മാന്ദ്യഭീതിയില്‍നിന്ന് ഇരട്ടയക്കനേട്ടം: യു.എസ് ഓഹരികളില്‍ എളുപ്പത്തില്‍ നിക്ഷേപിക്കാം


ഡോ.ആന്റണി സി. ഡേവിസ്വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വിദേശ ഓഹരികളില്‍ നിക്ഷേപിക്കാന്‍ മികച്ച അവസരമാണിപ്പോഴുള്ളത്. ടെക് ഭീമന്മാരുള്‍പ്പെട്ട നാസ്ദാക്ക് സൂചികയിലെ ഓഹരികള്‍ കുറഞ്ഞ നിലവാരത്തില്‍ ലഭ്യമാണ്. 

പാഠം 185

Photo:Gettyimages

വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സുനീഷ് യു.എസ് ഓഹരികളിലേയ്ക്കുകൂടി നിക്ഷേപം വ്യാപിപ്പിച്ചത്. ആഗോള ടെക് ഭീമന്മാരുടെ സംഗമകേന്ദ്രമായ യു.എസിലെ നാസ്ദാക്ക് സൂചിക അടിസ്ഥാനമാക്കിയുള്ള ഇ.ടി.എഫിലായിരുന്നു നിക്ഷേപം. ഒരുവര്‍ഷം മുമ്പുവരെ 50 ശതമാനത്തിലേറെയായിരുന്നു നേട്ടം. ഇപ്പോള്‍ 21ശതാനം നെഗറ്റീവ് റിട്ടേണിലെത്തിയിരിക്കുന്നു.

നാസ്ദാക്കിലെ തകര്‍ച്ച
ലോകത്തെതന്നെ ഏറ്റവും മികച്ച ടെക്‌നോളജി സ്‌റ്റോക്കുകള്‍ ഉള്‍പ്പെടുന്ന നാസ്ദാക്ക് 100 സൂചിക 2022 ജനുവരി മുതല്‍ തകര്‍ച്ചയിലാണ്. വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് അടിക്കടി നിരക്ക് കൂട്ടിയതാണ് സൂചികയെ ബാധിച്ചത്. ഇതിനുമുമ്പ് ഡോട്ട്‌കോം ബബിളിന്റെ ഭാഗമായി 2000 മാര്‍ച്ചിലാണ് സൂചിക കനത്ത തകര്‍ച്ച നേരിട്ടത്. സൂചികയ്ക്ക് അന്ന് 80ശതമാനത്തോളം നഷ്ടമായി. പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പിനായി 2002 ഒക്ടോബര്‍വരെ കാത്തിരിക്കേണ്ടിവന്നു. 2022 ജനുവരി മുതലുള്ള പ്രകടനം വിലയിരുത്തിയാല്‍ നാസ്ദാക്കിലെ തകര്‍ച്ച 30ശതമാനത്തിലേറെയാണെന്നുകാണാം. യു.എസിലെ മറ്റൊരു പ്രധാന സൂചികയായ എസ്.ആന്‍ഡ്.പി 500 23ശതമാനവും താഴ്ന്നു.

ആപ്പിള്‍, ആല്‍ഫബെറ്റ്, ആമസോണ്‍, ടെസ് ല, ഫേസ്ബുക്ക്(മെറ്റ), മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ വന്‍കിടക്കാരാണ് നാസ്ദാക്കിനെ നിയന്ത്രിക്കുന്നത്. ടെസ് ലയും ഫേസ്ബുക്കും ഒഴികെയുള്ളവയില്‍ ഭൂരിഭാഗവും 2005ന് മുമ്പ് ലിസ്റ്റ് ചെയ്തവയാണ്. 2010ലായിരുന്നു ടെസ് ലയുടെ ലിസ്റ്റിങ്. ഫേസ്ബുക്ക് 2012ലും.

എന്തുകൊണ്ട് ടെക് ഭീമന്മാര്‍?
കോവിഡ് മഹാമാരി പ്രതിസന്ധി തീര്‍ത്തപ്പോള്‍ സമ്പദ്ഘനടകളെ ഉത്തേജിപ്പിക്കാന്‍ ആഗോളതലത്തില്‍ രാജ്യങ്ങള്‍ വിവിധ പാക്കേജുകള്‍ പ്രഖ്യാപിച്ചു. ഐ.ടി ഉള്‍പ്പടെയുള്ള സാങ്കേതിക വിഭാഗം ഓഹരികള്‍ക്കാണ് അത് ഏറെ ഗുണകരമായത്. ഇപ്പോള്‍, പണപ്പെരുപ്പത്തെ നേരിടാന്‍ ആഗോളതലത്തില്‍ കേന്ദ്ര ബാങ്കുകള്‍ നിരക്ക് കൂട്ടുകയാണ്. ഭാവിയിലെ ലാഭസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലില്‍ നിരക്ക് വര്‍ധന ടെക് കമ്പനികള്‍ക്ക് ഭീഷണിയാകുകയുംചെയ്തു. നിലവിലെ സാഹചര്യത്തിന് മാറ്റംവരാന്‍ എത്രകാലമെടുക്കുമെന്ന് പറയാന്‍ കഴിയില്ല.

നിക്ഷേപ പരിധി
മോട്ടിലാല്‍ ഒസ്‌വാള്‍ നാസ്ദാക്ക് ഇ.ടി.എഫ് വഴിയായിരുന്നു സുനീഷിന്റെ നിക്ഷേപം. വിദേശ ഓഹരികളില്‍ നകിക്ഷേപിക്കുന്നതിന് രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഫണ്ട് ഹൗസിന് നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു(മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വിദേശ സെക്യൂരിറ്റികളിലും ഫണ്ടുകളിലും നിക്ഷേപിക്കുന്നതിന് ഇന്‍ഡസ്ട്രി തലത്തില്‍ ഏഴ് ബില്യണ്‍ ഡോളറാണ് പരിധി). ഇതേതുടര്‍ന്ന് വന്‍തോതിലുള്ള നിക്ഷേപം സ്വീകരിക്കുന്നത് എ.എം.സി നിര്‍ത്തിവെച്ചിരുന്നു. അതുകൊണ്ടുതന്നെ പുതിയ യൂണിറ്റുകള്‍ ക്രിയേറ്റ് ചെയ്തിരുന്നില്ല. ഇ.ടി.എഫ് ആയതിനാല്‍ ഓഹരി വിപണിയില്‍ ഇടപാട് (വാങ്ങല്‍ വില്‍ക്കലുകള്‍) നടക്കുമെങ്കിലും നാസ്ദാക്ക് സൂചികയില്‍നിന്ന് കാര്യമായ വ്യതിചലനം ഇടിഎഫിലെ റിട്ടേണില്‍ പ്രതിഫലിച്ചു.

ട്രാക്കിങ് വ്യതിയാനം
അടിസ്ഥാന സൂചികയ്‌ക്കൊപ്പമായിരിക്കും ഇന്‍ഡക്‌സ് ഫണ്ടും ഇടിഎഫും മുന്നോട്ടുപോകുക. അതിനോടൊപ്പം കൊണ്ടുപോകുകയെന്നതാണ് ഫണ്ട് മാനേജരുടെ ദൗത്യം. സൂചികയ്‌ക്കൊപ്പം ഫണ്ടിന് നീങ്ങാന്‍ കഴിയാതാകാതെ വരുന്ന സാഹചര്യമാണ് 'ട്രക്കിങ് എറര്‍'. ഉദാഹരണത്തിന് നാസ്ദാക്ക് 100 ഇടിഎഫ് 0.90ശതമാനം ഉയരുകയും നാസ്ദാക്ക് 100 സൂചിക ഒരു ശതമാനം മുന്നേറുകയും ചെയ്താല്‍ അത് ട്രാക്കിങ് വ്യതിയാനമായി കണക്കാക്കാം. അടിസ്ഥാന സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഡക്‌സ് ഫണ്ടിലോ ഇടിഎഫിലോ ഉണ്ടാകുന്ന റിട്ടേണ്‍ വ്യതിയാനമാണ് ട്രാക്കിങ് എറര്‍ എന്നു ചുരുക്കം. വ്യത്യസ്ത കാരണങ്ങളാല്‍ ഇത് സംഭവിക്കും.

നിക്ഷേപകനില്‍നിന്ന് പണം ലഭിക്കുന്ന അതേസമയത്തായിരിക്കില്ല ഫണ്ട് കമ്പനിക്ക് ഓഹരികളില്‍ നിക്ഷേപം നടത്താന്‍ കഴിയുക. ഓഹരി അലോട്ട്‌മെന്റ് കാലയളവിലും വ്യത്യാസവുമുണ്ടായേക്കാം. വഴിതെറ്റി ഓടാന്‍ ഇത് കാരണമാകും. ഓരോദിവസവും വാങ്ങലുകളും വില്‍ക്കലുകളും നടക്കുന്നതിനാലും റിട്ടേണില്‍ വ്യതിയാനമുണ്ടാകും. മോട്ടിലാല്‍ ഒസ്‌വാളിന്റെ നാസ്ദാക്ക് 100 ഇടിഎഫില്‍ നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയപ്പോള്‍ ഇത്തരത്തില്‍ വ്യതിയാനം സംഭവിച്ചു. പുതിയതായി യൂണിറ്റുകള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തിവെച്ചതിനാല്‍ വിപണി വിലയിലായിരുന്നു ഇടിഎഫിന്റെ ഇടപാട് നടന്നിരുന്നത്.

നിക്ഷേപിക്കാമോ?
നാസ്ദാക്ക് സൂചികയിലെ മുന്‍നിര ഓഹരികള്‍ അടിസ്ഥാനപരമായി ശക്തമാണ്. ആഗോള ഉപഭോക്തൃ അടിത്തറ ഈ ഓഹരികള്‍ക്കുണ്ട്. പ്രത്യേകിച്ച് ഏഷ്യയില്‍. വിലക്കയറ്റവും ഉയര്‍ന്ന പലിശ നിരക്കുകളും വികസിത വിപണികളെ പിടിച്ചുലയ്ക്കുമ്പോള്‍ ബ്രസീല്‍, ഇന്ത്യ തുടങ്ങിയ വിപണികള്‍ ഇപ്പോഴും മികച്ച നിലയിലാണ്. ഏഷ്യന്‍ വിപണിയില്‍ ഫേസ്ബുക്ക്(മെറ്റ), ആപ്പിള്‍, ആല്‍ഫബെറ്റ്(ഗൂഗിള്‍) എന്നീ കമ്പനികള്‍ക്ക് ഇപ്പോഴും മികച്ച സാന്നിധ്യമുണ്ട്. കഴിഞ്ഞവര്‍ഷം 16,189 കോടി രൂപയാണ് മെറ്റ ഇന്ത്യ പരസ്യവരുമാനത്തില്‍ നേടിയത്. മുന്‍വര്‍ഷത്തേക്കാള്‍ 74ശതമാനം വര്‍ധന കമ്പനിക്ക് നേടാനായി. ആഗോളതലത്തില്‍ നിരക്ക് വര്‍ധനയില്‍നിന്ന് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പിന്മാറിയാല്‍ ചിത്രം വ്യത്യസ്തമാകും. ഈ ഓഹരികള്‍ കുതിപ്പിന്റെ പാതയിലേയ്ക്കുകയറും. അതുകൊണ്ടുതന്നെ ദീര്‍ഘകാലയളവ് മുന്നില്‍കണ്ടാണ് നിക്ഷേപമെങ്കില്‍ മികച്ച അവസരമാണ് മുന്നിലുള്ളതെന്നതിന് സംശയമില്ല.

അമേരിക്കന്‍ ടെക് ഭീമന്മാരുടെ സൂചിക 25 മടങ്ങ് കുറഞ്ഞ മൂല്യത്തിലാണ് ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത്. വ്യക്തിഗത ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുപകരം ഇ.ടി.എഫുകളിലോ ഫണ്ട് ഓഫ് ഫണ്ടു(ഇ.ടി.എഫില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍)കളിലോ നിക്ഷേപം തുടരുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. മോട്ടിലാല്‍ ഒസ്‌വാളിന്റെ തന്നെ നാസ്ദാക്ക് 100 ഇടിഎഫ് വീണ്ടും വന്‍കിട നിക്ഷേപം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കൊട്ട്ക് മഹീന്ദ്രയുടെ നാസ്ദാക്ക് 100 ഫണ്ട് ഓഫ് ഫണ്ട്‌സ് ഉള്‍പ്പടെയുള്ളവിയിലും നിക്ഷേപിക്കാന്‍ അവസരമുണ്ട്.

യു.എസ് ബോണ്ടുകളിലെ കുതിപ്പും ഡോളര്‍ സൂചികയുടെ മുന്നേറ്റവും യു.എസ് ഇക്വിറ്റികളില്‍ ഹ്രസ്വ-ഇടക്കാലയളവില്‍ കനത്ത ചാഞ്ചാട്ടം തുടരാനിടയാക്കിയേക്കാം. അതായത് നാസ്ദാക്കിലും അസ്ഥിരത തുടരാനാണ് സാധ്യത. ഇക്കാര്യം കണക്കിലെടുത്ത് പക്വതയോടെയും ക്ഷമയോടെയും ഇടപെടാന്‍ കഴിയുന്നവര്‍ക്ക് വലിയ സാധ്യതാണ് യു.എസ് സൂചികകള്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. വ്യക്തിഗത ഓഹരികളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് മെറ്റയും ടെസ് ലയും താഴ്ന്ന നിലവാരത്തില്‍ ലഭ്യമാണ്. യു.എസ് വിപണികളില്‍ ഇന്ത്യന്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടാന്‍ ഇഷ്ടപ്പെടുന്ന ഹോട്ട് ഓഹരികളാണ് ഇവ. പലരും 2021ല്‍ ഈ ഓഹരികള്‍ വാങ്ങിയവരാണ്. പോര്‍ട്ട്‌ഫോളിയോയില്‍ കനത്ത നഷ്ടമാണ് നേരിടുന്നതെങ്കിലും ഇപ്പോഴത്തെ വീഴ്ച അവസരമായി കണക്കാക്കി കൂടുതല്‍ നിക്ഷേപിച്ച് ശരാശരിയിലേയ്ക്ക് കൊണ്ടുവരാം. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ കഴിയുന്നവര്‍ക്ക് ഇത്തരത്തില്‍ വ്യക്തിഗത ഓഹരികളില്‍ നിക്ഷേപമാകാം.

ഇ.ടി.എഫുകള്‍ അല്ലെങ്കില്‍ ഇന്‍ഡക്‌സ് ഫണ്ടുകള്‍ വഴി നിക്ഷേപം നടത്തുന്നത് വ്യക്തിഗത ഓഹരികളിലെ നിക്ഷേപത്തേക്കള്‍ റിസ്‌ക് കുറയ്ക്കാനും പരമാവധി വൈവിധ്യവത്കരിക്കാനും ഉപകരിക്കും. വിദേശ ഓഹരികളില്‍ നിക്ഷേപിച്ച് രണ്ടുതരത്തില്‍ നേട്ടമുണ്ടാക്കാമെന്ന് നേരത്തതന്നെ ഈ കോളത്തില്‍ വിശദീകരിച്ചിരുന്നു. ഓഹരിയിലെ മുന്നേറ്റവും രൂപയുടെ മൂല്യമിടിവുമാണ് നിക്ഷേപകന് പ്രയോജനകരമാകുക.

Queries to:
antonycdavis@gmail.com

Content Highlights: Recession fears in U.S: Opportunity or mayhem?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented