ബാങ്കുകൾ വായ്പ അനുവദിക്കുന്നതിനു മുമ്പ്‌ അപേക്ഷകന്റെ വായ്പാചരിത്രം പഠിക്കുന്നതിന്‌ ഇപ്പോൾ വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്‌. അപേക്ഷകൻ ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഏതെല്ലാം വായ്പകൾ എടുത്തിട്ടുണ്ട്‌, കുടിശ്ശിക വരുത്തിയിട്ടുണ്ടോ, ആ വ്യക്തിയുടെ ഏതെങ്കിലും വായ്പ കിട്ടാക്കടം (എൻ.പി.എ.) ആയി മാറിയിട്ടുണ്ടോ, വായ്പ തിരിച്ചടവിന്‌ ബാങ്കുകളിൽ നിന്നും തുക ഇളവു കൈപ്പറ്റിയിട്ടുണ്ടോ, പ്രസ്തുത വ്യക്തിയുടെ ഏതെങ്കിലും വായ്പ എഴുതിത്തള്ളിയിട്ടുണ്ടോ എന്നു തുടങ്ങിയ പ്രധാന വിവരങ്ങളാണ്‌ വായ്പാചരിത്രം പഠിക്കുന്നതിലൂടെ ബാങ്കുകൾക്ക്‌ ലഭ്യമാകുന്നത്‌.

അപേക്ഷകന്റെ വായ്പാചരിത്രം പഠിക്കുന്നതിന്‌ ധനകാര്യ സ്ഥാപനങ്ങൾ ആശ്രയിക്കുന്നത്‌ ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോർട്ടുകളെയും ക്രെഡിറ്റ്‌ സ്കോറിനെയുമാണ്‌. ഇന്ത്യയിലെ പ്രമുഖ ക്രെഡിറ്റ്‌ ബ്യൂറോകൾ ട്രാൻസ്‌ യൂണിയൻ സിബിൽ, ഇക്വിഫാക്സ്‌, എക്സ്‌പീരിയൻ, ക്രിഫ്‌ ഹൈമാർക്ക്‌ എന്നിവയാണ്‌. തങ്ങളുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഈ ബ്യൂറോകൾക്ക്‌ ഓരോ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അവരുടെ വായ്പാസംബന്ധമായ വിവരങ്ങൾ കൃത്യമായ കാലയളവിൽ നൽകിയിരിക്കണമെന്ന്‌ റിസർവ്‌ ബാങ്ക്‌ അനുശാസിക്കുന്നു.

ബാങ്കുകളിൽ നിന്നും അപ്രകാരം ലഭിക്കുന്ന വായ്പാ വിവരങ്ങളെ ക്രോഡീകരിച്ച്‌, വിശകലനശേഷിയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ റിപ്പോർട്ടുകളും സ്കോറുകളും തയ്യാറാക്കുകയാണ്‌ ക്രെഡിറ്റ്‌ ബ്യൂറോകൾ ചെയ്യുന്നത്‌. ഇത്തരം റിപ്പോർട്ടുകളും സ്കോറും ആവശ്യാനുസരണം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നിശ്ചിത ഫീസ്‌ ഈടാക്കിക്കൊണ്ട്‌ ബ്യൂറോകൾ ലഭ്യമാക്കുന്നു.

ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോർട്ടും സ്കോറും പരിശോധിക്കുന്നത്‌ ബാങ്കുകൾക്ക്‌ ഒരാളുടെ വായ്പയ്ക്കുള്ള അർഹത നിർണയിക്കാൻ സഹായകമാകുന്നു. റിപ്പോർട്ടും സ്കോറും ഭേദപ്പെട്ടതല്ലെങ്കിൽ, ബാങ്കുകൾ വായ്പ നിഷേധിക്കുന്നത്‌ സർവസാധാരണമാണ്‌.

നാമോരുത്തരുടെയും പേരിലുള്ള ക്രെഡിറ്റ്‌ റിപ്പോർട്ടും സ്കോറും ബ്യൂറോകളിൽ ലഭ്യമാണ്‌. ഇത് ലഭിക്കാൻ 400 രൂപ മുതൽ 550 രൂപ വരെയാണ്‌ ഫീസ്‌. മുന്നൂറിനും തൊള്ളായിരത്തിനുമിടയിൽ മൂന്നക്ക സ്കോറാണ്‌ ബ്യൂറോ അവരുടെ റിപ്പോർട്ടിന്റെ ഭാഗമായി നൽകുന്നത്‌. കൂടുതൽ സ്കോർ മെച്ചപ്പെട്ട ഗുണനിലവാരം കാണിക്കുന്നു. 750ന്‌ മുകളിൽ സ്കോർ ലഭിക്കുന്നവർക്ക്‌ വായ്പ ലഭിക്കുന്നതിനും പലിശ നിരക്കിൽ അനുകൂല പരിഗണന ലഭിക്കുന്നതിനും സാധ്യത കൂടുതലാണ്‌. രാജ്യത്തെ ആദ്യത്തെ ക്രെഡിറ്റ്‌ ബ്യൂറോ ആയ സിബിലിന്റെ കണക്കുപ്രകാരം 750ന്‌ മുകളിൽ സ്കോർ ഉള്ളവർക്കാണ്‌ ബാങ്കുകൾ 79% വായ്പകൾ നൽകിയിരിക്കുന്നത്‌.

ക്രെഡിറ്റ്‌ ബ്യൂറോകളിൽ വായ്പയുടെ സ്വഭാവമനുസരിച്ച്‌ സ്കോറുകൾ തയ്യാറാക്കുന്നതിന്‌, കൺസ്യൂമർ ബ്യൂറോ, മൈക്രോ ഫിനാൻസ്‌ ബ്യൂറോ, കൊമേഴ്‌സ്യൽ ബ്യൂറോ, റീട്ടെയിൽ ബ്യൂറോ, ഇടത്തരം -ചെറുകിട വായ്പാ ബ്യൂറോ എന്നിവ പ്രവർത്തിക്കുന്നു. മനഃപൂർവം വായ്പാ കുടിശ്ശിക വരുത്തിയവരെന്ന്‌ ബാങ്കുകൾ കണ്ടെത്തിയവരുടെയും വായ്പകൾ തിരിച്ചു പിടിക്കുന്നതിനായി ബാങ്കുകൾ കേസ്‌ കൊടുത്തിട്ടുള്ളവരുടെയും പേരുകൾ ഇത്തരം ബ്യൂറോകളിൽ നിന്ന്‌ ധനകാര്യ സ്ഥാപനങ്ങൾക്കു ലഭ്യമാകുന്നു.
ക്രെഡിറ്റ്‌ സ്കോർ നിർണയിക്കപ്പെടുന്നത്‌ മുഖ്യമായും താഴെ പറയുന്ന നാല്‌ വസ്തുതകളുടെ വിശകലനത്തിലൂടെയാണ്‌:

1. ഒരാൾ വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തുകയോ കാലതാമസമുണ്ടാക്കുകയോ ചെയ്തിട്ടുണ്ടോ?
2. അനുവദിച്ചിട്ടുള്ള വായ്പാ പരിധിയുടെ പരമാവധി ഒരാൾ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടോ -അതായത്‌ തുടർച്ചയായ വായ്പാ ഉപയോഗമുണ്ടോ?
3. സെക്യൂരിറ്റി ഇല്ലാത്ത ക്രെഡിറ്റ്‌ കാർഡ്‌ വായ്പകൾ, വ്യക്തിഗത വായ്പകൾ എന്നിവ ഒരാൾ കൂടുതലായി എടുക്കുന്നുണ്ടോ?
4. ഒരാൾ കൂടെക്കൂടെ വായ്പ എടുക്കുകയും വായ്പാ അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യുന്നുണ്ടോ?

മേല്പറഞ്ഞ നാലു കാരണങ്ങളും ഒരാളുടെ ക്രെഡിറ്റ്‌ സ്കോർ കുറയുന്നതിനിടയാക്കും. ഇങ്ങനെ വായ്പയുമായി ബന്ധപ്പെട്ട എല്ലാ പാകപ്പിഴകളും സ്കോറിനെ ബാധിക്കുന്നതായിരിക്കും. 
 
ഒരാൾ മറ്റൊരാളുടെ വായ്പയ്ക്ക്‌ ജാമ്യം നിന്നിട്ടുണ്ടെങ്കിൽ, വായ്പ എടുത്ത വ്യക്തി കുടിശ്ശിഖ വരുത്തുകയോ ഗഡുക്കൾ അടയ്ക്കുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ ജാമ്യക്കാരന്റെ ക്രെഡിറ്റ്‌ സ്കോറിനെയും അതു ബാധിക്കും. 
 
വിദ്യാർഥിയായിരിക്കെ എടുക്കുന്ന വിദ്യാഭ്യാസ വായ്പ യഥാസമയം തിരിച്ചടച്ചില്ലെങ്കിൽ, കാരണമെന്തു തന്നെ ആയാലും, അതു ക്രെഡിറ്റ്‌ സ്കോറിനെ ബാധിക്കുകയും ‘നെഗറ്റീവ്‌ ഫാക്ടർ’ ആയി തുടരുകയും ചെയ്യും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മുഖാന്തിരമോ അല്ലാതെയോ ബാങ്കിൽ നിന്നും മുതലോ പലിശയോ ഇളവു വാങ്ങി ഒരു ലോൺ ഇടപാടു തീർത്താൽ ആ വിവരങ്ങൾ ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോർട്ടിൽ കടന്നുകൂടുകയും സ്കോർ കുറയുന്നതിനു കാരണമാകുകയും ചെയ്യും.

ഒരു വ്യക്തിയുടെ 36 മാസത്തെ വായ്പാചരിത്രമാണ്‌ സാധാരണ നിലയിൽ ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോർട്ടിൽ വ്യക്തമാകുന്നത്‌.
ചുരുക്കത്തിൽ, കൃത്യമായി തിരിച്ചടയ്ക്കുന്നതടക്കമുള്ള നല്ല വായ്പാസ്വഭാവം നിലനിർത്തുന്നവർക്ക്‌ ഭാവിയിൽ ബാങ്കു വായ്പകൾ ലഭിക്കുന്നതിനുള്ള സാധ്യത കൂടുമ്പോൾ, ക്രമക്കേടുകളുള്ള വായ്പാരീതി പിന്തുടരുന്നവർക്ക്‌ ബാങ്കുകളിൽ നിന്നും ഭാവിയിൽ വായ്പകൾ ലഭിക്കുന്നത്‌ തികച്ചും ദുഷ്കരമായി മാറുന്നതാണ്‌. ക്രെഡിറ്റ്‌ കാർഡുകളിലെ ചെറിയ കുടിശ്ശികകൾ പോലും സ്കോറിനെ ബാധിക്കുമെന്ന്‌ ഓർക്കുക.
ഒരാളുടെ ക്രെഡിറ്റ്‌ റിപ്പോർട്ടിലൂടെ താഴെ പറയുന്ന വിവരങ്ങളാണ്‌ അറിയാനാവുക:

1. പേര്‌, ജനനത്തീയതി, മേൽവിലാസം.
2. പാൻ നമ്പർ, പാസ്‌പോർട്ട്‌ നമ്പർ, ആധാർ നമ്പർ, ഡ്രൈവിങ്‌ ലൈസൻസ്‌ നമ്പർ.
3. ജോലി സംബന്ധമായ വിവരങ്ങൾ
4. ക്രെഡിറ്റ്‌ സ്കോർ (300-900)
5. ലോൺ വിവരങ്ങൾ -ബാങ്ക്‌, ഏതിനം വായ്പ, ലോൺ നമ്പർ, എടുത്ത തീയതി, തുക, തിരിച്ചടവു തീയതി, ആ സമയത്തെ ബാലൻസ്‌, ഒറ്റയ്ക്കാണോ മറ്റാരുമായെങ്കിലുമായി ചേർന്നാണോ ലോൺ എടുത്തിട്ടുള്ളത്‌, കുടിശ്ശിക വിവരം, കാലാവധി കഴിഞ്ഞുവോ, കിട്ടാക്കടം (എൻ.പി.എ.) ആണോ, 36 മാസത്തെ തിരിച്ചടവു രീതി തുടങ്ങിയവ.

കുടിശിഖ ഇല്ലാത്ത ലോണിന്റെ വിവരങ്ങളും റിപ്പോർട്ടിൽ കാണിച്ചിട്ടുണ്ടാകും. (ക്രെഡിറ്റ്‌ റിപ്പോർട്ടും സ്കോറും ബാങ്കുകൾക്കു മാത്രമല്ല, വ്യക്തികൾക്കും ബ്യൂറോകളിൽ നിന്നും ലഭ്യമാണ്‌. വ്യക്തികൾ ഓരോരുത്തരും അവരുടെ ക്രെഡിറ്റ്‌ സ്കോർ അറിഞ്ഞിരിക്കേണ്ടതും ആവശ്യമെന്നു കണ്ടാൽ സ്കോർ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമാണ്‌.  

ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള പല പ്രധാന തീരുമാനങ്ങളും എടുക്കുന്നതിനു മുമ്പ്‌ സ്ഥാപനങ്ങൾ ക്രെഡിറ്റ്‌ ബ്യൂറോ റിപ്പോർട്ടുകൾ പരിശോധിക്കുന്ന രീതിയും നിലവിലുണ്ട്‌. 
 
പാൻകാർഡ്‌, പാസ്പോർട്ട്‌, ആധാർ കാർഡ്‌ തുടങ്ങിയവയുടെ വിവരങ്ങൾ ദുർവിനിയോഗം ചെയ്ത്‌ ഒരാളുടെ പേരിൽ മറ്റൊരാൾ വായ്പ എടുക്കുന്നതിനും വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ക്രെഡിറ്റ്‌ സ്കോർ മോശമാകുന്നതിനുമുള്ള സാധ്യതകൾ ഉള്ളതിനാൽ ക്രെഡിറ്റ്‌ റിപ്പോർട്ടുകൾ ഇടയ്ക്കിടെ പരിശോധിക്കുന്നത്‌ നല്ലതാണ്‌.

സൗജന്യമായി ലഭിക്കും
വർഷത്തിലൊരിക്കൽ വ്യക്തികൾക്ക്‌, അവർ ആവശ്യപ്പെട്ടാൽ, ഒരു ക്രെഡിറ്റ്‌ റിപ്പോർട്ട്‌ സൗജന്യമായി നൽകണമെന്ന്‌ റിസർവ്‌ ബാങ്ക്‌ ക്രെഡിറ്റ്‌ ബ്യൂറോകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. ഈ വർഷം ജനുവരി ഒന്നു മുതലാണ്‌ ഇതു നിലവിൽ വന്നത്‌. ക്രെഡിറ്റ്‌ ബ്യൂറോകളുടെ താഴെ പറയുന്ന വെബ്‌ സൈറ്റുകൾ മുഖേന സൗജന്യ റിപ്പോർട്ടുകൾ തേടാവുന്നതാണ്‌:

1. www.cibil.com
2. www.equifax.com
3. www.experian.in
4. www.crifhighmark.com

കൂടുതൽ റിപ്പോർട്ടുകൾ ആവശ്യമുള്ളപ്പോൾ നിശ്ചിത ഫീസടച്ച്‌ കരസ്ഥമാക്കാവുന്നതാണ്‌.

(ബാങ്കിങ്‌ വിദഗ്ദ്ധനാണ്‌ ലേഖകൻ)
ഇ-മെയിൽ: mohanachandrankr@gmail.com