Photo: Gettyimages
2021 സ്വര്‍ണത്തിന് അത്രതന്നെ മികച്ച വര്‍ഷമായിരുന്നില്ല. അതേസമയം 2020ല്‍ നിക്ഷേപകരെ അമ്പരപ്പിച്ചുകൊണ്ട് മഞ്ഞലോഹം നേട്ടമുണ്ടാക്കുകയുംചെയ്തു. 2020 ഓഗസ്റ്റ് ഏഴിന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയിലേയ്ക്ക് സ്വര്‍ണവില കുതിച്ചു. 2020 ജനുവരി ഒന്നിലെ വിലയായ 29,000 രൂപയില്‍നിന്നാണ് ഈ കുതിപ്പെന്ന് ഓര്‍ക്കണം.
കോവിഡിന്റെ ഒന്നാംതരംഗത്തില്‍ ലോകമാകെ അടച്ചിട്ടപ്പോള്‍ സമ്പദ്ഘടനകള്‍ തിരിച്ചടിനേരിട്ട സാഹചര്യത്തിലാണ് സ്വര്‍ണവില കുതിച്ചുകയറിയത്. ഓഹരി ഉള്‍പ്പടെ മറ്റ് ആസ്തികളെല്ലാം കനത്തനഷ്ടംനേരിടുകയുംചെയ്തു. അടിസ്ഥാനപരമായി സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ ആസ്തിയാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സ്വര്‍ണത്തോളം സുരക്ഷിതമായ മറ്റ് ആസ്തികള്‍ കണ്ടെത്താന്‍ കഴിയില്ല. വിലക്കയറ്റം, സാമ്പത്തിക തളര്‍ച്ച, ഓഹരി വിപണിയിലെ തകര്‍ച്ച തുടങ്ങിയ സാഹചര്യങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമായിമാറുന്നു.
പ്രഭ മങ്ങുന്നതെപ്പോള്‍?
മറിച്ചുള്ള സാഹചര്യങ്ങളില്‍ സ്വര്‍ണത്തിന്റെ പ്രഭയ്ക്ക് മങ്ങലേല്‍ക്കുന്നു. ഓഹരി മികച്ചനേട്ടമുണ്ടാക്കുമ്പോള്‍, സാമ്പത്തിക വളര്‍ച്ച മുന്നോട്ടാചലിക്കുമ്പോള്‍, വിലക്കയറ്റം നിയന്ത്രണവിധേയമാകുമ്പോള്‍ സ്വര്‍ണത്തിന് മോശംകാലമുണ്ടാകും. ഈ സാഹചര്യത്തിലൂടെയാണ് സ്വര്‍ണം ഇപ്പോള്‍ കടന്നുപോകുന്നത്.
2021ന്റെ അവസാന പകുതിയില്‍ പ്രതിരോധ കുത്തിവെയ്പിന് വേഗംവര്‍ധിച്ചു. രാജ്യങ്ങളുടെ സമ്പദ്ഘടനകള്‍ പുനരുജ്ജീവനത്തിന്റെ ട്രാക്കിലേയ്ക്കുകയറി. ഓഹരി വിപണി ദിനംപ്രതിയെന്നോണം കുതിച്ചു. ഈ കാരണങ്ങള്‍ സ്വര്‍ണത്തിന്റെ നേട്ടത്തെ ബാധിച്ചു. സ്വര്‍ണത്തിലേയ്ക്കാണ് 2022 ഉറ്റുനോക്കുന്നത്. മഞ്ഞലോഹത്തിന്റെ ഗതി നിര്‍ണയിക്കാന്‍ 2022ല്‍ നിരവധി കാരണങ്ങള്‍ ആഗോളതലത്തില്‍ രൂപംകൊള്ളുന്നുണ്ട്.
കുതിപ്പിന് നിരവധി കാരണങ്ങള്‍
ആഗോള പണപ്പെരുപ്പം 30 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. യുഎസിലെ ഉപഭോക്തൃ സൂചിക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം ഉയര്‍ന്നു. സ്വര്‍ണത്തിന് എന്തുകൊണ്ടും അനുകൂല കാലാവസ്ഥയാണ് മുന്നിലുള്ളത്. പണപ്പെരുപ്പത്തിന് സുരക്ഷാകവചമൊരുക്കാന്‍ സ്വര്‍ണത്തോളം മികച്ച നിക്ഷേപ പദ്ധതിയില്ലെന്ന് പറയേണ്ടിവരും. പ്രത്യേകിച്ച് മറ്റുപ്രതികൂല സാഹചര്യങ്ങള്‍ കൂടിചേരുമ്പോള്‍.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗത്തിലാണ് പടരുന്നത്. പലരാജ്യങ്ങളും ഇതിനകം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു. പിടിച്ചുകെട്ടാനാകാത്തവിധത്തില്‍ പടര്‍ന്നുകയറിയാല്‍ ആഗോളതലത്തില്‍ തൊഴിലവസരങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും ഒമിക്രോണ്‍ അപകടത്തിലാക്കിയേക്കാം. ചൈനയുടെ സ്ഥിതിയൊന്നുനോക്കൂ. രാജ്യത്തെ ജിഡിപി വളര്‍ച്ചയുടെ പ്രധാന സംഭാവന നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് മേഖല പ്രതിസന്ധിയിലേയ്ക്കു പതിച്ചുകഴിഞ്ഞു. കൂടുതല്‍ വീണുപോകാതിരിക്കാനും അല്പാല്‍പമായി പിടിച്ചുകയറ്റാനും വായ്പാ പലിശ കുറയ്ക്കുകയാണ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന.
ഇനി അസംസ്‌കൃത എണ്ണയുടെകാര്യം ചര്‍ച്ചചെയ്യാം. ബ്രന്റ് ക്രൂഡ് ബാരലിന് 88 ഡോളര്‍ പിന്നിട്ടിരിക്കുന്നു. പലരാജ്യങ്ങളും കരുതല്‍ശേഖരം പുറത്തെടുത്ത് വിലകുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും താല്‍ക്കാലികമായേ അതിന് ഗുണമുണ്ടായൂള്ളൂ. ഉത്പദാനംകുറയ്ക്കാനുള്ള ഒപെകിന്റെ പദ്ധതി വില ഉയര്‍ന്ന നിലവാരത്തില്‍ പിടിച്ചുനിര്‍ത്താനിടയാക്കി. ക്രൂഡ് ഓയിലിയന്റെയും കമ്മോഡിറ്റികളുടെയും മുന്നേറ്റം ആഗോളതലത്തില്‍ പണപ്പെരുപ്പത്തിന് കാരണമാകുകയുംചെയ്തു.

പ്രതികൂല ഘടകങ്ങള്‍
മുകളില്‍ സൂചിപ്പിച്ച ഘടങ്ങള്‍ സ്വര്‍ണത്തിന് അനുകൂലമാണെങ്കിലും ഈ കാരണങ്ങള്‍ക്കിടയിലും സ്വര്‍ണത്തിന് തിരിച്ചടിയുണ്ടാകാം. വിലക്കയറ്റം കുതിക്കുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ഉത്തേജന നടപടികളില്‍നിന്നുള്ള പിന്മാറ്റംവേഗത്തിലാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. അയഞ്ഞ പണനയത്തില്‍നിന്ന് മാര്‍ച്ചോടെ പിന്‍വാങ്ങാനാണ് തീരുമാനം. 2022ല്‍ മൂന്നുതവണ നിരക്കുവര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ പലിശ നിരക്കില്‍ 2022ല്‍ മാത്രം മുക്കാല്‍ശതമാനത്തോളം വര്‍ധനവുണ്ടാകും. പണനയത്തില്‍ പിടിമുറുക്കുന്നതോടെ ഡോളര്‍ കരുത്താര്‍ജിക്കും. ആഗോളതലത്തില്‍ സ്വര്‍ണവില ഡോളര്‍ കേന്ദ്രീകൃതമായതിനാല്‍ മഞ്ഞലോഹത്തെ അത് ദോഷകരമായി ബാധിക്കാനിടയാക്കും. അനൂകൂലമോ പ്രതികൂലമോ ആയ ഒന്നിലധികം ഘടകങ്ങള്‍ വിപണിയെ സ്വാധാനിക്കുന്നതിനനുസരിച്ചായിരിക്കും 20222ലെ സ്വര്‍ണത്തിന്റെ നീക്കം.
ചരിത്രം പരിശോധിക്കാം
പത്തുവര്‍ഷത്തെ സ്വര്‍ണത്തിന്റെ വിലനിലവാരം പരിശോധിച്ചാല്‍ നേട്ട-നഷ്ടക്കണക്കുകള്‍ ബോധ്യമാകും. ഇരട്ടയക്കനേട്ടം നല്‍കിയ വര്‍ഷങ്ങള്‍ ആദ്യംനോക്കാം. 2012ല്‍ 12.3ശതമാനവും 2016ല്‍ 11.3ശതമാനവും 2019ല്‍ 23.8ശതമാനവും 2020ല്‍ 27.9ശതമാനവും നേട്ടം സ്വര്‍ണം നിക്ഷേപന് നല്‍കി. ഇനി നഷ്ടത്തിന്റെ വര്‍ഷങ്ങളിലേയ്ക്കുവരാം. 2013ല്‍ 4.5ശതമാനവും 2014ല്‍ 7.9ശതമാനവും 2015ല്‍ 6.6ശതമാനവും 2021ല്‍ 7.6ശതമാനവും നഷ്ടമാണ് സ്വര്‍ണം നിക്ഷേപകന് നല്‍കിയത്. ബാക്കിയുള്ള വര്‍ഷങ്ങളിലെ നേട്ടം ഒറ്റയക്ക ശതമാനത്തിലുമായിരുന്നു.
വരുമാനം അസ്ഥിരം
സ്വര്‍ണത്തില്‍നിന്നുള്ള ആദായം അസ്ഥിരമാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. സ്ഥിരവരുമാനം നല്‍കുന്ന ആസ്തിയല്ല സ്വര്‍ണമെന്ന് ചുരുക്കം. എങ്കിലും മൊത്തം ആസ്തിയുടെ 10-15ശതമാനമെങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്. സമ്പദ് വ്യവസ്ഥയോ ഓഹരി വിപണിയോ മാന്ദ്യത്തില്‍പ്പെടുമ്പോഴും വിലക്കയറ്റം രൂക്ഷമാകുമ്പോഴും സംരക്ഷണ കവചംതീര്‍ക്കാന്‍ സ്വര്‍ണത്തിനേ കഴിയൂ. വിവിധ ആസ്തികളുള്ള നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ ചുവപ്പുരാശി പടരുമ്പോള്‍ പച്ചനിറത്തില്‍ ജ്വലിക്കാന്‍ സ്വര്‍ണത്തിനുമാത്രമേ സാധിക്കൂ.
നിക്ഷേപിക്കാന്‍ പലവഴികള്‍
സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ വിപണിയിലുണ്ട്. അതില്‍ ഏറ്റവും അനുയോജ്യവും ചെലവുകുറഞ്ഞതുമാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകള്‍. നിക്ഷേപിക്കുന്നതുകയ്ക്ക് 2.5ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നതോടൊപ്പം കാലാവധിയെത്തുമ്പോള്‍ അന്നത്തെ സ്വര്‍ണത്തിന്റെ വിലയ്ക്ക് ബോണ്ടുകള്‍ തിരിച്ചുകൊടുത്ത് പണമാക്കാനുംകഴിയും. അതില്‍നിന്ന് ലഭിക്കുന്ന മൂലധനനേട്ടത്തിനാകട്ടെ ഒരുരൂപപോലും ആദായ നികുതി നല്‍കേണ്ടതുമില്ല. മികച്ച രണ്ടാമത്തെ മാര്‍ഗം ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുകയെന്നതാണ്. ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കില്‍മാത്രമെ ഇടിഎഫില്‍ നിക്ഷേപിക്കാനാകൂ. അതില്ലാത്തവര്‍ത്ത് ഇടിഎഫില്‍ നിക്ഷേപിക്കുന്ന ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകളിലും പണംമുടക്കാം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..