പാഠം 193|കാറും വീടും ഫോണുമെല്ലാം വായ്പയിൽ; കടക്കെണിയിലേയ്ക്ക് ഇനിയെത്ര ദൂരം


ഡോ.ആന്റണി സി. ഡേവിസ്



താഴ്ന്ന പലിശ നിരക്കിന്റെ കാലം പിന്നിടുകയാണ്. ഒരുവര്‍ഷത്തിനുള്ളില്‍ വായ്പ പലിശയിലുണ്ടായ വര്‍ധന രണ്ടു ശതമാനത്തിലേറെ. വരുമാനശോഷണം നേരിടുന്ന സമയത്ത് ജാഗ്രതയോടെ നീങ്ങാം.

Premium

Photo: Gettyimages

രാവിലെതന്നെ വിനയ് ദാസിന്റെ മൊബൈല്‍ തുടര്‍ച്ചയായി ശബ്ദിച്ചുകൊണ്ടിരുന്നു. അങ്ങേതലയ്ക്കല്‍ സജീഷാണെന്നു കണ്ടപ്പോള്‍ വൈകീട്ട് വിളിക്കാമെന്നു കരുതി മാറ്റിവെച്ചു. ഓഫീസില്‍ പോകാനുള്ള തിരക്കിലായിരുന്നു വിനയ്. ബെംഗളുരുവിലെ ഐടി കമ്പനിയിലെ ജോലിക്കാരനായ സജീഷ് മറ്റൊരു നിര്‍വൃത്തിയുമില്ലാതായപ്പോഴാണ് വിനയിനെ വിളിച്ചത്. ജോലി നഷ്ടപ്പെട്ടകാര്യം അധികമാരെയും അറിയിച്ചിട്ടില്ല. ഇതിലും മികച്ച ജോലി ലഭിക്കുമെങ്കിലും കാത്തിരിപ്പ് ഇടവേളയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള മാര്‍ഗംതേടിയായിരുന്നു വിളി.

വീട്ടുവാടക, ജീവിത ചെലവ്, വായ്പ ഉള്‍പ്പടെ ഒരുമാസം തള്ളിനീക്കാന്‍ ഒരു ലക്ഷം രൂപയെങ്കിലും സജീഷിന് വേണം. കഴിഞ്ഞ മാസം വാങ്ങിയ സ്മാര്‍ട്‌ഫോണിന്റെ ഇഎംഐ, വ്യക്തിഗത വായ്പ, കണ്‍സ്യൂമര്‍ ലോണ്‍, ക്രഡിറ്റ് കാര്‍ഡ് ഡ്യു എന്നിവ ഉള്‍പ്പടെ പത്തിലധികം ബാധ്യതകള്‍. വീട്ടുവാടകയും ജീവിത ചെലവും ബാങ്കിലുള്ള പണംകൊണ്ട് മറികടക്കാം.

റീട്ടെയില്‍ പുഷ്
വായ്പ വേണോ? ക്രെഡിറ്റ് കാര്‍ഡ് പാസായിട്ടുണ്ട് അയക്കട്ടേ? എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമായി ഒരുതവണയെങ്കിലും മൊബൈലില്‍ കോള്‍ വരാത്തവര്‍ അപൂര്‍വമാണ്. ഓരോ തവണയും ലഭിച്ച ഇത്തരത്തിലുള്ള 'ഓഫറുകളാണ്' സജീഷിന് ബാധ്യതയായത്. കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ ചെറുകിടക്കാര്‍ക്ക് വായ്പ കൊടുക്കാനാണ് ബാങ്കുകള്‍ക്ക് ഇപ്പോള്‍ താല്‍പര്യം. ആവശ്യത്തിന് ഈടും തിരിച്ചുകിട്ടുമെന്നുള്ള ഉറപ്പുമൊക്കെയാണ് അതിന് കാരണം. ഉപഭോഗതൃഷ്ണമൂലം ചെറിയകാര്യങ്ങള്‍ക്കുപോലും വായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നിരിക്കുന്നു.

കൊച്ചിയിലെ ചെറുപ്പക്കാര്‍
ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ കൊച്ചിയില്‍നിന്ന് കുറച്ചു ചെറുപ്പക്കാര്‍ കയറി. കൈവശമുള്ള 4ജി ഫോണ്‍ 5ജിയിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാനായി ആമസോണിലും ഫ്‌ളിപ്കാട്ടിലും തിരയുകയാണവര്‍. നിമിഷനേരംകൊണ്ട് അതില്‍ മൂന്നുപേര്‍ ഫോണിന് ഓര്‍ഡര്‍ നല്‍കി. 25,000-30,000 വില നിലവാരമുള്ളവ. എല്ലാം പ്രതിമാസ തിരിച്ചടവില്‍.

പണ്ടൊക്കെ കടംവാങ്ങുന്നത് ബാധ്യതയായാണ് കണ്ടിരുന്നത്. കാരണം പലിശ ഉള്‍പ്പടെ അതിന് മുടക്കുന്ന ചെലവ് ഉയര്‍ന്നതായിരുന്നു. അടച്ചുതീര്‍ക്കുതിനെക്കുറിച്ചും ആകുലതയുണ്ടായിരുന്നു. അഞ്ചോ ആറോ വര്‍ഷം മുമ്പ്, പലിശ നിരക്ക് താഴാന്‍ തുടങ്ങിയതോടെ വ്യവസായ വായ്പയുടെ റിസ്‌ക് ഒഴിവാക്കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചെറുകിട വായ്പകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങി. ബജാജ് ഫിനാന്‍സും, എച്ച്ഡിഎഫ്‌സിയും അതിവേഗം വളരുന്ന കമ്പനികളായി. സ്മാര്‍ട്‌ഫോണ്‍ മുതല്‍ വീടുവരെ എന്തും വാങ്ങാന്‍ വായ്പ നല്‍കാന്‍ ഇവര്‍ തയ്യാറാണ്. വരൂ കാറുമായി പോകൂ-എന്ന് ഉപഭോക്താക്കളെ നോക്കി കമ്പനികള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. സ്വര്‍ണവായ്പാ സ്ഥാപനങ്ങള്‍ മുക്കിലും മൂലയിലും ഓഫീസുകളിട്ടു.

സ്വന്തമായി എന്തെങ്കിലും സമ്പാദിച്ചതിനുശേഷമായിരുന്നു പണ്ടൊക്കെ ചെറുപ്പക്കാര്‍ ഇരുചക്ര വാഹനവും കാറുമൊക്കെ വാങ്ങിയിരുന്നത്. ഇപ്പോള്‍ അതല്ല സ്ഥിതി. ആദ്യം വാഹനം. മാസംതോറും അടച്ചുകൊടുത്താല്‍ മതിയല്ലോ. ഭാവിയിലേയ്ക്ക് നിക്ഷേപിക്കാനുള്ള തുകകൂടി വായ്പ പലിശയായി മുടക്കേണ്ടിവരുന്നു. ഓരോ ആവശ്യങ്ങള്‍ക്കും വായ്പയെ ആശ്രയിക്കേണ്ട സാഹചര്യവും ഇതിലൂടെയുണ്ടാകുന്നു. വാഹന വായ്പയുടെ തിരിച്ചടവ് കഴിഞ്ഞാല്‍ പുതിയ മോഡല്‍ വാങ്ങാമെന്ന ചിന്തയായി. എല്ലാം ഇഎംഐയുടെ വഴി.

കടക്കെണിയിലേയ്ക്കുള്ള പാത
ആവശ്യത്തിനും അത്യാവശ്യമില്ലാത്തതിനും വായ്പയെ ആശ്രയിക്കുന്ന ശീലം ഉപഭോഗതൃഷ്ണയുടെ ഭാഗമായി രൂപപ്പെട്ടതാണ്. കൊക്കിലൊതുങ്ങാത്തത് കൊത്താനുള്ള ശ്രമം. കുറച്ചുതുകയെങ്കിലും സമ്പാദിച്ചതിനുശേഷം വീടുവാങ്ങാന്‍ ഭവനവായ്പയെടുക്കുന്നത് മോശംകാര്യമല്ല. അതൊരു ആസ്തിയുമാണ്. പ്രതിമാസം തിരിച്ചടയ്‌ക്കേണ്ട തുകയെക്കുറിച്ചും വായ്പാ കാലയളവിനെക്കുറിച്ചും ബോധവാന്മാരുമായിരുന്നു ഭവനവായ്പയെടുക്കുന്നവര്‍. വാഹന വായ്പയുടെ കാര്യത്തിലും കുറച്ചുപേരെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കണ്‍സ്യൂമര്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പ എന്നിവയിലെ ഒളിഞ്ഞിരിക്കുന്ന കെണിയെക്കുറിച്ച് അധികമാരും ആലോചിക്കാറില്ല. ഹ്രസ്വകാല ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ ജനപ്രിയമായപ്പോഴാണ് വായ്പാ ആപ്പുകളും ക്രെഡിറ്റ് കാര്‍ഡുകളും വിപണിയില്‍ സുലഭമായത്. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു.

