നേട്ടമുണ്ടാക്കാന്‍ മികച്ച ഓഹരികള്‍: പോര്‍ട്ട്‌ഫോളിയോ ക്രമീകരണം എങ്ങനെ?


ഡോ.ആന്റണി സി.ഡേവിസ്സംവത് 2079ന് തിങ്കളാഴ്ച തുടക്കമാകും. പുതിയ വര്‍ഷത്തില്‍ ഓഹരി നിക്ഷേപകര്‍ സ്വീകരിക്കേണ്ട തന്ത്രമാകട്ടെ ഇത്തവണ. പോര്‍ട്ട്‌ഫോളിയോയില്‍ എത്ര ഓഹരികള്‍വണം? ഓരോ കമ്പനികളിലുംവേണ്ട നിക്ഷേപവിഹിതം എത്ര, എപ്പോഴാണ് വാങ്ങേണ്ടത്-വില്‍ക്കേണ്ടത്? തുടങ്ങിയകാര്യങ്ങള്‍ വിശദീകരിക്കാം.

പാഠം 184

Photo: Gettyimages

ദീര്‍ഘകാലം ലക്ഷ്യമിട്ട് ഗുണനിലവാരമുള്ള ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക-വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിപണി വിദഗ്ധരെല്ലാം നിക്ഷേപകര്‍ക്ക് നല്‍കുന്ന ഉപദേശമാണിത്. ലളിതം. നടപ്പാക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരുമെന്നതാണ് വാസ്തവം. ഓഹരി തിരഞ്ഞെടുത്താല്‍ എല്ലാമായി എന്നുകരുതാന്‍ കഴിയില്ല. മികച്ച പോര്‍ട്ട്‌ഫോളിയോ രൂപപ്പെടുത്തുകയെന്നതാണ് പരമപ്രധാനം.

പോര്‍ട്ട്‌ഫോളിയോയിലെ മികവനുസരിച്ചായിരിക്കും ഭാവിയില്‍ സമ്പത്ത് രൂപപ്പെടുക. സാധാരണ നിക്ഷേപകന്‍ അതിനൊന്നും മുതിരാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴായി പലരും നിര്‍ദേശിക്കുന്ന ഓഹരികളില്‍ പണം മുടക്കുന്നു. പെന്നി ഓഹരികള്‍ ഉള്‍പ്പടെ ലക്ഷ്യബോധമില്ലാതെയുള്ള ഓഹരികളുടെ കൂട്ടമാകുന്നു പലരുടെയും സമ്പാദ്യം. ഒരൊറ്റ ആടിയുലയലില്‍ മൊത്തം നിക്ഷേപം നഷ്ടത്തിലേയ്ക്ക് പതിക്കുന്നു. നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികളുടെ എണ്ണം കൂടാനേ ഇത്തരം രീതികള്‍ ഉപകരിക്കൂ. നേട്ടത്തിന് വെടിമരുന്നിടുക മികച്ച ഓഹരികളുടെ ഒരുകൂട്ടംതന്നെയായിരിക്കും.ഓഹരിയില്‍ നിക്ഷേപം നടത്തുന്നവര്‍ ആദ്യം ആലോചിക്കേണ്ടത് പോര്‍ട്‌ഫോളിയോ എങ്ങനെ സൃഷ്ടിക്കാമെന്നാണ്. എത്ര ഓഹരികള്‍ വേണം?, വളര്‍ച്ചയോടൊപ്പം മൂല്യവത്തായ നിക്ഷേപ രീതിയാണോ ലക്ഷ്യമിടുന്നത്? വന്‍കിട കമ്പനികളിലാണോ ഇടത്തരം ചെറുകിട കമ്പനികളിലാണോ നിക്ഷേപിക്കേണ്ടത്? ഓരോ കമ്പനികളിലും നിക്ഷേപ വിഹിതം എത്രവേണം? എപ്പോഴാണ് ഓഹരികള്‍ വാങ്ങേണ്ടത്-വില്‍ക്കേണ്ടത്? ഈ ചിന്തകള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താനാകുമോ? എങ്കില്‍ പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കല്‍ എളുപ്പമായി. എത്രത്തോളം വ്യക്തത ഈ ചോദ്യങ്ങളില്‍നിന്ന് ലഭിക്കുമോ അത്രത്തോളം മികവ് പോര്‍ട്ട്‌ഫോളിയോ ക്രമീകരണത്തില്‍ പുലര്‍ത്താനാകും.

