വായ്പ മൊറാട്ടോറിയം ഡിസംബര്‍ അവസാനംവരെ നീട്ടുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്.

ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസര്‍വ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ചചെയ്തുവരികയാണെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു. മൊറട്ടോറിയം കാലാവധി ഇനിയും നീട്ടിനല്‍കാന്‍ കഴിയുമോയെന്നകാര്യത്തിലാണ് കൂടിയാലോചന. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യം അടച്ചിട്ടതിനെതുടര്‍ന്ന് മാര്‍ച്ചിലാണ് ആദ്യഘട്ടത്തില്‍ മൂന്നുമാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീടത് മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. 

രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2020-12 സാമ്പത്തികവര്‍ഷത്തില്‍ 14ശതമാമായനമായി ഉയരുമെന്നാണ് ആഗോള റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേഡ് ആന്‍പ് പുവറിന്റെ വിലയിരുത്തല്‍. നടപ്പ് സാമ്പത്തികവര്‍ഷം ഇത് 8.5ശതമാനമാണ്. 

കോവിഡ് വിതച്ച സാമ്പത്തിക തളര്‍ച്ചയില്‍നിന്ന് മുക്തിനേടാന്‍ രാജ്യത്തെ ബാങ്കിങ് മേഖലയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാമെന്നും റേറ്റിങ് ഏജന്‍സി പറയുന്നു.

കോവിഡ് വ്യാപനംമൂലമുണ്ടാകുന്ന പ്രതിസന്ധി നേരിടാന്‍ കരുതിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് എസ്ബിഐ ബാങ്കിങ് കോണ്‍ക്ലേവില്‍ സംസാരിക്കവെ കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.