പാഠം 195 | സ്വര്‍ണത്തിന് വില കൂടുമ്പോള്‍ 9.5 ശതമാനം കിഴിവില്‍ നിക്ഷേപിക്കാം


By ഡോ.ആന്റണി സി.ഡേവിസ് | antonycdavis@gmail.com

3 min read
Read later
Print
Share

കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള വേദിമാത്രമല്ല സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇടിഎഫുകള്‍ തുടങ്ങിയവയുടെയും വ്യാപാരം അവിടെ നടക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വാങ്ങാം.

gettyimages

വില ഇടിയുന്ന സമയത്ത് മടിച്ചുനില്‍ക്കുകയും കൂടുമ്പോള്‍ വാങ്ങിക്കൂട്ടാന്‍ തിടുക്കം കൂട്ടുകയും ചെയ്യുന്നതാണല്ലോ ഭൂരിഭാഗം പേരുടെ നിക്ഷേപ രീതി. ഓഹരി വിപണിയിലായാലും സ്വര്‍ണത്തിന്റെ കാര്യത്തിലായാലും ഇതുതന്നെയാണ് സ്ഥിതി. വിപണിയില്‍ തിരുത്തലുണ്ടാകുമ്പോള്‍ മികച്ച ഓഹരികളുടെ വിലയിലും ഇടിവുണ്ടാകുക സ്വാഭാവികം. നിക്ഷേപിക്കാന്‍ ഏറ്റവും അനുയോജ്യമായ വിലയിലെത്തിയിട്ടും ശങ്കിച്ചുനില്‍ക്കുന്നവരാണേറെയും. ഇവരാകട്ടെ വിലകൂടുമ്പോല്‍ നിക്ഷേപം നടത്തുകയും ചെയ്യും.

സ്വര്‍ണത്തിന്റെ വില പവന് 45,000 കടന്നപ്പോഴാണ് രാകേഷ് കൃഷ്ണന്‍ രണ്ടു ലക്ഷം രൂപയ്ക്ക് ഗോള്‍ഡ് കോയിന്‍ വാങ്ങിയത്. വില ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് ദീര്‍ഘകാല ലക്ഷ്യത്തോടെ അദ്ദേഹം നിക്ഷേപം നടത്തിയത്. 2022 ഡിസംബര്‍ ഒന്നിന് 39,000 രൂപയിലെത്തിയപ്പോഴും നിക്ഷേപിക്കണമെന്ന് തോന്നിയില്ല. പലപ്പോഴായി ഗോള്‍ഡ് ബോണ്ടിനായി കാത്തിരുന്ന്, പിന്നീടെപ്പോഴോ വന്നപ്പോള്‍ നിക്ഷേപിച്ചതുമില്ല. ഈ സാഹചര്യത്തിലാണ് ദ്വീതീയ വിപണി (സ്റ്റോക്ക് എക്‌സ്‌ചേഞ്ച്)വഴിയുള്ള നിക്ഷേപത്തിന്റെ പ്രസക്തിയും നേട്ടവും.

സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനുള്ള വേദിമാത്രമല്ല സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഇടിഎഫുകള്‍ തുടങ്ങിയവയുടെയും വ്യാപാരം അവിടെ നടക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകളും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വാങ്ങാം. നിക്ഷേപ കാലാവധി എട്ട് വര്‍ഷമാണെങ്കിലും വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഗോള്‍ഡ് ബോണ്ടുകള്‍ എപ്പോള്‍ വേണമെങ്കിലും വാങ്ങുകയും വില്‍ക്കുകയുമാകാം.

ഗോള്‍ഡ് ബോണ്ടിനെക്കുറിച്ചറിയാം
ഓരോ ബാച്ചുകളിലായി നിശ്ചിക കാലയളവിലാണ് റിസര്‍വ് ബാങ്ക് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. യഥാര്‍ഥ സ്വര്‍ണം പോലെ വിശ്വസനീയവും സുരക്ഷിതവുമാണ് എസ്ജിബിയിലെ നിക്ഷേപം. ഒരു ഗ്രാം സ്വര്‍ണത്തിന് തുല്യമായ വിപണി വിലയിലാണ് ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുക.

മൂല്യ വര്‍ധനവിനൊപ്പം പലിശയും
കാലാവധിയെത്തുമ്പോള്‍ ആ സമയത്തെ സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അതിനു പുറമെ, 2.50 ശതമാനം വാര്‍ഷിക പലിശയുമുണ്ട്. ആറു മാസത്തിലൊരിക്കല്‍ പലിശ ബാങ്ക് അക്കൗണ്ടില്‍ വരവ് വയ്ക്കുകയാണ് ചെയ്യുക.

നികുതിയില്ല
കാലാവധിയെത്തുന്നതുവരെ കൈവശം വെച്ചശേഷം പണം തിരികെയെടുത്താല്‍ മൂലധന നേട്ടത്തിന് ഒരു രൂപ പോലും നികുതി ബാധ്യതയില്ലെന്നതാണ് സവിശഷത. അതേസമയം, പലിശയായി ലഭിക്കുന്ന തുക മൊത്തം വരുമാനത്തോട് ചേര്‍ത്ത് നികുതി നല്‍കേണ്ടതുണ്ട്.

എവിടെനിന്ന് വാങ്ങും?
ഓരോ തവണയും ആര്‍ബിഐ പുറത്തിറക്കുമ്പോള്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താന്‍ കഴിയും. ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവ വഴി നിക്ഷേപിക്കാം.

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി
ആര്‍ബിഐ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നതിനായി കാത്തിരിക്കേണ്ട ആവശ്യമില്ല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താം. ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും ഉണ്ടായാല്‍ മതി. പരമാവധി നാല് കിലോഗ്രാമിന് തുല്യമായ തുകയ്ക്കുവരെ സാമ്പത്തിക വര്‍ഷം നിക്ഷേപം നടത്താം.

വിലക്കിഴിവില്‍ വാങ്ങാം
റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടുകള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വിലക്കിഴിവില്‍ ലഭിക്കും. ഉദാഹരണത്തിന്, 2023 ഏപ്രില്‍ 14ന് 6,236 രൂപ വിലയുള്ള 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 5,640 രൂപയാണ്. വിലക്കിഴിവാകട്ടെ ഒമ്പത് ശതമാനത്തിലേറെ. വാങ്ങാനുളളവരേക്കാള്‍ കൂടുതല്‍ വില്പനക്കാര്‍ ഉണ്ടായാല്‍ വിപണി വിലയില്‍ ഇനിയും കുറവുണ്ടാകും.

എട്ടുവര്‍ഷമെന്ന കാലാവധിക്കുമുമ്പ് മുമ്പ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആവശ്യക്കാരുടെ എണ്ണമനുസരിച്ചാകും വിപണി വില. അതുമാത്രമല്ല, നേരത്തെയുള്ള വില്പനയില്‍നിന്നുള്ള നേട്ടത്തിന് ആദായ നികുതിയും നല്‍കേണ്ടിവരും. കാലാവധിയെത്തുംവരെ കാത്തിരിക്കുകയാണെങ്കില്‍ സ്വര്‍ണത്തിന്റെ വിപണി വില ലഭിക്കുകയും ചെയ്യും. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ എസ്ജിബിയുടെ വിലയേക്കാള്‍ കൂടുതലുമായിരിക്കും. നികുതി ആനുകൂല്യവും ലഭിക്കും.

വ്യത്യസ്ത വിലകള്‍
ഓരോ തവണയും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഗോള്‍ഡ് ബോണ്ടുകള്‍ വ്യത്യസ്ത വിലകളിലാകും വിപണിയില്‍ ട്രേഡ് ചെയ്യുന്നുണ്ടാകുക. വിലക്കുറവിനോടൊപ്പം എണ്ണത്തില്‍ കൂടുതല്‍ വ്യാപാരം നടക്കുന്ന എസ്ജിബികള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഭാവിയില്‍ എക്‌സ്‌ചേഞ്ച് വഴി വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വാങ്ങാനുള്ളവരുടെ എണ്ണം കുറവാണെങ്കില്‍ വിലക്കുറവില്‍ വിറ്റൊഴിയേണ്ടിവരും.

നികുതി ബാധ്യത
ഒരു വര്‍ഷത്തിനുള്ളില്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി ഗോള്‍ഡ് ബോണ്ട് വില്‍ക്കുകയാണെങ്കില്‍ ലഭിച്ച നേട്ടം മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്ത് ബാധകമായ സ്ലാബിലാണ് നികുതി നല്‍കേണ്ടത്. ഒരു വര്‍ഷത്തിനു ശേഷമാണ് വില്‍ക്കുന്നതെങ്കില്‍ നേട്ടത്തിന് ഇന്‍ഡസ്‌കേഷന്‍ ആനുകൂല്യം ലഭിക്കും. അതല്ല, കാലാവധി എത്തുംവരെ കാത്തിരിക്കാന്‍ കഴിയുമെങ്കില്‍ നികുതി ബാധ്യതയുണ്ടാവുകയുമില്ല.

കുറിപ്പ്: പ്രതിരോധ ആസ്തിയെന്ന നിലയില്‍ മൊത്തം നിക്ഷേപത്തിന്റെ 10-15ശതമാനംവരെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. അതിനുള്ള മികച്ച വഴി ഗോള്‍ഡ് ബോണ്ട് തന്നെയാണ്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍നിന്ന് വാങ്ങുന്നതാണ് എന്തുകൊണ്ടും ഉചിതം. കാലാവധി പൂര്‍ത്തിയാകുംവരെ കൈവശം സൂക്ഷിച്ചാല്‍ ആദായ നികുതി ബാധ്യതയുണ്ടാവില്ല. അന്നത്തെ സ്വര്‍ണത്തിന്റെ മൂല്യം ലഭിക്കുകയും ചെയ്യും.

എട്ട് വര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപം പിന്‍വലിക്കാന്‍ അനുവദിക്കും. 2017-18 സാമ്പത്തിക വര്‍ഷം പുറത്തിറക്കിയ സീരീസ് III ന്റെ അഞ്ചു വര്‍ഷം ഏപ്രില്‍ 15നാണ് പൂര്‍ത്തിയാകുക. ഇപ്പോള്‍ നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ ഒരു ബോണ്ടിന് 6,063 രൂപ നിലവാരത്തില്‍ ലഭിക്കും. ബോണ്ട് വാങ്ങാന്‍ ചെലവായതാകട്ടെ 2,964 രൂപയാണ്. നേട്ടം 104.55 ശതമാനവും.

ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ മൂന്ന് വ്യാപാര ദിനങ്ങളിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയുടെ ശരാശരിയെടുത്താണ് ഗോള്‍ഡ് ബോണ്ടിന്റെ മൂല്യം നിശ്ചയിക്കുന്നത്. ഇതുപ്രകാരം ഏപ്രില്‍ 11,12,13 തിയതികളിലെ വിലയുടെ ശരാശരി 6063 രൂപയാണ്.

Content Highlights: Invest in Gold bond on 9.5% discount on stock exchanges

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented