Photo: Gettyimages
പെന്‍ഷന്‍ പറ്റിയപ്പോള്‍ അച്ഛന് ലഭിച്ച 30 ലക്ഷം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനാകുകയെന്നതായിരുന്നു ആ യുവാവിന്റെ ലക്ഷ്യം. എത്രയും വേഗം നിക്ഷേപം നടത്തി സമ്പത്ത്നേടാനുള്ള വ്യഗ്രത പ്രകടമാകുന്നതായിയിരുന്നു അദ്ദേഹത്തിന്റെ ഇ-മെയില്‍.
കോവിഡ് വ്യാപനത്തെതുടര്‍ന്ന് 2020 മാര്‍ച്ചില്‍ ഓഹരി വിപണികൂപ്പുകുത്തിയപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട നിരവധി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ തിടുക്കംകൂട്ടി. ഓഹരി നിക്ഷേപകരില്‍പലരും പണം തിരികെയെടുത്ത് അക്കൗണ്ടുതന്നെ ക്ലോസ്ചെയ്തു.
ഒന്നുരണ്ടു മാസങ്ങള്‍ക്കുശേഷം വിപണിയിലേയ്ക്ക് ആഭ്യന്തര നിക്ഷേപം കുതിച്ചെത്തുന്നതായാണ് കണ്ടത്. ആത്മവിശ്വാസം വീണ്ടെടുത്ത ചെറുകിട നിക്ഷേപകരും പുതിയതായി അക്കൗണ്ടെടുത്ത ചെറുപ്പക്കാരും വിപണിയെ സജീവമാക്കി. മ്യൂച്വല്‍ ഫണ്ടിനുപകരം ഓഹരിയില്‍തന്നെ നേരിട്ടുനിക്ഷേപിച്ച് ഇരട്ടയക്ക ആദായം നേടുകയെന്ന ലക്ഷ്യമായിരുന്നു അവര്‍ക്ക്.
ദിനംപ്രതി ഓഹരികള്‍ വാങ്ങുകയും വില്‍ക്കുയും ചെയ്യുകയെന്ന നിക്ഷേപരീതി പിന്തുടരാനായിരുന്നു പലര്‍ക്കും താല്‍പര്യം. ഇന്ന് നിക്ഷേപിച്ച് നാളെ ലാഭം കൊയ്യുകയെന്ന രീതിയില്‍ മുന്നോട്ടു പോകാനായിരുന്നു അവരില്‍ പലരും ശ്രമിച്ചത്. അതിനായി സോഷ്യല്‍ മീഡിയയിലും നിക്ഷേപ ഫോറങ്ങളിലും കയറിയിറങ്ങി പലരും പറയുന്നവാക്കുകേട്ട് ഓഹരി വാങ്ങി കൈപൊള്ളിയവര്‍ ഏറെയാണ്.
ഓഹരിയോ മ്യൂച്വല്‍ ഫണ്ടോ: ഏതാണ് മികച്ചത്?
ഓഹരി വിപണിയിലും മ്യൂച്വല്‍ഫണ്ടിലുമൊക്കെ പുതിയതായി നിക്ഷേപം നടത്താനെത്തുന്നവര്‍ ഉന്നയിക്കുന്ന പൊതുവായ ഒരുസംശയമാണിത്. ഓഹരിയില്‍നിന്നാണോ മ്യൂച്വല്‍ഫണ്ടില്‍നിന്നാണോ കൂടുതല്‍ ആദായം ലഭിക്കുകയെന്ന്.
മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നുള്ള നേട്ടത്തിന് പരിമിതിയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. വരുമാനത്തിലെ നല്ലൊരു ശതമാനം ഓഹരിയില്‍തന്നെ മുടക്കണമെന്നാണ് ഇവരുടെ അഭിപ്രായം. ഈയിടെ 28വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍ ഓഹരി നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുകയുണ്ടായി. ഇപ്പോള്‍ നിക്ഷേപിക്കാന്‍ യോജിച്ച കുറച്ച് ഓഹരികള്‍ പറഞ്ഞുകൊടുക്കണമെന്നായിരുന്നു ആവശ്യം. ഏത് വിലയില്‍ ഓഹരി വാങ്ങാം? എത്ര ആദായം അതില്‍നിന്ന് പ്രതീക്ഷിക്കാം?-എന്നിങ്ങനെ ചോദ്യങ്ങള്‍ നീണ്ടു.
അദ്ദേഹത്തിന് വേണ്ടത് ലാഭംകിട്ടിക്കൊണ്ടിരിക്കുന്ന ക്യാപ്സൂള്‍ സൈസിലുള്ള ഒരുപോര്‍ട്ട്ഫോളിയോയാണ്. അച്ഛന് പെന്‍ഷന്‍പറ്റിയപ്പോള്‍ ലഭിച്ച 30 ലക്ഷം രൂപ മുഴുവനും ഓഹരിയില്‍ മുടക്കാന്‍ തയ്യാറാണ്. അതിനായി മികച്ച ഓഹരികള്‍ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. മികച്ച ഓഹരികള്‍ കണ്ടെത്താന്‍ അദ്ദേഹത്തിന് സമയമില്ല. കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ക്ഷമയുമില്ല.
ഓഹരിയില്‍ നിക്ഷേപിക്കുംമുമ്പ്
ഓഹരിയില്‍ നിക്ഷേപത്തിനിറങ്ങുംമുമ്പ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടകാര്യങ്ങളുണ്ട്.
- മികച്ച ഓഹരി കണ്ടെത്തി നിക്ഷേപിക്കുകയെന്നത് ശ്രമകരമാണ്.
- അറിവും സമയവും പരിശ്രമവും അതിന് ആവശ്യമാണ്.
- മികച്ചരീതിയില്‍ വൈവിധ്യവത്കരണം സാധ്യമാക്കി റിസ്‌ക് കുറച്ച് സ്റ്റോക്ക് പോര്‍ട്ട്ഫോളിയോ ക്രമീകരിക്കല്‍ ബുദ്ധിമുട്ടുള്ളകാര്യമാണ്.
- യഥാസമയം വിപണിയിലെ ചലനങ്ങള്‍ മനസിലാക്കുന്നതിനും വേണ്ടവിധത്തില്‍ ഇടപെടുന്നതിലും വിപണിയിലെ പ്രൊഫഷണലുകള്‍പോലും പലപ്പോഴും പരാജയപ്പെടുന്നു.
- ഓഹരിയില്‍നേരിട്ട് നിക്ഷേപിക്കുന്നവര്‍ക്ക് വ്യക്തമായ ബോധ്യവും അച്ചടക്കവും കേന്ദ്രീകൃതശ്രദ്ധയും ആവശ്യമാണ്. ബ്രോക്കറുടെ നിര്‍ദേശങ്ങളോ ടിപ്സുകളെയോ ആശ്രയിച്ചുമാത്രം നിക്ഷേപിക്കാനിറങ്ങിയാല്‍ നഷ്ടമാകും ഉണ്ടാകുക.
വിവിധ കാറ്റഗറികളിലായി നൂറുകണക്കിന് മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലുണ്ട്. നിക്ഷേപ ലക്ഷ്യങ്ങള്‍ക്ക് യോജിച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയാണ്. മികച്ച ഓഹരികള്‍ കണ്ടെത്തി സജീവമായി ഇടപെട്ട് നിക്ഷേപകന് പരമാവധി ആദായംനല്‍കാന്‍ ഫണ്ടുകള്‍ മത്സരിക്കുമെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ല.അതിന് തെളിവായി നിരവധി ഫണ്ടുകള്‍ മുന്നിലുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികയുടെപോലും ആദായം നല്‍കാന്‍ കഴിയാത്ത നൂറുകണക്കിന് ഫണ്ടുകള്‍ വിപണിയിലുണ്ട്. അതുമാത്രമല്ല, നിലവില്‍ മികച്ച ആദായംനല്‍കുന്ന ഫണ്ടുകള്‍ ഭാവിയില്‍ തുടര്‍ന്നും പ്രകടനംകാഴ്ചവെയ്ക്കുമെന്ന് ഉറപ്പുമില്ല.
ഫണ്ടുകളിലെ ഓഹരികളുടെ പോര്‍ട്ട്ഫോളിയോ(അതായ്ത് എത് ഓഹരിയില്‍ നിക്ഷേപിക്കണമെന്ന്)തീരുമാനിക്കാന്‍ നിക്ഷപകനാവില്ല. അതിന്റെ പൂര്‍ണ അവകാശം ഫണ്ട് മാനേജര്‍ക്കാണ്. അതുകൊണ്ടുതന്നെ മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം വെല്ലുവിളിയാണ്. റിസ്‌കെടുക്കാനുള്ളശേഷിയും സാമ്പത്തിക ലക്ഷ്യവും നിക്ഷേപകാലാവധിയുമൊക്കെ പരിഗണിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.എന്നാല്‍ ഫണ്ടുകളെ പ്രൊമോട്ട് ചെയ്യുന്ന വിതരണക്കാരില്‍ പലരും ഇതെക്കുറിച്ചൊന്നും നിക്ഷേപകന് പറഞ്ഞുകൊടുക്കാറില്ലെന്നതാണ് വാസ്തവം. കാലാകാലങ്ങളില്‍ അവയുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും സഹായിക്കാറില്ല. എഎംസികള്‍ ഓരോകാലങ്ങളിലായി 'പുഷ്' ചെയ്യുന്ന ഫണ്ടുകളാണ് പലപ്പോഴും വിതരണക്കാര്‍നിക്ഷേപകരുരുടെമേല്‍ കെട്ടിവെയ്ക്കുന്നത്. ന്യൂ ഫണ്ട് ഓഫറുകള്‍ ഉദാഹരണം.
ആത്യന്തികമായ ഉത്തരവാദിത്തം നിക്ഷേപകനുതന്നെയാണെന്ന് മനസിലാക്കുക. ഓഹരി കണ്ടെത്തി നിക്ഷേപിക്കുന്നതുപോലെ, ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിലും കൂര്‍മബുദ്ധി ആവശ്യമാണ്.
ചെയ്യേണ്ടത്:
ഓഹരിയെക്കുറിച്ചും മ്യൂച്വല്‍ഫണ്ടുകളെക്കുറിച്ചും ധാരണയുണ്ടാക്കുകയെന്നതാണ് പ്രധാനം. മികച്ച ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലത്തേയ്ക്ക് ഘട്ടംഘട്ടമായി നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാകണം. വിപണിയിലെ ചലനങ്ങള്‍ മനസിലാക്കാന്‍ കഴിവു ലഭിക്കുമ്പോള്‍ ചെറിയൊരു തുക ഹ്രസ്വകാല ലാഭമെടുക്കലിനായി നീക്കിവെയ്ക്കാം.
മികച്ച ഫണ്ടുകള്‍ കണ്ടെത്തിയാല്‍
നിക്ഷേപിച്ചുകൊണ്ടിരുന്നാല്‍മതിയെന്ന് ചിന്തിക്കുന്നതുംശരിയല്ല. എസ്ഐപിയായി ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ കുറെക്കാലം കഴിയുമ്പോള്‍ ഒരുതുക കയ്യില്‍കിട്ടുമെന്ന് പ്രതീക്ഷിച്ച് കാലാകാലങ്ങളില്‍ നിക്ഷേപം തുടരുന്നതും നല്ലതല്ല. വര്‍ഷത്തിലൊരിക്കല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തണം. പ്രകടനം മോശമായാല്‍ മറ്റുഫണ്ടുകളിലേയ്ക്ക് മാറാനുള്ള ആര്‍ജവം ഉണ്ടാകണം.
2020 ഏപ്രിലില്‍ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചത് നിക്ഷേപലോകത്ത് ആശങ്കയുണ്ടാക്കിയിരുന്നു. കോവിഡ് കാലത്ത് വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതിനെതുടര്‍ന്നാണ് സ്ഥിര വരുമാനത്തിന് ബദലായുള്ള നിക്ഷേപ പദ്ധതികള്‍ പ്രതിസന്ധിനേരിട്ടത്. ഇതിനകം തരക്കേടില്ലാത്ത നേട്ടത്തോടെ ഫ്രാങ്ക്‌ളിന് നിക്ഷേപം തിരിച്ചുകൊടുക്കാനായി. സെബിയുടെയും മറ്റുമുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളുമാണ് രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ അടിത്തറ.

ചെറുതും വലുതുമായ എല്ലാ മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ക്കും വ്യവസ്ഥകളും നിയന്ത്രണങ്ങളും ഒരുപോലെയാണ്. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന മ്യൂച്വല്‍ പണ്ടുകളിലും മറ്റ് ചെറുകിട എഎംസികളിലും നിക്ഷേപ സുരക്ഷയുടെ കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. അതായത്, എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി എഎംസികളുടെ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത അതേ സുരക്ഷതന്നെ നവി, പിപിഎഫ്എഎസ്, ക്വാണ്ടം, ക്വാണ്ട്, വൈറ്റ് ഓക്ക്, ഐടിഐ തുടങ്ങിയവയിലെ നിക്ഷേപത്തിനും ലഭിക്കുമെന്ന് ചരുക്കം. ഫണ്ടുകളുടെ പ്രകടനമാണ് നേട്ടത്തിന്റെ അടിസ്ഥാനം.
നിക്ഷേപവും ട്രേഡിങും
പുതിയതായി ഓഹരി വിപണിയില്‍ നിക്ഷേപം തുടങ്ങുന്നവരില്‍ ഭൂരിഭാഗംപേര്‍ക്കും ഒരേയൊരു ലക്ഷ്യമാണുള്ളത്. കുറഞ്ഞവിലയില്‍ വാങ്ങണം അടുത്തദിവസംതന്നെ കൂടിയവിലയില്‍ വില്‍ക്കണം. ഓരോദിവസവും ആയിരങ്ങള്‍ ഉണ്ടാക്കണം! ഇത് സാധ്യമാണോയെന്ന്ചോദിച്ചാല്‍ അസാധ്യമല്ലെന്നാണ് ഉത്തരം. വിപണിയില്‍നിന്ന് അത്തരത്തില്‍ നേട്ടമുണ്ടാക്കാന്‍ അസാമാന്യ പ്രൊഫഷണലിസം ആവശ്യമാണെന്നുമാത്രം.
രണ്ടുതരത്തില്‍ പോര്‍ട്ട്ഫോളിയോ ഉണ്ടാക്കാം
ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തി മികച്ച ഓഹരികളുടെ പോര്‍ട്ട്ഫോളിയോ ക്രമീകരിച്ച് എസ്ഐപി മാതൃകയില്‍ നിക്ഷേപിക്കാം. ചുരുങ്ങിയത് ഏഴുവര്‍ഷമെങ്കിലും ഈ പോര്‍ട്ട്ഫോളിയോ നിലനിര്‍ത്താന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഇടവേളകളില്‍ ഓഹരികളുടെ പ്രകടനം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക.
രണ്ടാമതായി, ഇടക്കാല ലക്ഷ്യത്തോടെ ലാഭമെടുപ്പ് ലക്ഷ്യമിട്ട് മറ്റൊരുപോര്‍ട്ട്ഫോളിയോ ഉണ്ടാക്കാം. താഴ്ന്ന നിലവാരത്തില്‍ വാങ്ങുകയും നിശ്ചിത ആദായമെത്തുമ്പോള്‍ വില്‍ക്കുകയും ചെയ്യുകയെന്നരീതി ഇവിടെ സ്വീകരിക്കാം. ഇടക്കിടെ പ്രോഫിറ്റ് ബുക്ക് ചെയ്യാന്‍ ഈ പോര്‍ട്ട്ഫോളിയോ പ്രയോജനപ്പെടുത്താം.
ഇനി മ്യൂച്വല്‍ ഫണ്ടിലേയ്ക്കുവരാം
ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ താല്‍പര്യവും സമയവുമില്ലാത്തവര്‍ക്ക് മികച്ചത് മ്യൂച്വല്‍ ഫണ്ടിന്റെവഴിയാണ്. പോര്‍ട്ട്ഫോളിയോ റീബാലന്‍സിങ് ഉള്‍പ്പെടുയുള്ള കാര്യങ്ങള്‍ നിക്ഷേപകനുവേണ്ടി ഫണ്ട് മാനേജര്‍ ചെയ്തുകൊള്ളും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യമാണ് മുന്നിലുള്ളതെങ്കില്‍ റിസ്‌ക് അനുസരിച്ച് നിക്ഷേപിക്കാന്‍ അനുയോജ്യമായ നിരവധി ഇക്വിറ്റി ഫണ്ടുകള്‍ വിപണിയിലുണ്ട്. വിപണിയിലെ കയറ്റയിറക്കങ്ങളോ കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളോ ഒന്നുംനോക്കേണ്ടതില്ല ഫണ്ടുകളുടെ പ്രവര്‍ത്തന മികവുമാത്രം വര്‍ഷത്തിലൊരിക്കല്‍ വിലയിരുത്തിയാല്‍മതിയാകും.
എത്ര ആദായം പ്രതീക്ഷിക്കാം?
ബാങ്ക് നിക്ഷേപത്തിന് ഇപ്പോള്‍ ശരാശരി ലഭിക്കുന്ന ആദായം ആറുശതമാനമാണ്. റിസ്‌ക് എടുക്കാന്‍ തയ്യാറുള്ള നിക്ഷേപകര്‍ക്ക് അതിന്റെ ഇരട്ടി പ്രതീക്ഷിച്ചാല്‍പോരെ?ദീര്‍ഘകാലയളവില്‍ 12ശതമാനം വാര്‍ഷികാദായമെന്നത് മികച്ചതുതന്നെയാണ്. മ്യൂച്വല്‍ ഫണ്ടില്‍നിന്ന് ദീര്‍ഘകാലത്തേയ്ക്ക് ശരാശരി 12 മുതല്‍ 15ശതമാനംവരെ ആദായം പ്രതീക്ഷിക്കാം. ശരിയായ എക്‌സിറ്റ് പ്ലാനുണ്ടെങ്കില്‍ 20-30ശതമാനവും നേട്ടമുണ്ടാക്കാം. മികച്ചരീതിയില്‍ കൈകാര്യംചെയ്യുകയാണെങ്കില്‍ ഓഹരിയില്‍നിന്ന് 15-30ശതമാനവും നേടാം. അതില്‍കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ ബോണസായി കരുതിയാല്‍മതി.
നിക്ഷേപകര്‍ അറിയാന്‍
- മ്യച്വല്‍ ഫണ്ടിനേക്കാള്‍ ഓഹരി നിക്ഷേപം മികച്ച ആദായംനല്‍കുമെന്ന് പലനിക്ഷേപകരും കരുതുന്നു. കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാധ്യത മ്യൂച്വല്‍ഫണ്ട് മാനേജര്‍മാര്‍ പരിമിതപ്പെടുത്തുന്നുവെന്നാണ് ഇവരുടെ നിരീക്ഷണം.
- ഓഹരികളുടെ ചാഞ്ചാട്ടം വിലയിരുത്താനും മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാനും അറിയാത്തതിനാല്‍ ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നത് ബുദ്ധിമുട്ടാണെന്നും പണംനഷ്ടപ്പെടുമെന്നും മറ്റുപലരും ചിന്തിക്കുന്നു. ഇവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപമാണ് അനുയോജ്യം. എന്നാല്‍ മ്യൂച്വല്‍ഫണ്ടിനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും സാമാന്യധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. കമ്പനികളോ വിതരണക്കരോ മാര്‍ക്കറ്റ് ചെയ്യുന്ന ഫണ്ടുകളല്ല, യോജിച്ചവ കണ്ടെത്തിയാണ് നിക്ഷേപിക്കേണ്ടത്.
- ഞങ്ങള്‍ ചെയ്യുന്നതാണ് ശരിയെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. തിരഞ്ഞെടുക്കുന്ന ഓഹരികള്‍ മികച്ചതാണെങ്കില്‍ കാര്യമായലാഭം അതില്‍നിന്ന് പ്രതീക്ഷിക്കുന്നതും തെറ്റില്ല. പക്ഷേ, ഭാവിയെക്കുറിച്ച് ഒന്നും ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് അറിയുക.
വിപണിയുടെ ഭാവി കൃത്യമായി പ്രവചിക്കാനുള്ള കഴിവ് അനലിസ്റ്റുകള്‍ക്കെന്നല്ല ആര്‍ക്കുമില്ലെന്ന് മനസിലാക്കുക. അതുതന്നെയാണ് വിപണിയുടെ ശക്തി. സാധ്യതകളാണ് അനലിസ്റ്റുകള്‍ മുന്നോട്ടുവെയ്ക്കുന്നത്.
ഇഷ്ടമുള്ള അനുപാതത്തില്‍ ഓഹരികളിലും മ്യൂച്വല്‍ഫണ്ടുകളിലും നിക്ഷേപിക്കാനുള്ള അവസരം എല്ലാവര്‍ക്കുമുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപിക്കാന്‍ നിങ്ങള്‍ക്കുമാത്രമെ കഴിയൂ. അതിന് സഹായിക്കാനെ മറ്റുള്ളവര്‍ക്കുകഴിയൂ. പണത്തോടൊപ്പം സമയവും അതിനുവേണ്ടി ചെലവാക്കേണ്ടിവരും. അനുഭവത്തില്‍നിന്നുമാത്രമെ മികച്ച നിക്ഷേപകനാകാന്‍ കഴിയൂഎന്നകാര്യവും മറക്കേണ്ട.
ശ്രദ്ധിക്കാന്‍: ഓഹരിയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നവര്‍ വിപണിയിലെ ഓരോ ഇടിവും സാധ്യതയായി കരുതുക. മികച്ച ഓഹരികള്‍ വാങ്ങി പോര്‍ട്ട്ഫോളിയോ സമ്പന്നമാക്കാനുള്ള അവസരമായി അതിനെ കാണണം. അതിനുള്ള സമയവും ചലനങ്ങള്‍ നിരിക്ഷിക്കാനുള്ള താല്‍പര്യവുമില്ലാത്തവര്‍ മ്യൂച്വല്‍ ഫണ്ടിന്റെ വഴി സ്വീകരിക്കുക. സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ക്ഷമയോടെ എസ്ഐപി മാതൃകയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ സമ്പത്തുണ്ടാക്കുകയെന്നത് എളുപ്പമാണ്.
feedback to:
antonycdavis@gmail.com
Content Highlights: mutual funds or stocks which is for better return column by dr antony c davis


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..