Photo:Gettyimages
രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തില്‍നിന്ന് എംബിഎ നേടി ഗള്‍ഫില്‍ ജോലി ചെയ്യുകയാണ് റിബിന്. ബിസിനസ് മാനേജുമെന്റില്‍ ഉന്നത ബിരുദംനേടിയ അദ്ദേഹത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായി സമ്പാദ്യമൊന്നുമില്ല.
മികച്ച ആദായ സാധ്യതയുള്ള നിക്ഷേപ മാര്‍ഗങ്ങളന്വേഷിച്ചാണ് റിബിന് ഇ-മെയില്‍ അയച്ചത്. സ്ഥിരനിക്ഷേപ പദ്ധതികളിലെ നിക്ഷേപത്തിനാണ് മുന്‍ഗണന നല്കുന്നതെങ്കിലും ഓഹരിയിലും മ്യൂച്വല്‍ ഫണ്ടിലും നിക്ഷേപിക്കാന്‍ തയ്യാറാണ്.
റിസ്ക് എടുക്കാന്‍ അത്രതന്നെ താല്പര്യമില്ല. എങ്കിലും നിക്ഷേപത്തിന് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുകയുംവേണം. പുതിയതായി നിക്ഷേപിക്കാനിറങ്ങുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗവും റിസ്കെടുക്കാനുള്ള മനോഭാവമുള്ളവരാണ്. അതേസമയം, 35 വയസ്സിനുമുകളിലുള്ളവരില്‍പലരും അതിന് തയ്യാറല്ലാത്തവരുമാണ്. ഈ രണ്ടുവിഭാഗക്കാര്‍ക്കും യോജിച്ച നിക്ഷേപമാര്‍ഗം അവതരിപ്പിക്കുകയാണ് പുതിയ പാഠത്തില്‍.
എസ്ഐപി ഓഹരിയില്‍
ഓഹരിയില്‍ നിക്ഷേപിച്ച് പണംകളയാനാണ് എല്ലാവര്ക്കും താല്പര്യം. എന്നാല്‍ എളുപ്പത്തില്‍ അതില്‍നിന്ന് മികച്ച ആദായമുണ്ടാക്കാനുള്ള സാധ്യത അധികമാരും പ്രയോജനപ്പെടുത്താറില്ല. ഏതുതരത്തിലുള്ള നിക്ഷേപകര്‍ക്കും മികച്ച ആദായമുണ്ടാക്കാനുള്ള അവസരമാണ് ഓഹരിയിലെ എസ്ഐപി മാതൃകയിലുള്ള നിക്ഷേപസാധ്യത മുന്നോട്ടുവെയ്ക്കുന്നത്.
മ്യൂച്വല്‍ ഫണ്ടില്‍മാത്രമല്ല, ഓഹരിയിലും എസ്ഐപി(സിറ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍)യായി നിക്ഷേപിച്ച് ദീര്‍ഘകാലത്തില്‍ മികച്ച ആദായംഅവസരമുണ്ട്. മികച്ച ഓഹരികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനായാല്‍ മ്യൂച്വല്‍ ഫണ്ടിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ആദായം നേടാന്‍കഴിയും.
ഓഹരികള്‍ എങ്ങനെ കണ്ടെത്തും?
ഭാവിയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുള്ള സെക്ടറുകള്‍ കണ്ടെത്തി വളര്‍ച്ചാ സാധ്യതകളുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യംചെയ്യേണ്ടത്. ബാങ്ക്, ഓട്ടോ, ടെലികോം, പൊതുമേഖല, ഇന്‍ഷുറന്‍സ് തുടങ്ങിയ സെക്ടറുകളിലായി മികച്ച നിരവധി കമ്പനികളുണ്ട്.
സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയും ലാഭക്ഷമതയും വിലയിരുത്താം. കടബാധ്യതയില്ലാത്ത കമ്പനികളായാല്‍ അത്രയുംനല്ലത്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാം(ഉദാഹരണത്തിന് ഇന്‍ഷുറന്‍സ് മേഖലയില്‍ വളര്‍ച്ചാസാധ്യതയുള്ള ഓഹരികളിലൊന്നാണ് എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷുറന്‍സ്). വൈവിധ്യവത്കരണത്തിനായി ഒരു സെക്ടറില്‍നിന്ന് ഒരുഓഹരിമതിയാകും. നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് വിവിധ സെക്ടറുകളില്‍നിന്ന് അഞ്ച് ഓഹരികള്‍വരെ തിരഞ്ഞെടുക്കാം.
