Photo:Gettyimages
100ശതമാനത്തിലേറെ നേട്ടമുണ്ടായിരുന്നപ്പോഴായിരുന്നു സുഹൃത്തിന്റെ നിര്‍ദേശപ്രകാരം സുനീഷ് സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയത്. ഓഹരി സൂചികകള്‍ റെക്കോഡ് ഉയരത്തിലെത്തിയപ്പോഴായിരുന്നു അത്. പ്രധാന സൂചികകളായ സെന്‍സെക്‌സിനെയും നിഫ്റ്റിയെയും മറികടന്ന് മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ കുതിച്ചസമയം.
മൂന്ന് സമോള്‍ ക്യാപ് ഫണ്ടുകളിലായി അദ്ദേഹം 10,000 രൂപവീതമാണ് എസ്‌ഐപിയായി നിക്ഷേപിച്ചുവരുന്നത്. ഈയിടെയാണ് ഫണ്ടുകളിലൊന്ന് നെഗറ്റീവ് റിട്ടേണ്‍ കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. നിക്ഷേപിച്ച 1,20,000 രൂപ 1,18,818 രൂപയായി കുറഞ്ഞിരിക്കുന്നു. അതേസമയം, മറ്റുപല കാറ്റഗറികളിലെ ഫണ്ടുകളും 15ഉം 18ഉം ആദായം കാണിക്കുന്നുമുണ്ട്. 100ശതമാനത്തില്‍നിന്ന് ഒരുവര്‍ഷത്തിനിടെ നെഗറ്റീവ് റിട്ടേണിലേയ്ക്കുള്ള തകര്‍ച്ച സുനീഷിന് താങ്ങാനായില്ല.
നിക്ഷേപ പദ്ധതികളുടെ റിസ്‌ക് മനസിലാക്കാതെയുള്ള നിക്ഷേപമാണ് സുനീഷിനെ കടുത്ത സമ്മര്‍ദത്തിലാക്കിയത്. ഒടുവില്‍ നഷ്ടംസഹിച്ചാണെങ്കിലും സ്‌മോള്‍ ക്യാപില്‍നിന്ന് താരതമ്യേന റിസ്‌ക് കുറഞ്ഞ ഹൈബ്രിഡ് ഫണ്ടുകളിയേക്ക് മാറാനുള്ള തീരുമാനമെടുക്കേണ്ടിവന്നു.
നഷ്ടത്തിന്റെ വഴികള്‍
വിപണി റെക്കോഡ് നേട്ടത്തിലായിരുന്ന 2021 ഒക്ടോബറില്‍ മ്യച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങിയവര്‍ ഇപ്പോള്‍ ആശങ്കയിലാണ്. അവരുടെ പോര്‍ട്ട്‌ഫോളിയോ മിക്കവാറും നഷ്ടത്തിലായിട്ടുണ്ടാകും. ചിലര്‍ക്ക് നിരാശയും ദേഷ്യവുമൊക്കെ തോന്നുന്നു. നഷ്ടംകൂടുതലുള്ള മിഡ്ക്യാപിലും സ്‌മോള്‍ ക്യാപിലും സെക്ടര്‍ ഫണ്ടുകളിലുമുള്ള നിക്ഷേപം നിര്‍ത്താനോ മൊത്തം പണവും പിന്‍വലിക്കാനോ നോക്കുന്നു. മറ്റുചിലരാകട്ടെ അപ്പോഴും തരക്കേടില്ലാത്ത നേട്ടമുള്ള ഫണ്ടുകളിലേയ്ക്ക് നിക്ഷേപം മാറ്റുന്നു.
രണ്ടുവര്‍ഷത്തിനുശേഷം വിപണിയില്‍ തുടര്‍ച്ചയായി നഷ്ടത്തിന്റെയും ചാഞ്ചാട്ടത്തിന്റെയും ദിനങ്ങളാണിപ്പോഴുള്ളത്. പുതിയതായി വിപണിയിലെത്തിയവര്‍ ഓഹരി നിക്ഷേപത്തിലെ നഷ്ടസാധ്യതയെക്കുറിച്ച് ബോധവാന്മാരകാന്‍ തുടങ്ങിയിരിക്കുന്നു. വിപണി കുതിച്ചപ്പോള്‍ ഭാവിയിലെ നഷ്ടസാധ്യതകളും അടിസ്ഥാന നിക്ഷേപതത്വങ്ങളും അവഗണിച്ച് നിക്ഷേപംനടത്തിയവര്‍ സ്വയം വഞ്ചിതരായോയെന്ന് സംശയിക്കുന്നു.
