debtപാലടപ്രഥമൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് നിങ്ങളെന്നു വിചാരിക്കുക. പക്ഷേ, ഒറ്റയടിക്ക് 10 ഗ്ലാസ് പായസം അകത്താക്കിയാലെന്താവും അവസ്ഥ? ദഹനക്കേട്! 

വായ്പകളുടെ കാര്യത്തിലും ഇതു തന്നെയാണ് സ്ഥിതി. വായ്പ ഒരിക്കലും മോശം കാര്യമല്ല. പക്ഷേ, നിങ്ങൾക്ക് താങ്ങാവുന്നത് എത്രത്തോളമാണെന്ന് മനസ്സിലാക്കണം. അല്ലെങ്കിൽ നിങ്ങൾ കടക്കെണിയിൽ അകപ്പെടാം. 

എന്താണ് കടക്കെണി? ഒരാൾക്ക് തന്റെ മാസവരുമാനത്തിൽ നിന്ന് വായ്പാ തിരിച്ചടവ് നടത്താനാകാതെ വരുന്ന അവസ്ഥയാണ് അത്. തിരിച്ചടവിന് കഴിയാതെ വരുമ്പോൾ അത്‌ അടയ്ക്കാനായി വേറെ വായ്പ എടുക്കുന്നു. അങ്ങനെ ഒരു വായ്പയിൽ നിന്ന്‌ മറ്റൊന്നിലേക്കു നീങ്ങുന്ന കെണിയായി അതുമാറുന്നു. 

ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രാജുവിന് മാസശമ്പളം 50,000 രൂപയാണ്. അദ്ദേഹം ഈയിടെ ഏഴുവർഷക്കാലയളവിലേക്ക് 20 ലക്ഷം രൂപയുടെ ഭവനവായ്പ എടുത്തു. 8.5 ശതമാനം വാർഷിക പലിശനിരക്കിൽ 31,673 രൂപയാണ് പ്രതിമാസ തിരിച്ചടവ് (ഇ.എം.ഐ.). അദ്ദേഹത്തിന്റെ മാസച്ചെലവ് 10,000 രൂപയാണ്.

വാഹന വായ്പയ്ക്കുള്ള ഇ.എം.ഐ.യാകട്ടെ 7,752 രൂപയും. ഒരു ചിട്ടിയിലും ചേർന്നിട്ടുണ്ട്; മാസം 3,000 രൂപയാണ് അതിലേയ്ക്കുള്ള അടവ്. ഇതെല്ലാം കഴിയുമ്പോൾ മാസം 2,425 രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. കാര്യങ്ങൾ നടക്കുന്നതിനായി അദ്ദേഹം എല്ലാ മാസവും ആ തുക ആരിൽ നിന്നെങ്കിലും കടം വാങ്ങും. ആർഭാടത്തോടെ ജീവിച്ചില്ലെങ്കിലും കടക്കെണിയിൽ പെടാമെന്നതിന് തെളിവാണ് ഈ ഉദാഹരണം.

ഭവനവായ്പയുടെ തിരിച്ചടവുകാലാവധി നീട്ടിയിരുന്നെങ്കിൽ ഇ.എം.ഐ. കുറയുമായിരുന്നു. അതുവഴി കടക്കെണിയിൽ വീഴാതെ നോക്കാനുമാകുമായിരുന്നു. വലിയ തുക വായ്പ എടുക്കുകയാണെങ്കിൽ ഉയർന്ന തിരിച്ചടവ് കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉചിതം. വായ്പ തിരിച്ചടയ്ക്കാനായി കടംവാങ്ങുന്ന അവസ്ഥ ഒഴിവാക്കാൻ ഇതുപകരിക്കും. 

തിരിച്ചടവ് കാലാവധിക്ക്‌ പുറമെ, പലിശ നിരക്കും വായ്പ എടുക്കാനുള്ള ഒരാളുടെ ശേഷിയിൽ വ്യത്യാസമുണ്ടാക്കും. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡ് ബാലൻസ് ഉണ്ടെന്നു കരുതുക. 3.5 ശതമാനമാണ് പ്രതിമാസ പലിശ. സേവനനികുതി കൂടി ചേരുമ്പോൾ ഇത് നാലു ശതമാനമാകും.

അതായത്, വാർഷിക പലിശ നിരക്ക് 48 ശതമാനം! അടയ്ക്കാനുള്ള തുകയുടെ അഞ്ചു ശതമാനം മാത്രമാണ് പ്രതിമാസം തിരിച്ചടയ്ക്കുന്നതെങ്കിൽ 12 മാസം കൊണ്ട് പലിശയായി നൽകുന്നതുതന്നെ ഏതാണ്ട് 46,000 രൂപ വരും. പേഴ്‌സണൽ ലോണുകൾ, കൺസ്യൂമർ ലോണുകൾ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. വീടുപോലൊരു ആസ്തി സ്വന്തമാക്കാനല്ല ഇത്തരം വായ്പകൾ എടുക്കുന്നത്. ഓരോ സമയത്തെയും ആഗ്രഹങ്ങൾക്കൊത്ത സാധനങ്ങൾ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് ഇത്തരം വായ്പകൾ എടുക്കാറ്.

