Photot:Gettyimages
ആദായ നികുതിയിനത്തില്‍ പരമാവധി വരുമാനം സമാഹരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ബാങ്കുകള്‍ വഴി നടക്കുന്ന വന്‍തുകയുടെ ഇടപാടുകള്‍ മാത്രമായിരുന്നു നേരത്തെ ആദായ നികുതി വകുപ്പിന് ലഭിച്ചിരുന്നത്. നിലവില്‍ അതല്ല സ്ഥതി. ഭൂമി ഇടപാടുകള്‍, ഓഹരി-മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉള്‍പ്പടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ യഥാസമയം ഇപ്പോള്‍ ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആദായ നികുതി റിട്ടേണില്‍ രേഖപ്പെടുത്താത്ത ഇടപാടുകളിന്മേല് നോട്ടീസ് ലഭിക്കാനുള്ള സാധ്യതയേറി.
ശരാശരി 6-7ശതമാനം നിരക്കില്‍ വിലക്കയറ്റമുണ്ടാകുന്നുണ്ടെങ്കിലും അതിന് ആനുപാതികമായി ആദായ നികുതി സ്ലാബില്‍ വര്‍ധന പ്രഖ്യാപിക്കാറില്ല. 2.5 ലക്ഷമെന്ന അടിസ്ഥാന സ്ലാബില്തന്നെയാണ് ഇപ്പോഴും നില്‍ക്കുന്നത്. വരുന്ന ബജറ്റിലെങ്കിലും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് പ്രതീക്ഷിക്കാം.
നിലവിലുള്ള നികുതി ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പരമാവധി ആനുകൂല്യം നേടാനുള്ള സാധ്യത തേടുകയെന്നതാണ് അടുത്ത വഴി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി ആനുകൂല്യത്തിനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ ഇനിയുള്ളത് രണ്ടര മാസം മാത്രം. മാര്‍ച്ച് 31-നു മുമ്പ് ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താനായില്ലെങ്കില്‍ ഏപ്രിലില്‍തന്നെ പുതിയ വര്‍ഷത്തേക്കുള്ള പദ്ധതി തയ്യാറാക്കാന്‍ ശ്രദ്ധിക്കാം.
12 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ആനൂകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ഒരു രൂപ പോലും ആദായ നികുതി നല്‍കാതെ പരമാവധി നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് ഈ പാഠത്തില്‍ മുന്നോട്ടുവെയ്ക്കുന്നത്.
നികുതിയിളവ് ഇങ്ങനെ | ||||
ഇനം | തുക | |||
ശമ്പളം | 12 ലക്ഷം | |||
സ്റ്റാന്റേഡ് ഡിഡക് ഷന് | 50,000 | |||
പ്രൊഫഷന് ടാക്സ് | 2,500 | |||
ബാക്കിയുള്ള മൊത്തം തുക | 11,47,500 | |||
80സി | 1,50,000 | |||
തൊഴിലുടമയുടെ എന്‍പിഎസ് വിഹിതം | 1,00,000 | |||
എന്‍പിഎസ് നിക്ഷേപം | 50,000 | |||
ഭവന വായ്പ പലിശ/ വീട്ടുവാടക | 2,00,000 | |||
ആരോഗ്യ ഇന്‍ഷുറന്‍സ് | 75,000 | |||
ആശ്രിതരുടെ ചികിത്സ ചെലവ്(80ഡിഡിബി) | 1,00,000 | |||
നികുതിരഹിത മൊത്തം വരുമാനം | 4,72,500 |
ശമ്പള വരുമാനക്കാരായ നികുതിദായകര്‍ക്ക് ആശ്വാസമേകി 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ സ്റ്റാന്റേഡ് ഡിഡക് ഷന് അനുദിച്ചു. ട്രാന്‍സ്പോര്‍ട്ട് അലവന്‍സ്, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് എന്നീ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചുകൊണ്ടാണ് നിശ്ചിത നിരക്കിലുള്ള ഈ കിഴിവ് നല്‍കിയത്. 2020-ല്‍ ഈ ഇളവ് 40,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി.
2. പ്രൊഫഷണല്‍ ടാക്സ്: 2,500 രൂപ
തൊഴില്‍ നികുതിയിനത്തില്‍ ശമ്പള വരുമാനക്കാരന് അടയ്ക്കുന്ന തുകയ്ക്കാണ് ഈയിനത്തില്‍ കഴിവ് ലഭിക്കുക. വകുപ്പ് 16(iii) പ്രകാരം 2,500 രൂപയാണ് ഇളവ്.
3. വകുപ്പ് 80സി: 1.50,000 രൂപ
ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും സാമ്പത്തിക വര്‍ഷം നടത്തുന്ന നിക്ഷേപങ്ങള്‍ക്കും മറ്റും 1.50 ലക്ഷം രൂപവരെ നികുതിയിളവ് ലഭിക്കും.
നിക്ഷേപങ്ങള്‍: ടാക്സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, യുലിപ്, പിപിഎഫ്, ഇപിഎഫ്, എന്‍പിഎസ്, എന്‍എസ് സി, സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി യോജന, അഞ്ചു വര്‍ഷ ബാങ്ക് എഫ്ഡി.
ഇന്‍ഷുറന്‍സ്: ടേം ഇന്‍ഷുറന്‍സ്, എന്‍ഡോവ്മെന്റ്, മണിബാക്ക് പോളിസികള്‍ മുതലായവ.
മറ്റുള്ളവ: ഭവന വായ്പയുടെ മുതലിലേക്കുള്ള തിരിച്ചടവ്, കുട്ടികളുടെ ട്യൂഷന് ഫീസ് തുടങ്ങിയവ.
4. ദേശീയ പെന്ഷന് സിസ്റ്റം: 50,000 രൂപ
2015-16-ലെ ബജറ്റിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്‍പിഎസിലെ നിക്ഷേപത്തിന് 80സിസിഡി(1ബി) പ്രകാരം 50,000 രൂപയുടെ അധിക നികുതി ആനുകൂല്യം പ്രഖ്യാപിച്ചത്. 80സി ഉള്‍പ്പടെ രണ്ടു വകുപ്പുകളിലായി എന്‍പിഎസിലെ നിക്ഷേപത്തിന് മൊത്തം രണ്ടു ലക്ഷം രൂപയുടെ ആനുകൂല്യമാണ് ലഭിക്കുക.
5. തൊഴിലുടമയുടെ വിഹിതത്തിനുള്ള കിഴിവ്
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി തൊഴിലുടമ എന്‍പിഎസിലേയ്ക്ക് അടയ്ക്കുന്ന വിഹിതത്തിന് (80സിസിഡി-2) നികുതിയിളവ് അവകാശപ്പെടാം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കാകട്ടെ ഇളവിനുള്ള പരിധി 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ കേരള സര്‍ക്കാരിന്റെ വിഹിതം 10 ശതമാനമാണ്. വിഹിതം ഉയര്‍ത്തിയാല്‍ മാത്രമെ കൂടുതല്‍ ആനുകൂല്യം ഈയനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കൂ.
ഇപിഎഫിന് പകരം എന്പിഎസാണ് പല സ്വകാര്യ സ്ഥാപനങ്ങളും തിരഞ്ഞെടുത്തിട്ടുള്ളത്. കോസ്റ്റ് ടു കമ്പനി(സി.ടി.സി) മാതൃകയില്‍ കോര്‍പറേറ്റുകള്‍ ജീവനക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ശമ്പളത്തില്‍ ഈ തുകയും ഉള്‍പ്പെടും. ശരാശരി ഒരു ലക്ഷം രൂപ കിഴിവ് കണക്കാക്കാം. തൊഴിലുടമയുമായി സംസാരിച്ച് ഈയനത്തിലെ തുക ഉയര്‍ത്തിയാല്‍ അധിക ആനുകൂല്യം സ്വന്തമാക്കുകയുംചെയ്യാം.
6. ഭവന വായ്പ പലിശ/ വീട്ടുവാടക അലവന്‍സ്
ഭവന വായ്പയുടെ പലിശയിലേക്കായി ഒരുവര്‍ഷം അടയ്ക്കുന്ന രണ്ടു ലക്ഷം രൂപയ്ക്കുവരെ നികുതിയിളവ് അവകാശപ്പെടാം. വായ്പയെടുത്ത് അഞ്ചു വര്‍ഷത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കിയിരിക്കണം. വകുപ്പ് 24 പ്രകാരമാണ് ഈയിനത്തില്‍ നികുതി ആനുകൂല്യം ലഭിക്കുക.
വാടകയ്ക്ക് താമസിക്കുന്നവര്ക്കാകട്ടെ എച്ച്ആര്‍എ കിഴിവ് ലഭിക്കും. അച്ഛന്റെയോ അമ്മയുടെയോ പേരിലുള്ള വീട്ടിലാണ് താമസമെങ്കിലും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വാടകക്കരാര്‍, വാടക രസീത്, ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് വാടക നല്കുന്നതെങ്കില് വീട്ടുടമയുടെ പാന്‍ എന്നിവയും വേണ്ടി വരും.
7. മെഡിക്കല്‍ ഇന്‍ഷുറന്‍സ്: 25,000 രൂപ
സ്വന്തമായോ കുടുംബത്തിനോ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും. 80ഡി പ്രകാരം ഈയിനത്തില്‍ ലഭിക്കുന്ന പരമാവധിയിളവ് 25,000 രൂപയാണ്.
8. മെഡിക്കല്‍ ഇന്‍ഷുറന്‍സ്(മുതിര്‍ന്നവര്‍): 50,000 രൂപ
മുതിര്‍ന്ന പൗരന്മാരായ അച്ഛനമ്മമാര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് 50,000 രൂപവരെ ഇളവ് ലഭിക്കും. വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വകുപ്പ് 80 ഡി പ്രകാരമാണ് ഈ ഇളവും ലഭിക്കുക.
9. ആശ്രിതരുടെ ചികിത്സ
നിശ്ചിത രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് 80ഡിഡിബി പ്രകാരം ഇളവ് ലഭിക്കും. നികുതിദായകന്റെ ആശ്രിതരായ വ്യക്തികളുടെ ചികിത്സയ്ക്കാണ് ഈ വകുപ്പ് പ്രകാരം ആനുകൂല്യം ലഭിക്കുക. ഓരോ വര്‍ഷവും ചികിത്സയ്ക്ക് ആവശ്യമായിവരുന്ന തുകയാണ് പരിഗണിക്കുക. 60 വയസ്സിന് താഴെയാണെങ്കില്‍ 40,000 രൂപവരെയും അതിന് മുകളിലാണെങ്കില്‍ ഒരു ലക്ഷം രൂപവരെയും കിഴിവ് അവകാശപ്പെടാം.
കുറിപ്പ്: മുകളില്‍ കൊടുത്തിട്ടുള്ള കിഴിവുകള്‍ ഏതൊക്കെ പ്രയോജനപ്പെടുത്താമെന്ന് വിലയിരുത്തി പരമാവധി കിഴിവു നേടാന്‍ ശ്രമിക്കുക. പഴയ നികുതി വ്യവസ്ഥ സ്വീകരിച്ചാലാണ് ഇളവുകള്‍ ലഭിക്കുക. മുന്‍വര്‍ഷം പുതിയ നികുതി വ്യവസ്ഥ പ്രകാരമാണ് റിട്ടേണ്‍ ഫയല്‍ ചെയ്തതെങ്കിലും ഒരോ വര്‍ഷവും ഏത് രീതി സ്വീകരിക്കാനും ശമ്പള വരുമാനക്കാര്‍ക്ക് അവസരമുണ്ട്.
feedback to:
antonycdavis@gmail.com
Content Highlights: How to save income tax on salary up to 12 lakhs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..