Photo: Gettyimages
ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റീട്ടെയില്‍ നിക്ഷേപകര്‍ വിപണിയില്‍ ഇടപെട്ട വര്‍ഷമായിരുന്നു 2021. ഡിസംബര്‍ മാസത്തിന്റെ അവസാനം തിരുത്തല്‍നേരിട്ടെങ്കിലും 2021ല്‍ നിഫ്റ്റി 23ശതമാനം നേട്ടമുണ്ടാക്കി. 10-20 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ വിപണിയില്‍ വിപ്ലവകരമായമാറ്റം സംഭവിച്ചെങ്കിലും നിക്ഷേപകരുടെ മനോഭാവത്തില്‍ മാത്രം അത് പ്രതിഫലിച്ചില്ല.
ദീര്‍ഘകാലയളവില്‍ വിലക്കയറ്റത്തെ അതിജീവിക്കുന്ന നേട്ടമുണ്ടാക്കാന്‍ യോജിച്ച നിക്ഷേപമാര്‍ഗമാണ് ഓഹരിയെന്നിരിക്കെ, ഹ്രസ്വകാല ഇടപാടുകളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കണമെന്ന കാഴ്ചപ്പാടോടെ വിപണിയെ സമീപിക്കുന്നവരാണ് ഏറെപ്പേരും. ഓഹരിയില്‍ നിക്ഷേപിക്കാന്‍ 99ശതമാനംപേര്‍ക്കും താല്‍പര്യമില്ല. വിവിധ സാഹചര്യങ്ങളാല്‍ റിസ്‌കെടുക്കാന്‍ കഴിവില്ലാത്തവരും ട്രേഡിങിലൂടെ പണമുണ്ടാക്കാനിറങ്ങി പണംനടഷ്ടപ്പെടുത്താന്‍ പരിശ്രമിക്കുന്നവരാണ്.
വ്യക്തിപരമായി ലഭിച്ച ഫീഡ്ബാക്കുകളും സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പ് ചര്‍ച്ചകളും പരിശോധിച്ചാല്‍ വിപണിയില്‍ പണംനഷ്ടപ്പെടുത്തുന്നവരെയാകും അധികംകാണാന്‍ കഴിയുക. പെന്നി സ്റ്റോക്കുകളും ദിനവ്യാപാരവും ഓപ്ഷന്‍സും വിട്ടൊരുകളിക്ക് അവര്‍ തയ്യാറല്ല. സ്വന്തമായി വിവേചനശേഷിയില്ലാത്ത ഒരുകൂട്ടം നിക്ഷേപകരെ എപ്പോഴും വിപണിയില്‍ കാണാന്‍കഴിയും. വര്‍ഷാവസാനം കണക്കെടുത്താല്‍ നേട്ടമാണോ നഷ്ടമാണോ ഉണ്ടായതെന്ന് മനസിലാക്കാമെങ്കിലും മിക്കവാറുംപേര്‍ അതിന് മുതിരാറില്ല.
ഓഹരി വിപണിയില്‍ സജീവമായി ട്രേഡ് ചെയ്ത് ബാങ്ക് നിക്ഷേപത്തേക്കാള്‍ കൂടുതല്‍ നേട്ടമുണ്ടാക്കുന്നവര്‍ ഒരുശതമാനത്തില്‍ താഴെപേര്‍മാത്രമാണെന്നതാണ് വാസ്തവം. 20 വര്‍ഷത്തെ വിപണിയിലെ പരിചയത്തിന്റെ പുറത്താണ് ഈ വിലയിരുത്തല്‍.
പരിഹാരം
ദിനവ്യാപാരം, ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് തുടങ്ങിയ ഇടപാടുകളില്‍നിന്ന് വിട്ടുനിന്ന് ദീര്‍ഘകാലയളവില്‍ മികച്ച നേട്ടമുണ്ടാക്കാനുള്ള വഴിതേടുകയെന്നതാണ് പ്രധാനം. ഹ്രസ്വകാലയളവിലെ നിക്ഷേപത്തിന് യോജിച്ചതല്ല ഓഹരിയെന്ന് ആദ്യമെ തിരിച്ചറിയണം. അതേസമയം, ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടാന്‍ ഉപകരിക്കുകയുംചെയ്യും. അത്യാഗ്രഹം വെടിഞ്ഞ് ക്ഷമയോടെ കാത്തിരിക്കാന്‍ തയ്യാറാകുകയെന്നതാണ് പ്രധാനം.
നേരിട്ടുള്ള നിക്ഷേപം
എപ്പോഴും പറയാറുള്ളതുപോലെ നിക്ഷേപത്തിനായി ഓഹരി തിരഞ്ഞെടുക്കുന്നത് കമ്പനിയെക്കുറിച്ച് വ്യക്തമായി പിഠിച്ചശേഷമായിരിക്കണം. കഴിഞ്ഞ കാലത്തെ പ്രകടനവും ഭാവി സാധ്യതയും അതിനായി പരിഗണിക്കാം. ഇത്തരത്തില്‍ അഞ്ചോ പത്തോ ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോ തയ്യാറാക്കി ചിട്ടയായി നിക്ഷേപിക്കുന്ന രീതി സ്വീകരിക്കാം. ഓഹരിവിലയില്‍ 10ശതമാനം തിരുത്തലുണ്ടായാല്‍ കൂടുതല്‍ നിക്ഷേപംനടത്തുകയുമാകാം. ഇത്തരത്തില്‍ മുന്നേറാന്‍ കഴിയുന്നില്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടിന്റെവഴി സ്വീകരിക്കുന്നതാകും ഉചിതം. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപം ക്രമീകരിക്കാന്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലൂടെ എളുപ്പത്തില്‍കഴിയും.
അതിസമ്പന്നര്‍
വിപണിയില്‍നിന്ന് എക്കാലത്തുംനേട്ടംകൊയ്യുന്നവരില്‍ വലിയൊരു വിഭാഗവും അതിസമ്പന്നരാണ്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും സാധാരണക്കാരന്‍ കൂടുതല്‍ സാധാരണക്കാരനാകുകയും ചെയ്യുന്നത് അതുകൊണ്ടാണെന്ന് പറയേണ്ടിവരും. ഈ പശ്ചാത്തലത്തില്‍ നിക്ഷേപ പദ്ധതികളില്‍നിന്ന് അതസമ്പന്നര്‍ നേട്ടമുണ്ടാക്കുന്നതെങ്ങനെയെന്ന് വിശകലനംചെയ്യാം. അതിനായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ ഡാറ്റ പരിശോധിക്കാം.
വ്യത്യസ്ത വിഭാഗങ്ങളിലുള്ള നിക്ഷേപകര്‍ കൈവശംവെച്ചിട്ടുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ വിശദവിവരങ്ങള്‍ ഒരോ പാദത്തിലും ആംഫി(അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ) പുറത്തുവിടാറുണ്ട്. ഉയര്‍ന്ന ആസ്തിയുള്ള(എച്ച്എന്‍ഐ)വരും ചെറുകിട നിക്ഷേപകരും ഏത് തരത്തിലുള്ള നിക്ഷേപ പദ്ധതികളാണ് തിരഞ്ഞെടുക്കുന്നത് എന്നറിയാന്‍ ഈ വിവരങ്ങള്‍ സഹായിക്കും.
അതിസമ്പന്നരെ നിര്‍വചിക്കുന്നതില്‍ പരിമിതിയുണ്ടെങ്കിലും പൊതുനിക്ഷേപം സംബന്ധിച്ച് ഏകദേശധാരണ ലഭിക്കാന്‍ ഈ വിവരങ്ങള്‍ മതിയാകും. ഒറ്റത്തവണയായി രണ്ടുലക്ഷം രൂപയോ അതില്‍കൂടുതലോ നിക്ഷേപിക്കുന്നവരെയാണ് എച്ച്എന്‍ഐ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, മാസംതോറും ഒരുലക്ഷം രൂപ വീതം അഞ്ച് മ്യൂച്വല്‍ ഫണ്ടുകളിലായി നിക്ഷേപിക്കുന്നവരെ ഈ വിഭാഗത്തില്‍പ്പെടുത്തിയിട്ടുമില്ല.
36,73,893.17 കോടി രൂപയാണ് മൊത്തം മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യചെയ്യുന്ന ആസ്തി. റീട്ടെയില്‍, അതിസമ്പന്നര്‍ എന്നീ വിഭാഗങ്ങളില്‍ 66ശതമാനവും കോര്‍പറേറ്റ് വിഭാഗത്തില്‍ 42ശതമാനവുമാണ് മൊത്തം ആസ്തിയിലെ വിഹിതം.
Retail and HNI AUM | ||||
FIIs | 0.1% | |||
Corporate | 41.9% | |||
Banks/FIs | 1.8% | |||
Retail | 23.8% | |||
HNIs | 32.4% |
റീട്ടെയില്‍ നിക്ഷേപത്തില്‍ ഭൂരിഭാഗവും, അതായത് ഇക്വിറ്റി(80ശതമാനം), ഹൈബ്രിഡ് ഫണ്ടുകളിലായി 91ശതമാനമാണ് വിഹിതം. അതേസമയം, അതിസമ്പന്ന വിഭാഗം ലിക്വിഡ്, മണി മാര്‍ക്കറ്റ് ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍, ഗില്‍റ്റ് ഫണ്ടുകള്‍, ഗോള്‍ഡ് ഇതര ഇടിഎഫുകള്‍ എന്നിവയ്ക്ക് പ്രധാന്യം നല്‍കിയതായി കാണുന്നു(മികച്ചരീതിയില്‍ വൈവിധ്യവത്കരണം നടത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് അതിസമ്പന്നര്‍ ബോധാവന്മാരാണെന്നാണ് ഇതില്‍നിന്ന് മനസിലാക്കേണ്ടത്).
ഇക്വിറ്റി ഫണ്ടുകളിലെ മൊത്തംനിക്ഷേപത്തില്‍ 54ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടേതാണ്. 36ശതമാനം അതിസമ്പന്നവിഭാഗത്തിന്റേതും ഒമ്പത് ശതമാനം കോര്‍പറേറ്റുകളുടേതുമാണ്. ഹൈബ്രിഡ് വിഭാഗത്തിലാകട്ടെ മൊത്തം നിക്ഷേപത്തിന്റെ 64ശതമാനവും അതിസമ്പന്നരുടെ വിഹിതമാണ്. 20ശതമാനം റീട്ടെയില്‍ നിക്ഷേപകരും 16ശതമാനം കോര്‍പറേറ്റുകളും കൈവശംവെച്ചിരിക്കുന്നു. ഇന്‍ഡക്‌സ് ഫണ്ടുകളിലാകട്ടെ അതിസമ്പന്നരുടെ വിഹിതം താരതമ്യേന ഉയര്‍ന്നതാണ്. 42ശതമാനം. റീട്ടെയില്‍ വിഹിതം 24.5ശതമാനവും കോര്‍പറേറ്റ് വിഹിതം 16ശതമാനവുമാണ്.
Share of Retail and HNI AUM | |||||
Schemes | Retail | HNIs | |||
Liquid/Money Market/ Floater Funds | 1.4% | 7.5% | |||
Income/ Debt Oriented Schemes | 3.3% | 23.5% | |||
Equity Schemes | 80.3% | 39.7% | |||
Hybrid Schemes | 10.3% | 23.8% |
ഉയര്‍ന്ന ആസ്തി വിഭാഗക്കാര്‍, കുറഞ്ഞ ചാഞ്ചാട്ടത്തിനും ആദായനികുതിയിളവ് പ്രയോജനപ്പെടുത്താനും വൈവിധ്യവത്കരണത്തിനും പ്രധാന്യം നല്‍കുന്നു. റീട്ടെയില്‍ നിക്ഷേപകരാകട്ടെ ഉയര്‍ന്നനേട്ടമാണ് മുന്നില്‍കാണുന്നത്. അതിസമ്പന്നരുടെ നിക്ഷേപവിഹിതത്തില്‍ ഇക്വിറ്റി അധിഷ്ഠിത ഫണ്ടുകളില്‍ 40ശതമാനംമാത്രം വിഹിതമാണുള്ളത്. അതേസമയം, റീട്ടെയില്‍ നിക്ഷേപകരുടേതാകട്ടെ 80ശതമാനവുമാണ്.
antonycdavis@gmail.com
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..