മുംബൈ: നോട്ടുനിയന്ത്രണത്തെത്തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളുടെ വായ്പവിതരണത്തോതിലെ വളര്‍ച്ച കുത്തനെ ഇടിഞ്ഞു. 
 
റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് ഡിസംബര്‍ 23-ന് അവസാനിച്ച രണ്ടാഴ്ചക്കാലത്ത് ബാങ്കുകളുടെ വായ്പവിതരണത്തിലെ വളര്‍ച്ച 5.1 ശതമാനം മാത്രമാണ്. കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് എസ്.ബി.ഐ.യുടെ   'എക്കോറാപ്' പഠനറിപ്പോര്‍ട്ട് പറയുന്നു. 
 
നവംബര്‍ 11 മുതല്‍ 23 വരെ ബാങ്കുകളുടെ വായ്പവിതരണത്തില്‍ 5229 കോടി രൂപയുടെ ഇടിവുവന്നു. നിക്ഷേപത്തില്‍ നാലുലക്ഷം കോടി രൂപയുടെ വര്‍ധനയുമുണ്ടായി. 
 
നിലവിലുള്ള മൊത്തം വായ്പയുടെ കണക്കെടുക്കുമ്പോള്‍ ഈ കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5.1 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. 1944-55 കാലത്തെ 1.7 ശതമാനത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്ന് എസ്.ബി.ഐ.യുടെ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തിഘോഷ് പറയുന്നു. 
 
മിക്കബാങ്കുകളും പലിശനിരക്ക് കുറച്ച സാഹചര്യത്തില്‍ വായ്പവിതരണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് 'എക്കോറാപ്' റിപ്പോര്‍ട്ട് പറയുന്നു.