എങ്ങനെ നിക്ഷേപിക്കും?
ഓഹരി ബ്രോക്കര്‍മാരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍വഴി എളുപ്പത്തില്‍ എസ്ഐപി നിക്ഷേപംനടത്താന്‍ കഴിയും. എല്ലാമാസവും നിശ്ചിതദിവസം നിശ്ചിത സമയം ഓഹരികള്‍ വാങ്ങുന്നതിന് ഒറ്റത്തവണയായി നേരത്തെ ഓര്‍ഡര്‍ നല്കാന് കഴിയും. അതായത്, അഞ്ച് ഓഹരികളുടെ ഒരു ബാസ്കറ്റ് ക്രിയേറ്റ് ചെയ്ത് എല്ലാമാസവും 15-ാംതിയതി 10 മണിക്ക് വാങ്ങുന്നരീതിയില്‍ സെറ്റ്ചെയ്തുവെച്ചാല്‍ ആദിവസം നിശ്ചയിച്ച സമയമാകുമ്പോള്‍ ഓഹരികള്‍ തനിയെ വാങ്ങിക്കൊള്ളും. ആവശ്യത്തിന് പണം ട്രേഡിങ് അക്കൗണ്ടില്‍ ലഭ്യമാക്കാന്‍ തലേദിവസം മെയിലില്‍ നിങ്ങള്‍ക്ക് അറിയിപ്പും ലഭിക്കും.
ഒരു ഓഹരിപോലും ഇത്തരത്തില്‍ വാങ്ങാന്‍ കഴിയും. ഉദാഹരണത്തിന് റെയില്‍ വികാസ് നിഗത്തിന്റെ ഒരു ഓഹരിയുടെ വില 30 രൂപ നിലവാരത്തിലാണ്. ഈ ഓഹരിയുടെ എസ്ഐപി ക്രിയേറ്റ് ചെയ്ത് എത്ര ഓഹരി വാങ്ങണമെന്ന് സെറ്റ് ചെയ്താല്‍മതി. ഒരുമാസം 10 രൂപപോലും ഇത്തരത്തില്‍ നിക്ഷേപിക്കാന്‍ കഴിയുമെന്ന് മനസിലാക്കുക. കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ വിവിധ സെക്ടറുകളിലെ ഓഹരികള്‍ക്കായി നിശ്ചിത ശതമാനംതുക നീക്കിവെയ്ക്കുന്ന രീതി സ്വീകരിക്കാം. പ്രതിമാസം 5000 രൂപ നിക്ഷേപിക്കാനാണ് ഉദേശിക്കുന്നതെങ്കില്‍ തിരഞ്ഞെടുത്ത മൂന്ന് ഓഹരികളിലായി നിശ്ചിത ശതമാനംതുക വീതിക്കാം. എപ്പോള്‍ വേണമെങ്കിലും എസ്ഐപി നിര്‍ത്താനും പിന്നീട് തുടരാനും കഴിയുമെന്നതാണ് പ്രത്യേകത. എസ്ഐപി ക്യാന്‍സല്‍ ചെയ്യാനും മോഡിഫൈചെയ്യാനും ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ സാധ്യതകളുണ്ട്.
സ്മോള്‍ കെയ്സ്
നിക്ഷേപിക്കാന്‍ ക്യാപ്സൂള്‍ പോര്‍ട്ട്ഫോളിയോകള്‍ അവതരിപ്പിച്ചിട്ടുള്ള സ്മോള്‍ കെയ്സുകളും സഹായത്തിനെത്തും. വിദഗ്ധരായ ഓഹരി അനലിസ്റ്റുകളാണ് തീമുകളും സ്ട്രാറ്റജികളും ലക്ഷ്യങ്ങളുമുള്ള പോര്‍ട്ട്ഫോളിയോകള്‍ തയ്യാറാക്കിയിട്ടുള്ളത്. 11 ഓഹരി ബ്രോക്കര്‍മാരാണ് സ്മോള്‍ കെയ്സിനെ പിന്തുണക്കുന്നത്. സ്മോള്‍ കെയ്സില് ലോഗിന്‍ചെയ്ത് എസ്ഐപി സെറ്റ് ചെയ്യാന്‍ ട്രേഡിങ് അക്കൗണ്ടുകളില്‍ സൗകര്യമുണ്ട്. 100 രൂപയും ജിഎസ്ടിയുംമാത്രമാണ് ഒരു പോര്‍ട്ട്ഫോളിയോ തിരഞ്ഞെടുക്കാനായി ചാര്‍ജ് ചെയ്യുന്നത്. ഇത് ഒറ്റത്തവണയുള്ള നിരക്കാണ്.
