Photo: Getty Image
ദീര്‍ഘകാലയളവില്‍ കൂട്ടുപലിശയുടെ നേട്ടം സ്വന്തമാക്കാന്‍ നിരവധി നിക്ഷേപ പദ്ധതികള്‍ രാജ്യത്തുണ്ട്. അവയില്‍തന്നെ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നവയും വിപണിയുമായി ബന്ധപ്പെട്ടവയും ഉണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി തുടങ്ങി, എല്ലാ വിഭാഗക്കാര്‍ക്കും നിക്ഷേപത്തിന് അവസരമൊരുക്കിയ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. തീരെ നഷ്ടസാധ്യതയില്ലാത്ത, സ്ഥിരവരുമാനം ഉറപ്പുനല്‍കുന്ന ലഘുസമ്പാദ്യ പദ്ധതിയില്‍പ്പെട്ട പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്) നേരത്തെതന്നെ നിക്ഷേപ ലോകത്ത് പരിചിതമാണ്. ഇരുപദ്ധതികളും താരതമ്യംചെയ്ത് ഓരോരുത്തര്‍ക്കും യോജിച്ചതേതാണെന്ന് ഈ പാഠത്തിലൂടെ കണ്ടെത്താം.
ലഘു സമ്പാദ്യ പദ്ധതികളിലൊന്നാണ് പിപിഎഫ് എന്ന ചരുക്കപ്പേരിലറിയപ്പെടുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയായ പിപിഎഫിന് നിലവില്‍ ലഭിക്കുന്ന വാര്‍ഷികാദായം 7.1ശതമാനമാണ്. ഇക്വിറ്റി-ഡെറ്റ് മിശ്രിതത്തിലൂടെ മികച്ച ആദായം നല്‍കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍തന്നെ മുന്‍കൈയെടുത്ത് അവതരിപ്പിച്ച പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം(എന്‍.പി.എസ്). വിപണിയുമായി ബന്ധപ്പെട്ടത്തിനാല്‍ അല്പം റിസ്‌കും അതോടൊപ്പം ഉയര്‍ന്ന ആദായവും പ്രതീക്ഷിക്കാം.
PPF Retrun | ||||
Period | Interest Rates | |||
July to September 2021 | 7.1% | |||
April to June 2021 | 7.1% | |||
January to March 2021 | 7.1% | |||
October to December 2020 | 7.1% | |||
July to September 2020 | 7.1% | |||
April to June 2020 | 7.1% | |||
January to March 2020 | 7.90% | |||
October to December 2019 | 7.90% | |||
July to September 2019 | 7.90% | |||
April to June 2019 | 8.0% | |||
January to March 2019 | 8.0% | |||
October to December 2018 | 7.8% | |||
July to September 2018 | 7.8% | |||
April to June 2018 | 7.9% |
ആദായ നികുതി
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം 1.50 ലക്ഷം രൂപവരെയുള്ള വാര്‍ഷിക നിക്ഷേപത്തിന് പിപിഎഫ്, എന്‍പിഎസ് എന്നിവയ്ക്ക് ആനുകൂല്യം ലഭിക്കും. അതേസമയം, 80സസിഡി പ്രകാരം എന്‍പിഎസില്‍ നിക്ഷേപിക്കുന്ന 50,000 രൂപവരെയുള്ള തുകയ്ക്ക് അധിക ആനുകൂല്യവുമുണ്ട്. 30ശതമാനം നികുതി സ്ലാബിലാണ് നിങ്ങളെങ്കില്‍ ഈ വകുപ്പുപ്രകാരം വര്‍ഷം 16,000 രുപയെങ്കിലും ആദായനികുതിയിളവ് നേടാന്‍ കഴിയും. 80സി പ്രകാരമുള്ള തുക പിപിഎഫിലും 80സിസിഡി പ്രകാരമുള്ള തുക എന്‍പിഎസിലും നിക്ഷേപിച്ചും ഈ ആനുകൂല്യം സ്വന്തമാക്കാം.