യുഎസിലെ കണക്കെടുത്താല്‍, റീട്ടെയില്‍ വായ്പകളില്‍ 75ശതമാനവും ഭവന വായ്പകളും വാഹന വായ്പകളുമാണ്. ഇന്ത്യയിലാകട്ടെ ഗാര്‍ഹിക കടത്തിന്റെ 30ശതമാനം മാത്രമാണ് ഭവന വായ്പാ വിഹിതം. ബാക്കിയെല്ലാം മുകളില്‍ പറഞ്ഞ വിഭാഗത്തില്‍പ്പെട്ടതുമാണ്. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം, ഉപഭോക്തൃ വായ്പകളുടെ വളര്‍ച്ച അതിഭീമമാണ്. 2021ല്‍നിന്ന് 2022ലെത്തിയപ്പോള്‍ ഈ വിഭാഗം വായ്പകളുടെ വളര്‍ച്ച 89ശതമാനമായി. അതായത് 37,349 കോടി രൂപ. ഭവനവായ്പയിലും വാഹനവായ്പയിലും യഥാക്രമം 12ശതമാനവും 14ശതമാനവും വാര്‍ഷിക വളര്‍ച്ചയാണുള്ളതെന്ന് ഓര്‍ക്കണം. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് വായ്പയിലേയ്ക്ക് പൊതുജനത്തെ ആകര്‍ഷിച്ചത്. ആ കാലമൊക്കെ കഴിഞ്ഞു. ഏഴു ശതമാനത്തിന്റെ വായ്പ 10ശതമാനമായി. കുടുംബങ്ങളിലെ വരുമാനത്തിന്റെ ഏറെഭാഗവും ഈയിനത്തില്‍ നഷ്ടപ്പെടുന്ന സാഹചര്യമാണിപ്പോള്‍.

ആര്‍ബിഐ പുറത്തുവിട്ട കണക്കുപ്രകാരം 2019 നും 2022നുമിടയില്‍ രാജ്യത്തെ ജിഡിപിയും ഗാര്‍ഹിക കടവും തമ്മിലുള്ള അനുപാതം 32.9ശതമാനത്തില്‍നിന്ന് 37.1ശതമാനമായി. ചൈനയില്‍ 61ശതമാനവും റഷ്യയില്‍ 22ശതമാനവുമാണ്. ശരാശരി കണക്കാക്കിയാല്‍ വികസ്വര രാജ്യങ്ങളില്‍ 51ശതമാനവും വികസിത രാജ്യങ്ങളില്‍ 74ശതമാനവുമാണ്. അനുപാതം കൂടുന്ന പ്രവണതയാണ് അപകടകരം. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശ നിരക്കാണ് ഇന്ത്യയിലുള്ളതെന്നകാര്യം കൂടി ഓര്‍ക്കണം.

അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ
സമ്പദ്ഘടന ചലിക്കണമെങ്കില്‍ വ്യവസായങ്ങള്‍ വളരണം. വ്യവസായങ്ങള്‍ വളരണമെങ്കില്‍ ഉപഭോഗംകൂടണം. അഞ്ച് ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം കാണുന്ന സര്‍ക്കാരിനു മുന്നില്‍ ഉപഭോഗ വര്‍ധനയാണ് പ്രധാന കടമ്പ. അതിനുള്ള എല്ലാ ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഗാര്‍ഹിക സാമ്പദ്യമെന്നത് വ്യക്തിയുടെയും കുടുംബത്തിന്റെയും ബാധ്യതയാകുന്നുവെന്ന് തിരിച്ചറിയുക.

2023 ബജറ്റില്‍ പുതിയ നികുതി വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചതും അതിന്റെ ഭാഗമായി വേണം കരുതാന്‍. നിക്ഷേപത്തിനായി ചെലവാക്കുന്ന തുകകൂടി വിപണിയിലെത്തിക്കാനുള്ള 'എളിയശ്രമം'. ഇത് തിരിച്ചറിയുകയും അതിനനുസരിച്ച് വിവേകപൂര്‍വം വിപണിയില്‍ ഇടപെടുകയും ചെയ്യണമെന്ന ബോധ്യം ഓരോരുത്തര്‍ക്കും വേണം. അതിനുള്ള ആര്‍ജവവും നേടാനാകണം.

സമ്പാദ്യം
നിക്ഷേപത്തിന്റെ ലോകത്ത് പറഞ്ഞുപഴകിയ വാക്ക്. കേള്‍ക്കുമ്പോള്‍തന്നെ ചെറുപ്പക്കാര്‍ പുച്ഛത്തോടെ തള്ളിക്കളയുന്ന വാക്ക്. 45ലും 50ലുമെത്തുമ്പോള്‍ ആശങ്കയോടെ ചിന്തിക്കുന്ന സംജ്ഞ. മികച്ചരീതിയില്‍ പണം കൈകാര്യം ചെയ്യുന്നതില്‍ പരിമിതമായ അറിവാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍തന്നെ അത് ചെലവാക്കുന്നതിനുള്ള പ്രലോഭനങ്ങളാണ് ഉപഭോഗലോകം മുന്നോട്ടുവെയ്ക്കുന്നത്. നിക്ഷേപത്തിനും സമ്പാദ്യത്തിനും പണംചെലവാക്കാന്‍ മനസില്ലാത്തവരുടെ ലോകം.

ഗാര്‍ഹിക നിക്ഷേപം
രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ ഓരോ വര്‍ഷവും കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, വായ്പാ വളര്‍ച്ചയാകട്ടെ റോക്കറ്റ് കണക്കെ മുന്നേറുകയും ചെയ്യുന്നു. ആര്‍ബിഐയുടെ കണക്കുപ്രകാരം കോവിഡിനുശേഷം സ്വര്‍ണ വായ്പയില്‍ 194ശതമാനമാണ് വര്‍ധന. ക്രഡിറ്റ് കാര്‍ഡില്‍ അടച്ചു തീര്‍ക്കാനുള്ള തുക 1.13 ലക്ഷം കോടിയില്‍നിന്ന് 57ശതമാനം ഉയര്‍ന്ന് 1.79 ലക്ഷം കോടി രൂപയായി. വ്യക്തിഗത വായ്പകളിലാകട്ടെ വര്‍ധന 55 ശതമാനമാണ്. ഭവന, വാഹന, വിദ്യാഭ്യാസ, ഉപഭോക്തൃ വായ്പകളില്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. മിതമായ വരുമാനവും പലിശ നിരക്കിലെ വര്‍ധനവും പ്രതികൂലമായി ബാധിച്ചതിനാല്‍ ജീവിത നിലവാരം തുടര്‍ന്നുകൊണ്ടുപോകാന്‍ കടമെടുക്കലാണ് മുന്നിലുള്ളവഴി. വരുമാനത്തില്‍ സമ്മര്‍ദമുണ്ടാകുകയും ഉപഭോഗത്തില്‍ കുറവുണ്ടാകാതിരിക്കുകയും ചെയ്യുമ്പോള്‍ രൂപപ്പെടുന്ന പ്രതിഭാസം.

ഉപഭോഗം വര്‍ധിക്കുന്നു എന്നതിനര്‍ഥം ഡിമാന്‍ഡ് കൂടുന്നുവെന്നാണ്. അതിന്റെ ഫലമായി വിലക്കയറ്റമുണ്ടാകുന്നു. പണപ്പെരുപ്പം ആറ് ശതമാനമായി എന്നാല്‍ അത്രയും വിലകൂടിയെന്നാണ് മനസിലാക്കേണ്ടത്. മൂന്നുവര്‍ഷത്തെ കൂടിച്ചേര്‍ന്ന(ക്യുമുലേറ്റീവ്) പണപ്പെരുപ്പം 20 ശതമാനമായിരുന്നു. വരുമാനമാനമാകട്ടെ കുറയുകയും ചെയ്യുന്നു. അതിനാല്‍ ജീവിത നിലവാരം നിലനിര്‍ത്താന്‍ കൂടുതല്‍ പേരും വായ്പയിലേയ്ക്ക് തിരിയുന്നു. ബാങ്കുകള്‍ക്ക് അത് ചാകരയാണ്. വായ്പലഭിക്കാന്‍ സ്വര്‍ണമോ മറ്റേതൊങ്കിലുമോ പണയം വെയ്‌ക്കേണ്ടിവരുന്നത് ജനങ്ങളെ സമ്പന്ധിച്ചെടുത്തോളം ഭാവിയിലേയ്ക്കുള്ള കെണിയൊരുക്കുന്നതിന് തുല്യമാണ്.

സാമ്പത്തിക സ്വാതന്ത്ര്യം
കടത്തില്‍നിന്ന് എപ്പോള്‍ പുറത്തുകടക്കുന്നുവോ അപ്പോള്‍ നിങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടും. അത് വലിയൊരു ആശ്വാസമാണ്. അതുകൊണ്ടുതന്നെ കടബാധ്യതകള്‍ കുറിച്ചുവെയ്ക്കുക അതില്‍നിന്ന് എത്രയും വേഗം പുറത്തുകടക്കാനുള്ള പ്ലാന്‍ തയ്യാറാക്കുക. അതോടൊപ്പം നിക്ഷേപ വഴികളും തിരഞ്ഞെടുക്കുക. ഇന്ന് മാത്രമല്ല നാളെയും ജീവിതം ആഘോഷമാക്കാം.

feedback to:
antonycdavis@gmail.com

Content Highlights: Smartphone, car, home...loans for everything: Falling into Debt crisis

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented