എഫ്.ഡി പഴയ എഫ്.ഡിയല്ല, പലിശവര്‍ധന നേട്ടമാക്കാന്‍ പ്ലാനുകളുണ്ട് പലത്


By ഡോ.ആന്റണി സി.ഡേവിസ്

5 min read
പാഠം 172
Read later
Print
Share

ബാങ്ക് നിക്ഷേപ പലിശ ഘട്ടംഘട്ടമായി ഉയരുന്ന സാഹചര്യത്തില്‍ പരമാവധി നേട്ടമുണ്ടാക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാം.

.

സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒമ്പതും പത്തും ശതമാനം പലിശ കിട്ടിയിരുന്ന കാലത്ത് എഫ്ഡിയെമാത്രം ആശ്രയിച്ചിരുന്ന തോമസ് ചാക്കോ ഒരുവര്‍ഷം മുമ്പാണ് കൂടുതല്‍ ആദായം മോഹിച്ച് ഓഹരി നിക്ഷേപത്തിലേയ്ക്കുകടന്നത്. പലിശ അഞ്ചു ശതമാനത്തിലേയ്ക്ക് താഴ്ന്നപ്പോഴായിരുന്നു ഈ കൂടുമാറല്‍. മൂലധനത്തോടൊപ്പം പലിശയും അതിനുമേല്‍ പലിശയുമൊക്കെചേര്‍ന്ന് നല്ലൊരു തുക സമാഹരിക്കാന്‍ സ്ഥിര നിക്ഷേപത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

അസ്ഥിരമായ ഓഹരി വിപണിയില്‍ പരീക്ഷണത്തിനറങ്ങിയത് യോജിച്ച സമയത്തായിരുന്നുവെങ്കിലും വാര്‍ഷിക കണക്കെടുപ്പുനടത്തി നേട്ടംപരിശോധിച്ചപ്പോള്‍ സ്ഥിര നിക്ഷേപത്തില്‍നിന്ന് ലഭിച്ചതിന്റെ ഒരംശംപോലും സമാഹരിക്കാനായില്ലെന്ന് ബോധ്യമായി. ഹ്രസ്വകാലയളവില്‍ മികച്ചനേട്ടമുണ്ടാക്കാനിറങ്ങിയ തോമസിന് ഈയിടെ വിപണിയിലുണ്ടായ തിരുത്തലില്‍ നല്ലൊരു തുക നഷ്ടമാകുകുയുംചെയ്തു. വ്യക്തമായ ലക്ഷ്യവും ബോധ്യവുമില്ലാതെ വിപണിയിലിറങ്ങിയതാണ് തിരിച്ചടിയായത്. നഷ്ടംകുറയ്ക്കാനും കൂടുതല്‍ നേട്ടമുണ്ടാക്കാനുമുള്ള ശ്രമങ്ങളെല്ലാം വീണ്ടുംവീണ്ടും തകര്‍ച്ചയിലേയ്ക്ക് നയിച്ചു. മാറിയ സാഹചര്യത്തില്‍ എടുത്തുചാടി വിവിധ ആസ്തികളില്‍ നിക്ഷേപിക്കാതെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യത്കരണത്തിലൂടെ മുന്നോട്ടുപോകാനാണ് ഇനി അദ്ദേഹത്തിന്റെ പ്ലാന്‍.

നേടാം പരമാവധി പലിശ
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ 2014 സെപ്റ്റംബറില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയ പലിശ ഒമ്പതു ശതമാനമായിരുന്നു. 2020 മെയ് ആയപ്പോഴാകട്ടെ പലിശ 40ശതമാനത്തിലധികം കുറഞ്ഞ് 5.4 നിലവാരത്തിലെത്തി. കുറഞ്ഞ പലിശയുടെ ഒരു ആവൃത്തി(Cycle) പൂര്‍ത്തിയാകുകയാണ്. 2014ലെ നിരക്കിലേയ്ക്ക് ഉടനെ തിരിച്ചെത്തില്ലെങ്കിലും ഒരുവര്‍ഷത്തിനിടെ ഘട്ടംഘട്ടമായി രണ്ടുശതമാനത്തോളം പലിശ ഉയരാനുള്ള സാധ്യതയാണ് മുന്നിലുള്ളത്.

