
photo:gettyimages
പുതിയ ദശാബ്ദമായ 2020ലേയ്ക്ക് കടന്നു. പതിവുപോലെ തീരുമാനങ്ങളുടെ ഒരുകൂമ്പാരം മനസിലുണ്ടാകും. പതിവായി വ്യായാമം ചെയ്യുക. ഹോബികളിലേര്‍പ്പെടുക. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുക...
പലരും സൗകര്യപൂര്‍വം മറക്കുന്ന ഒന്നാണ് സാമ്പത്തിക തീരുമാനങ്ങള്‍. സമ്പാദിക്കുകയെന്നുകേട്ടാല്‍ പലര്‍ക്കും അലര്‍ജിയാണ്. അതിന് ലക്ഷങ്ങള്‍ വേണമെന്നാണ് പലരുടെയും വിചാരം. ഒന്നുമനസിലാക്കുക. ദിവസം 50 രൂപ നീക്കിവെയ്ക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം. പുതുവര്‍ഷത്തില്‍ എടുക്കേണ്ട അടിസ്ഥാന സാമ്പത്തിക തീരുമാനങ്ങള്‍ ഏതൊക്കെയന്ന് നോക്കാം.
കരുതല്‍ധനം സ്വരൂപിക്കുക
ബാങ്കുകള്‍ ആര്‍ബിഐയില്‍ കരുതല്‍ധനം സൂക്ഷിക്കുന്നതുപോലെ എമര്‍ജന്‍സി ഫണ്ടായി ഓരോരുത്തരും പണം കരുതിവെയ്ക്കണം. അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിശ്ചിത തുക സേവിങ്സ് ബാങ്ക് അക്കൗണ്ടിലോ, ബാങ്ക് എഫ്ഡിയിലോ നിക്ഷേപിക്കുന്നതാണ് നല്ലത്.
3-6 മാസത്തെ ശമ്പളമാണ് എമര്‍ജന്‍സി ഫണ്ടായി കരുതേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ജോലി നഷ്ടമായാല്‍ പുതിയ ജോലി ലഭിക്കുന്നതുവരെ ജീവിക്കാന്‍ കരുതല്‍ധനം സഹായിക്കും. പെട്ടെന്നുണ്ടാകുന്ന ചികിത്സാചെലവ്, അപ്രതീക്ഷിതമായുണ്ടാകുന്ന മറ്റ് ചെലവുകള്‍ എന്നിവയ്ക്കും ഈതുക ഉപയോഗിക്കാം.
ഇന്നുതന്നെ എമര്‍ജന്‍സി ഫണ്ടിലേയ്ക്ക് തുക മാറ്റിവെച്ചുതുടങ്ങാം. ഒറ്റയടിക്ക് പണം മാറ്റിവെയ്ക്കാനില്ലാത്തവര്‍ ഒരു ആര്‍ഡി ചേര്‍ന്ന് പ്രതിമാസം നിശ്ചിത തുക നിക്ഷേപിച്ച് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക. കടംചോദിച്ചാല്‍പോലും ഈ പണം ആര്‍ക്കും കൊടുക്കരുതെന്നകാര്യം മറക്കേണ്ട!
ദുര്‍വ്യയം ഒഴിവാക്കാം
സമ്പത്തുനേടാന്‍ ഏറ്റവും മികച്ച മാര്‍ഗം ദുര്‍വ്യയം ഒഴിവാക്കുകയെന്നതാണ്. ഇങ്ങനെ മിച്ചംപിടിക്കുന്ന തുക, അത് ഒരു രൂപയിലായാലും നിക്ഷേപം നടത്തുക.
ആവശ്യത്തിന് പണം ഉപയോഗിക്കാതെ കൂട്ടിവെയ്ക്കുന്നതല്ല ഇവിടെ ഉദ്ദേശിച്ചത്. ചെലവുകള്‍ക്ക് കടിഞ്ഞാണിടാതെ ധാരാളിയായി ജീവിക്കുന്നതിനെക്കുറിച്ചാണ്. മള്‍ട്ടിപ്ലക്സില്‍ സിനിമകാണുന്നതോ വല്ലപ്പോഴും പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതോ നിങ്ങള്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡ് ഷൂ വാങ്ങുന്നതോ നിക്ഷേപത്തിന് തടസ്സമാകില്ലെന്ന് മനസിലാക്കുക.
നിക്ഷേപിക്കാനുള്ള മനോഭാവം വളര്‍ത്തുകയെന്നതാണ് പ്രധാനം. ആ മനോഭാവം എങ്ങനെ ഉണ്ടാക്കാം? പേഴ്സില്‍നിന്ന് പണമെടുക്കുമ്പോഴെല്ലാം ഒരുചിന്ത മനസില്‍ ഉയരണം. ഇതെനിക്ക് ഇപ്പോള്‍ അത്യാവശ്യമുള്ളതാണോ? ഈ പണം നിക്ഷേപത്തിനായി ഉപയോഗിച്ചാലോ?
വേണ്ട ഷൂതന്നെയാകട്ടെ എന്നാണ് മനസ് പറയുന്നതെങ്കില്‍ മടിക്കേണ്ട. സമയവും കളയേണ്ട. വിപണിയില്‍നിന്ന് എന്തുവാങ്ങുകയാണെങ്കിലും ഈയൊരുചിന്ത മനസിലുണ്ടായാല്‍മതി. നിങ്ങള്‍ക്കും ധനവാനാകാം. നിങ്ങള്‍ക്കുമുമ്പ് നിക്ഷേപം തുടങ്ങിയവരുടെ ഒപ്പമെത്താനോ അവരെ മറികടക്കാനോ എളുപ്പമല്ലെന്ന് മനസിലാക്കുക. ഒരുദിവസംപോലും വൈകുന്നത് നിങ്ങളുടെ ദീര്‍ഘകാല നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കും.
വായ്പയോട് 'നോ' പറയുക
മിക്കവര്‍ക്കും അറിയാം വായ്പയെടുക്കുന്നത് സാമ്പത്തിക ആരോഗ്യത്തിന് നല്ലതല്ലെന്ന്. എന്നിരുന്നാലും ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനും മറ്റുമായി ആദ്യംതന്നെ വായ്പയെക്കുറിച്ച് ആലോചിക്കുന്നവരാണേറെയും. സീറോ പലിശനിരക്കില്‍ ആകര്‍ഷിക്കപ്പെട്ട് കടക്കെണിയില്‍ കുടുങ്ങുന്നവരാണേറെയും. ഇത്തരം ലോണുകള്‍ നിങ്ങളുടെ പ്രതിമാസ ബജറ്റിനെ ബാധിക്കും.
ഭവനവായ്പയൊഴികെ മറ്റൊരുവായ്പയും എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക. നിലിവിലുള്ള വായ്പകള്‍ അടച്ചുതീര്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കുക. 2020 ലോണ്‍ രഹിത വര്‍ഷമാകട്ടെ.
ആവശ്യത്തിന് ടേം കവറേജ് ഏര്‍പ്പെടുത്തുക
വരുമാനദാതാവിന്റെ അഭാവത്തില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താന്‍ ടേം ഇന്‍ഷുറന്‍സാണ് അനുയോജ്യം.
കുടുംബത്തിന്റെ വാര്‍ഷികവരുമാനത്തിന്റെ 10 മുതല്‍ 15 ഇരട്ടിവരെയുള്ള തുകയ്ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തേണ്ടത്. അഞ്ച് ലക്ഷം രൂപ വാര്‍ഷികവരുമാനമുള്ളയാള്‍ മിനിമം 50 ലക്ഷം രൂപയുടെ കവറേജെങ്കിലും നല്കുന്ന പോളിസി എടുക്കണമെന്ന് ചുരുക്കം.
നിക്ഷേപവും ഇന്‍ഷുറന്‍സും കൂട്ടിക്കലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതായത് ലൈഫ് ഇന്‍ഷുറന്‍സ്, എന്‍ഡോവ്മെന്റ് പോളിസി, മണി ബാക്ക് പോളിസി തുടങ്ങിയവ ഒഴിവാക്കി ടേം ഇന്‍ഷുറന്‍സ് മാത്രം എടുക്കുക. 50 ലക്ഷം കവറേജ് ലഭിക്കാന്‍ 30വയസ്സുള്ള ഒരാള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയോളമാണ് പ്രീമിയമായി നല്‍കേണ്ടിവരിക.
ഇങ്ങനെ ക്രോഡീകരിക്കാം
നിക്ഷേപം ചെറിയതുകയില്‍ ഇന്നുതന്നെ തുടങ്ങാം. നാളേയ്ക്കായി മാറ്റിവെയ്ക്കരുത്. അതിനായി ദിവസം 50 രൂപയെങ്കിലും നീക്കിവെയ്ക്കുക. മുകളില്‍ വിശദമാക്കിയ തീരുമാനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. ദീര്‍ഘകാല ജീവിത ലക്ഷ്യങ്ങളുടെ തുടക്കമാകട്ടെ ഈ പുതുവര്‍ഷം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..