Photo: Gettyimages
ഡെറ്റ് ഫണ്ടില്‍നിന്ന് 148 ശതമാനം റിട്ടേണ്‍ ലഭിക്കുമോ? ഉയര്‍ന്ന റിട്ടേണ്‍ കണ്ട് ചാടിക്കേറി നിക്ഷേപിക്കാന്‍ തുനിഞ്ഞെങ്കിലും വിദഗ്‌ധോപദേശം തേടിയശേഷംമതി നിക്ഷേപമെന്ന് ഐശ്വര്യ പിന്നീട് തീരുമാനിച്ചു. ഇ-മെയില്‍വഴി ചോദ്യമുന്നയിച്ചത് അങ്ങനെയാണ്. ശരിയാണ്. ബിഒഐ എഎക്‌സഎ ക്രെഡിറ്റ് റിസ്‌ക് ഫണ്ട് ഒരുവര്‍ഷത്തിനിടെ നല്‍കിയ ആയായം 148ശതമാനംതന്നെയാണ്. പരമാവധി 10 ശതമാനം ശരാശരി ആദായം ലഭിക്കുന്ന ഡെറ്റ് ഫണ്ടില്‍നിന്ന് എങ്ങനെയാണ് ഇത്രയും നേട്ടം ലഭിച്ചതെന്ന് പരിശോധിച്ചാല്‍ കൃത്യമായ ചിത്രം ലഭിക്കുമായിരുന്നു. അതിന് മുതിരാതെ നിക്ഷേപം നടത്തിയിരുന്നെങ്കിലോ?
റിട്ടേണ്‍ മാത്രംനോക്കി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തരുതെന്ന് ഇതേ കോളത്തില്‍ പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. പലിശ നിരക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ തരക്കേടില്ലാത്ത ആദായം നല്‍കാന്‍ ഡെറ്റ് ഫണ്ടുകള്‍ പാടുപെടുന്ന സമയത്താണ് ഈ നേട്ടമെന്നും ഓര്‍ക്കണം. ഡെറ്റ് ഫണ്ടിലെ നഷ്ടസാധ്യതകൂടുതലുള്ള ക്രെഡിറ്റ് റിസ്‌ക് കാറ്റഗറിയില്‍വരുന്ന ഈ ഫണ്ട് നിക്ഷേപിച്ച പലകമ്പനികളും പാപ്പരത്ത നടപടി നേരിട്ടപ്പോഴാണ് കടുത്ത പ്രതിസന്ധിയിലായത്. സ്ഥിരവരുമാന ഫണ്ടുകളില്‍ ഇത്തരം നഷ്ടം അപൂര്‍വമാണെങ്കിലും 2019-2020 കാലയളവില്‍ പല ഫണ്ടുകളിലും ഇത് ആവര്‍ത്തിച്ചു. നഷ്ടംനേരിട്ട നിക്ഷേപകരിലേറെയും ഉടനെ ഫണ്ടില്‍നിന്ന് പണം പിന്‍വലിച്ച് രക്ഷപ്പെട്ടു.
ബോണ്ടുകളിലെ നിക്ഷേപം തിരിച്ചുകിട്ടാന്‍ ബുദ്ധിമുട്ടായാല്‍ അവയെ വേര്‍തിരിച്ച് (സൈഡ് പോക്കറ്റിങ്) നിര്‍ത്താന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി അനുമതി നല്‍കിയിരുന്നു. എന്നാല്‍ സെബിയുടെ ഈ തീരുമാനം ഫണ്ട് അതിന്റെ സ്‌കീം ഇന്‍ഫോര്‍മേഷന്‍ ഡോക്യുമെന്റില്‍ ചേര്‍ത്തത് 2020 മെയ് മാസത്തിലായിരുന്നു. ബോണ്ടിലെ നിക്ഷേപം എപ്പോഴെങ്കിലും തിരികെ ലഭിച്ചാല്‍ നിക്ഷേപകര്‍ക്ക് കൈമാറാന്‍ ഇതിലൂടെ കഴിയുമായിരുന്നു. എന്നാല്‍ ഈ ഫണ്ടില്‍ ഇത്തരത്തില്‍ ക്രമീകരണം നേരത്തെ തടത്താതിരുന്നതിനാല്‍ ആ കാലയളവില്‍ പണം പിന്‍വലിച്ചവര്‍ക്ക് തിരിച്ചടിയായി. പിന്നീട് കടപ്പത്രങ്ങളിലെ നിക്ഷേപം തിരികെ ലഭിച്ചപ്പോള്‍ അന്ന് പുറത്തുപോയവര്‍ക്ക് അതിലെനേട്ടം ലഭിക്കാതെപോയി. നിക്ഷേപത്തിലേറെയും പിന്‍വലിച്ചപ്പോള്‍ ഫണ്ട് കൈകാര്യംചെയ്യുന്ന മൊത്തം ആസ്തി കുത്തനെ ഇടിഞ്ഞു. ചില കടപ്പത്രങ്ങളില്‍നിന്ന് പണം ഈയിടെ തിരികെ ലഭിച്ചപ്പോള്‍ ഒരുവര്‍ഷക്കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടായി മാറുകയുമായിരുന്നു.
ഫ്രാങ്ക്‌ളിന്റെ കഥ
മ്യൂച്വല്‍ ഫണ്ട് ചരിത്രത്തില്‍ കറുത്ത അധ്യായം രചിച്ച ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ കഥ നിക്ഷേപകര്‍ മറുന്നുകാണില്ല. രണ്ടുവര്‍ഷം മുമ്പ് 2020 ഏപ്രില്‍ 23നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം ഒറ്റയടിക്ക് മരവിപ്പിച്ചതായി ഫണ്ട് കമ്പനി നിക്ഷേപകരെ അറിയിച്ചത്. രണ്ടുവര്‍ഷംകൊണ്ട് നിക്ഷേപതുക തരക്കേടില്ലാത്ത ആദായത്തോട തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞെങ്കിലും അത്യാവശ്യത്തിന് ഉപയോഗിക്കാന്‍വെച്ച പലരുടെയും പണമാണ് ദീര്‍ഘകാലം 'ലോക്ക്' ആയത്. സൈഡ് പോക്കറ്റിങ് നടത്തിയ പോര്‍ട്ട് ഫോളിയോയില്‍നിന്നും നിക്ഷേപകര്‍ക്ക് ഭാഗികമായി പണം ലഭിച്ചു.
ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളിലേയ്ക്കുവരാം
ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകളെക്കുറിച്ചാണ്. കൂടുതല്‍ ആദായം നല്‍കി നിക്ഷേപലോകത്ത് ശ്രദ്ധനേടാന്‍ കാണിച്ച വെപ്രാളമാണ് ഫ്രാങ്ക്‌ളിനെ ഈ അപകടത്തില്‍ ചാടിച്ചത്. ബോണ്ടുകളുടെ റേറ്റിങിലെ പ്രസക്തി ഇവിടെയാണ്. ക്രഡിറ്റ് റിസ്‌ക് കൂടുതലാണെങ്കിലും അടുത്തകാലത്തായി ഈ വിഭാഗം ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതായി കാണുന്നു. കോര്‍പറേറ്റ് കടപ്പത്രങ്ങളുടെ തരംതാഴ്ത്തലും പണംതിരികെ കൊടുക്കുന്നതില്‍ വരുത്തിയ വീഴ്ചയുമൊക്കെയാണ് മുന്‍വര്‍ഷങ്ങളില്‍ ക്രഡിറ്റ് റിസ്‌ക് ഫണ്ടുകളില്‍നിന്ന് പണം പുറത്തേക്കൊഴുകാന്‍ കാരണമായതെന്നകാര്യം ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.
കൂടുതല്‍ നേട്ടമുണ്ടാക്കാനായി റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങളില്‍ നിക്ഷേപിച്ചതിനെതാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിനെ പ്രതിസന്ധിയിലാക്കിയത്. 2019-20 കാലയളവില്‍ നിരവധി കമ്പനികളാണ് കാലാവധിയെത്തിയ കടപ്പത്രങ്ങളില്‍ പണം തിരിച്ചുകൊടുക്കുന്നതിലും പലിശയടവിലും വീഴ്ചവരുത്തിയത്. ആദായം കുറയുമെങ്കിലും ട്രിപ്പിള്‍ എ-റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലെ നിക്ഷേപമാണ് താരതമ്യേന സുരക്ഷിതം. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാണ് കൂടുതല്‍ നേട്ടത്തിനായി ഈ വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്.
നിക്ഷേപക താല്‍പര്യം എന്തുകൊണ്ട്?
ബാങ്ക് നിരക്കുകള്‍ എക്കാലത്തെയും താഴ്ന്ന നിലാവരത്തിലെത്തിയതോടെ സ്ഥിര നിക്ഷേപം ഉള്‍പ്പടെയുള്ളവയിലെ പലിശ നിരക്കുകള്‍ ആകര്‍ഷകമല്ലാതായി. ഇതോടെ മികച്ച ആദായംതേടി നിക്ഷേപകര്‍ നെട്ടോട്ടമോടാന്‍ തുടങ്ങി. 10-12ശതമാനംവരെ ആദായം നല്‍കിയിരുന്ന ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകളിലെ ആദായംപോലും 4-5ശതമാനത്തിലേയ്ക്ക് താഴ്ന്നു. ഉയര്‍ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലെ ആദായം കുറഞ്ഞതായിരുന്നു ഇതിന് കാരണം. അതേസമയം, വിപണിയില്‍നിന്ന് കൂടുതല്‍ തുക സമാഹരിക്കാനായി റേറ്റിങ് കുറഞ്ഞ കടപ്പത്രങ്ങള്‍ മികച്ച പലിശ വാഗ്ദാനംചെയ്തുകൊണ്ടിരുന്നു.
പേരില്‍തന്നെ അപകട സൂചന
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ 'ക്രെഡിറ്റ് റിസ്‌ക്' ഉള്ളവയാണ് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍. താഴ്ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ടുകളില്‍ പലതും മികച്ച ആദായമാണ് ഒരുവര്‍ഷത്തിനിടെ നല്‍കിയത്. കൂടുതല്‍ ആദായം വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്നതിനാലാണ് കൂടുതല്‍ ആദായം നല്‍കാന്‍ ഈവിഭാഗത്തിലെ ഫണ്ടുകള്‍ക്ക് കഴിയുന്നത്. ഉയര്‍ന്ന റിട്ടേണ്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ എഎ റേറ്റിങും അതിന് താഴെയുമുള്ള കടപ്പത്രങ്ങളില്‍ മൊത്തം നിക്ഷേപത്തിന്റെ 65ശതമാന(കുറഞ്ഞത്)വും നിക്ഷേപം നടത്തുകയാണ് ക്രെഡിറ്റ് റിസ്‌ക് ഫണ്ടുകള്‍ ചെയ്യുന്നത്.
നേട്ടക്കണക്കിങ്ങനെ
Debt: Credit Risk | ||||
Fund | 1 Yr Return(%)* | |||
BOI AXA Credit Risk Fund | 147.97 | |||
UTI Credit Risk Fund | 22.29 | |||
IDBI Credit Risk Fund | 16.45 | |||
Baroda BNP Paribas Credit Risk Fund | 14.29 | |||
Nippon India Credit Risk Fund | 12.72 | |||
*Direct Plan, Return as on 27 April, 2022 |
ഇക്വിറ്റി ഫണ്ടുകളേക്കാള്‍ റിസ്‌ക് കുറഞ്ഞവയാണ് ഡെറ്റ് ഫണ്ടുകള്‍. അതില്‍തന്നെ റിസ്‌ക് കൂടിയ വിഭാഗമാണ് ക്രെഡിറ്റ് റിസ്‌ക്. സുരക്ഷിത നിക്ഷേപമെന്ന കാഴ്ചപ്പാടില്‍ നിക്ഷേപം നടത്തുന്നവര്‍ കൂടിയ ആദായം ലഭിക്കുമെന്ന് കരുതി ഈ വിഭാഗം ഫണ്ടുകളില്‍ നിക്ഷേപം നടത്താതിരിക്കുന്നതാണ് നല്ലത്.
ഫണ്ടുകളില്‍ മികച്ച നേട്ടംമാത്രംനോക്കി നിക്ഷേപം നടത്തരുത്. ക്രെഡിറ്റ് റിസ്‌ക്, ഇന്ററസ്റ്റ് റേറ്റ് റിസ്‌ക് എന്നിവയാണ് ഡെറ്റ് ഫണ്ടുകള്‍ നേരിടുന്ന പ്രതിസന്ധി. ക്രെഡിറ്റ് റിസ്‌ക് ഒഴിവാക്കുകയെന്നതാണ് അതില്‍ പ്രധാനം. അതുകൊണ്ടുതന്നെ കൂടുതല്‍ ആദായം ലഭിക്കുമെന്നുകരുതി ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാതെ ഉയര്‍ന്ന റേറ്റിങ് ഉള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍മാത്രം തിരഞ്ഞെടുക്കുക.
antonycdavis@gmail.com
Content Highlights: Know these things before investing in a credit risk fund
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..