃക്രമീകരണം ചെയ്തു കിട്ടാൻ അഭ്യർത്ഥിക്കുന്നതു പോലുള്ള നടപടികളാവും ഇതിലും മികച്ചത്. 

വായ്പയല്ലാതെ മാർഗങ്ങളുണ്ടോ?
വായ്പ എടുക്കും മുൻപ് തങ്ങളുടെ വ്യക്തിപരമായ സവിശേഷതകളും ധനസ്ഥിതിയുമെല്ലാം യാഥാർത്ഥ്യ ബോധത്തോടെ വിലയിരുത്തണം. പഠനത്തിനായുള്ള തുകയിൽ എത്രത്തോളം വായ്പയല്ലാതെ കണ്ടെത്താനാവുമെന്നു കണക്കാക്കി, ഏറ്റവും കുറഞ്ഞ തുക മാത്രം വായ്പയായി വാങ്ങുക. സ്വന്തം വീടോ സ്ഥലമോ ഉള്ളവർ അതു വിറ്റ് വിദ്യാഭ്യാസ ചെലവുകൾ കണ്ടെത്താമോ എന്ന ചോദ്യം ഉയരാം.

താമസിക്കുന്ന വീടോ സ്ഥലമോ വിറ്റോ പണയപ്പെടുത്തിയോ വിദ്യാഭ്യാസ ചെലവ് കണ്ടെത്തുന്നത് ആശാസ്യമല്ല. അതേസമയം, മക്കളുടെ വിദ്യാഭ്യാസത്തിന് ഉപകരിക്കണം എന്ന ലക്ഷ്യത്തോടെ പത്തോ പതിനഞ്ചോ വർഷം മുൻപ് വസ്തു വാങ്ങിയിരുന്നു എന്നു കരുതുക. ഇതേ ലക്ഷ്യവുമായി ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിച്ചിരുന്നു എന്നും കരുതുക. ഇവയെല്ലാം മക്കളുടെ പ്രൊഫഷണൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിൽപ്പന നടത്താം. 

ഇങ്ങനെ വസ്തുവോ ഓഹരിയോ മ്യൂച്വൽ ഫണ്ടോ വിൽപ്പന നടത്തുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിനു തൊട്ടു മുന്നേയല്ല അവ വിൽക്കേണ്ടത്. ഒന്നോ ഒന്നരയോ വർഷം മുന്നേ തന്നെ അവ വിൽക്കാനുള്ള നീക്കം ആരംഭിച്ച് ഏറ്റവും കൂടിയ വില കിട്ടുന്ന വേളയിൽ വിൽപ്പന നടത്തണം. ഇത് പ്രവേശനത്തിന് കുറഞ്ഞത് ആറു മാസം മുന്നേയെങ്കിലും പൂർത്തിയാക്കുകയും വേണം. ഇങ്ങനെ ലഭിക്കുന്ന തുക പ്രവേശന നടപടികൾ ആരംഭിക്കും വരെ മ്യൂച്വൽ ഫണ്ടുകളുടെ പാർക്കിങ് ഫണ്ടുകളിലോ ബാങ്കുകളിൽ ഫിക്‌സഡ് ഡെപ്പോസിറ്റിലോ നിക്ഷേപിക്കുകയാണെങ്കിൽ അതിൽ നിന്നുള്ള നേട്ടവും ലഭിക്കും. 

മക്കളുടെ വിദ്യാഭ്യാസ ആവശ്യം മുൻനിർത്തി നിക്ഷേപിക്കാവുന്ന ഒരു മേഖലയാണ് ഇ.എൽ.എസ്.എസ്. മ്യൂച്വൽ ഫണ്ടുകളുടെ ഈ പദ്ധതികളിൽ നിന്ന് ആദായ നികുതി നേട്ടം ലഭിക്കുന്നതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള മൂലധനനേട്ടവും ലഭിക്കും. വീടോ സ്ഥലമോ വാങ്ങി പിന്നീടു വിൽപ്പന നടത്തി വിദ്യാഭ്യാസ ആവശ്യം നിറവേറ്റാമെന്നു കരുതുന്നവർ അവയ്ക്കുള്ള നികുതി ബാധ്യതകളെക്കുറിച്ചു കൂടി ചിന്തിക്കണം. 

വായ്പാ തിരിച്ചടവ്‌ മുടങ്ങിയാൽ എന്തു ചെയ്യണം?
എന്തൊക്കെ കണക്കുകൂട്ടലുകൾ നടത്തിയാലും അനിയന്ത്രിതമായ കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവ്‌ മുടങ്ങിയേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഭാഗികമായെങ്കിലും തിരിച്ചടവു തുടങ്ങാൻ ഉടൻ ശ്രമങ്ങളാരംഭിക്കണം. ന്യായമായ കാരണങ്ങൾ ബാങ്ക് അധികൃതരെ ബോധ്യപ്പെടുത്തിയാൽ വായ്പ പുനഃക്രമീകരിച്ചുനൽകാൻ ബാങ്ക് അധികൃതർ തയ്യാറാവും. ഇങ്ങനെ പുനഃക്രമീകരിച്ചു നൽകുന്ന വായ്പകൾ നിഷ്‌ക്രിയ ആസ്തികളിൽ ഉൾപ്പെടുന്നില്ലെന്നത് ബാങ്കിനും വായ്പ എടുത്തവർക്കും ഗുണകരമാണല്ലോ. വരുന്നിടത്തുവെച്ചു കാണാം എന്ന സമീപനമാണെങ്കിൽ ആ വായ്പകൾ നിഷ്‌ക്രിയ ആസ്തികളിലേക്കു മാറ്റപ്പെടുകയും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുകയും ചെയ്യാനിടയാക്കും. ഇതു ഭാവിയിൽ വായ്പ എടുക്കുമ്പോൾ ഭീകരമായ ഭവിഷ്യത്തുകളാവും സൃഷ്ടിക്കുക. 

ഏതെങ്കിലും രീതിയിൽ വായ്പ എഴുതിത്തള്ളപ്പെട്ടാലും അതു ക്രെഡിറ്റ് സ്കോറിനെ ബാധിക്കും എന്നതും മറക്കരുത്. ഭാവിയിൽ സാഹചര്യങ്ങൾ എല്ലാം മെച്ചപ്പെട്ട് നല്ല ജോലി ലഭിച്ച ശേഷം ഭവന വായ്പയോ വാഹന വായ്പയോ എടുക്കാൻ ശ്രമിക്കുമ്പോഴാവും ഇതിന്റെ യഥാർത്ഥ പ്രശ്നങ്ങൾ നേരിടേണ്ടി വരിക. 

മറ്റു ചില ഘടകങ്ങൾ കൂടി ഇവിടെ പരിഗണിക്കണം. വിദ്യാഭ്യാസ വായ്പ ലഭിക്കും എന്നതുകൊണ്ടു മാത്രം ഏതെങ്കിലും കോഴ്‌സിൽ ചേരരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരമാകണം ഇവിടെ മാനദണ്ഡമാക്കേണ്ടത്. ഐ.ഐ.ടി.യോ ഐ.ഐ.എമ്മോ പോലുള്ള സ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ചാൽ വിദ്യാഭ്യാസ വായ്പ എടുക്കാൻ രണ്ടാമത് ആലോചിക്കേണ്ടതില്ല. എന്നാൽ ഏതെങ്കിലും സ്ഥാപനത്തിൽ എം.ബി.എ. കോഴ്‌സിനോ എൻജിനീയറിങ്ങിനോ പ്രവേശനം ലഭിക്കുമെന്നതിന്റെ പേരിൽ വിദ്യാഭ്യാസ വായ്പ എടുക്കും മുൻപ് രണ്ടും മൂന്നുമല്ല, അതിലേറെ തവണ വിലയിരുത്തൽ നടത്തണം. 

ഇ-മെയിൽ: smithyms@gmail.com