തകര്‍ച്ചയുടെ കാലം
എല്ലാകാലത്തും ഒരേദിശയിലല്ല ഓഹരി വിപണി സഞ്ചരിക്കുക. പരമാവധിനേട്ടമുണ്ടാക്കാനുള്ള സാധ്യത മുന്നോട്ടുവെയ്ക്കുന്നതും ഈ ചാഞ്ചാട്ട സ്വഭാവമാണ്. സൂചികകള്‍ ബുള്ളിഷ് ആകുമ്പോള്‍ ഐപിഒകള്‍ കൂട്ടത്തോടെ വരുന്നതിന്റെ മനശാസ്ത്രം നിക്ഷേപകരുടെ ചിന്തകളോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ നിക്ഷേപകര്‍ എന്തുവിലകൊടുത്തും നിക്ഷേപിക്കാന്‍ തയ്യാറാകുന്നു. അതേസമയം, തിരുത്തലുണ്ടാകുമ്പോള്‍ പണമിറക്കാന്‍ മടിച്ച് പിന്മാറുകയുംചെയ്യുന്നു.
വിപണിയുടെ അടിസ്ഥാന സ്വഭാവം മനസിലാക്കിയാല്‍ ഇത്തരമൊരു നീക്കം നിക്ഷേപകന്റെ ഭാഗത്തുനിന്നുണ്ടാവില്ല. നിക്ഷേപ ലക്ഷ്യം, നിക്ഷേപ കാലയളവ്, റിസ്‌ക് എടുക്കാനുള്ള കഴിവ് എന്നിവയെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ടാകണം. വേഗത്തില്‍ സമ്പന്നനാകാമെന്നുകരുതി വിപണിയിലെത്തുന്നവരാണ് പിന്നീട് വഞ്ചിക്കപ്പെട്ടവരായി സ്വയം പരിതപിക്കുന്നത്. വേഗത്തില്‍ സമ്പന്നനാകുകയല്ല, ചിട്ടയായി നിക്ഷേപിച്ച് ഭാവിയില്‍ മികച്ചനേട്ടമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അറിയുക.
കാലം വിചിത്രം
ഓഹരി വിപണിയില്‍ അസാധാരണവും അപൂര്‍വവുമായ സംഭവവികസാങ്ങളാണ് രണ്ടുവര്‍ഷത്തിനിടെയുണ്ടായത്. കോവിഡിനെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ തകര്‍ന്നടിഞ്ഞ വിപണിയിലെ പെട്ടെന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ് ആര്‍ക്കും പ്രവചിക്കാനായില്ല. ആഗോളതലത്തില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളെടുത്ത നടപടി വിപണിക്ക് അനുകൂലമായി. ഓഹരി നിക്ഷേപത്തെ തള്ളിപ്പറയുന്നവരില്‍ എന്നും മുമ്പന്തിയില്‍നിന്നിരുന്ന മലയാളികള്‍ അതെല്ലാംമറന്ന് നേട്ടത്തിന്റെ പിന്നാലെ പാഞ്ഞു. രണ്ടുവര്‍ഷത്തിനിടെ രാജ്യത്തെ ഓഹരി ഇടപാട് അക്കൗണ്ടുകളുടെ എണ്ണം 3.6 കോടിയില്‍നിന്ന് 7.7 കോടിയായി ഉയര്‍ന്നു. ഒരുകാലത്തുമില്ലാത്ത രീതിയില്‍ നിക്ഷേപകര്‍ വിപണിയിലേയ്ക്ക് ഇരച്ചുകയറി.
വിപണിയിലെ പഴയ സിദ്ധാന്തങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് തെളിയിച്ച മുന്നേറ്റമായിരുന്നു പിന്നീട് കണ്ടത്. കോവിഡിന്റെ തകര്‍ച്ചയില്‍നിന്ന് എന്നെങ്കിലുമൊരിക്കല്‍ വിപണി ചിറകുവിരിച്ച് ഉയരുമെന്നുമാത്രമാണ് വിശകലന വിഗദ്ധര്‍ വിലയിരുത്തിയിരുന്നത്. ഒന്നോ രണ്ടോമാസംമാത്രം നീണ്ടുനിന്ന തകര്‍ച്ചയില്‍നിന്ന് മികച്ച ഉയരങ്ങള്‍ കീഴടക്കി മുന്നേറിയതാണ് നിക്ഷേപ ലോകത്തെ ഞെട്ടിച്ചത്. ലോകംമുഴുവന്‍ അടച്ചിടല്‍ ഭീഷണി നേരിട്ടകാലത്താണിതെന്നോര്‍ക്കണം.
വരാനിരിക്കുന്ന ഭീഷണി
കോവിഡിന്റെ ആഘാതത്തെ ചെറുക്കാന്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ വിപണിയില്‍ പണലഭ്യത ഉയര്‍ത്തിയത് പണപ്പെരുപ്പത്തിന് കാരണമായി. അതില്‍നിന്ന് ഘട്ടംഘട്ടമായി പിന്‍വലിയേണ്ട സാഹചര്യമാണ് ഇപ്പോള്‍ അനിവാര്യമായിരിക്കുന്നത്. അതിനുവേണ്ടി പലിശ നിരക്ക് ഉയര്‍ത്തുകയെന്ന പോംവഴിയാണ് ആര്‍ബിഐ ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍ക്കുള്ളത്. അതില്‍നിന്ന് ലഭിക്കുന്ന സൂചന, സാമ്പത്തിക വളര്‍ച്ച ഇനി മന്ദഗതിയിലായേക്കാമെന്നതാണ്. ഓഹരികള്‍ക്കു പിന്നാലെ കുതിക്കാന്‍ വിപണിയില്‍ പണമുണ്ടാകില്ലെന്ന് ചുരുക്കം. ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്ന വിപണി യാഥാര്‍ഥ്യമറിഞ്ഞ് ന്യായമായ നിലവാരത്തിലേയ്ക്ക് എത്താനതിടയാക്കും.
സ്വീകരിക്കാം ഈതന്ത്രം
ഇനി സുനീഷിലേയ്ക്കുവരാം. ഓഹരിയെയും അവയില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ശ്രമിക്കുക. ലക്ഷ്യങ്ങളും റിസ്‌ക് എടുക്കാനുള്ള കഴിവും വിലയിരുത്തി അനുയോജ്യമായ പദ്ധതിയിലാണ് നിക്ഷേപം നടത്തുന്നതെന്ന് ഉറപ്പാക്കുക. റിസ്‌ക്-എന്നുകേട്ട് ഭയപ്പെട്ട് പിന്മാറുകയല്ല ചെയ്യേണ്ടത്. വിപണി അധിഷ്ഠിത പദ്ധതികളില്‍ അന്തര്‍ലീനമായിരിക്കുന്ന റിസ്‌ക് നേട്ടത്തിനുള്ള സാധ്യതകളാണ് തുറന്നുതരുന്നതെന്ന ബോധ്യമുണ്ടാകണം. അതിനെ മറികടക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.
നഷ്ടത്തെ പ്രതിരോധിക്കാന്‍ എത്രത്തോളം കഴിയുമെന്ന് വിലയിരുത്തി മികച്ച ആദായം നേടാനുള്ള വഴികളിലൂടെയാകണം ഇനി യാത്ര. ഉദാഹരണത്തിന് ഒരു യാഥാസ്ഥിതിക നിക്ഷേപകനാണെങ്കില്‍, സ്‌മോള്‍ ക്യാപ് ഫണ്ടുകള്‍ക്ക് പിന്നാലെ പോകരുത്. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വരുത്തിയ തെറ്റ് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. കൂടുതല്‍ ആദായം നല്‍കിയ മ്യൂച്വല്‍ ഫണ്ടുകള്‍ക്കുപിന്നാലെയല്ല പോകേണ്ടത്. ഇപ്പോഴത്തെ ആദായം ഭാവിയില്‍ ആവര്‍ത്തിക്കണമെന്ന് ഒരു ഉറപ്പുമില്ലെന്നകാര്യം അറിയുക.
നിക്ഷേപിച്ചിട്ടുള്ള പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. ഫണ്ടിന്റെ സവിശേഷത, നിക്ഷേപരീതി, ഏത് വിഭാഗം ഓഹരികളിലാണ് നിക്ഷേപം തുടങ്ങിയവ പരിശോധിച്ചാല്‍ അത്യാവശ്യവിവരം ലഭിക്കും. പദ്ധതി യോജിച്ചതാണോയന്ന് അതിലൂടെ വിലയിരുത്താനുമാകും. മുന്നോട്ടുപോകാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ അടുത്തഘട്ടത്തിലേയ്ക്കുകടക്കാം.
antonycdavis@gmail.com
Content Highlights: Should I continue to invest in mutual funds?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..