BANK FD interest rates(%)
BANK<1Yr (%)1 to 2 Yr(%)
SBI4.45.2
Canara Bank4.555.45
PNB4.55.1
Bank of Baroda4.45.2
Axis Bank4.755.6
Dhanalaxmi Bank4.55.55
Federal Bank4.55.75
HDFC Bank4.55.1
ICICI Bank4.55.1
South Indian Bank4.55
Data as on 04 June, 2022
പലിശ എട്ടു ശതമാനമാകും
ഒന്നര വര്‍ഷത്തിനുള്ളില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ശരാശരി എട്ടു ശതമാനത്തിലെത്തുമെന്നാണ് വിലിയിരുത്തല്‍. രണ്ടോ മൂന്നോ പാദങ്ങളിലായി ഒരുശതമാനത്തിലേറെ വര്‍ധന പ്രതീക്ഷിക്കാം. കോവിഡിനു തൊട്ടുമുമ്പുള്ള സാഹചര്യത്തിലേയ്ക്ക് വൈകാതെ എത്തിയേക്കും. പൊതുവെ റിപ്പോ നിരക്കുമായി ബന്ധപ്പെട്ടാണ് പലിശ നിരക്കില്‍ വ്യതിയാനം ഉണ്ടാകുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ റിപ്പോ ആറുശതമാനംവരെ ഉയരാനുള്ള സാധ്യതയുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം മൂലമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്കും കോവിഡിനെ തുടര്‍ന്ന് വിപണിയിലെ പണലഭ്യത ഉയര്‍ത്തിയതും ആസാധാരണ സാഹചര്യമാണ് വിപണിയിലുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധനകൂടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു.

നിക്ഷേപ കാലാവധി
പലിശ നിരക്ക് ഘട്ടംഘട്ടമായി ഉയരുന്ന സാഹചര്യത്തില്‍ ദീര്‍ഘകാലയളവില്‍ ഇപ്പോള്‍ സ്ഥിര നിക്ഷേപമിടുന്നത് അനുയോജ്യമല്ല. ബാങ്കുകളാകട്ടെ ഹ്രസ്വകാലയളവിലെതിനേക്കാള്‍ ദീര്‍ഘകാലയളവിലെ നിക്ഷേപ പലിശയാകും ആദ്യംകൂട്ടുക. ഭാവിയില്‍ പലിശ ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് ധനകാര്യ സ്ഥാപനങ്ങള്‍ ദീര്‍ഘകാലത്തേയ്ക്കുള്ള പലിശയില്‍ ആദ്യം വര്‍ധനവരുത്തുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ എഫ്ഡിയിടാന്‍ ഉദ്ദേശിക്കുന്നവര്‍ ആറ് മാസമോ പരമാവധി ഒരുവര്‍ഷമോ കാലാവധിയില്‍ നിക്ഷേപം നടത്തുന്നതാകും ഉചിതം. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ കൂടിയ പലിശനിരക്കില്‍ നിക്ഷേപം പുതുക്കിയിടാനുള്ള അവസരം ഇതിലൂടെ ലഭിക്കും. ഒരുവര്‍ഷത്തിനുശേഷം പലിശ നിരക്ക് സ്ഥിരതയാര്‍ജിക്കുമ്പോള്‍ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപം നടത്തുകയുമാകാം. ഹ്രസ്വകാലയളവില്‍ എഫ്ഡിയിടാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ലിക്വിഡ്, അള്‍ട്ര ഷോര്‍ട്ട് ടേം ഡെറ്റ് ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. നാലോ അഞ്ചോ മാസം കഴിഞ്ഞ് പലിശകൂടുന്നതിനനുസരിച്ച് പണം എഫ്ഡിയിലേയ്ക്കുമാറ്റാം.

എങ്ങനെ നിക്ഷേപിക്കാം
അഞ്ചു ലക്ഷം രൂപയുണ്ടെങ്കില്‍ തുക വിഭജിച്ച് വിവിധ കാലയളവുകളില്‍ നിക്ഷേപിക്കാം. പലിശ നിരക്കില്‍ വ്യതിയാനുമുണ്ടാകുമ്പോള്‍ ശരാശരി പരമാവധി ആദായവും ആവശ്യത്തിന് പണം പിന്‍വലിക്കാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താം. അടിയന്തര ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള പണവും ഈരീതിയില്‍ നിക്ഷേപിക്കാവുന്നതാണ്. ഉദാഹരണത്തിന്, കൈവശം 5 ലക്ഷം രൂപയുണ്ടെന്നിരിക്കട്ടെ, ആറുമാസക്കാലയളവില്‍ 2.5 ലക്ഷം രൂപ നിക്ഷേപിക്കുക. രണ്ടാമത്തെ എഫ്ഡിയായി ഒമ്പതു മാസ കാലയളവില്‍ 2.5 ലക്ഷവും നിക്ഷേപിക്കാം.

ആദ്യ എഫ്ഡിയുടെ കാലാവധിയെത്തുമ്പോള്‍ കൂടിയ പലിശ നിരക്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാനുള്ള അവസരമാകും അപ്പോള്‍ ലഭിക്കുക. ഒമ്പതുമാസത്തേയ്ക്ക് നിക്ഷേപിച്ച രണ്ടാമത്തെ എഫ്ഡി കാലാവധിയെത്തുമ്പോള്‍ ഈ രീതിയില്‍തന്നെ പലിശ സാധ്യതകള്‍ വിലയിരുത്തി ദീര്‍ഘകാലത്തേയ്ക്ക് പുതുക്കിയിടാം. അതായത്, പലിശ നിരക്ക് വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ഹ്രസ്വകാലയളവില്‍ എഫ്ഡിയിടുകയും കാലാവധിയെത്തുമ്പോള്‍ നിരക്ക് വര്‍ധിക്കുന്നതിനുസരിച്ച് ദീര്‍ഘകാലത്തേയക്ക് നിക്ഷേപിക്കുകയുംചെയ്യുക. കുറഞ്ഞ പലിശയുള്ള ഇപ്പോള്‍തന്നെ ദീര്‍ഘകാലത്തേയ്ക്ക് നിക്ഷേപം ലോക്ക് ചെയ്യുന്നത് ഉചിതമല്ല.

FD LADDER
TnureInterest Rate(%)Interest Earned on Maturity
FD 1 (May 2022) Rs 2.5 lakh 6 Month4.405,530
FD 2 (May 2022)Rs 2.5 lakh 9 Month4.408341
Renewal FD 1 (Nov 2022)Rs 2.5 lakh 1 Yr6.5016,650
Renewal FD 2 (Feb 2023)Rs 2.5 lakh 1 Yr8.0020,608
Future interest rates are only for illustration
ആര്‍ബിഐ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട്
പലിശ ഉയരുന്ന സാഹചര്യത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടുകള്‍ ഉപകരിക്കും. വിപണിയുമായി ബന്ധപ്പെട്ട് നിശ്ചയിക്കുന്നതിനാല്‍ പലിശ നിരക്കില്‍ കാലാകാലങ്ങളില്‍ മാറ്റമുണ്ടാകും. അതായത് പലിശ ഉയരുന്ന സാഹചര്യത്തില്‍ അനുയോജ്യമാണ് ഫ്‌ളോട്ടിങ് റേറ്റ് ബോണ്ട് എന്ന് ചുരുക്കം. ലഘു സമ്പാദ്യ പദ്ധതിയായ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റി(എന്‍.എസ്.സി)ന്റെ പലിശയേക്കാള്‍ 0.35ശതമാനം അധിക നിരക്കാണ് ബോണ്ടിന് ബാധകമാകുക. നിലവില്‍ എന്‍.എസ്.സിയുടെ പലിശ 6.8ശതമാനമാണ്. ഇതുപ്രകാരം ഫ്‌ളോട്ടിങ് ബോണ്ടിന്റെ നിലവിലെ പലിശ 7.15ശതമാനമാണ്. വരും പാദങ്ങളില്‍ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടിന്റെ ആദായവും കൂടും.

