
Photo: Gettyimages
മൊറട്ടോറിയം കാലാവധി അവസാനിച്ചു. ബാങ്കുകള്‍ പ്രതിമാസ തിരിച്ചടവ് തുക പിടിക്കാനും തുടങ്ങി. ഭവനവായ്പ, വ്യക്തിഗത വായ്പ ഉള്‍പ്പടെയുള്ളവയുടെ തിരിച്ചടവും വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള പ്രതിമാസ നിക്ഷേപവും ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നറിയാതെ സാബു ചിന്താകുലനായി. ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ അദ്ദേഹം നാട്ടില്‍ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
സഹചര്യത്തെ എങ്ങനെ നേരിടും?
വായ്പയുടെ പ്രതിമാസ തിരിച്ചടവും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള എസ്ഐപിയും തുടരുകയെന്നത് സാബുവിനെ സംബന്ധിച്ചെടുത്തോളം പ്രയാസമുള്ളകാര്യമാണ്. ആറുമാസത്തെ തിരിച്ചടവ് നിര്‍ത്തിവെച്ചാണ് സാബു ഇതുവരെ എസ്ഐപി തുടര്‍ന്നത്. സംരംഭത്തിനായി നീക്കിവെച്ചതുകയില്‍നിന്ന് എടുക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ എങ്ങനെ നേരിടാമെന്നായിചിന്ത.
എസ്ഐപികളിലേയ്ക്കുവരാം
ഹ്രസ്വ-മധ്യകാലയളവിലെയും ദീര്‍ഘകാലയളവിലെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. മൂന്നുവര്‍ഷം കഴിയുമ്പോള്‍ കുടുംബത്തോടൊപ്പം വിദേശ വിനോദയാത്ര, പഴയത് മാറ്റി പുതിയ കാറ് വാങ്ങണം. ഇതിനുവേണ്ടി ഹ്രസ്വകാലയളവ് ലക്ഷ്യമിട്ട് അദ്ദേഹം നിക്ഷേപം നടത്തിവരുന്നുണ്ട്. അതുപോലെതന്നെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, റിട്ടയര്‍മെന്റ് കാലത്തെ ജീവിതം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യത്തിനും എസ്ഐപിയായി നിക്ഷേപിക്കുന്നു.
പരിഹാരം
ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള എസ്ഐപി തല്ക്കാലം നിര്‍ത്തിവെയ്ക്കാം. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള എസ്ഐപി തുടരുക. അതിന് മുടക്കംവരുത്തരുത്. സംരംഭത്തിലെ ഉന്നമനത്തിനനസരിച്ച് പുതിയ കാറുവാങ്ങുന്നതും വിനോദയാത്രയുടെകാര്യവും പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. അല്ലെങ്കില്‍ അതില്‍നിന്ന് ഭാവിയില്‍ ലഭിക്കുന്ന വരുമാനത്തിനനുസരിച്ച് ഹ്രസ്വകാലത്തേയ്ക്ക് എസ്ഐപി വീണ്ടുംതുടങ്ങാം.
ദീര്‍ഘകാല എസ്ഐപി
ദീര്‍ഘകാല ലക്ഷ്യത്തിനുവേണ്ടിയുള്ള എസ്ഐപിയുമായി മുന്നോട്ടുപോകുക. രണ്ടുകാരണങ്ങളാണ് അതിനുപിന്നിലുള്ളത്. ഒന്ന്, കൂട്ടുപലിശയുടെ ഗുണം പരമാവധി നേട്ടമാക്കാന്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ കഴിയും. രണ്ട്, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് ദീര്‍ഘകാലത്തില്‍ നിക്ഷേപം നടത്തുന്നത്.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
പുതിയ കാറുവാങ്ങുന്നതിനും വിനോദയാത്രക്കും ഡെറ്റ് ഫണ്ടുകളിലാണ് സാബു നിക്ഷേപം നടത്തിയിരുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ നിറവേറ്റണമെന്ന് ലക്ഷ്യമിട്ടവയായിരുന്നു ഈ നിക്ഷേപം. ഡെറ്റുഫണ്ടുകളിലായതിനാല്‍ ആവശ്യമെങ്കില്‍ നഷ്ടമില്ലാതെന്നെ പിന്‍വലിക്കാന്‍ അദ്ദേഹത്തിന് കഴിയും.
വിരമിച്ചശേഷം അതിനുമുമ്പത്തപ്പോലെ ജീവിക്കുന്നതിന് 20 വര്‍ഷമോ 30വര്‍ഷമോ കഴിയുമ്പോള്‍ നല്ലൊരുതുക കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുവേണ്ടിയുള്ള എസ്ഐപി മുടക്കാതെ തുടരുക. റിട്ടയര്‍മെന്റിനുശേഷം മക്കളെയോ മറ്റുള്ളവരെയോ ആശ്രയിക്കാതെ ജീവിക്കാനുള്ള സാമ്പത്തിക സ്വാതന്ത്ര്യം അതുനിങ്ങള്‍ക്കുനല്‍കും.
ഭാവിയില്‍ മികച്ച ആദായം ലഭിക്കാന്‍ ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍തന്നെ എസ്ഐപി തുടരുക. ഏഴുമുതല്‍ പത്തുവര്‍ഷംവരെയെങ്കിലും എസ്ഐപി തുടരാനായാല്‍ 12ശതമാനം വാര്‍ഷികാദായം അതില്‍നിന്ന് പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ ദീര്‍ഘകാലത്തേയ്ക്ക് ആദായംകുറഞ്ഞ സ്ഥിര നിക്ഷേപപദ്ധതികള്‍ തിരഞ്ഞെടുക്കരുത്.
കോവിഡ് മഹാമാരിതന്നെയാണ്. നമ്മുടെ കൊച്ചുകേരളത്തെയും അത് പിടിച്ചുകുലുക്കിയിരിക്കുന്നു. ഗള്‍ഫില്‍നിന്ന് ലക്ഷക്കണക്കിനുപേരാണ് ജോലിയില്ലാതെ തിരിച്ചെത്തിയിരിക്കുന്നത്. നാട്ടിലുള്ളവര്‍ക്കും തൊഴില്‍ നഷ്ടമാകുകയോ വരുമാനത്തില്‍ കാര്യമായ കുറവുണ്ടാകുകയോ ചെയ്തു.
എങ്കിലും ഇത്തരം സാഹചര്യവും അതിജീവിച്ചേ മതിയാകൂ. ചരിത്രം ലോകത്തെ പഠിപ്പിച്ചിട്ടുള്ളത് അതാണ്. നിക്ഷേപകനെന്ന നിലയിലും ഉചിതമായി തീരുമാനമെടുത്ത് സാമ്പത്തിക മഹാമാരിയെ അതിജീവിക്കുക. മികച്ച ആസുത്രണവും ചിട്ടയും ഇക്കാര്യത്തിലും ഉണ്ടാകട്ടെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..