രാജ്യത്തെ ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കളുടെ കടത്തില്‍ എക്കാലത്തേയും വര്‍ധന. ആര്‍ബിഐ പുറത്തുവിട്ട കണക്കുകപ്രകാരം 2016 മെയ് അവസാനത്തില്‍ 42,000 കോടി രൂപയാണ് ബാധ്യത. 

സാമ്പത്തിക മാന്ദ്യമുണ്ടായ 2008ല്‍പോലും മൊത്തം ബാധ്യത 27,000 കോടി രൂപമാത്രമായിരുന്നു. 

ക്രഡിറ്റ് കാര്‍ഡുകളുടെ പലിശ നിരക്ക് 36 ശതമാനം മുതല്‍ 48 ശതമാനംവരെയാണെന്നിരിക്കെയാണ് ഉപഭോക്താക്കളുടെ ബാധ്യത ഇത്രയും വര്‍ധിച്ചിരിക്കുന്നത്. 

അതായത് ഷോപ്പിങിനും മറ്റുമായി ഉപഭോക്താക്കള്‍ മുടക്കുന്നതിന്റെ എത്രയോ മടങ്ങാണ് പലിശയിനത്തിലും മറ്റും ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നത്!

ക്രഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തില്‍ 2008 ജൂലായിലാണ് വന്‍വര്‍ധനയുണ്ടായത്. 2.67 കോടി ക്രഡിറ്റ് കാര്‍ഡുകളാണ് അന്ന് ഉപയോഗത്തിലുണ്ടായിരുന്നത്. എന്നാല്‍ 2011 ആഗസ്തിലെത്തിയപ്പോള്‍ കാര്‍ഡുകളുടെ എണ്ണം 1.75 കോടിയായി കുറഞ്ഞു. 

അതേസമയം, നടപ്പ് വര്‍ഷം മെയ് ആയപ്പോള്‍ 2.50 കോടിയായി ഉയരുകയും ചെയ്തതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ഇടപാടുകള്‍ വര്‍ധിച്ചതാണ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍. 

ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങല്‍ നടത്തുമ്പോള്‍ യഥാസമയം പണം തിരിച്ചടച്ചില്ലെങ്കില്‍ വന്‍ബാധ്യതയാണ് ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുകയെന്ന് സാമ്പത്തിക ആസൂത്രകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

1. യഥാസമയം ബാധ്യത തീര്‍ക്കല്‍
ഉത്പന്നങ്ങള്‍ വാങ്ങിയതിനുശേഷം അനുവദനീയമായ പരിധിക്കുള്ളില്‍ കാര്‍ഡിലെ ഡ്യു തീര്‍ത്തില്ലെങ്കില്‍ കൂടുതല്‍ പലിശ നല്‍കേണ്ടിവരുമെന്നകാര്യം മറക്കേണ്ട. 48 ശതമാനംവരെ പലിശ ഈടാക്കുന്ന കാര്‍ഡുകളുണ്ട്.

2. ഉപയോഗം പരിമിതപ്പെടുത്തുക
ഒന്നിലധികം ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന നിരവധിപേരുണ്ട്. കാര്‍ഡ് ലിമിറ്റില്‍ 50 ശതമാനത്തിലേറെ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. മൊബൈല്‍ അല്ലെങ്കില്‍ ഇ-മെയില്‍വഴി അലര്‍ട്ട് നല്‍കി ഉപയോഗം ക്രമീകരിക്കാം. 

നിങ്ങളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെയും പണം തിരിച്ചടവിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ പരസ്പരം കൈമാറുന്നുണ്ടെന്നകാര്യം ശ്രദ്ധിക്കുക. കൂടുതലുള്ള ഉപയോഗവും യഥാസമയം ശരിയായി പണം തിരിച്ചടയ്ക്കാത്തതും നിങ്ങളുടെ ക്രഡിറ്റ് സ്‌കോറിനെ ബാധിച്ചേക്കാം. അതുകൊണ്ടുതന്നെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗം വളരെ സൂക്ഷിച്ച് മതി. 

3. പണം പിന്‍വലിക്കാതിരിക്കുക
ക്രഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിന്മേല്‍ ഒറ്റത്തവണ ചാര്‍ജ് ഈടാക്കുന്നതോടൊപ്പം കനത്ത പലിശയും നല്‍കേണ്ടിവരും.

4. റിവാര്‍ഡ് പോയന്റ്
ലഭിക്കുന്ന റിവാര്‍ഡ് പോയന്റുകള്‍ക്കുവേണ്ടി ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക. ഉദാഹരണത്തിന് ഓരോ 100 രൂപ ചെലവാക്കുമ്പോഴും ഒരു പോയന്റുമുതല്‍ ഉപഭോക്താവിന് ലഭിക്കും.  കൂടുതല്‍ ചെലവാക്കുന്നവര്‍ക്ക് കൂടുതല്‍ പോയന്റ് കമ്പനികള്‍ നല്‍കുന്നത് ചെലവാക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ്. ഒരുകാര്യം ഓര്‍ക്കുക. റിവാര്‍ഡ് പോയന്റിനുവേണ്ടി കൂടുതല്‍ പണം ചെലവാക്കാതിരിക്കുക.

5. ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിക്കുക
ഓരോ മാസവും ഉപയോഗിക്കുന്ന നിശ്ചിതതുക അടുത്തമാസം അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചുകൊള്ളാന്‍ സ്റ്റാന്‍ഡിങ് ഇന്‍സ്ട്രക്ഷന്‍ ബാങ്കുകള്‍ക്ക് നല്‍കാം. ഓരോമാസവും നിശ്ചിത തുക ക്രഡിറ്റ് കാര്‍ഡ് പര്‍ച്ചെയ്‌സ് നടത്തി ഇങ്ങനെ പണം കൈമാറുന്നത് ശീലമാക്കിയാല്‍ വന്‍ബാധ്യത വരാതെനോക്കാമെന്നുമാത്രമല്ല. പണം തിരിച്ചടവ് യഥാസമയം മറക്കാതെ നടത്തുകയും ചെയ്യാം.  

6. സ്റ്റേറ്റുമെന്റുകള്‍ പരിശോധിക്കുക
ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റുമെന്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുക. സാങ്കേതിക തകരാറുകള്‍മൂലം നിങ്ങളില്‍നിന്ന് അധിക പലിശ ഇടാക്കിയേക്കുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.