Small Savings Schemes
TnureInterest Rate(%)*
Post Office RD5Yr5.8
Senior Citizen Savings Scheme5Yr7.4
Post Office MIS5Yr6.6
National Savings Certificate5Yr6.8
PPF15Yr7.1
Kisan Vikas Patra10Yr6.9
Sukanya Samridhi Yojana15Yr7.6
*Interest rates form April 1-June 30, 2022
മൂലധന പരിരക്ഷയോടൊപ്പം സ്ഥിരവരുമാനം തേടുന്നവര്‍ക്ക് അനുയോജ്യമണ് ബോണ്ടിലെ നിക്ഷേപം. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുന്ന കടപ്പത്രമായതിനാല്‍ നഷ്ടസാധ്യത തീരെയില്ലെന്നുതന്നെ പറയാം. നിക്ഷേപം ദീര്‍ഘകാലം കൈവശം വെയ്‌ക്കേണ്ടിവരുമെന്നതാണ് ഒരു ന്യൂനത. ബോണ്ടുകള്‍ ട്രേഡ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പണയംവെയ്ക്കാനോ കഴിയില്ല. ഏഴുവര്‍ഷമാണ് കാലാവധി. അതുകൊണ്ടുതന്നെ ഇത്രയും കാലത്തേയ്ക്ക് നിക്ഷേപം തുടരാന്‍ താല്‍പര്യപ്പെടുന്നവര്‍ മാത്രമെ നിക്ഷേപം നടത്താവൂ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ എഫ്ഡി നിരക്കുകള്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോഴും ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടിലെ നിക്ഷേപത്തിന് 7.15ശതമാനം പലിശ നല്‍കിയിരുന്നു.

എങ്ങനെ നിക്ഷേപിക്കും?
പൊതുമേഖല, സ്വകാര്യ മേഖല ബാങ്കുകളുടെ ശാഖകള്‍ വഴിയും ആര്‍ബിഐയുടെ റീട്ടെയില്‍ ഡയറക്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംവഴിയും ഫ്‌ളോട്ടിങ് റേറ്റ് ബോണ്ടില്‍ നിക്ഷേപിക്കാന്‍ കഴിയും. സര്‍ക്കാര്‍ ബോണ്ടുകളില്‍ സാധാരണക്കാര്‍ക്കും നിക്ഷേപം നടത്തുന്നതിന് 2021 നവംബറിലാണ് റീട്ടെയില്‍ ഡയറക്ട് പ്ലാറ്റ്‌ഫോം(https://www.rbiretaildirect.org.in/)സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഓണ്‍ലൈനായി ആര്‍ബിഐയില്‍നിന്ന് ബോണ്ടുകള്‍ നേരിട്ട് വാങ്ങാനും വില്‍ക്കാനും പ്ലാറ്റ്‌ഫോം വഴി കഴിയും.

കുറിപ്പ്: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാലത്ത് പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിര നിക്ഷേപവിഹിതം വര്‍ധിപ്പിക്കാം. ഹ്രസ്വകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുള്ള തുക എഫ്ഡിയിലേയ്ക്കുമാറ്റാം. അതേസമയം, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് ഓഹരിയില്‍ നിക്ഷേപിക്കാന്‍ യോജിച്ച സമയവുമാണിപ്പോഴെന്ന് അറിയുക. ഗുണമേന്മയുള്ള മികച്ച ഓഹരികള്‍ ഘട്ടംഘട്ടമായി കുറഞ്ഞ വിലയില്‍ വാങ്ങി സൂക്ഷിക്കാം.
നിക്ഷേപത്തിനായി പുതിയ സ്ട്രാറ്റജികള്‍ അറിയാം, പുസ്തകം വാങ്ങാം.

Feedback to:
antonycdavis@gmail.com

Content Highlights: High return on fixed Deposit: This formula to get maximum benefit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
investment
Premium

2 min

പാഠം 198| മിഡ് ക്യാപ് മാജിക്: നേടാം 25ശതമാനത്തിലേറെ, നിക്ഷേപിക്കാന്‍ ഈ വഴികള്‍

Jun 5, 2023


Investment
Premium

6 min

പാഠം 197|ഈടാക്കിയ നികുതി തിരികെ വാങ്ങാം: ശ്രദ്ധിക്കാം ഈകാര്യങ്ങള്‍

May 23, 2023


investment
Premium

4 min

ചെലവ് കൂടുന്നു, ഇളവുകളില്‍ മാറ്റമില്ല: 12 ലക്ഷം രൂപവരെ ആദായ നികുതിയിളവ് എങ്ങനെ നേടാം?

Jan 16, 2023

Most Commented