പ്രതീകാത്മകചിത്രം. Photo:Gettyimages
ഗോപാല്‍ മേനോന്റെ അഭാവത്തില്‍ ഭാര്യ ജ്യോതി നേരിട്ട സാഹചര്യം വിശദീകരിച്ചുകൊണ്ട് പാഠം 131ല്‍ നിക്ഷേപ വിവരങ്ങള്‍ സൂക്ഷിച്ചുവെയ്‌ക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കിയിരുന്നു.
ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന, നിക്ഷേപവിവരങ്ങളടങ്ങിയ ഡയറിയും ചില സ്റ്റേറ്റുമെന്റുകളുംമാത്രമാണ് ജ്യോതിക്ക് ലഭിച്ചത്. പല നിക്ഷേപ രേഖകളും ലക്ഷങ്ങള്‍ വിലമതിക്കുന്നതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. നിക്ഷേപ വിവരങ്ങളും വിലപ്പെട്ട രേഖകളും കൃത്യമായി സൂക്ഷിച്ച് യഥാസമയം വേണ്ടപ്പെട്ടവരെ അറിയിക്കുകയെന്നത് പ്രധാനമാണ്.
ഈ പാഠം പ്രസിദ്ധീകരിച്ചതിനുശേഷം കുറച്ചുകൂടി ആഴത്തില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാമോയെന്ന് ചോദിച്ച് നിരവധി പ്രതികരണങ്ങള്‍ ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ചിട്ടയായി നിക്ഷേപ രേഖകള്‍ എപ്രകാരം സൂക്ഷിക്കാമെന്നതിനെക്കുറിച്ചാണ് ഇത്തവണ വിശദമാക്കുന്നത്.
രാജ്യത്ത് ബാങ്കുകളിലടക്കം അവകാശികളില്ലാതെ കിടക്കുന്നത് 82,000 കോടിയിലേറെ രൂപയാണെന്നാണ് കണക്കുകള്‍. ബാങ്ക് അക്കൗണ്ടുകള്‍, പിഎഫ്, മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍ ഉള്‍പ്പെടയുള്ള നിക്ഷേപക്കണക്കുകളാണിത്. പിന്തുടര്‍ച്ചാവകാശികള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതാണ് ഈ സാഹചര്യമുണ്ടാക്കിയത്.
അറിയാം ഈ പ്രധാനകാര്യങ്ങള്‍
- ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ലഭ്യമാകുന്നരീതിയില്‍ എവര്‍നോട്ടിലോ ഗൂഗിള്‍ ഷീറ്റിലോ നോട്ട്ബുക്കിലോ നിക്ഷേപ വിവരങ്ങള്‍ രേഖപ്പെടുത്താം. അല്ലെങ്കില്‍ നോട്ട്പാഡില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം. നിങ്ങളുടെ അഭാവത്തില്‍ നിക്ഷേപ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാനും മനസിലാക്കാനും ഉതകുന്ന രീതിയില്‍ ഓരോരുത്തര്‍ക്കും യോജിച്ച രീതി ഇതിനായി സ്വീകരിക്കാം.
- ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നൊക്കെ കേട്ടാല്‍ പ്രകോപിതയാകുന്നയാളാകാം പങ്കാളി. ഇതില്‍ അതിശയോക്തിയൊന്നുമില്ല. വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചുവെച്ചാല്‍മതി. ഭാവിയില്‍ ആവശ്യംവരികയാണെങ്കില്‍ അവര്‍ പ്രയോജനപ്പെടുത്തിക്കൊള്ളും. പങ്കാളിക്ക് താല്‍പര്യമില്ലെന്നകാരണത്താല്‍ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കരുത്.
- നിക്ഷേപ വിവരങ്ങളുടെയും പ്രമാണങ്ങളുടെയും കോപ്പി പങ്കാളിയുട കൈവശവും ഉണ്ടാകുന്നത് നല്ലതാണ്. ഇടക്കിടെ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. അതല്ലെങ്കില്‍ ആറുമാസംകൂടുമ്പോഴോ, വര്‍ഷത്തിലൊരിക്കലോ വിവരങ്ങള്‍ പുതുക്കി നല്‍കാം.
- സാമ്പത്തിക ഉപദേഷ്ടാവുണ്ടെങ്കില്‍ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെയ്ക്കുന്നത് നല്ലതാണ്. താങ്കളുടെ അഭാവത്തില്‍ നിക്ഷേപം എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍ അത് സഹായകമാകും.
- സാധ്യമായ നിക്ഷേപ പദ്ധതികളിലെല്ലാം പങ്കാളിയെ ജോയന്റ് ഹോള്‍ഡറാക്കാം. ബാങ്ക് അക്കൗണ്ടിലോ, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലോ ഒക്കെ ഇപ്രകാരം ചെയ്യാം. നോമിനിയേക്കാള്‍ നിക്ഷേപം എളുപ്പത്തില്‍ ജോയിന്റ് ഹോള്‍ഡര്‍ക്ക് കൈകാര്യം കഴിയും.
- ഭാര്യയും ഭര്‍ത്താവുംചേര്‍ന്നുവേണം വില്‍പത്രം തയ്യാറാക്കാന്‍.
- അടിയന്തരാവശ്യത്തിന് സൂക്ഷിച്ചിട്ടുള്ള പണംവെച്ച സ്ഥലം.
- ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍, കാര്‍ഡുകള്‍. ഗ്രൂപ്പ് ഇന്‍ഷുറന്‍സാണെങ്കില്‍ ഓഫീസിലെ ബന്ധപ്പെട്ടയാളുടെ മൊബൈല്‍ നമ്പര്‍.
- ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക. ബാങ്ക് പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ വെച്ചിട്ടുള്ള സ്ഥലം.
- നിക്ഷേപകാര്യത്തില്‍ സഹായിക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിനെയും വിശ്വസ്തനായ സഹൃത്തിനെയും ബന്ധപ്പെടനാള്ള വിവരങ്ങള്‍.
- ക്രെഡിറ്റ് കാര്‍ഡുകളുടെ ലിസ്റ്റ്. ബാലന്‍സ് തീര്‍ക്കുന്നത് എങ്ങനെയന്ന വിവരങ്ങള്‍.
- വായ്പകളുടെ പ്രതിമാസ തിരിച്ചടവ് (ഇഎംഐ)വിവരങ്ങള്‍. ഭവനവായ്പ പോലുള്ളവ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യവും.
- പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, മറ്റ് ഐഡി കാര്‍ഡുകള്‍ എന്നിവയുടെ സ്ഥാനം.
- ഇലക്ട്രിസിറ്റി, വാട്ടര്‍ കാര്‍ഡുകള്‍, വസ്തുനികുതി, പെന്‍ഷന്‍ രേഖകള്‍ എന്നിവ വെച്ച സ്ഥലം. എപ്പോള്‍ എങ്ങനെ അടയ്ക്കണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍.
- ടേം ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വിവരങ്ങളും അവ ക്ലെയിം ചെയ്യുന്നതെങ്ങനെയന്നതിനെക്കുറിച്ചുള്ള വിവരങ്ങളും(വിവിധ ഫോമുകള്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സൈറ്റുകളില്‍ ലഭ്യമാണ്).
- വെബ്‌സൈറ്റുകളിലൂടെ നടത്തുന്ന പ്രതിമാസ പണമിടപാടുകളുടെ പട്ടിക. ഇന്റര്‍നെറ്റ് ബില്ല്, ടെലഫോണ്‍ ബില്ല്, വൈദ്യുതി, വെള്ളം, വസ്തു നികുതി, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമയം, സ്‌കൂള്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍.
- സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള യൂസര്‍നെയിം പാസ് വേഡ് എന്നിവ. ബാങ്കുകളുടെ യൂസര്‍ നെയിം പാസ് വേഡ് എന്നിവ മനസില്‍മാത്രം സൂക്ഷിക്കുക. അത് ഓര്‍ക്കുന്നുണ്ടോയെന്ന് ഇടക്കിടെ ഉറപ്പുവരുത്തുക.
- ഫോര്‍ഗറ്റ് പാസ് വേഡ് -ഓപ്ഷന്‍ ഉപയോഗിക്കാമെങ്കിലും ഇ-മെയിലും ഫോണും ആക്‌സസ് ചെയ്യാന്‍ കഴിയുമെങ്കില്‍ മാത്രമെ പ്രയോജനമുള്ളൂ. അതുകൊണ്ട് പൊതുവായി ഒരു ഇ-മെയില്‍ ഇതിനായി ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഫോണ്‍ എപ്രകാരം അണ്‍ലോക് ചെയ്യാമെന്ന് പറഞ്ഞുകൊടുക്കുക.
- ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെയും അവയ്ക്കായി നടത്തുന്ന നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ പട്ടിക.
- കാംസ്, കാര്‍വി എന്നിവ വഴി മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന്റെ സമഗ്ര വിവരങ്ങളടങ്ങിയ സ്റ്റേറ്റ്‌മെന്റ് ലഭിക്കുന്നതിന് ലിങ്ക് സൂക്ഷിക്കുക. സി.ഡി.എസ്.എലില്‍നിന്നും എന്‍.എസ്.ഡി.എലില്‍നിന്നും ലഭിക്കുന്ന സ്റ്റേറ്റ്‌മെന്റുകളും പ്രയോജനകരമാണ്.
- എല്ലാ നിക്ഷേപങ്ങളും ഒരു പോര്‍ട്ടലില്‍ ട്രാക്ക് ചെയ്യുന്നതരത്തില്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ലോഗിന്‍ വിവരങ്ങള്‍.
- പിപിഎഫ്, ആര്‍ഡി, എഫ്ഡി, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ നിക്ഷേങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.
- വില്പത്രമുണ്ടെങ്കില്‍ അത് എപ്രകാരം കൈകാര്യംചെയ്യണമെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍.
- നിയമപരമായ അവകാശിക്ക് എപ്രകാരം നിക്ഷേപങ്ങള്‍ കൈകാര്യംചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍.
- ബാധ്യതകള്‍, വരുമാന സ്രോതസുകള്‍ എ്ന്നിവയും രേഖപ്പെടുത്തിവെയ്ക്കാം.
feedback to:
antonycdavis@gmail.com
Content Highlights: How do couples manage money together?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..