NPS Retrun | ||||
TIER 1: Equity Plans | 5Yr Return(%)* | |||
HDFC Pension Fund | 15.24 | |||
ICICI Prudential Pension Fund | 14.22 | |||
Kotak Pension Fund | 14.54 | |||
LIC Pension Fund | 13.21 | |||
SBI Pension Fund | 13.79 | |||
UTI Retirement Solutions | 14.08 | |||
*Return as on 11 Feb, 2022 |
മൂന്നുമാസംകൂടുമ്പോള്‍ നിശ്ചയിക്കുകയും വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപത്തോട് കൂട്ടിച്ചേര്‍ക്കുകയുമാണ് പിപിഎഫില്‍ ചെയ്യുന്നത്. എന്നാല്‍, വിപണിയുടെ നീക്കങ്ങള്‍ക്കനുസരിച്ചാകും എന്‍പിഎസില്‍നിന്നുള്ള ആദായം ലഭിക്കുക. നിക്ഷേപിക്കുന്ന തുകയില്‍ 75ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ എന്‍പിഎസില്‍ അവസരമുണ്ട്. 60 ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപം ക്രമീകരിച്ചാല്‍ 12ശതമാനം നേട്ടം പ്രതീക്ഷിക്കാം. നിലവിലെ പിപിഎഫിലെ ആദായവുമായി താരതമ്യംചെയ്യുമ്പോള്‍ 4.9ശതമാനം കൂടുതല്‍ നേട്ടം ഇതുപ്രകാരം എന്‍പിഎസില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. ഇക്വിറ്റി, ഡെറ്റ് അനുപാതം 50ഃ50ല്‍ നിലനിര്‍ത്തുകയാണെങ്കില്‍ 10ശതമാനവും പ്രതീക്ഷിക്കാം. ഇതുപ്രകാരം പിപിഎഫിലെ നേട്ടത്തില്‍നിന്നുള്ള വ്യത്യാസം 2.9ശതമാനമാണ്.
ഏതാണ് മികച്ചത്
നഷ്ടസാധ്യത തീരെയില്ലെന്നതാണ് പിപിഎഫിനെ എന്‍പിഎസില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. അതേസമയം, കുറച്ചെങ്കിലും റിസ്‌ക് എടുക്കാന്‍ തയ്യാറാണെങ്കില്‍ നാലുശതമാനംവരെ അധിക നേട്ടം എന്‍പിഎസില്‍നിന്ന് ലഭിക്കാനും സാധ്യതയുണ്ട്. ദീര്‍ഘകാലയളവിലെ നിക്ഷേപമായതിനാല്‍ 'റിസ്‌ക് ഫാക്ടര്‍' പരിതമിതവുമാണ്. പിപിഎഫ് പോലുള്ള ഡെറ്റ് നിക്ഷേപങ്ങള്‍ക്ക് ആദായത്തിന് പരിമിതിയുണ്ടെന്ന് അറിയുക. അതേസമയം, ഓഹരിയിലെ നിക്ഷേപത്തില്‍നിന്നുള്ള ആദായത്തിന് പരിധിയൊന്നുമില്ല. അതിനുപുറമെ, ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യവുംനേടാം. പിപിഎഫില്‍ ഇത് 1.50ലക്ഷം രൂപവരെയാണ്.
ദീര്‍ഘകാലയളവില്‍ ശരാശരി 5-6ശതമാനം വിലക്കയറ്റ നിരക്കുമായി താരതമ്യംചെയ്യുമ്പോള്‍ പിപിഎഫിലെ നിക്ഷേപവും തരക്കേടില്ലാത്ത നേട്ടം നിക്ഷേപകന് നല്‍കുന്നുണ്ടെന്ന് കാണാം. ദീര്‍ഘകാലയളവില്‍ എന്‍പിഎസിലെ നിക്ഷേപത്തിന് കാര്യമായ റിസ്‌കില്ലെന്നുതന്നെ പറയാം. എങ്കിലും ഓഹരി നിക്ഷേപത്തിലെ നഷ്ടസാധ്യത ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. ആദായവും നികുതിയിളവുകളും പരിഗണിച്ച് ഏതു പദ്ധതി വേണമെന്ന് തീരുമാനിക്കാം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..