ജീവിതനിലവാരം ഉയരുംതോറും, കാർ, മൊബൈൽ ഫോൺ, ടി.വി., ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവയൊക്കെ മാറ്റി വാങ്ങിക്കൊണ്ടിരിക്കും. പരിപാലനച്ചെലവും അറ്റകുറ്റപ്പണിക്കുള്ള ചെലവും വലിയതോതിൽ ഉണ്ടാകുന്നതുവരെ ഇത്തരം വസ്തുക്കൾ പരമാവധി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. പരിപാലനച്ചെലവും അറ്റകുറ്റപ്പണിക്കുള്ള ചെലവും പുതിയതിന്റെ വിലയെക്കാളും ഉയർന്നുകഴിഞ്ഞാൽ മാത്രമേ പുതിയതിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.

മാത്രമല്ല, എപ്പോൾ ഇത്തരം വസ്തുക്കൾ മാറ്റേണ്ടിവരുമെന്ന്‌ മുൻകൂട്ടി പ്ലാൻ ചെയ്യുക. അതിനനുസരിച്ച് പ്രതിമാസം ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ നീക്കിവയ്ക്കുക. ഇത്തരത്തിൽ സ്വരുക്കൂട്ടിയ പണം ഉപയോഗിച്ച് മുൻനിശ്ചയപ്രകാരം പുതിയത് സ്വന്തമാക്കുക. ഹ്രസ്വകാല കൺസ്യൂമർ ലോണുകൾ, ക്രെഡിറ്റ് കാർഡ് ലോണുകൾ എന്നിവ ഒഴിവാക്കാൻ ഇതുപകരിക്കും. പെട്ടെന്നുള്ള പ്രേരണയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുകയും ചെയ്യാം. 

മൂന്നു മാസത്തെ ചെലവിനും വായ്പാതിരിച്ചടവുകൾക്കും ആവശ്യമായ തുക എമർജൻസി ഫണ്ടായി ബാങ്ക് അക്കൗണ്ടിൽ എപ്പോഴും സൂക്ഷിക്കണം. അത്യാവശ്യഘട്ടങ്ങളിൽ വായ്പ എടുക്കാതെ ചെലവ്‌ കഴിച്ചുകൂട്ടാൻ അതുപകരിക്കും. 

ജീവിതം പ്രവചനാതീതമാണ്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങൾ നമ്മെ കടക്കെണിയിലേക്ക് തള്ളിവിടാം. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മെഡിക്ലെയിം ഹെൽത്ത് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുക. കടം വാങ്ങാതെയും സമ്പാദ്യങ്ങളെ ബാധിക്കാതെയും ചികിത്സാചെലവുകൾ കണ്ടെത്താൻ ഇതുപകരിക്കും. നിങ്ങളുടെ അസാന്നിധ്യത്തിൽ കുടുംബത്തെ കടക്കെണിയിലേക്ക് തള്ളിയിടാതിരിക്കാൻ വായ്പകൾ തിരിച്ചടയ്ക്കാനുള്ളത്ര തുകയ്ക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണം. 

എത്ര വായ്പവരെ നിങ്ങൾക്ക് താങ്ങാനാകും?
വായ്പകളുടെ പ്രതിമാസ തിരിച്ചടവും ചിട്ടിയുണ്ടെങ്കിൽ അതിന്റെ അടവും കൂടി നിങ്ങളുടെ മൊത്തം വരുമാനത്തിന്റെ 35-40 ശതമാനത്തിൽ കൂടാതിരിക്കുന്നതാണ് നല്ലത്. പലരും സ്വർണപ്പണയങ്ങൾക്ക് തിരിച്ചടവ് ചിട്ടയായി ചെയ്യാറില്ല. അതിനും ഒരു തുക മാസാമാസം അടയ്ക്കണം. വായ്പകൾ കൃത്യമായി ആസൂത്രണം ചെയ്യുകയും ചെലവുകളിൽ അച്ചടക്കം കൊണ്ടുവരികയും ചെയ്താൽ വായ്പതിരിച്ചടവുകൾ ഭാരമാകാതെ കൊണ്ടുപോകാം. 

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന ആവശ്യങ്ങൾ നിറവേറ്റാനായി ചെറുപ്പത്തിൽ തന്നെ ഫിനാൻഷ്യൽ പ്ലാൻ തയ്യാറാക്കുക. ജീവിതലക്ഷ്യങ്ങൾ നേടിയെടുക്കാൻ എത്ര തുക സമ്പാദ്യമായി നീക്കിവയ്ക്കണമെന്നു മനസ്സിലാക്കാൻ അത്‌ സഹായിക്കും. ഒപ്പം, ചെലവുകൾ നിയന്ത്രിക്കാനും. 

(സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും ഫിനാൻഷ്യൽ പ്ലാനിങ് സേവനങ്ങളൊരുക്കുന്ന പോർട്ടലായ PrognoAdvisor.com-ന്റെ സ്ഥാപകനുമാണ് ലേഖകൻ)ഇ-മെയിൽ: sanjeev@progno.co.in