Photo: Gettyimages
മികച്ച നേട്ടത്തിന്റെ സാധ്യതകള്‍ മുന്നില്‍കണ്ടാണ് അരുണ്‍ ജയന്‍ നിഫ്റ്റി നെക്സ്റ്റ് 50യുടെ നിക്ഷേപ സാധ്യത പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്. ഭാവിയില്‍ വന്‍കിട കമ്പനികളാകാന്‍ സാധ്യത കല്പിക്കുന്നവയാണ് നെക്സ്റ്റ് 50യിലെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു പരിധിവരെ അത് ശരിയാണുതാനും. സൂചികയിലെ ഓഹരികള്‍ ബ്ലൂചിപ്പ് സ്‌റ്റോക്കുകളായി നിഫ്റ്റി 50യിലേക്ക് മാറാന്‍ സാധ്യതയുള്ളവയായാണ് വിലയിരുത്തപ്പെടുന്നത്. ഈ വിഭാഗം ഓഹരികളിലെ പെട്ടെന്നുണ്ടാകുന്ന കുതിപ്പ് നിക്ഷേപകന് വന്‍ നേട്ടമാകും സമ്മാനിക്കുക. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്കിടയില്‍ ഹോട്ട് ആണ് നിഫ്റ്റി നെക്സ്റ്റ് 50 സൂചികയും അതിലെ സ്‌റ്റോക്കുകളും. ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനോടൊപ്പം ഈ സൂചിക പിന്തുടരുന്ന ഇടിഎഫുകളും ഇന്‍ഡക്‌സ് ഫണ്ടുകളുമായി 21 സ്‌കീമുകളും നിക്ഷേപത്തിനായി പരിഗണിക്കാം. ഇതില്‍ 14 എണ്ണം കഴിഞ്ഞവര്‍ഷം തുടങ്ങിയതാണ്.
നിഫ്റ്റി 50 v/s നിഫ്റ്റി നെക്സ്റ്റ് 50
വിപണി മൂല്യമനുസരിച്ച് രാജ്യത്തെ ഏറ്റവും മികച്ച 50 ഓഹരികളാണ് നിഫ്റ്റി 50യിലുള്ളത്. നിഫ്റ്റി നെക്സ്റ്റ് 50യിലാകട്ടെ തുടര്‍ന്നുവരുന്ന 50 ഓഹരികളും ഉള്‍പ്പെടുന്നു. നെക്സ്റ്റ് 50യിലെ പല ഓഹരികളും ലാര്‍ജ് ക്യാപ് വിഭാഗത്തില്‍പ്പെടുന്നവയാണെങ്കിലും അസ്ഥിരതയുടെ കാര്യത്തില്‍ മിഡ്ക്യാപ് സൂചിക പോലെയാണെന്നതാണ് വസ്തുത. നിഫ്റ്റി 50യേക്കാള്‍ ഉയര്‍ന്ന റിസ്‌ക് നെക്സ്റ്റ് 50യ്ക്കുണ്ട്. അതേസമയം, ഉയര്‍ന്ന നേട്ടസാധ്യതയും. ഈ നേട്ടസാധ്യതയാണ് നെക്‌സറ്റ് 50 സൂചികയിലേയ്ക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്. കുതിപ്പിന്റെ കാലത്ത് നെക്സ്റ്റ് 50 പൊതുവെ നിഫ്റ്റി 50യേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നത് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. തിരുത്തലിലേയ്ക്ക് കടന്നാല്‍ നഷ്ടം കൂടുകയും ചെയ്യും.
ഈയിടെയായി അരുണ്‍ ആശങ്കയിലാണ്. യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബെര്‍ഗ് തുറന്നുവിട്ട ഭൂതം വളഞ്ഞിട്ട് പിടിച്ചത് ഈ സൂചികയെയാണ്. കാരണം, സൂചികയില്‍ 14 ശതമാനം വിഹിതം അദാനി ഓഹരികള്‍ക്കായിരുന്നു.
തകര്‍ച്ചയ്ക്കു പിന്നില്‍
അദാനി ഗ്രൂപ്പിലെ അഞ്ച് ഓഹരികളാണ് നെക്സ്റ്റ് 50 സൂചികയിലുള്ളത്. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ്‌സ്, എസിസി എന്നിവയാണവ. സമീപകാലയളവിലെ ഇടിവിന് അദാനി ഓഹരികളാണ് കാരണമായതെങ്കില്‍ പുതിയതായി വിപണിയിലെത്തിയ സൊമാറ്റോ, പേടിഎം, നൈക തുടങ്ങിയ ഓഹരികളിലെ തകര്‍ച്ചയാണ് സൂചികയെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിച്ചത്. ഒരു വര്‍ഷത്തിനിടെ സൊമാറ്റോയുടെ ഓഹരി വിലയില്‍ 35 ശതമാനത്തോളം തകര്‍ച്ചയുണ്ടായി. നൈകയുടെ മൂല്യം 38 ശതമാനം ഇടിഞ്ഞു. പേടിഎമിന് 24 ശതമാനവും നഷ്ടമായി.
വിവിധ വിപണി സാഹചര്യങ്ങളില്‍പ്പെട്ട് മൂല്യമിടിയുമ്പോള്‍ നിഫ്റ്റി 50യില്‍നിന്ന് പുറത്താകുന്ന ഓഹരികളും നെക്സ്റ്റ് 50യുടെ ഭാഗമാകാറുണ്ട്. ഉദാഹരണത്തിന്, ഏറെക്കാലത്തെ മോശം പ്രകടനത്തിനുശേഷം ഭാരതി ഇന്‍ഫ്രടെല്‍(ഇന്‍ഡസ് ടവേഴ്‌സ്) 2020 ഓഗസ്റ്റില്‍ നിഫ്റ്റി 50യില്‍നിന്ന് പുറത്തുപോയി. ഇപ്പോള്‍ നെക്‌സ്റ്റ് 50യിലുള്ള ഓഹരിയുടെ വില ഒരു വര്‍ഷത്തിനിടെ 32 ശതമാനമാനം താഴുകയും ചെയ്തു. നിഫ്റ്റി നെക്സ്റ്റ് 50 സൂചിക നിഫ്റ്റി 50യേക്കാള്‍ അസ്ഥിരമാകാനുള്ള കാരണവും അതാണ്.
നിക്ഷേപം നടത്താമോ?
നിഫ്റ്റി നെക്സ്റ്റ് 50യെ ഒരു അസ്ഥിര സൂചികയായി വേണം കാണാന്‍. ലാര്‍ജ് ക്യാപുകളെപോലെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ അതിനാവില്ല. അതേസമയം, ലാര്‍ജ് ക്യാപ് സൂചികയേക്കാള്‍ ഉയര്‍ന്ന ആദായം നല്‍കാനും ഈ സൂചികയ്ക്ക് കഴിയും. ഉയര്‍ന്ന ചാഞ്ചാട്ടം സ്വീകരിക്കാന്‍ കഴിയുന്ന, താരതമ്യേന കൂടുതല്‍ റിസ്‌ക് എടുക്കാന്‍ കഴിവുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് നെക്സ്റ്റ് 50 അടിസ്ഥാനമാക്കിയുള്ള നിക്ഷേപം. ദീര്‍ഘകാലയളവില്‍ മികച്ച ആദായം ലഭിക്കാന്‍ നിക്ഷേപം ഉപകരിക്കും. ഇടിഎഫ്, ഇന്‍ഡസ്‌ക് ഫണ്ട് എന്നിവ വഴിയുള്ള നിക്ഷേപമാകും അനുയോജ്യം.
നിഫ്റ്റി 100
നെക്സ്റ്റ് 50യുടെ റിസ്‌ക് കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ നേട്ടം സ്വന്തമാക്കാന്‍ നിഫ്റ്റി 100 അടിസ്ഥാനമാക്കിയുള്ള ഇന്‍ഡക്‌സ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതും പരിഗണിക്കാം. നിഫ്റ്റി 50യിലെ ഓഹരികളില്‍ 85ശതമാനവും നെക്സ്റ്റ് 50യിലെ ഓഹരികളില്‍ 15 ശതമാനവുമാണ് ഈ സൂചികയിലുള്ള വിഹിതം. വന്‍കിട ഓഹരികളിലെ നിക്ഷേപത്തിലൂടെ സ്ഥിരതയും അതോടൊപ്പം നിശ്ചിത ശതമാനം വിഹിതം ഉറപ്പാക്കുന്നതിലൂടെ മികച്ച നേട്ടസാധ്യതയും സ്വന്തമാക്കാന്‍ ഈ നിക്ഷേപ രീതി സഹായിക്കും.
നിഫ്റ്റി 50 + നിഫ്റ്റി നെക്സ്റ്റ് 50 എന്നതിന് സമാനമാണ് നിഫ്റ്റി 100 സൂചികയെന്ന് മനസിലാക്കുക. നിഫ്റ്റി 50 കുതിപ്പിലാണെങ്കില്‍ നിഫ്റ്റി 100 മികച്ച നേട്ടംനല്‍കും. കാരണം, 85 ശതമാനം വിഹിതവും ഈ സൂചികയില്‍നിന്നാണ്. മറിച്ചും സംഭവിക്കാം. ചില വസ്തുകകള്‍ പരിശോധിക്കാം.
- നിഫ്റ്റി 50യിലെ ഏറ്റവും മികച്ച 10 ഓഹരികള്‍ക്ക് അതേ സൂചികയില്‍ 55-60ശതമാനം പ്രാതിനിധ്യമുണ്ട്.
- നിഫ്റ്റി നെക്സ്റ്റ് 50യിലെ ഏറ്റവും മികച്ച 10 ഓഹരികള്‍ക്ക് അതേ സൂചികയിലെ പ്രാതിനിധ്യം 30-35ശതമാനമാണ്.
- നിഫ്റ്റി 100 സൂചികയിലാകട്ടെ, പത്ത് ഓഹരികളുടെ പ്രാതിനിധ്യം പരിശോധിച്ചാല്‍, നിഫ്റ്റി 50യിലെ മികച്ച പത്ത് ഓഹരികള്‍ക്ക് നിഫ്റ്റി 100ന്റെ 50ശതമാനത്തോളം പ്രാതിനിധ്യം കണ്ടെത്താം. നിഫ്റ്റി നെക്സ്റ്റ് 50 യിലെ മികച്ച ആദ്യ പത്ത് ഓഹരികളുട പ്രാതിനിധ്യമാകട്ടെ അഞ്ചു ശതമാനം മാത്രവുമാണ്.
നിഫ്റ്റി, സെന്‍സെക്‌സ് എന്നിങ്ങനെയുള്ള ഓഹരി സൂചികകളോടൊത്തു നീങ്ങുന്നവയാണ് ഇന്‍ഡക്‌സ് ഫണ്ടുകള്‍. നിശ്ചിത സൂചികയിലെ ഓഹരികളിലാകും ഇത്തരം ഫണ്ടുകള്‍ നിക്ഷേപം നടത്തുക. ഉദാഹരണത്തിന്, നിഫ്റ്റി അടിസ്ഥാനമായി നിക്ഷേപം നടത്തുന്ന ഇന്‍ഡക്‌സ് ഫണ്ട് അതേ സൂചികയിലെ 50 ഓഹരികളിലാണ് നിക്ഷേപിക്കുക. സൂചികയിലെ അതേ അനുപാതംതന്നെയിരിക്കും സ്വീകരിക്കുക. സെന്‍സെക്‌സ് അടിസ്ഥാനമാക്കിയുള്ള ഇന്‍ഡക്‌സ് ഫണ്ട് അതേ സൂചികയിലെ 30 ഓഹരികളില്‍ അതേ അനുപാതത്തില്‍തന്നെയാകും നിക്ഷേപം നടത്തുക. നിഫ്റ്റി നെക്‌സ്റ്റ് 50യാണെങ്കിലും ഇതേരീതിതന്നെ. നിഫ്റ്റി നെക്സ്റ്റ് 50 അടിസ്ഥാനമാക്കി 13 ഇന്‍ഡക്‌സ് ഫണ്ടുകളാണുള്ളത്. അതില്‍തന്നെ ആറ് ഫണ്ടുകള്‍ മാത്രമാണ് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയത്. പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ രണ്ട് ഫണ്ടുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ഇന്‍ക്‌സ് ഫണ്ടുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പാഠം 127 വായിക്കുക.
feedback to:
antonycdavis@gmail.com
Content Highlights: Nifty 50 v/s Nifty Next 50: Where to invest for double digit gains?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..