ബ്രാന്‍ഡ് വാല്യൂ, ഓള് വെതര്‍ ഇന്‍വെസ്റ്റിങ്, ഇലക്രിട് മൊബിലിറ്റി, ഫാര്‍മ ട്രാക്കര്‍, ഇക്വിറ്റി ആന്‍ഡ് ഗോള്‍ഡ് എന്നിങ്ങനെയുള്ള നിരവധി പോര്‍ട്ട്ഫോളിയോകള്‍ സ്മോള്‍ കെയ്സ് അവതരിപ്പിച്ചിട്ടുണ്ട്. പോര്‍ട്ട്ഫോളിയോയില്‍ ഓഹരികള്‍ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനും നിക്ഷേപകന് അവസരമുണ്ട്. സ്വന്തമായി പോര്‍ട്ട്ഫോളിയോ ഉണ്ടാക്കാനും കഴിയും.
നിക്ഷേപ തന്ത്രം
10 വര്‍ഷമെങ്കിലും മുന്നില്‍കണ്ട് പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ആറുമാസംകൂടുമ്പോള്‍ കമ്പനികളുടെ പ്രകടനവും പ്രവര്‍ത്തനഫലവും പരിശോധിച്ച് ഓഹരികള്‍ ഒഴിവാക്കാനും കൂട്ടിച്ചേര്‍ക്കാനുമുള്ള അവസരം ബുദ്ധിപൂര്‍വം പ്രയോജനപ്പെടുത്തണം. വിവിധ മാര്‍ക്കറ്റ് സൈക്കിളുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ മികച്ച ആദായം ഭാവിയില്‍ ലഭിക്കുമെന്നുമാത്രമല്ല, നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും. വിപണി ഏറെ താഴെപ്പോകുമ്പോള്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഓഹരികളുടെ വില സ്വാഭാവികമായും കുറയും. അപ്പോള്‍ കൂടുതല്‍ തുക നിക്ഷേപിച്ചാല്‍ ഭാവിയില്‍ പ്രതീക്ഷിക്കാന്‍കഴിയാത്തഅത്ര സമ്പത്തുണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ഉദാഹരണത്തിന് പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. വിപണി ഇടിയുമ്പോള്‍ നിശ്ചയിച്ച ഓഹരികളുടെ വിലയിലും കുറവുണ്ടാകും. അപ്പോള്‍ അതിന് ആനുപാതികമായി നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം വര്‍ധിപ്പിക്കാം. നിക്ഷേപതുക വര്‍ധിപ്പിച്ചും ഓഹരികളുടെ എണ്ണംകൂട്ടാം.
മ്യൂച്വല്‍ ഫണ്ട് എസ്ഐപി?
ഓഹരിയില്‍ നേരിട്ട് നിക്ഷേപിച്ചാല്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപിയില്‍നിന്നും ലഭിക്കുന്നതില്‍കൂടുതല്‍ ആദായം ലഭിക്കുമെന്നകാര്യത്തില്‍ സംശയമില്ല. ഫണ്ട് മാനേജ് നിരക്കും ഏജന്റുമാരുടെ കമ്മീഷനുമൊന്നും നിക്ഷേപന് ബാധ്യതയാവില്ല. ശരാശരി രണ്ടുശതമാനമാണ് ഫണ്ടുകള്‍ ചാര്‍ജിനത്തില്‍ നിക്ഷേപകരില്‍നിന്ന് ഈടാക്കുന്നത്. ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപംനടത്തുകയാണെങ്കില്‍(ഡയറക്ട് പ്ലാന്‍)ഒരുശതമാനത്തില്‍താഴെമാത്രമാണ് നിരക്ക്.
ഓഹരിയില്‍ എസ്ഐപി നിക്ഷേപം നടത്തുമ്പോള്‍ ബ്രോക്കിങ് ഫീസ്, സെക്യൂരിറ്റി ട്രാന്സാക്ഷന് ട്രാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയാണ് നല്‍കേണ്ടത്. ഫണ്ടിലെ നിക്ഷേപവുമായി താരതമ്യംചെയ്യുമ്പോള്‍ ഇത് കുറവാണ്. വാര്‍ഷിക പരിപാലന ചെലവും ബ്രോക്കിങ് ഹൗസുകള്‍ക്ക് നല്‍കണം. ബ്രോക്കിങ് ഫീസ് ഈടാക്കാത്ത ഡിസ്കൗണ്ട് ബ്രോക്കര്‍മാരുമുണ്ട്. ഓണ്‍ലൈനില്‍ അക്കൗണ്ട് തുടങ്ങി നിക്ഷേപം നടത്താം. ഏതുബ്രോക്കര്‍മാര്‍വഴി നിക്ഷേപം നടത്തിയാലും ഓഹരികള്‍ സൂക്ഷിക്കുന്നത് എന്എസ്ഡിഎല്, സിഡിസിഎല്‍ ഇവയിലേതെങ്കിലും ഡെപ്പോസിറ്ററികളിലായിരിക്കും.
റിസ്ക് എടുക്കാന്‍ താല്പര്യമില്ലത്തവര്
ഇത്തരക്കാര്‍ക്ക് യോജിച്ച ഇടിഫ് (മോട്ടിലാല്‍ ഒസ് വാള് നാസ്ദാക്ക് 100 ഇടിഫ്) നിര്‍ദേശിക്കുന്നു. ട്രേഡിങ് അക്കൗണ്ടുവഴിമാത്രമാണ് ഇടിഎഫില്‍ നിക്ഷേപിക്കാന്‍ കഴിയുക. വിദേശ കമ്പനികളുടെ ഓഹരികളിലാണ് എന്‍ 100 എന്ന് എന്‍എസ്ഇയില്‍ അറിയപ്പെടുന്ന ഇടിഎഫ് നിക്ഷേപം നടത്തുന്നത്. ആപ്പിള്‍, മൈക്രോ സോഫ്റ്റ് കോര്പ്പറേഷന്, ആമസോണ്‍, ടെസ് ല, ഫേസ്ബുക്ക്, ആല്‍ഫബെറ്റ് തുടങ്ങിയ വന്‍കിട കമ്പനികളിലാണ് നിക്ഷേപം. നാസ്ദാക്ക് 100 സൂചിക അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. നിലവില്‍ ഒരു യൂണിറ്റിന്റെ വില 930 രൂപ(ജനുവരി 19, 2021)യാണ്. ആയിരം രൂപ പ്രതിമാസം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു യൂണിറ്റുവീതം എല്ലാമാസവും വാങ്ങാം. ഒരുവര്‍ഷത്തിനിടെ 47ശതമാനം റിട്ടേണാണ് ഇടിഎഫ് നല്‍കിയിട്ടുള്ളത്. മൂന്നുവര്‍ഷത്തിനിടെ 30 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ 26.34ശതമാനവും ആദായവും നിക്ഷേപകന് നല്കി.
ചുരുക്കത്തില്‍:
ഭാവിയില്‍ വളര്‍ച്ചാ സാധ്യതയുള്ള സെക്ടറുകള്‍ കണ്ടെത്തുക. അവയില്‍നിന്ന് മികച്ച അടിസ്ഥാനമുള്ള ഓഹരികള്‍ തിരഞ്ഞെടുക്കുക. പ്രതിമാസം നിശ്ചതശതമാനം വീതം തുക ഈ ഓഹരികളില്‍ നിക്ഷേപിക്കുക. ഇടയ്ക്ക് കമ്പനികളുടെ പ്രകടനം വിലയിരുത്തുക. വിപണി ഇടിയുമ്പോള്‍ കഴിയുമെങ്കില്‍ നിക്ഷേപ തുകയില്‍ വര്ധനവരുത്തുക.
10,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാല്‍ 20ശതമാനമെങ്കിലും വാര്‍ഷികാദായം ലഭിച്ചാല്‍ 15 വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപം 1.13 കോടിയായി വര്‍ധിച്ചിട്ടുണ്ടാകും. 18 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..