Photo:Gettyimages
ബെംഗളുരുവിലെ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന ഐശ്വര്യക്ക് 60-ാമത്തെ വയസ്സുമുതല്‍ പ്രതിമാസം ഒരു ലക്ഷം രൂപ പെന്ഷന് ലഭിക്കണം. ഇപ്പോള്‍ 30 വയസാണ് പ്രായം. ഷാര്‍ജയിലെ സ്കൂളില്‍ ജോലിചെയ്യുന്ന വിശാഖിനും അതുതന്നെയാണ് അറിയേണ്ടത്. സ്വകാര്യ സ്ഥാപനങ്ങളിലും അസംഘടിതമേഖലകളിലും ജോലിചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നതുപോലെയുള്ള പെന്ഷന് ലഭിക്കാന്‍ അവസരമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പെന്ഷന് പദ്ധതിയായ എന്‍പിഎസിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപംനടത്തിയാല്‍മതി.
നിര്‍ബന്ധമായും അംഗമാകണമെന്ന് വ്യവസ്ഥയുള്ളതിനാലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇപിഎഫ് പോലുള്ള ദീര്‍ഘകാല പദ്ധതികളില്‍ ചേരുന്നത്. ഇപിഎസ്(ഇപിഎഫ്ഒയുടെ പെന്ഷന് സ്കീം)വഴി ലഭിക്കുന്ന വരുമാനംകൊണ്ട് ജീവിക്കാനാകില്ലെന്ന് പഴയതലമുറ തിരിച്ചറിഞ്ഞത് ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം പെന്ഷന് ലഭിച്ചുതുടങ്ങിയപ്പോഴാണ്. 5,000 രൂപയില്‍താഴെ പെന്ഷന് ലഭിച്ചാല്‍ അത് എന്തിന് തികയുമെന്ന ചോദ്യമാണ് പലര്‍ക്കുമുണ്ടയത്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറയ്ക്കുവേണ്ടി കൂടുതല്‍ വരുമാന സാധ്യതയുള്ള നിക്ഷേപ പദ്ധതികള്‍ മുന്നോട്ടുവെയ്ക്കുന്നത്.
എന്‍പിഎസ്(നാഷണല്‍ പെന്ഷന് സിസ്റ്റം)
കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ശ്രദ്ധേയമായ ഒന്നാണ് നാഷണല്‍ പെന്ഷന് സിസ്റ്റം(എന്‍പിഎസ്). സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമാത്രമല്ല, സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും(ആര്‍ക്കുവേണമെങ്കിലും)പദ്ധതിയില്‍ അംഗമാകാമെന്നതാണ് പ്രത്യകത.
ആദായനികുതി ആനുകൂല്യം
ഓരോ സാമ്പത്തികവര്‍ഷവും 80സി പ്രകാരം 1.50 ലക്ഷം രൂപവരെയും 80 സിസിഡി പ്രകാരം 50,000 രൂപവരെയുമുള്ള നിക്ഷേപത്തിന് ആദായനികുതിയിളവ് ലഭിക്കുമെന്ന സവിശേഷതയും എന്‍പിഎസിനുണ്ട്. കാലാവധിയെത്തി നിക്ഷേപം പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന് ആദായനികുതിയും നല്‍കേണ്ടതില്ല. ഇത്രയും ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ദീര്‍ഘകാല നിക്ഷേപ(പെന്ഷന്)പദ്ധതി ഇല്ലെന്നുതന്നെ പറയാം.
40ശതമാനം പെന്ഷന്
കാലാവധിയെത്തുമ്പോള്‍ മൊത്തം നിക്ഷേപത്തിലെ 40ശതമാനം തുകയെങ്കിലും പ്രതിമാസം പെന്ഷന് ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കണമെന്നുണ്ട്. കൂടുതല്‍തുക പെന്ഷന് ലഭിക്കണമെങ്കില്‍ ഈവിഹതം ഉയര്‍ത്താനുംകഴിയും. വിരമിക്കുമ്പോള്‍ നല്ലൊരു തുക ഒറ്റത്തവണയായി കയ്യില്‍ ലഭിക്കുന്നതോടൊപ്പം പ്രതിമാസം പെന്‍ഷനും ഉറപ്പാക്കാമെന്ന് ചുരുക്കം. പെന്‍ഷനോടൊപ്പം വിരമിക്കുന്ന സമയത്തെ ആവശ്യങ്ങള്‍ക്ക് നല്ലൊരുതുക സമാഹരിക്കാനും പദ്ധതിയിലൂടെ കഴിയും.
നിലവില്‍ ആന്വിറ്റി പ്ലാനുകളില്‍ നിന്ന് ലഭിക്കുന്ന ആദായം ശരാശരി ആറുശതമാനമാണ്. 40ശതമാനംതുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ച് ബാക്കിയുള്ളതിലെ ഒരുഭാഗം കൂടുതല്‍ ആദായം ലഭിക്കുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, ഡെറ്റ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപിച്ചും പരമാവധി ആദായംനേടാം.
നിക്ഷേപ സാധ്യതകള്‍
ഇക്വിറ്റി, കോര്‍പറേറ്റ് ബോണ്ട്, സര്‍ക്കാര്‍ സെക്യൂരിറ്റീസ് എന്നിങ്ങനെ വ്യത്യസ്ത നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് കഴിയും. 'ആക്ടീവ് ചോയ്സ്' വഴി പരമാവധി 75ശതമാനം തുകവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നുണ്ട്.
എത്രതുക നിക്ഷേപിക്കേണ്ടിവരും
പ്രതിമാസം ഒരു ലക്ഷം രൂപ പെന്ഷന് ലഭിക്കാന്‍ 30 വയസ്സുള്ള ഒരാള്‍ പ്രതിമാസം 15,000 രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ മതിയാകും. 60ഃ40 ഇക്വിറ്റി, ഡെറ്റ് അനുപാതത്തില്‍ നിക്ഷേപം നടത്തുമ്പോഴുള്ള ആദായമാണ് കണക്കിലെടുത്തിട്ടുള്ളത്. ഇത്രയുംതുക പെന്ഷന് ലഭിക്കാന്‍, കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൊത്തംതുകയില്‍ 60ശതമാനം ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കേണ്ടിവരും. വിരമിക്കുന്നതുവരെയുള്ള നിക്ഷേപത്തിന് 10ശതമാനവും അതിനുശേഷംമുള്ള ആന്വിറ്റി നിക്ഷേപത്തില്‍നിന്ന് ആറുശതമാനവും വാര്‍ഷിക ആദായം ലഭിക്കുമെന്ന നിഗമനത്തിലാണ് ഈ വിലിയരുത്തല്‍.
പെന്ഷന് കൂടുതല്‍ ലഭിക്കാന്‍
75ഃ25 അനുപാതത്തില്‍ ഓഹരിയിലും ബോണ്ടിലും നിക്ഷേിപിക്കുകയാണെങ്കില്‍ പരമാവധി ആദായംനേടാനുള്ള അവസരമുണ്ട്. 12ശതമാനം വാര്‍ഷിക ആദായ പ്രകാരം പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാല്‍ 60വയസാകുമ്പോള്‍ 5,29,48,707(5.29 കോടി) രൂപ സമാഹരിക്കാനാകും. 54 ലക്ഷം രൂപയാകും ആകെ നിക്ഷേപിച്ചിട്ടുണ്ടാകുക. ഈതുകയില്‍ 40ശതമാനം അതായത് 2,11,79,483(2.11 കോടി) രൂപ ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ചാല്‍ മാസംതോറും 1,05,897 രൂപ പെന്ഷന് ലഭിക്കും. ബാക്കി 60ശതമാനം തുകയായ 3,17,69,224 രൂപ(3.17 കോടി)മറ്റ് ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയുംചെയ്യാം. 60ശതമാനം തുക ആന്വിറ്റി പ്ലാനില്‍ നിക്ഷേപിക്കാന്‍ തയ്യാറാണെങ്കില്‍ പ്രതിമാസം നിക്ഷേപിക്കേണ്ടതുക 10,000മായി കുറയ്ക്കാം. പെന്‍ഷനായി ലഭിക്കുന്ന തുകയില്‍ മാറ്റമുണ്ടാവില്ല.
വ്യവസ്ഥകളില്‍മാറ്റംവന്നേക്കാം
പെന്ഷന് ലഭിക്കുന്നതിനായി നിര്‍ബന്ധമായും നിക്ഷേപിക്കേണ്ട ആന്വിറ്റി പ്ലാനുകളില്‍നിന്ന് നിലവില്‍ ലഭിക്കുന്ന ആദായം മറ്റ് നിക്ഷേപ പദ്ധതികളെ അപേക്ഷിച്ച് കുറവാണെന്നത് പരമിതിയാണ്. ഭാവിയില്‍ ഇക്കാര്യത്തില്‍ മാറ്റംവന്നേക്കാം. എന്‍പിഎസിന്റെ ചുമതലയുള്ള പെന്ഷന് ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പരിഗണനയിലാണ് ഇക്കാര്യം. വിരമിക്കുന്ന സമയത്ത് 40ശതമാനമോ അതില്‍കൂടുതലോ തുക എന്‍പിഎസിലെ ഡെറ്റ് വിഭാഗത്തില്‍ നിലനിര്‍ത്തി പ്രതിമാസം പിന്‍വലിക്കാന്‍ (എസ്ഡബ്ല്യുപി)കഴിയുന്നതരത്തില്‍ ക്രമീകരിച്ചാല്‍ ഇതിന് പരിഹാരമാകും.
മ്യൂച്വല്‍ഫണ്ടിന്റെ വഴി
എന്‍പിഎസില്‍ നിക്ഷേപിക്കുന്ന തുക മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചും മികച്ചവരുമാനം ഉറപ്പാക്കാം. 15,000 രൂപവീതം 30 വര്‍ഷം എസ്ഐപിയായി നിക്ഷേപിച്ചാല്‍ ചുരുങ്ങിയത് 12ശതമാനം ആദായനിരക്കില്‍ മൊത്തം 5,29,48,672 രൂപ (5.29കോടി) സമാഹരിക്കാനാകും. ഇതില്‍ 40ശതമാനംതുകയായ 2,11,79,483(2.11കോടി)രൂപ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വീതം സിസ്റ്റമാറ്റിക് വിത്ഡ്രോവല്‍ പ്ലാന്‍(എസ്ഡബ്ല്യുപി)വഴി പിന്‍വലിക്കാം. 85വയസ്സുവരെ ഇപ്രകാരം(25വര്‍ഷം അതായത് 300 മാസം)പിന്‍വലിക്കേണ്ടിവരിക മൂന്നുകോടി രൂപയാണ്. ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടില്‍നിന്ന് 8ശതമാനം ആദായം ലഭിച്ചാല്‍ 85 വയസ്സാകുമ്പോള്‍ 5,97,24,474(5.97കോടി രൂപ)ബാക്കിയുണ്ടാകും. അതായത് നിക്ഷേപിച്ചതിനേക്കാള്‍ കൂടിയ തുക! പ്രതിമാസം ഒരുലക്ഷം വീതം 300മാസം പിന്‍വലിച്ചത് മൂന്നുകോടി രൂപയുമാണ്. ഇതുപ്രകാരം മൊത്തം ലഭിച്ചതുക 6,85,44,990 (6.85കോടി)രൂപയാണെന്ന് മനസിലാക്കുക. കൂടുതല്‍ തുക ആവശ്യംവരികയാണെങ്കില് ഡെറ്റ് മ്യൂച്വല്‍ ഫണ്ടില്‍നിന്ന് എപ്പോള്‍വേണമെങ്കിലും പണം പിന്‍വലിക്കാനും കഴിയും.
എന്‍പിഎസ്\ മ്യൂച്വല്‍ഫണ്ട്
മ്യൂച്വല്‍ ഫണ്ടിനെ അപേക്ഷിച്ച് എന്‍പിഎസിനുള്ള നേട്ടം നികുതി ആനുകൂല്യമാണ്. നിക്ഷേപിക്കുമ്പോള്‍ രണ്ടുലക്ഷം രൂപവെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കുന്നതിനുപുറമെ, കാലാവധിയെത്തുമ്പോള്‍ ലഭിക്കുന്ന മൊത്തം തുകയ്ക്കും നികുതി ബാധ്യതയില്ല.
എന്നാല്‍, മ്യൂച്വല്‍ ഫണ്ടിന്റെകാര്യം വ്യത്യസ്തമാണ്. ടാക്സ് സേവിങ് ഫണ്ടിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 80സി പ്രകാരം ഒരുവര്‍ഷം 1.5ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതിയിളവുണ്ടാകും. കാലാവധിയെത്തി പിന്‍വലിക്കുമ്പോള്‍ മൂലധനനേട്ടത്തിന്മേല് ഒരുലക്ഷം രൂപവരെയുള്ള തുകയ്ക്കാണ് നികുതിയിളവ് ലഭിക്കുക. അതിനുമുകളിലുള്ള നേട്ടത്തിന് 10ശതമാനം ആദായനികുതി നല്‍കണം.
നിക്ഷേപതന്ത്രം: രണ്ടുലക്ഷം രൂപവരെ നികുതി ആനുകൂല്യം ലഭിക്കണമെന്നുള്ളവര്‍ ഓരോവര്‍ഷവും രണ്ടുലക്ഷം രൂപവീതം എന്‍പിഎസില്‍ നിക്ഷേപിക്കാം. അല്ലെങ്കില്‍ 1.50 ലക്ഷം രൂപവരെ ടാക്സ് സേവിങ് ഫണ്ടിലും 50,000 രൂപവീതം എന്‍പിഎസിലും നിക്ഷേപിക്കാം. 50,000 രൂപ എന്‍പിഎസില്‍ നിക്ഷേപിക്കുന്നതിലൂടെ 30ശതമാനം നികുതി സ്ലാബിലുള്ളവര്‍ക്ക് ഓരോ വര്‍ഷവും 15,000 രൂപയിലേറെ നികുതി ലാഭിക്കാം.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..