വായ്പവേണോ ആപ്പുവഴി ഉടനെ ലഭിക്കും. സുഹൃത്തില്‍നിന്നാണ് ഇക്കാര്യമറിഞ്ഞ് ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട സുനില്‍ ലോണെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ പണംതിരിച്ചുപിടിക്കാന്‍ ഏജന്റുമാര്‍ ശ്രമംതുടങ്ങി. ഫോണില്‍ നിരന്തരം വിളിതുടങ്ങി. സന്ദേശങ്ങളുമെത്തി. സുനില്‍കുമാറിന്റെ കോള്‍ലിസ്റ്റിലെ നമ്പറുകളിലേയ്ക്കും അവര്‍ വിളിച്ച് ശല്യപ്പെടുത്തി. മാനഹാനി ഭയന്ന് ആത്മഹത്യയില്‍ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്.

ബെംഗളുരുവിലെ വീട്ടമ്മ ആപ്പ് വഴി 20,000 രൂപയാണ് ലോണെടുത്തത്. ഒരൊറ്റദിവസം ഇഎംഐ മുടങ്ങിയതോടെ ഭീഷണി തുടങ്ങി. ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിമുഴക്കി. വീട്ടിലേയ്ക്ക് ഏജന്റുമാരെ അയച്ചു. ഫോണ്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഒടുവില്‍ അവര്‍തന്നെ സൈബര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അത്യാവശ്യത്തിന് പണംലഭിക്കുമല്ലോയെന്നോര്‍ത്താണ് കൂടുതല്‍ പലിശയ്ക്ക് ആപ്പുവഴി വായ്പയെടുക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരുഹരമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിന് ഒരാഴ്ചക്കോ മറ്റൊ തിരിമറിക്കാണ് ഇവര്‍ പണംതരപ്പെടുത്തുന്നത്. അവര്‍ അറിയുന്നില്ല അതിനുപിന്നിലെ ചതിക്കുഴികള്‍. 

തത്സമയ ലോണ്‍ ആപ്പ് വഴിയുള്ള അനധികൃത വായ്പാവിതരണത്തിനെതിരെ സൈബര്‍ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധിപേരാണ് ഇവരുടെ കെണിയില്‍വീഴുന്നത്. ഹൈദരാബാദില്‍നിന്നും ഗുരുഗ്രാമില്‍നിന്നും കഴിഞ്ഞദിവസം 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്. ചൈനീസ് റാക്കറ്റാണ് ആപ്പുകള്‍ക്കുപിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇഡിയും ആദായനികുതിവകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണറിയുന്നത്. 

30 ആപ്പുകളെങ്കിലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

തെലങ്കാനയില്‍മാത്രം ഈ മാസം മൂന്നുപേരാണ് ആത്മഹത്യചെയ്തത്. സിദ്ധിപ്പേട്ടിലെ അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ കെ മൗണിക(24) മൂന്നുലക്ഷം രൂപയാണ് വായ്പയെടുത്തത്. തിരിച്ചടയ്ക്കാന്‍ വൈകിയതോടെ അവരുട ഫോട്ടോയും പേരും ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ളവയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന് ഡിസംബര്‍ 16നാണ് അവര്‍ ആത്മഹത്യചെയ്തത്. അതേദിവസംതന്നെയാണ് ഹൈദരാബാദില്‍ സുനിലും ഫ്‌ളാറ്റില്‍ ജീവനൊടുക്കിയത്. 

രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പ് ലോണ്‍ പ്രചാരത്തിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇവരുടെ വലയില്‍ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആപ്പിന്റെ പ്രവര്‍ത്തനം
തത്സമയം വായ്പ വാഗ്ദാനം ചെയ്യുന്നതിനാല്‍ വായ്പയെടുക്കാനെത്തുന്നവര്‍ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭിക്കുന്നതിന് ആധാര്‍, പാന്‍, സെല്‍ഫി എന്നിവ ആപ്പില്‍ അപ് ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോണ്‍ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവര്‍ അതൊന്നും കാര്യമാക്കാറില്ല. അനുമതിയും നല്‍കും. 

ദിവസം കണക്കാക്കിയാണ് ഇതിനായി പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1ശതമാനമാണ് പലിശ. അതായത് വാര്‍ഷിക നിരക്കില്‍ കണക്കാക്കിയാല്‍ 36ശതമാനത്തോളംവരും.

ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നില്‍. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന പണം ആപ്പുകള്‍ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകള്‍ വഴിയുള്ള വായ്പാ ഇടപാടുകള്‍ നടക്കുന്നത്.