മൊറട്ടോറിയം കാലയളവിലെ 'പലിശയുടെ പലിശ' ബാങ്കുകള്‍ വായ്പയെടുത്തവരുടെ അക്കൗണ്ടില്‍ വ്യാഴാഴ്ച വരുവുവെയ്ക്കും. മൊറട്ടോറിയം കാലയളവില്‍ ഇഎംഐ അടച്ചവര്‍ക്കും തുക ലഭിക്കാന്‍ അര്‍ഹതയുണ്ട്. 

രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ് എക്‌സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം ലഭിക്കുക. ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക ഉള്‍പ്പടെയുള്ളവയ്ക്ക് ഇത് ബാധകമാണ്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച് ഒന്നുമുതല്‍ ഓഗസ്റ്റ് 31വെരെ ആറുമാസത്തേയ്ക്കാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് കൂട്ടുപലിശയും സാധാരണ പലിശയുംതമ്മില്‍ വ്യത്യാസമുള്ള തുക എക്‌സ് ഗ്രേഷ്യയായി അനുവദിക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 

നവംബര്‍ അഞ്ചനികം കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതി നടപ്പാക്കണമെന്ന് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ വായ്പ നല്‍കുന്ന സ്ഥാപനങ്ങളോട് ആര്‍ബിഐ കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. 

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, കണ്‍ സ്യൂമര്‍ ലോണ്‍, ക്രഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പ, വ്യക്തിഗത-പ്രൊഫഷണല്‍ ലോണുകള്‍ തുടങ്ങിയവയ്ക്കാണ് ആനുകൂല്യം ലഭിക്കുക. അതേസമയം, കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. 

കൂട്ടുപലിശ ഒഴിവാക്കല്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 6,500 കോടി രൂപയാണ് അധികബാധ്യതയുണ്ടാകുക. 

Did not miss EMIs during lockdown? Banks start rolling out cashback today