Photo:Gettyimages
കുവൈറ്റില്‍ ജോലി ചെയ്യുന്ന രമേഷ് വിവിധ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി നാല് മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപം നടത്തുന്നുണ്ട്. അതിനിടെയാണ് കാലാവധിയെത്തിയ സ്ഥിര നിക്ഷേപത്തില്‍നിന്ന് 15 ലക്ഷം രൂപ ലഭിച്ചത്.
പലിശ കുറവായതിനാല്‍ ബാങ്കില്‍തന്നെ നിക്ഷേപിക്കുന്നതിന് താല്‍പര്യമില്ല. ഒറ്റത്തവണയായി 15 ലക്ഷം രൂപ നിക്ഷേപിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അധികം റിസ്‌കെടുക്കാനും കഴിയില്ല. മൂന്നു മുതല്‍ അഞ്ചുവര്‍ഷംവരെ നിക്ഷേപം നിലനിര്‍ത്താല്‍ തയ്യാറുമാണ്.
നിക്ഷേപകരുടെ വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഫണ്ടുകള്‍ വിപണിയിലുണ്ട്. യോജിച്ചവ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതിലാണ് മികവുകാണിക്കേണ്ടത്. മൂന്നുവര്‍ഷത്തില്‍ താഴെയാണ് നിക്ഷേപ കാലാവധിയെങ്കില്‍ ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളാണ് അനുയോജ്യം. അഞ്ചുവര്‍ഷംവരെ നിക്ഷേപം തുടരാമെങ്കില്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളാകും നല്ലത്.
65-80ശതമാനം ഓഹരികളിലും ബാക്കിയ സ്ഥിരവരുമാന പദ്ധതികളിലുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. വിപണിയില്‍ തകര്‍ച്ചയുണ്ടായാല്‍ നഷ്ടം പരിമിതപ്പെടുത്തുന്നതിന് സ്ഥിരവരുമാന പദ്ധതിയിലെ നിക്ഷേപം സഹായിക്കുന്നു. ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ വലിയൊരുഭാഗം ഓഹരിയില്‍ നിക്ഷേപിക്കുന്നതിനാല്‍ പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നേട്ടംനല്‍കാനും ഈ ഫണ്ടുകള്‍ക്കാകും.
ഇക്വിറ്റി ഫണ്ടിനേക്കാള്‍ സ്ഥിരതയുള്ളതും റിസ്‌ക് കുറഞ്ഞതുമാണ് ഈ വിഭാഗത്തിലെ ഫണ്ടുകളെന്ന് ചുരുക്കം. വിപണി മുന്നേറുമ്പോള്‍ ഇവ മികച്ച നേട്ടമുണ്ടാക്കുന്നു. അതേസമയം, തകര്‍ച്ചയുണ്ടാകുമ്പോള്‍ നഷ്ടംപരിമിതപ്പെടുത്തി ഇക്വിറ്റി ഫണ്ടുകളേക്കാള്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുകയുംചെയ്യുന്നു.
ഓഹരിയിലെ നിക്ഷേപം 65ശതമാനത്തില്‍ താഴെയാക്കി റിസ്‌ക് ഇനിയും കുറയ്ക്കണമെങ്കില്‍ അതിനും കഴിയും. ഇത്തരക്കാര്‍ക്ക് 'ഇക്വിറ്റി സേവിങ്‌സ് ഫണ്ടു'കള്‍ നിക്ഷേപത്തിന് പരിഗണിക്കാം. ഓഹരി, സ്ഥിരവരുമാനം, ക്യാഷ് സെഗ്മെന്റ് എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും ഈ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്.
അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളേക്കാള്‍ അപകടസാധ്യത കുറവായിരിക്കും. അതേസമയം, ഓഹരിയിലെ നിക്ഷേപം കുറവായതിനാല്‍ വരുമാനത്തില്‍ കുറവുണ്ടാകുകയുംചെയ്യും. അതുകൊണ്ടുതന്നെ ദീര്‍ഘകാലയളവില്‍ അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയാകും നല്ലത്.

ഇതൊക്കെയാണെങ്കിലും ഓഹരി അധിഷ്ഠിത ഫണ്ടില്‍ ഒറ്റത്തവണയായി നിക്ഷേപിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. അതിനായി എസ്‌ഐപിയുടെവഴിയേ പോകേണ്ടതില്ല. വിപണിയുടെ നീക്കം വിലയിരുത്തി ഒരുവര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി 15 ലക്ഷം രൂപ വിഭജിച്ച് നിക്ഷേപിക്കാം.
ഏത് വിഭാഗം ഫണ്ടിലാണ് നിക്ഷേപം നടത്തേണ്ടതെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍, മികച്ച പ്രകടന ചരിത്രമുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. കലണ്ടര്‍ വര്‍ഷ റിട്ടേണ്‍, മൂന്ന് മുതല്‍ അഞ്ചുവര്‍ഷക്കാലയളവില്‍ ഫണ്ട് നല്‍കിയ ആദായം തുടങ്ങിയവ പരിശോധിക്കാം. വിപണിയുടെ തകര്‍ച്ചയില്‍ ഫണ്ടിന്റെ പ്രകടനം എങ്ങനെയായിരുന്നുവെന്നും വിലിയിരുത്താം.
കുറിപ്പ്: നിക്ഷേപ കാലാവധി, റിസ്‌കെടുക്കാനുള്ള കഴിവ്, ഫണ്ടിന്റെ പ്രകടനം, വയസ്സ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചശേഷംമാത്രം ഫണ്ടുകള്‍ തിരഞ്ഞെടുക്കുക. റിട്ടേണ്‍മാത്രമല്ല ആധാരമാകേണ്ടതെന്ന് ചുരുക്കം. ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികള്‍ ഉറപ്പുള്ള നേട്ടം വാഗ്ദാനം ചെയ്യുന്നില്ലെന്ന് മനസിലാക്കുക. വിദഗ്‌ധോപദേശത്തോടെ മാത്രം നിക്ഷേപം നടത്തുക.
feedback to:
antonycdavis@gmail.com
Content Highlights: Low risk funds for lump sum investment; Yield 12%


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..