Photo:Gettyimages
ഓഹരിയില്‍നിന്ന് കഴിഞ്ഞ സാമ്പത്തിവര്‍ഷം അഞ്ചുലക്ഷം രൂപ ലാഭമെടുത്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല. ഇത്തവണ റിട്ടേണ്‍ നല്‍കണമെന്ന് നിര്‍ബന്ധമുണ്ടോ?-കോട്ടയത്തുനിന്ന് ജോമോന്‍.
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പായി വസ്തു വിറ്റതിന്റെ തുക എഐഎസില്‍ കാണിച്ചിട്ടുള്ളതായി കണ്ടു. ഇക്കാര്യം റിട്ടേണില്‍ കാണിക്കേണ്ടതുണ്ടോ?-പത്തനംതിട്ടയില്‍നിന്ന് സുരേഷ്.
യുഎസില്‍ താമസിക്കുന്ന എനിക്ക് നാട്ടിലെ കെട്ടിടം വാടകയ്ക്കുകൊടുത്ത വകയില്‍ പ്രതിമാസം 80,000 രൂപ ലഭിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ടോ?-മേരിലാന്‍ഡില്‍നിന്ന് ഫിലിപ്പ്.
ആദായ നികുതി ഇങ്ങനെ കണക്കാക്കാം: പിഴവുകള്‍ ഒഴിവാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യാം-എന്നപേരില്‍ പ്രസിദ്ധീകരിച്ച പാഠം 175നുശേഷം നിരവധിപേരാണ് വിവിധ സംശയങ്ങള്‍ ഉന്നയിച്ചത്. ഐടിആര്‍ ഒന്ന് ഒഴികെയുള്ള ഫോമുകളെല്ലാം പൂരിപ്പിച്ച് ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യുകയെന്നത് സങ്കീര്‍ണമായ പ്രകൃയയാണെന്ന് പറയാതെ നിവൃത്തിയില്ല. അതുകൊണ്ടുതന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ നിരവധിപേരുണ്ട്. നികുതി വിധേയ വരുമാനമുള്ളവരെയും നിശ്ചിത പരിധിക്കുമുകളില്‍ സാമ്പത്തിക ഇടപാട് നടത്തുന്നവരെയും നികുതി വലയ്ക്കുള്ളില്‍ കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഈ സാഹചര്യത്തില്‍ പിഴവുകൂടാതെ എളുപ്പത്തില്‍ റിട്ടേണ്‍ ഫയല്‍ചെയ്യാനുള്ള വഴികളെക്കുറിച്ചാകട്ടെ ഇത്തവണ.
റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടവര്‍ ആരൊക്കെ?
- മൊത്തവരുമാനം, അടിസ്ഥാന പരിധിയായ 2.5 ലക്ഷം(60 വയസ്സ് കഴിഞ്ഞവര്‍ക്ക് മൂന്നുലക്ഷം, 80 പിന്നിട്ടവര്‍ക്ക് അഞ്ചു ലക്ഷം)രൂപയ്ക്ക് മുകളിലാണെങ്കില്‍.
- ബിസിനസിലെ വിറ്റുവരവ് 60 ലക്ഷം രൂപയ്ക്കുമുകളിലാണെങ്കില്‍.
- പ്രൊഫഷനില്‍നിന്നുള്ള വരുമാനം 10 ലക്ഷത്തിന് മുകളിലാണെങ്കില്‍.
- വിദേശയാത്രയ്ക്കായി രണ്ടുലക്ഷത്തിലധികം രൂപ ചെലവഴിച്ചിട്ടുണ്ടെങ്കില്‍.
- സേവിങ്‌സ് അക്കൗണ്ടില്‍ 50 ലക്ഷം രൂപയോ കറന്റ് അക്കൗണ്ടില്‍ ഒരു കോടി രൂപയോ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍.
- വൈദ്യുതി ബില്ല് ഒരു ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍.
- വിദേശ ആസ്തിയോ വരുമാനമോ ഉണ്ടെങ്കില്‍.
- ടിഡിഎസ്, ടിസിഎസ് 25,000ല്‍ കൂടുതല്‍ ആണെങ്കില്‍(മുതിര്‍ന്ന പൗരന്മാര്‍ക്ക് 50,000 രൂപ).
- ടിഡിഎസ്, ടിസിഎസ് റീഫണ്ട് അവകാശപ്പെടാനുണ്ടെങ്കില്‍.
ഫോം 16, 16 എ
ശമ്പള വരുമാനക്കാരായ നികുതിദായകര്‍ തൊഴിലുടമയില്‍നിന്ന് ഫോം 16 അല്ലെങ്കില്‍ ഫോം 16എ വാങ്ങുകയെന്നതാണ് ആദ്യപടി. അടിസ്ഥാന ശമ്പളം, ക്ഷാമബത്ത എന്നിങ്ങനെ വേര്‍തിരിച്ചുള്ള മൊത്തശമ്പള വിവരങ്ങള്‍ അതില്‍നിന്ന് ലഭിക്കും. ശമ്പള വിവരങ്ങള്‍ ഐടിആറില്‍ ചിലപ്പോള്‍ വേര്‍തിരിച്ച് നല്‍കിയിട്ടുണ്ടാകില്ല. അങ്ങനെയെങ്കില്‍ വിവിധയിനത്തില്‍ ലഭിച്ച ശമ്പളം വേര്‍തിരിച്ച് കണക്കാക്കി ഫോമില്‍ നല്‍കേണ്ടിവരും. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആര്‍എ എന്നിവ വേര്‍തിരിച്ച് നല്‍കുമ്പോള്‍ 16-ല്‍ രേഖപ്പെടുത്തിയ മൊത്ത ശമ്പളം കൃത്യമാണെന്നകാര്യം ഉറപ്പുവരുത്തുക. വീട്ടുവാടക അലവന്‍സുള്‍പ്പടെയുള്ളവ ഫോം 16ല്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് ഇളവുകള്‍ അവകാശപ്പെടാന്‍ കഴിയും.
തിരഞ്ഞെടുക്കാം ഈ ഫോമുകള്‍ | ||||||||||
ITR Forms | ITR 1(Sahaj) | ITR 2 | ITR 3 | ITR 4 | ITR 5 | ITR 6 | ITR 7 | |||
Individual, HUF (Residents) | Individual, HUF | Individual, HUF Partner in firm | Individual, HUF, Firm | Partnership Firm, LLP | Company | Trust | ||||
Salary | Yes | Yes | Yes | Yes | No | No | No | |||
House Property | Yes* | Yes | Yes | Yes* | Yes | Yes | Yes | |||
Business Income | No | No | Yes | Yes# | Yes | Yes | Yes | |||
Capital Gain | No | Yes | Yes | No | Yes | Yes | Yes | |||
Other Sources | Yes | Yes | Yes | Yes | Yes | Yes | Yes | |||
Exempt Income | Yes | Yes | Yes | Yes | Yes | Yes | Yes | |||
Lottary Income | No | Yes | Yes | No | Yes | Yes | Yes | |||
Foreign Asset/Income | No | Yes | Yes | No | Yes | Yes | Yes | |||
Carry Forward Loss | No | Yes | Yes | No | Yes | Yes | Yes | |||
* One House Property # Presumptive business income. |
ഫോം പൂരിപ്പിക്കുന്നതിന് മുമ്പ്, കിഴിവ് ചെയ്തിട്ടുള്ള എല്ലാ നികുതിയും ഫോം 26എഎസില്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാം. നിക്ഷേപം, കടപ്പത്രം തുടങ്ങിയവയില്‍നിന്നുള്ള പലിശയുടെ വിശദാംശങ്ങളും ഈടാക്കിയ ടിഡിഎസും ലഭിച്ച ലാഭവീതത്തിന്റെ കണക്കുകളും അവിടെ ഉണ്ടാകും. വിദേശത്തേയ്ക്ക് പണമയക്കുകയോ വിദേശ കറന്‍സി വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍ സ്രോതസില്‍നിന്ന് നികുതി(ടിസിഎസ്)പിടിച്ചതിന്റെ വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. മൊത്തം നികുതി ബാധ്യതയ്‌ക്കൊപ്പം ക്രമീകരിക്കേണ്ടുതള്ളതിനാലാണ് ഫോം 26 എഎസ് പരിശോധിക്കണമെന്ന് നിര്‍ദേശിക്കുന്നത്.
ടിഡിഎസ്, ടിസിഎസ് എന്നിവ അതില്‍ ഇല്ലെങ്കില്‍ ബാധ്യതപ്പെട്ടവരെ ബന്ധപ്പെടേണ്ടതാണ്. ടിഡിഎസ്, ടിസിഎസ് എന്നിവ നിക്ഷേപിക്കാത്തതുകൊണ്ടോ, ഇക്കാര്യം യഥാസമയം അറിയിക്കാത്തതുകൊണ്ടോ പാന്‍ നമ്പര്‍ തെറ്റിയതുകൊണ്ടോ ഇങ്ങനെ സംഭവിച്ചേക്കാം. അറിയിച്ചശേഷം ഫോ 26 എഎസില്‍ തിരുത്തല്‍രേഖപ്പെടുത്താന്‍ 7 മുതല്‍ 10 ദിവസം വരെയെടുത്തേക്കാം.
എ.ഐ.എസ് പരിശോധിക്കാം
സാമ്പത്തിക വര്‍ഷം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ സമഗ്രമായ സ്റ്റേറ്റുമെന്റാണ് എഐഎസ്. ശമ്പളം, പ്രൊഫഷന്‍, വാടക, പലിശ, മൂലധനനേട്ടം എന്നിവ ഉള്‍പ്പടെയുള്ളവയുടെ വിവരങ്ങള്‍ എ.ഐ.എസിലുണ്ടാകും. എത്രതുക എവിടെ നിക്ഷേപിച്ചു, ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങളും കാണാം.
സാധ്യമായ എല്ലാ ഇടപാടുകളും ഉള്‍പ്പെടുത്താനാണ് എ.ഐ.എസ് രൂപകല്പന ചെയ്തിട്ടുള്ളത്. എങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ണമായിട്ടില്ല. ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ഒരിടത്ത് സംയോജിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലുളളത്. റിട്ടേണ്‍ നല്‍കിയശേഷവും എ.ഐ.എസ് അപ്‌ഡേറ്റ് ചെയ്യപ്പെട്ടേക്കാം. നിലവില്‍ എ.ഐ.എസില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ സംബന്ധിച്ച് പരാതികളോ പ്രതികരണങ്ങളോ അറിയിക്കാനും സംവിധാനമുണ്ട്.
മൂലധനനേട്ടം
ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ മൂലധനനേട്ടത്തിന് നികുതി നല്‍കണം. ഓഹരി ബ്രോക്കറില്‍നിന്നോ മ്യൂച്വല്‍ ഫണ്ട് എ.എം.സികളില്‍നിന്നോ ഇതുസംബന്ധിച്ച സ്റ്റേറ്റുമെന്റ് ലഭിക്കും. ഓഹരികളില്‍നിന്നോ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍നിന്നോ ദീര്‍ഘകാല ലാഭമുണ്ടായിട്ടുണ്ടെങ്കില്‍ ഒരുലക്ഷം മുകളിലുള്ള തുകയ്ക്ക് 10 ശതമാനം നികുതിയാണ് ബാധകമാകുക. ഹ്രസ്വകാല നേട്ടങ്ങള്‍ക്ക് 15ശതമാനവും. നഷ്ടമാണുണ്ടായിട്ടുള്ളതെങ്കില്‍, ഫയല്‍ ചെയ്യുമ്പോള്‍ രേഖപ്പെടുത്തിയാല്‍ എട്ടവര്‍ഷംവരെയുള്ള നേട്ടത്തോടൊപ്പം തട്ടിക്കിഴിക്കാന്‍ കഴിയും.
ഇക്വിറ്റി ഇതര ഫണ്ടുകളില്‍നിന്നോ സ്വര്‍ണം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ ആസ്തികളില്‍നിന്നോ ആണ് നേട്ടമെങ്കില്‍ നികുതി കണക്കാക്കല്‍ സങ്കീര്‍ണമായ പ്രകൃയയാണ്. ഹ്രസ്വകാലയളവിലെ നേട്ടം മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്തുവേണം നികുതി കണക്കാക്കാന്‍. ദീര്‍ഘകാലനേട്ടങ്ങള്‍ക്കാകട്ടെ ഇന്‍ഡക്‌സേഷന് കണക്കാക്കിവേണം നികുതി നിശ്ചയിക്കാന്‍. മ്യൂച്വല്‍ ഫണ്ടില്‍നിന്നുള്ള നേട്ടമാണെങ്കില്‍ കാംസ്, കെ ഫിന്‍ടെക് എന്നീ ട്രാന്‍സ്ഫര്‍ ഏജന്റുമാരില്‍നിന്ന് ഏകീകൃത സറ്റേറ്റുമെന്റ് ലഭിക്കും.
എസ്.ബി അക്കൗണ്ടിലെ പലിശ
സേവിങ് ബാങ്ക് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവയിലെ പലിശ റിട്ടേണ്‍ നല്‍കുമ്പോള്‍ പലരും കാണിക്കാറില്ല. പല ബാങ്കുകളിലായി വിഭിജിച്ച് നിക്ഷേപം നടത്തിയാല്‍ ടിഡിഎസ് ഒഴിവാക്കാന്‍ കഴിയുന്ന കാലമുണ്ടായിരുന്നു. പലിശയായി ലഭിക്കുന്ന ഒരുരൂപപോലും എഐഎസില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും, സേവിങ് ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് ലഭിച്ച പലിശപോലും. പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ നിക്ഷേപങ്ങളില്‍നിന്നുലഭിച്ച (നികുതി നല്‍കേണ്ടതില്ലെങ്കിലും) പലിശയും റിട്ടേണില്‍ കാണിക്കണം. ഏറെക്കാലത്തിനുശേഷം പണത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ ഇത് സഹായകരമാകും.
വിദേശ വരുമാനം
വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ വിദേശത്തുള്ള എല്ലാ ആസ്തികളും നികുതി റിട്ടേണില്‍ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അറിവില്ലായ്മ നടിച്ച് ഇക്കാര്യം അവഗണിക്കാനാണ് പലര്‍ക്കും താല്‍പര്യം. വിദേശ ആസ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നത് 2015ലെ കള്ളപ്പണ(വിദേശ വരുമാനവും ആസ്തികളും വെളിപ്പെടുത്താതിരിക്കല്‍) നിയമപ്രകാരം കുറ്റകരമാണ്. വിവരങ്ങള്‍ തെറ്റായി നല്‍കുന്നതും ശിക്ഷ അര്‍ഹിക്കുന്നതാണ്. വെളിപ്പെടുത്താത്ത വരുമാനത്തിന്റെ 90 ശതമാനംവരെ പിഴയും 30 ശതമാനം നികുതിയും ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. റിട്ടേണ്‍ പ്രൊസസ് ചെയ്തുകഴിഞ്ഞാല്‍ രക്ഷപ്പെട്ടുവെന്ന് കരുതരുത്. 16 വര്‍ഷം വരെയുള്ളവയ്ക്കുമേല്‍ നടപടിയെടുക്കാന്‍ കഴിയും.
കിഴിവുകളും ഇളവുകളും
എല്ലാവിവരങ്ങളും പൂരിപ്പിച്ചുകഴിഞ്ഞാല്‍ കിഴിവുകളും ഇളവുകളും കൃത്യമായി നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. അതിനായി ഓരോ വിഭാഗവും വീണ്ടും പരിശോധിക്കുക. വീട്ടുവാടക അലവന്‍സ് ശമ്പള വിഭാഗത്തിലും 80ഡി, 80സി, 80ജി തുടങ്ങിയവ വെവേറയിടങ്ങളിലുമാണ് രേഖപ്പെടുത്തേണ്ടത്. സ്റ്റാന്‍ഡേഡ് ഡിഡക് ഷന്‍, പ്രൊഫഷണല്‍ ടാക്‌സ് എന്നിവയും കൃത്യമായി ഫോമില്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
വെരിഫിക്കേഷന്‍ മറക്കരുത്
റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് വെരിഫിക്കേഷനോടുകൂടിയാണ് പൂര്‍ത്തിയാകുക. റിട്ടേണ്‍ സബ്മിറ്റ് ചെയ്ത് കഴിഞ്ഞാല്‍ വെരിഫൈ ചെയ്യുന്നതിന് 120 ദിവസംവരെ സമയംലഭിക്കും. ഈ സമയത്തിനുള്ളില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നല്‍കിയ റിട്ടേണ്‍ അസാധുവാകും. റിട്ടേണ്‍ നല്‍കാത്തതിന്റെപേരില്‍ പിഴ അടയ്‌ക്കേണ്ടിയുംവരും.
വെരിഫിക്കേഷന് ആറ് വഴികള്‍
- ആധാര്‍ ഒടിപി: മൊബൈല്‍ നമ്പറും പാനും ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ ആധാര്‍വഴി വെരിഫൈ ചെയ്യാം.
- നെറ്റ് ബാങ്കിങ്: നെറ്റ് ബാങ്കിങ് അക്കൗണ്ട് വഴി ടാക്‌സ് ഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാം.
- ബാങ്ക് അക്കൗണ്ട്: ബാങ്ക് അക്കൗണ്ട് വഴി ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കോഡ്(ഇവിസി) ക്രിയേറ്റ് ചെയ്തും വെരിഫൈ ചെയ്യാം. ഇ-ഫയലിങ് പോര്‍ട്ടലില്‍ പ്രീ വാലിഡേറ്റ് ചെയ്തിട്ടുള്ള അക്കൗണ്ടുകള്‍ വഴിമാത്രമെ ഇതിന് കഴിയൂ.
- ഡീമാറ്റ് അക്കൗണ്ട്: ബാങ്ക് അക്കൗണ്ടുവഴി ഇവിസി ക്രിയേറ്റ് ചെയ്യുന്നതിന് സമാനമായ പ്രകൃയതന്നെയാണ് ഇവിടെയും.
- ബാങ്ക് എടിഎം: എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇവിസിയെടുക്കാം. കുറച്ച് ബാങ്കുകള്‍ക്കുമാത്രമാണ് ഈ സൗകര്യമുള്ളത്.
- നേരിട്ട് അയച്ചുകൊടുക്കാം: ഐടിആര്‍ (v)യുടെ കോപ്പി ഒപ്പിട്ട്, സിപിസി, പോസ്റ്റ് ബോക്‌സ് നമ്പര്‍-1, ഇലക്ട്രോണിക് സിറ്റി പോസ്റ്റ് ഓഫീസ്, ബെംഗളുരു-560100 എന്ന വിലാസത്തില്‍ അയച്ചുകൊടുക്കാം.
feedback to:
antonycdavis@gmail.com
Content Highlights: Who Should File Income Tax Return: How to File Easily?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..