എത്ര ഓഹരികള്‍?
അയച്ചുകിട്ടിയ എക്‌സല്‍ ഷീറ്റില്‍നിന്ന് ഓഹരികള്‍ എണ്ണിയെടുക്കാന്‍ പാടുപെട്ടു. ഖത്തറില്‍ ജോലിചയ്യുന്ന മനോജിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ 92 ഓഹരികളാണുള്ളത്. 'എ' ആല്‍ഫബറ്റില്‍ തുടങ്ങുന്ന കമ്പനികള്‍തന്നെ 12. 'ബി'യില്‍ തുടങ്ങുന്ന കമ്പനികളുടെ എണ്ണം ഒമ്പത്. ആരെങ്കിലും ചില ഓഹരികള്‍ നല്ലതാണെന്നു പറഞ്ഞാല്‍ ഉടനെ അതുവാങ്ങുകയായി. ഈരീതിക്കുപുറകെ പോകരുത്. ഏതൊക്കെ ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആദ്യം തീരുമാനത്തിലെത്തേണ്ടത്.

ഓഹരി നിക്ഷേപകരുടെ എണ്ണം 10 കോടി കവിഞ്ഞിരിക്കുന്നു. ഓഹരി വ്യാപരത്തിനിറങ്ങുന്ന മലയാളികളുടെ എണ്ണത്തിലും ഒരുകാലത്തുമില്ലാത്ത കുതിപ്പുണ്ടായിട്ടുണ്ട്. അതില്‍ എത്രത്തോളംപേര്‍ മികച്ച ആദായം നേടുന്നുവെന്നതിലാണ് കാര്യം. ലഭിക്കുന്ന ടിപ്‌സുകള്‍ക്കുപരി, വ്യക്തമായ ബോധ്യത്തോടെവേണം ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാന്‍. വൈവിധ്യത്തിലൂന്നിയ കേന്ദ്രീകൃത പോര്‍ട്‌ഫോളിയോ സൃഷ്ടിക്കാന്‍ പരിശ്രമിക്കണം.

കേന്ദ്രീകൃത പോര്‍ട്ട്‌ഫോളിയോ
ഓഹരി വിപണിയില്‍നിന്ന് സമ്പത്ത് സൃഷ്ടിച്ചവരൊക്കെ കേന്ദ്രീകൃത പോര്‍ട്ട്‌ഫോളിയോയുമായി മുന്നോട്ടുപോയവരാണ്. ദീര്‍ഘകാലയളവില്‍ മികച്ച ആദായം നേടാന്‍ 10 മുതല്‍ 20വരെ കമ്പനികളുടെ ഓഹരികള്‍ മതി. ഓരോ ഓഹരികളിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപം നടത്തുക. മികച്ച റിട്ടേണ്‍ ലഭിക്കാന്‍ അത് ഉപകരിക്കും. മനോജിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ള 25 ലേറെ കമ്പനികളുടെ ഓഹരികളുടെ എണ്ണം 20ല്‍ താഴെയായിരുന്നു.

നിങ്ങള്‍ക്ക് ബോധ്യമുള്ള, നന്നായി അറിയാവുന്ന, വ്യത്യസ്ത വിഭാഗങ്ങളിലുള്ള മികച്ച കമ്പനികളെമാത്രം കൂടെക്കൂട്ടുക. പോര്‍ട്ട്‌ഫോളിയോയിലേയ്ക്ക് ഓഹരി തിരഞ്ഞെടുക്കുംമുമ്പ് സമയമെടുത്ത് പഠിക്കുക, സ്വയം ബോധ്യപ്പെടുക. ദീര്‍ഘകാലയളവില്‍ ഓഹരികള്‍ കൈവശംവെയ്ക്കാനും വിപണിയിലെ ചാഞ്ചാട്ടത്തില്‍ തളരാതിരിക്കാനുമുള്ള മനോധൈര്യവും നേടുക.

ലക്ഷ്യം മൂലധനനേട്ടം
വ്യത്യസ്ത നിക്ഷേപ രീതികളുണ്ടെങ്കിലും ദീര്‍ഘകാല മൂലധനനേട്ടത്തിന് പ്രാധാന്യം നില്‍കുന്ന മാതൃക പിന്തുടരാം. ഓഹരികള്‍ പോര്‍ട്ട്‌ഫോളിയോയോട് ചേര്‍ത്താല്‍ മികച്ച വിലയില്‍ പലപ്പോഴായി വാങ്ങിക്കൂട്ടാന്‍ ശ്രദ്ധിക്കുക. ഇതിനായി എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചരിത്രംതന്നെ ഉദാഹരിക്കാം. ഒമ്പത് വ്യത്യസ്ത വിപണി സാഹചര്യങ്ങളിലായി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 30ശതമാനത്തിലേറെ ഇടിവ് ബാങ്കിന്റെ ഓഹരി നേരിട്ടിട്ടുണ്ട്. എന്നിട്ടും പത്തുവര്‍ഷക്കാലയളവിലെ റിട്ടേണ്‍ നോക്കിയാല്‍ 28ശതമാനത്തിലേറെയാണെന്നുകാണാം. ഒടുവില്‍ കോവിഡ് കാലത്ത്, 2020 ഏപ്രിലില്‍, ഓഹരി വില 800 നിലവാരത്തിലേയ്ക്ക് പതിച്ചു. ജനുവരിയില്‍ 1,300ലായിരുന്ന വിലയിലായിരന്നു ഈ ഇടിവുണ്ടായത്.

വില ഇടിയുമ്പോള്‍ അതുവരെയുള്ള ഓഹരികള്‍ കൈവശം സൂക്ഷിച്ച് കൂടുതല്‍ വാങ്ങാനുള്ള കരുത്താണ് കാണിക്കേണ്ടത്. മികവുപുലര്‍ത്തുന്ന ഇത്തരം കമ്പനികള്‍ക്കൊപ്പം മുന്നോട്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യമുണ്ട്. ഈ കമ്പനികളില്‍ പലപ്പോഴും ഉയര്‍ന്ന മൂല്യത്തിലാകും ട്രേഡിങ് നടക്കുക. അതുകൊണ്ടുതുന്നെ, മിതമായ നിരക്കില്‍ വിലയെത്തുമ്പോള്‍ ചൂണ്ടയിടാനുള്ള അവസരത്തിനായി കാത്തിരിക്കണം.

വിപണിമൂല്യം
സ്ഥിരതയാര്‍ന്ന നേട്ടം ലഭിക്കാന്‍ ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കണം. അതായത് പെട്ടെന്നുള്ള കുതിച്ചുചാട്ടം പ്രതീക്ഷിക്കേണ്ടെന്നുചുരുക്കം. ഇത്തരം ഓഹരികളുടെ വിലയില്‍ ഇടിവുണ്ടാകാന്‍ കാത്തിരിക്കുന്നതാണ് ഉചിതം. മികച്ച വളര്‍ച്ചാ സാധ്യതയോടൊപ്പം സ്ഥിരത ഉള്ളവയുമാണ് ഇടത്തരം കമ്പനികളുടെ ഓഹരികള്‍. വളര്‍ച്ചാ സാധ്യതയുള്ളതിനാല്‍ ഈ വിഭാഗത്തിലെ മികച്ച കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാം. കനത്ത ചാഞ്ചാട്ടം നേരിടുന്നവയാണ് ചെറുകിട ഓഹരികള്‍. അതുകൊണ്ടുതന്നെ മികച്ച ഗവേഷണവും ഓഹരികളുടെ നീക്കവും ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും മുന്നില്‍കണ്ടുവേണം സ്‌മോള്‍ ക്യാപ് കമ്പനികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാന്‍.

എത്രതുക വീതം നിക്ഷേപിക്കാം?
പോര്‍ട്ട്‌ഫോളിയോയില്‍ ഓഹരികള്‍ സമാഹരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചുകഴിഞ്ഞു. ഒരോ ഓഹരികളിലും എത്രശതമാനം തുക വകയിരുത്തണമെന്നതിനെക്കുറിച്ചാകട്ടെ ഇനി. ഓരോ കമ്പനിയുടെയും വളര്‍ച്ചാ സാധ്യത വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. മാനേജുമെന്റിന്റെ കഴിവ്, ദൈനംദിന പ്രവര്‍ത്തനം തുടങ്ങിയവ പരിഗണിച്ചുവേണം ശതമാനം നിശ്ചയിക്കല്‍.

ചെറുകിട കമ്പനികളിലേതിനേക്കാള്‍ റിസ്‌ക് കുറവായിരിക്കും വന്‍കിട കമ്പനികളിലെ നിക്ഷേപത്തിന്. സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രതീക്ഷിക്കാം. അതേസമയം, ചെറുകിട കമ്പനികളാകട്ടെ വന്‍വളര്‍ച്ചാ സാധ്യതയാണ് മുന്നോട്ടുവെയ്ക്കുന്നത്. വിപണിമൂല്യം അടിസ്ഥാനമാക്കി ഓഹരികള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൃത്യമായ അനുപാതം പാലിക്കാന്‍ ശ്രദ്ധിക്കുക. 50ശതമാനം വന്‍കിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാം. 40ശതമാനനം ഇടത്തരം കമ്പനികളിലും ബാക്കിയുള്ളത് ചെറുകിട ഓഹരികളിലുമാകാം.

വാങ്ങലും വില്‍ക്കലും
പോര്‍ട്ട്‌ഫോളിയോയില്‍നിന്ന് ഓഹരി വിറ്റൊഴിയേണ്ടതും പുതിയവ ചേര്‍ക്കേണ്ടതും എപ്പോഴാണെന്നത് പ്രധാനമാണ്. നിലവില്‍ നിക്ഷേപം നടത്തിയിട്ടുള്ള മികച്ച ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്താം. ആ ഓഹരിയുടെ മേന്മയെക്കുറിച്ചും ദൗര്‍ബല്യത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടാകുമല്ലോ. മോശം കമ്പനിയാണെങ്കില്‍ പിന്മാറാനും മടിക്കേണ്ടതില്ല. കമ്പനി മികച്ച പ്രവര്‍ത്തന ഫലം പുറത്തുവിട്ടിട്ടും ഓഹരി വിലയില്‍ അതിന്റെ നേട്ടം പ്രതിഫലിച്ചിട്ടില്ലെങ്കില്‍ അതാണ് ആ ഓഹരിയില്‍ നിക്ഷേപിക്കാനുള്ള മികച്ച സമയമെന്ന് മനസിലാക്കാം.

തകര്‍ച്ചയുടെ കാലത്ത് ഓഹരി നിക്ഷേപത്തില്‍നിന്ന് മാറിനില്‍ക്കരുത്. മികച്ച ഓഹരികളുടെ എണ്ണംകൂട്ടാന്‍ അപ്പോള്‍ കുറഞ്ഞ തുക ചെലവഴിച്ചാല്‍ മതിയാകും. ചില സെക്ടറുകള്‍ മാത്രം തകര്‍ച്ച നേരിടുമ്പോള്‍ ആമേഖലകളിലെ ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം. ഉദാ. ആഗോളതലത്തില്‍ മാന്ദ്യത്തിന്റെ സൂചനകള്‍ നിലനില്‍ക്കുന്നതിനാല്‍ ഐടി ഓഹരികളില്‍ ഇപ്പോള്‍ തിരുത്തല്‍ സ്വാഭാവികമാണ്. മികച്ച ഐടി ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാന്‍(പാഠം 181 കാണുക) ഈ അവസരം പ്രയോജനപ്പെടുത്താം. പോര്‍ട്ട്‌ഫോളിയോയില്‍ പുതിയ ഓഹരികള്‍ ചേര്‍ക്കുമ്പോള്‍ ഭാവിയിലെ വളര്‍ച്ചാ സാധ്യതയാണ് പരിഗണിക്കേണ്ടതെന്ന് ചുരുക്കം. അതേസമയം, പോര്‍ട്ട്‌ഫോളിയോ മെച്ചപ്പെടുത്താന്‍ പുതിയ ഓഹരികള്‍ സഹായിക്കുമെങ്കില്‍ വിപണിയുടെ തകര്‍ച്ചക്കായി കാത്തിരിക്കേണ്ടതില്ല. ന്യായമായ വിലയില്‍ മികച്ച ഓഹരി സ്വന്തമാക്കുകതന്നെ ചെയ്യാം. നിലവിലുള്ള ഓഹരികളെക്കാള്‍ മികച്ചതല്ലെങ്കില്‍ പുതിയവ ചേര്‍ക്കാതിരിക്കുക. മൊത്തം നിക്ഷേപത്തിന് അത് ഗുണംചെയ്യില്ല. അത്തരത്തലുള്ളവ വാങ്ങി ഓഹരികളുടെ എണ്ണം കൂട്ടാതിരിക്കാന്‍ ശ്രദ്ധിക്കുക.

നിലവിലുള്ള ഓഹരി ഒഴിവാക്കുന്ന കാര്യത്തിലും ഇതേ സ്ട്രാറ്റജി പിന്തുടരാം. മികച്ച ഓഹരികളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു കമ്പനി മോശപ്പെട്ടതാണെന്നുതോന്നിയാല്‍ ഒഴിവാക്കാന്‍ മടിക്കേണ്ടതില്ല. പെട്ടെന്നൊരു കാരണത്താല്‍ അതിന് മുതിരുകയുമരുത്. എല്ലാ കമ്പനികള്‍ക്കും ഏതെങ്കിലുമൊരുകാലത്ത് പ്രതിസന്ധി നേരിടേണ്ടിവരും. എപ്പോഴും സ്മൂത്ത് റണ്ണിങ് ആവില്ല. കമ്പനിയുടെ പ്രവര്‍ത്തനത്തെയും ഭാവി സാധ്യതകളും വിലയിരുത്തിയശേഷംമാത്രം തീരുമാനമെടുക്കുക.

പ്രകടനം എങ്ങനെ വിലിയിരുത്തും?
വ്യക്തിഗത ഓഹരികളുടെ പ്രകടനത്തേക്കാള്‍ പോര്‍ട്ട്‌ഫോളിയോയുടെ മൊത്തം മികവിനെയാണ് കണക്കിലെടുക്കേണ്ടത്. വിലയിലെ ചാഞ്ചാട്ടം സൂചനയാണെങ്കിലും ഹ്രസ്വകാലത്തെ വ്യതിയാനങ്ങള്‍ കണക്കിലെടുക്കാതിരിക്കുകയാണ് ഉചിതം. മോശം തീരുമാനങ്ങളെടുക്കാന്‍ അത് നിങ്ങളെ പ്രേരിപ്പിച്ചേക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ പോര്‍ട്ട്‌ഫോളിയോ വിശകലനത്തിന് നിശ്ചിത മാനദണ്ഡമുണ്ടാക്കുക. ദീര്‍ഘകാലയളവിലെ പ്രകടനം നിര്‍ണായകമാണെന്നും മനസിലാക്കുക. മികവുള്ള ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മുന്നോട്ടുകുതിക്കുകതന്നെ ചെയ്യും.

ഏതൊക്കെ സെക്ടറുകള്‍
ഇപ്പോഴത്തെ മികച്ച പ്രകടനം മാത്രമല്ല, ഭാവിയിലെ വളര്‍ച്ചാ സാധ്യതകൂടി പരിഗണിച്ചാകണം വിവിധ സെക്ടറുകളിലെ ഓഹരികള്‍ തിരഞ്ഞെടുക്കാന്‍. പൊതു-സ്വകാര്യ മേഖലകളിലെ മുന്‍നിര ബാങ്കുകള്‍, ഓട്ടോ-ഓട്ടോ അനുബന്ധ ഘടകങ്ങള്‍, ദീര്‍ഘകാലം ലക്ഷ്യമിട്ട് ടെലികോം, ഫാര്‍മ, ഐടി തുടങ്ങിയ സെക്ടറുകള്‍ നിക്ഷേപത്തിനായി ഇപ്പോള്‍ പരിഗണിക്കാം. ഈ കാറ്റഗറികളിലെ വന്‍കിട-ഇടത്തരം-ചെറുകിട കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കാം.

സംവത് 2079ന് തിങ്കളാഴ്ചയിലെ മുഹുര്‍ത്ത വ്യാപാരത്തിലൂടെ തുടക്കമാകും. വ്യത്യസ്ത സെക്ടറുകളിലെ മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കുക. നിക്ഷേപ തുകയ്ക്കനുസരിച്ച് 10 മുതല്‍ 20വരെ ഓഹരികളുടെ സമൂഹം സൃഷ്ടിക്കുക. Get set, Go!

ഏതൊക്കെ ഓഹരികള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കാം.

antonycdavis@gmail.com

Content Highlights: How to select a stock and create a good portfolio?


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented