പാഠം 144 | ഓഹരി വിപണി ചീട്ടുകൊട്ടാരംപോലെ തകർന്നുവീണാൽ നേരിടാൻ സജ്ജമാണോ?


ഡോ.ആന്റണി

ജീവിതത്തിന്റെ ഓരോഘട്ടത്തിലെയും പ്രാധാന്യം കണക്കിലെടുത്ത് ആവശ്യങ്ങൾക്കനുസരിച്ച് സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കാൻ കഴിയണം. കയ്യിൽവരുന്നപണം ലക്ഷ്യമൊന്നുമില്ലാതെ എവിടെയൊക്കയോ നിക്ഷേപിക്കുന്നരീതി നല്ലതല്ല. മാർക്കറ്റ് ഉയരുകയോ താഴുകയോ ചെയ്താലും നിക്ഷേപത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് മാറ്റമില്ലെന്ന് ഓർക്കുക.

Photo: Gettyimages

ഗോള വിപണികളുമായി താരതമ്യംചെയ്യുമ്പോൾ അതുല്യമായനേട്ടം സ്വന്തമാക്കിയാണ് രാജ്യത്തെ സൂചികകളുടെ കുതിപ്പ്. 166 ദിവസംമാത്രമെടുത്താണ് സെൻസെക്‌സ് 50,000ത്തിൽനിന്ന് 60,000മെന്ന നാഴികക്കല്ല് പിന്നിട്ടത്. അസ്ഥിരതയാണ് വിപണിയുടെ സവിശേഷതയെങ്കിലും നേട്ടത്തിന്റെകാര്യത്തിൽ ഓഹരിയെ മറികടക്കാൻ മറ്റൊരുആസ്തിക്കുംകഴിയില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുന്നു.

വികസ്വര വിപണികളിൽ വിയറ്റ്‌നാം മാത്രമാണ് ഇന്ത്യക്കൊരു അപവാദം. സെൻസെക്‌സ് 23ഉം നിഫ്റ്റി 25ഉം ശതമാനം കുതിച്ചപ്പോൾ വിയറ്റ്‌നാം വിപണി 35ശതമാനമാണ് നേട്ടമുണ്ടാക്കിയത്. കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ, 2020 മാർച്ചിൽ ലോകമെമ്പാടുമുള്ള വിപണികൾ കുത്തനെയുള്ള വീഴ്ചക്ക് സാക്ഷ്യംവഹിച്ചു. മാസങ്ങൾ പിന്നിടുംമുമ്പെ, കോവിഡിന്റെ ആഘാതം നിലനിൽക്കെതന്നെ എക്കാലത്തെയും ഉയരങ്ങൾ കീഴടക്കി ലോകമെമ്പാടുമുള്ള സൂചികകൾ കുതിക്കുകയുംചെയ്തു. ഈ കുമിള എന്ന് പൊട്ടിതകരുമെന്ന് ശ്വാസമടക്കി ആകാംഷയോടെ കാത്തിരിക്കുകയാണ് നിക്ഷേപലോകം. ദൗർഭാഗ്യകരമെന്നുപറയട്ടെ, കാലാവസ്ഥാ മാപിനിയെപോലെ വിപണിയിലെ ചലനങ്ങൾ അളക്കാൻ ഡിജിറ്റൽ ഉപകരണങ്ങളൊന്നും ലഭ്യമല്ല!

ഓഹരി വിപണിയിലെ കുമിളകൾ
വരുമാനവളർച്ചപോലുള്ള അടിസ്ഥാനങ്ങളിൽ പ്രകടമായ മാറ്റമില്ലാതെ ഓഹരിവില പതിന്മടങ്ങ് വർധിക്കുന്നതാണ് കുമിളയുടെ ആദ്യഅടയാളങ്ങളിലൊന്ന്. ഊഹക്കച്ചവടം വിപണിയിലേക്കുള്ള പണമൊഴുക്ക് എന്നിങ്ങനെ നിരവധികാരണങ്ങൾ അതിനുപിന്നിലുണ്ടാകാം.

വിപണിയിൽ പരിഭ്രാന്തിരൂപപ്പെടുകയും ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയും ചെയ്യുമ്പോൾ ഈ കുമിള പൊട്ടുന്നു. വലിയൊരുകൂട്ടം നിക്ഷേപകർ ലാഭമെടുത്ത് പിന്മാറുന്നതോടെ വിപണി തകർന്നുതരിപ്പണമാകുന്നു. സാമ്പത്തികമാന്ദ്യ സൂചനകൾ (2008ലെ തകർച്ച ഉദാഹണം) വിപണിയെ മൊത്തമായി ബാധിക്കുന്നു. അതല്ലാതെ പ്രത്യേക സെക്ടറുകളിലെ ഓഹരികൾ തകർന്നടിയുന്ന സാഹചര്യവും ഉണ്ടായേക്കാം. 1990കളുടെ ഒടുവിലുണ്ടായ ഡോട്ട്‌കോം ബബിൾ അതിന് ഉദാഹരണമാണ്. ശൂന്യതയിൽനിന്നുണ്ടാകുന്നവയല്ല ഇത്തരം കുമിളകൾ. തെറ്റിദ്ധാരണയുടെ പുറത്ത് രൂപപ്പെടുന്ന യാഥാർഥ്യത്തിന്റെ ഉറച്ച അടിത്തറ ഇവക്കുണ്ടെന്നകാര്യം അറിയുക.

നിലവിലെ സാഹചര്യം
സാമ്പത്തിക സൂചകങ്ങൾ അത്രതന്നെ അനുകൂലമല്ലെങ്കിലും വിപണി കുതിപ്പിന്റെ പാതയിലാണ്. ചെറിയതോതിലുള്ള തിരുത്തലുകൾ ഇടക്കൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും കുമിളപോലെ ഉയർന്നുപൊങ്ങിയ വിപണി എപ്പോൾവേണമെങ്കിലും തകർന്നടിയാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അജ്ഞാതമായ ആ കാരണത്തിനായി കാത്തിരിക്കുകയാണന്നുമാത്രം. ഈ സാഹചര്യത്തിൽ മികച്ചനേട്ടത്തിലുള്ള പോർട്ട്‌ഫോളിയോനോക്കി നിക്ഷേപകർ ആശങ്കാകുലരാകുക സ്വാഭാവികം. ചിലരാകട്ടെ ഇതൊന്നുംവകവെക്കാതെ മുന്നോട്ടുപോകുന്നു. മറ്റുചിലരാകട്ടെ ഇടക്കിടെ ലാഭമെടുത്ത് വിപണിയിൽനിന്ന് പുറത്തുചാടാൻ ശ്രമിക്കുന്നു.

സ്വീകരിക്കേണ്ട നിലപാട്
പത്തുവർഷംനീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ടാണ് കഴിഞ്ഞ ഏപ്രിലിൽ രുഘു കുവൈത്തിൽനിന്ന് തിരിച്ചെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്കുവരണമെന്ന് ഒരുവർഷംമുമ്പെ ആലോചിച്ചതാണ്. ഒടുവിൽ കോവിഡ്‌വന്ന് ജോലിപോയപ്പോഴാണ് തീരുമാനമായത്. ഭാവിയിലെ ആവശ്യത്തിനായി നാട്ടിൽ മൂന്നിടങ്ങളിലായി സ്ഥലംവാങ്ങിയിട്ടതാണ് പ്രധാനസമ്പാദ്യം. വിപണിയിൽ മൂന്നുകോടി രൂപവരെ വില ലഭിക്കാമെങ്കിലും ആരുംവാങ്ങാനില്ല.

ജോലി അവസാനിപ്പിച്ചുപോന്നപ്പോൾ ലഭിച്ചതെല്ലാംകൂടി 10 ലക്ഷം രൂപയാണ് സേവിങ്‌സ് ബാങ്കിലുണ്ടായിരുന്നത്. പ്രവാസിയായിരിക്കുമ്പോഴേ ഓഹരി വിപണിയിൽ താൽപര്യമുണ്ടായിരുന്നെങ്കിലും തിരക്കിനിടയിൽ നിക്ഷേപിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വിപണിയിൽ പരീക്ഷണത്തിനിറങ്ങിയത്. അന്ന് നിക്ഷേപിച്ച ഒമ്പത് ലക്ഷം രൂപ ഇപ്പോൾ 18 ലക്ഷമായി വളർന്നിരിക്കുന്നു.

വിപണിയിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് അത്രതന്നെ ധാരണയൊന്നുമില്ലെങ്കിലും ഒമ്പത് ലക്ഷം 18 ലക്ഷമായതിന്റെ ത്രില്ലിലാണ് അദ്ദേഹം. അതോടൊപ്പം ഇടിവുണ്ടായേക്കാമെന്ന് വായിച്ചറിഞ്ഞതിന്റെ ആശങ്കയുമുണ്ട്. പോർട്ട്‌ഫോളിയോ പരിശോധിച്ചപ്പോൾ നിക്ഷപത്തിൽ 80ശതമാനവും മിഡ് ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളിലാണെന്ന് മനസിലായി.

രഘുവിനോട് ഒറ്റചോദ്യം
വിപണി തകർന്ന് നിക്ഷേപമൂല്യം അഞ്ചുലക്ഷമായി കുറഞ്ഞാൽ? ജീവിതംതന്നെ വഴിമുട്ടുമെന്നായിരുന്നു ഒറ്റവാക്കിലുള്ള അദ്ദേഹത്തിന്റെ മറുപടി. ദൈനംദിന ജീവിതത്തിന് നീക്കിവെച്ച പണമാണ് അദ്ദേഹം ഓഹരിയിലിറക്കിയത്. നിക്ഷേപംമുഴുവൻ പിൻവലിച്ച് സ്ഥിരനിക്ഷേപമാക്കാൻ നിർദേശിക്കുകയാണ് ചെയ്തത്. അതിൽനിന്ന് ലഭിക്കുന്ന 'പാസീവ് ഇൻക'ത്തിൽനിന്ന് ഒരുഭാഗമെടുത്ത് നിശ്ചിത ഇടവേളകളിൽ ഘട്ടംഘട്ടമായി ബ്ലൂചിപ്പ് ഓഹരികളിൽ നിക്ഷേപിക്കാനും ഉപദേശിച്ചു.

പ്രദീപിനുള്ള മറുപടി ഇതല്ല
പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനായ പ്രദീപ് പത്തുവർഷമായി ഓഹരിയിൽ നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയും നിക്ഷേപം നടത്തിവരുന്നു. ഇക്വിറ്റിയിലെ മൊത്തംനിക്ഷേപമൂല്യം ഒരുകോടി രൂപയായി വളർന്നിരിക്കുന്നു. ശതമാനനക്കണക്കിലാണെങ്കിൽ നിലവിലെ ആദായം 23 ശതമാനമാണ്. വിപണിതകരാൻ പോകുന്നു, എപ്പോൾവേണമെങ്കിലും അത് സംഭവിക്കാം, എല്ലാം പിൻവലിച്ച് രക്ഷപ്പെട്ടോളൂ- എന്ന് അദ്ദേഹത്തിന്റെ സുഹൃത്തായ ഓഹരി ബ്രോക്കർ നിർദേശിച്ചതിൽ ആശങ്കാകുലനാണ് അദ്ദേഹം.

പത്തുവർഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങൾക്കാണ് പ്രദീപ് മ്യൂച്വൽ ഫണ്ടിലും ഓഹരിയിലും നിക്ഷേപംനടത്തിയിട്ടുള്ളത്. ബാങ്ക് നിക്ഷേപം ഡെറ്റ് ഫണ്ട് എന്നിവയിലായി ഒരു കോടി രൂപയുടെ നിക്ഷേപം വേറെയുമുണ്ട്. അടിയന്തര ആവശ്യത്തിന് 10 ലക്ഷം രൂപ എമർജിൻസി ഫണ്ടായി നീക്കിവെച്ചിരിക്കുന്നു. 10 ലക്ഷത്തിന്റെ പരിരക്ഷയുള്ള ഫാമിലി ഫ്‌ളോട്ടർ ഹെൽത്ത് ഇൻഷുറൻസും ഉണ്ട്.

വിപണി തകർന്നോട്ടെ, നിക്ഷേപംതുടരുകതന്നെ ചെയ്യുക-എന്നാണ് അദ്ദേഹത്തിന് നൽകിയ മറുപടി. എപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്ന വിപണിയിൽനിന്നല്ല നിക്ഷേപകന് മികച്ചനേട്ടമുണ്ടാക്കാൻ കഴിയുക. താഴ്ചയിൽനിന്ന് മികച്ചനേട്ടമുണ്ടാക്കാനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്താൻകഴിയണം. വിപണി തകരട്ടെ, എന്നിട്ട് നിക്ഷേപിക്കാമെന്ന് കാത്തിരിക്കുന്നാലോ..? എത്രകാലംകാത്തിരിക്കേണ്ടിവരുമെന്ന് ആർക്കുംപ്രവചിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. തകരാൻ കാത്തിരിക്കുന്നവർക്ക് ഉയർച്ചയുടെ പടവുകൾ താണ്ടുന്ന വിപണിയെയായിരിക്കും കാണാൻ കഴിയുക. ഉടനെ തകർന്നടിയുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപം പിൻവലിക്കുന്ന നിക്ഷേപകനാകട്ടെ വിപണി എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനും മൂകസാക്ഷിയാകേണ്ടിവരും.

സാമ്പത്തികലക്ഷ്യം അടുത്തവർ
മകളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് നിക്ഷേപംനടത്തിയ അനീഷ് പണംതിരികെയെടുക്കാനിരുന്നപ്പോഴാണ് 2020 മാർച്ചിൽ വിപണി കൂപ്പുകുത്തിയത്. കോവിഡ് വ്യാപനത്തിന് അടുത്തകാലത്തൊന്നും കുറവുണ്ടാകില്ലെന്ന് മനസിലാക്കി, ആദ്യവർഷത്തെ ഫീസ് നൽകാൻ നഷ്ടത്തിലായിരുന്ന നിക്ഷേപത്തിന്റെ ഒരുഭാഗം അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു. ദീർഘകാല ലക്ഷ്യങ്ങൾക്ക് ചിട്ടയായി നിക്ഷേപംനടത്തുന്നവരിൽപലർക്കും നേരിടേണ്ടിവരുന്ന പ്രതിസന്ധിയാണിത്.

അതുകൊണ്ടുതന്നെ, സാമ്പത്തികലക്ഷ്യം അടുത്താൽ അവസാനനിമിഷംവരെ കാത്തിരിക്കരുത്. നേട്ടത്തിലുള്ള വിപണി ഏതുനിമിഷവും നഷ്ടത്തിലേക്കുപതിക്കാം. സാമ്പത്തികലക്ഷ്യം അടുത്തെത്തുംമുമ്പെ, ലക്ഷ്യതുകയെത്തിയാൽ ഘട്ടംഘട്ടമായി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ചുതുടങ്ങാം. അതായത്, രണ്ടുവർഷംകഴിഞ്ഞ് പണം ആവശ്യമുണ്ടെങ്കിൽ ആതുകമുഴുവൻ പിൻവലിച്ച് ഡെറ്റ് സ്‌കീമുകളിലേക്കോ, സ്ഥിരനിക്ഷേപ പദ്ധതികളിലേക്കോ മാറ്റുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കാം.

ആസൂത്രണംതന്നെ പ്രധാനം
ജീവിതത്തിന്റെ ഓരോഘട്ടത്തിലെയും പ്രാധാന്യം കണക്കിലെടുത്ത് ആവശ്യങ്ങൾക്കനുസരിച്ച് സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കാൻ കഴിയണം. കയ്യിൽവരുന്നപണം ലക്ഷ്യമൊന്നുമില്ലാതെ എവിടെയൊക്കയോ നിക്ഷേപിക്കുന്നരീതി നല്ലതല്ല. സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് കാലാകാലങ്ങളിൽ നിക്ഷേപ പോർട്ട്‌ഫോളിയോ ക്രമീകരിക്കാൻ കഴിഞ്ഞാൽ ബുദ്ധിമുട്ടില്ലാതെതന്നെ പരമാവധി പ്രയോജനം സ്വന്തമാക്കാം. മാർക്കറ്റ് ഉയരുകയോ താഴുകയോ ചെയ്താലും നിക്ഷേപത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് മാറ്റമില്ലെന്ന് ഓർക്കുക. പ്രായമെത്രയാണെന്നോ ലക്ഷ്യമെന്താണെന്നതോ അല്ല വിഷയം. നിക്ഷേപത്തിന് വളരാൻ സമയംനൽകുക, അതിനായി ക്ഷമയോടെ കാത്തിരിക്കുക.

feedback to:
antonycdavis@gmail.com

കുറിപ്പ്: വേലിയേറ്റം കഴിയുമ്പോൾമാത്രമാണ് ആരൊക്കെയാണ് നഗ്നരായി നീന്തുന്നതെന്ന് കാണാനാകൂ എന്ന് വാറൻ ബഫറ്റ്. വിപണികുതിക്കുമ്പോഴുള്ള വേലിയേറ്റത്തിൽ മിക്കവാറും നിക്ഷേപകർ പണംവാരിക്കൂട്ടും. വേലിയിറക്കാലത്ത് കടംവാങ്ങിയും ലോണെടുത്തും നിക്ഷേപംനടത്തിയവർകുത്തുപാളയെടുക്കേണ്ടിവരും. വിപണി ഇപ്പോൾ തകർന്നടിഞ്ഞാൽ നിങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തുക. തകർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് മികച്ച ആദായംതിരികെനൽകാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും കാത്തിരിക്കാൻകഴിയുമോ? എങ്കിൽ വേലിയേറ്റവും വേലിയിറക്കവും നിങ്ങളെ ബാധിക്കില്ല. ധൈര്യമായി മുന്നോട്ടുപോകാം.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented