പാഠം 166 |നഷ്ട സാധ്യത കുറച്ച് മ്യൂച്വല്‍ ഫണ്ടില്‍നിന്ന് എങ്ങനെ പരമാവധി നേട്ടമുണ്ടാക്കാം? 


ഡോ.ആന്റണി സി.ഡേവിസ്

നേട്ടംമാത്രംനോക്കി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തരുത്. റിസ്‌ക് വിലയിരുത്തി ലക്ഷ്യത്തിനനസരിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.

Photo: Gettyimages

ത്തു വര്‍ഷംമുമ്പുണ്ടായിരുന്നതിനേക്കാള്‍ മലയാളികളുടെ നിക്ഷേപലോകം വിശാലമായിരിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ജനകീയ നിക്ഷേപ പദ്ധതിയായി മാറിക്കഴിഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിക്കാന്‍ 2013 ജനുവരിയില്‍ സെബി അവസരമൊരുക്കിയത് നിക്ഷേപകര്‍ക്ക് പരമാവധിനേട്ടമുണ്ടാക്കാന്‍ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. സ്വയം ചെയ്യുക(DIY)യെന്ന ദൗത്യം ഇതോടെ നിക്ഷേപകര്‍ ഏറ്റെടുത്തു. എങ്കിലും സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സ്വന്തമായി നിക്ഷേപം നടത്താനും പിന്നെയും വര്‍ഷങ്ങളെടുത്തു.

ഒറ്റത്തവണയുള്ള കെ.വൈ.സി നടപടിക്രമങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ ഒന്നോ രണ്ടോ ക്ലിക്കില്‍ നിക്ഷേപം നടത്താവുന്ന സാഹചര്യം വന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നിരവധി അതിനായി പ്രത്യക്ഷപ്പെട്ടു. കോവിഡിനുശേഷമുള്ള കാലത്തെ വിപണിയിലെ നേട്ടം നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. ഇനിയും മ്യൂച്വല്‍ ഫണ്ടുകളെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താത്തവര്‍ നിക്ഷേപ ലോകത്ത് എത്രയോ പിന്നിലായിരിക്കുന്നു എന്ന് പറയേണ്ടിവരും.

ഫണ്ടുകളുടെ റിസ്‌ക് വിലയിരുത്താതെ നേട്ടംമാത്രംനോക്കിയാണ് മ്യൂച്വല്‍ ഫണ്ടില്‍ പലരും നിക്ഷേപം നടത്തുന്നത്. റിസ്‌ക് വിലയിരുത്തി ലക്ഷ്യത്തിനനസരിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്. ഈ സാഹചര്യത്തില്‍ റിസ്‌ക് കുറച്ച് പരമാവധി നേട്ടം സ്വന്തമാക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യാം.

നിക്ഷേപ സ്വഭാവവും റിസ്‌കോമീറ്ററും
മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുമുമ്പ് അതിന്റെ ഫണ്ടമെന്റല്‍സ് പരിശോധിക്കേണ്ടതുണ്ട്. ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ പരിശോധിച്ച് ഏതൊക്കെ സെക്ടറുകളിലെ മികച്ച ഓഹരികളിലാണ് നിക്ഷേപം നടത്തുന്നതെന്ന് പരിശോധിക്കുക. സെബിയുടെ നിര്‍ദേശപ്രകാരം എ.എം.സികള്‍ എല്ലാ ഫണ്ടുകള്‍ക്കും റിസ്‌ക്-ഓ-മീറ്റര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഫണ്ടുമായി ബന്ധപ്പെട്ട അപകടസാധ്യതയുടെ തോത് ഇതിലൂടെ അറിയാം.

വൈവിധ്യവത്കരണം
നിക്ഷേപത്തിലെ നഷ്ടസാധ്യത കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണ് വൈവിധ്യവത്കരണം. വൈവിധ്യവത്കരണത്തിന്റെ സ്വഭാവം ഓരോ ഫണ്ടുകള്‍ക്കും വ്യത്യസ്തമാണ്. ഫണ്ടുകളുടെ നിക്ഷേപ രീതി, നിക്ഷേപകന്റെ പ്രായം, റിസ്‌ക് പ്രൊഫൈല്‍, നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കാലാവധി എന്നിവയ്ക്കനുസരിച്ചാണ് ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.

ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് എന്നീ വിഭാഗങ്ങളിലെ ഫണ്ടുകളില്‍ വ്യത്യസ്ത റിസ്‌കുകളുള്ള നിരവധി ഉപവിഭാഗങ്ങളുണ്ട്. വിവിധ കാറ്റഗറികളിലെ ഫണ്ടുകളെ നിക്ഷേപത്തിനായി പരിഗണിക്കുന്നതോടൊപ്പം ഓരോ ഉപവിഭാഗവുമായി ബന്ധപ്പെട്ട ഫണ്ടുകളിലെ നഷ്ടസാധ്യതകൂടി മനസിലാക്കണം. റിസ്‌കിന് ആനുപാതികമായി ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ്, ഫ്‌ളക്‌സി ക്യാപ് എന്നിങ്ങനെയുള്ള കാറ്റഗറികളിലെ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഒരേ കാറ്റഗറികളില്‍മാത്രം നിക്ഷേപം നടത്തുന്നതിനാല്‍ സെക്ടര്‍, തീമാറ്റിക് ഫണ്ടുകള്‍ക്ക് ഉയര്‍ന്ന നഷ്ടസാധ്യതയുണ്ട്. ഒരൊറ്റ ഫണ്ട് ഹൗസിലെ ഫണ്ടുകളില്‍മാത്രം നിക്ഷേപിക്കാതിരിക്കാനും ശ്രദ്ധിക്കണം.

അതിവ്യാപനം ഒഴിവാക്കുക
വ്യത്യസ്ത ഫണ്ട് കമ്പനികളിലൂടെയാണ് നിക്ഷേപം നടത്തുന്നതെങ്കിലും സ്‌കീമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ നിക്ഷേപംനടത്തിയിട്ടുള്ള ഓഹരികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കണം. ഓഹരികളുടെ അതിവ്യാപനം(Overlap) ഉണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഉദാഹരണത്തിന്, വന്‍കിട കമ്പനികളില്‍തന്നെ ചുരുക്കം ചില ഓഹരികളില്‍ മാത്രമാണ് ലാര്‍ജ് ക്യാപ് വിഭാഗത്തിലെ ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുമായിരുന്ന നേട്ടം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയേക്കാം.

മറിച്ചും സംഭവിക്കാം. ഫാര്‍മ ഓഹരികളില്‍ നിക്ഷേപമില്ലെങ്കില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഈ മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് നഷ്ടപ്പെട്ടതെന്നും മനസിലാക്കുക. അതുകൊണ്ടുതന്നെ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ എല്ലാ വിഭാഗം ഓഹരികളെയും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരേ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഒന്നില്‍കൂടുതല്‍ ഫണ്ടുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കുക.

പ്രകടനം വിലയിരുത്താം
ഫണ്ടുകളുടെ പ്രവര്‍ത്തനവും പോര്‍ട്ട്‌ഫോളിയോ അവലോകനവും നിശ്ചിത ഇടവേളകളില്‍ നടത്തേണ്ടുതുണ്ട്. സാമ്പത്തിക ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് ഈ വിലയിരുത്തല്‍ സഹായകരമാകും. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കാത്ത ഫണ്ടുകള്‍ ഒഴിവാക്കി പുതിയവയിലേയ്ക്ക് മാറേണ്ടിവന്നേക്കാം. അതിനായി ഫണ്ടുകളെ നിശ്ചിത ബെഞ്ചുമാര്‍ക്കുമായി താരതമ്യംചെയ്യാം. ഫണ്ടുകളുടെ റിസ്‌ക് പ്രൊഫൈലിലെ മാറ്റവും ശ്രദ്ധിക്കേണ്ടതാണ്. മൂന്നോ നാലോ സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെങ്കില്‍ വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും പ്രകടനം വിലയിരുത്തേണ്ടത് ആവശ്യമാണ്. ഒന്നോ രണ്ടോ ആണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മതിയാകും. മറ്റുഫണ്ടുകളുടെ പ്രവര്‍ത്തനവുമായി താരതമ്യംചെയ്തുമാത്രമായിരിക്കരുത് ഇത്തരം വിലയിരുത്തലുകളെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ഡെറ്റുഫണ്ടുകള്‍ക്ക് കുറഞ്ഞ ഇടവേളകളിലെ അവലോകനം ആവശ്യമില്ല.

പ്രകടനചരിത്രം വിലയിരുത്താം
നിക്ഷേപം തുടങ്ങുംമുമ്പ് ഫണ്ടിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനചരിത്രം പരിശോധിക്കുന്നത് പ്രകടനംവിലയിരുത്താന്‍ സഹായിക്കും. ഏഴു മുതല്‍ 10 വര്‍ഷം വരെയുള്ള നേട്ടക്കണക്ക് ഇതിനായി പരിഗണിക്കാം. ബുള്‍ വിപണിയില്‍ സ്വാഭാവികമായും ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. എന്നാല്‍ തകര്‍ച്ചയുടെ സമയത്ത് നഷ്ടം നിയന്ത്രിക്കാനുള്ള ഫണ്ടിന്റെ കഴിവ് പരിശോധിക്കുകയെന്നതാണ് പ്രധാനം. ദീര്‍ഘകാല റിട്ടേണുകള്‍ പരിശോധിക്കുന്നതിലൂടെ എത്രത്തോളം സ്ഥിരതയുള്ളതാണ് ഫണ്ടിന്റെ പ്രകടനമെന്ന് വിലിയരുത്താന്‍ ഏറെക്കുറെ കഴിയും. രണ്ടോ മൂന്നോ വര്‍ഷക്കാലയളവിലെ ഉയര്‍ന്നനേട്ടമല്ല, ദീര്‍ഘകലായളവില്‍ സ്ഥിരമായി നല്‍കിയ ഉയര്‍ന്ന ആദായമാണ് പരിഗണിക്കേണ്ടതെന്ന് ചുരുക്കം.

എന്‍.എഫ്.ഒ
പരമാവധി മൂലധനം സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എ.എം.സികള്‍ പുതിയ ഫണ്ടുകള്‍ ഇടക്കിടെ പ്രഖ്യാപിക്കും. ചുരുങ്ങിയ എന്‍.എ.വിയില്‍ ലഭിക്കുന്നതിനാല്‍ ഭാവിയില്‍ വലിയ ആദായം ലഭിക്കുമെന്ന മോഹത്തില്‍ നിരവധിപേര്‍ പുതിയ ഫണ്ടിലേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. പുതിയ ഫണ്ടായതിനാല്‍ അതിന്റെ പ്രവര്‍ത്തന ചരിത്രം വിലിയിരുത്താന്‍ കഴിയില്ലെന്ന് മനസിലാക്കുക. നിലവിലെ ഫണ്ടുകളിലുള്ളതിനേക്കാള്‍ സവിശേഷതയുണ്ടെങ്കില്‍മാത്രം പുതിയ ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കുക.

എസ്.ഐ.പിയുടെ വഴി
വിപണിയില്‍ എക്കാലത്തും ചാഞ്ചാട്ടം നിലനില്‍ക്കുന്നതിനാല്‍ ദീര്‍ഘകാല നിക്ഷേപത്തില്‍നിന്ന് പരമാവധിനേട്ടമുണ്ടാക്കാന്‍ ഒറ്റത്തവണത്തെ നിക്ഷേപത്തെക്കാള്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റുമെന്റ് പ്ലാന്‍(എസ്.ഐ.പി)ആണ് നല്ലത്. വിപണി താഴുമ്പോള്‍ കൂടുതല്‍ യുണിറ്റുകളും ഉയരുമ്പോള്‍ കുറച്ചുയൂണിറ്റുകളും സമാഹരിച്ച് ശരാശരി ഉയര്‍ന്നമൂല്യം നേടാന്‍ ഇതിലൂടെ അവസരം ലഭിക്കും. വിപണി എപ്പോള്‍ ഉയരുമെന്നോ താഴുമെന്നോ പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ ചിട്ടയായ നിക്ഷേപത്തിലൂടെ നഷ്ടം കുറയ്ക്കാനും പരമാവധി നേട്ടമുണ്ടാക്കാനും എസ്.ഐ.പിയുടെ വഴിതന്നെയാണ് നല്ലത്.

കരുതല്‍ധനം
ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപം നടത്തുമ്പോള്‍ പെട്ടെന്നൊരാവശ്യംവന്നാല്‍ നിലവിലെ എസ്‌ഐപിയില്‍നിന്ന് പണംപിന്‍വലിക്കാതിരിക്കാന്‍ കരുതല്‍ധനം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഹ്രസ്വകാലയളവില്‍ വരാവുന്ന ഇത്തരം എമര്‍ജന്‍സികള്‍ക്കായി ബാങ്കിലോ, ലിക്വിഡ്, ഷോര്‍ട്ട് ഡ്യൂറേഷന്‍ എന്നീ വിഭാഗങ്ങളിലെ ഡെറ്റ് ഫണ്ടുകളിലോ കരുതല്‍ധനം സൂക്ഷിക്കാം. വിപണി ഇടയുമ്പോഴുണ്ടാകുന്ന അപ്രതീക്ഷിത പിന്‍വലിക്കല്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും.

ലക്ഷ്യതുകയ്ക്കടുത്തെത്തിയാല്‍
സാമ്പത്തിക ലക്ഷ്യത്തിന് ആവശ്യമായ സമ്പത്ത് പ്രതീക്ഷിച്ചതിലും നേരത്തെ നിക്ഷേപത്തില്‍നിന്ന് ലഭിച്ചാല്‍ സ്ഥിരനിക്ഷേപ പദ്ധതികളിലേയ്ക്ക് പണം മാറ്റാം. ഓഹരിയില്‍ നിക്ഷേപിച്ച് സമാഹരിച്ച സമ്പത്ത് സംരക്ഷിക്കാന്‍ ഇതിലൂടെ കഴിയും. അതല്ല, ലക്ഷ്യതുകയിലെത്തിയശേഷവും ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം തുടരുകയാണെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടം കാരണം നേട്ടംകുറയാനിടയുണ്ട്. അതോടൊപ്പംതന്നെ, മികച്ച രീതിയില്‍ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കുന്നതിന് ഇക്വിറ്റി-ഡെറ്റ് അനുപാതം ക്രമീകരിക്കുകയുംവേണം.

കുറിപ്പ്; നിക്ഷേപത്തിന്റെ അനന്ത സാധ്യതകളാണ് മ്യൂച്വല്‍ ഫണ്ട് നല്‍കുന്നതെന്നറിയുക. ഏതുതരത്തിലുള്ള നിക്ഷേപകനും യോജിച്ച ഫണ്ട് വിപണിയില്‍നിന്ന് തിരഞ്ഞെടുക്കാനാകും. ഹൈ-ലോ റിസ്‌ക്, ചെറുപ്പക്കാര്‍-മുതിര്‍ന്നവര്‍, സമ്പന്നര്‍-സാധാരണക്കാര്‍ എന്നിങ്ങനെ ഏതുവിഭാഗത്തിലുള്ളവര്‍ക്കും യോജിച്ച ഫണ്ടുകള്‍ വിപണിയിലുണ്ട്.

feedback to:
antonycdavis@gmail.com

Content Highlights: how to reduce risk of mutual fund

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented